മോശ നീതിന്യായനിയമം ആവർത്തിക്കുന്നു (continued)
ക്രി.മു. 1451
Biblica® Open Malayalam Contemporary Version™ (OMCV)
1 ജനനേന്ദ്രിയം വിച്ഛേദിക്കപ്പെട്ടവനോ ഉടയ്ക്കപ്പെട്ടവനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
2 വിലക്കപ്പെട്ടിരിക്കുന്ന വിവാഹബന്ധത്തിലൂടെ ജനിക്കുന്നവ്യക്തിയും അയാളുടെ പത്താമത്തെ തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
3 അമ്മോന്യരോ മോവാബ്യരോ, അവരുടെ പത്താമത്തെ തലമുറയിലുള്ള ഒരുത്തൻപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്. 4 നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ നിങ്ങളുടെ വഴിയിൽ അപ്പവും വെള്ളവുംകൊണ്ട് അവർ നിങ്ങളെ എതിരേൽക്കാതിരുന്നതുകൊണ്ടും നിങ്ങളെ ശപിക്കേണ്ടതിന് അരാം-നെഹറയിമിലെ പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ അവർ കൂലിക്കു വിളിച്ചതുകൊണ്ടുമാണത്. 5 എങ്കിലും നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് ബിലെയാമിനെ ശ്രദ്ധിക്കാതെ നിന്റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു. 6 നിന്റെ ജീവിതകാലത്തൊരിക്കലും അവർക്ക് സമാധാനമോ ഐശ്വര്യമോ ആഗ്രഹിക്കരുത്.
7 ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. ഈജിപ്റ്റുകാരനെ വെറുക്കരുത്; നീ അവന്റെ രാജ്യത്ത് പ്രവാസിയായി താമസിച്ചിരുന്നല്ലോ. 8 അവരുടെ മൂന്നാംതലമുറയ്ക്കു ജനിക്കുന്ന മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.
9 നീ നിന്റെ ശത്രുക്കൾക്കു വിരോധമായി പാളയമിറങ്ങുമ്പോൾ എല്ലാ അശുദ്ധിയിൽനിന്നും ഒഴിഞ്ഞുനിൽക്കണം. 10 സ്വപ്നസ്ഖലനംമൂലം നിങ്ങളിൽ ഒരുവൻ അശുദ്ധനായിത്തീർന്നാൽ അവൻ പാളയത്തിനുപുറത്തു താമസിക്കണം. 11 സന്ധ്യയാകുമ്പോൾ അവൻ കുളിക്കണം. സൂര്യാസ്തമയത്തിനുശേഷം അവനു പാളയത്തിലേക്കു തിരികെ വരാം.
12 വിസർജനത്തിനുവേണ്ടി പാളയത്തിനുപുറത്ത് നിങ്ങൾക്ക് പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം. 13 നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാര ഉണ്ടായിരിക്കണം. ഒരു കുഴിയുണ്ടാക്കി വിസർജ്യം അതിൽ മൂടിയിടണം. 14 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സംരക്ഷിക്കുന്നതിനും ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നതിനും നിങ്ങളുടെ പാളയത്തിനു മധ്യേ സഞ്ചരിക്കുന്നു. നിങ്ങളിൽ മ്ലേച്ഛമായവ കണ്ടിട്ട് അവിടന്ന് നിങ്ങളെ വിട്ടകന്നുപോകാതിരിക്കാൻ നിങ്ങളുടെ പാളയം ശുദ്ധമായിരിക്കണം.
15 ഒരു അടിമ തന്റെ ഇപ്പോഴത്തെ യജമാനനിൽനിന്നു രക്ഷപ്പെട്ട് നിന്നെ അഭയം പ്രാപിച്ചാൽ ആ അടിമയെ അയാളുടെ യജമാനനു കൈമാറരുത്. 16 അവർ നിങ്ങളുടെ ഇടയിൽ തനിക്ക് ഇഷ്ടമുള്ള പട്ടണത്തിൽ എവിടെയെങ്കിലും താമസിക്കട്ടെ. അവനെ പീഡിപ്പിക്കരുത്.
17 ഒരു ഇസ്രായേല്യനും—സ്ത്രീയോ പുരുഷനോ—ക്ഷേത്രഗണികയോ പുരുഷമൈഥുനക്കാരനോ ആകരുത്. 18 വേശ്യാവൃത്തിചെയ്യുന്ന സ്ത്രീയുടെയോ പുരുഷന്റെയോ കൂലി നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ നേർച്ചയായി കൊണ്ടുവരാൻ പാടില്ല. ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
19 പണത്തിനോ ഭക്ഷണത്തിനോ പലിശ വാങ്ങാവുന്ന ഏതെങ്കിലും വസ്തുവിനോ നിന്റെ സഹയിസ്രായേല്യനോട് പലിശ വാങ്ങരുത്. 20 അന്യദേശക്കാരിൽനിന്നു നിനക്ക് പലിശ വാങ്ങാം. എന്നാൽ നീ അവകാശമാക്കാൻപോകുന്ന ദേശത്തു ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് ഇസ്രായേല്യനായ ഒരു സഹോദരനോട് പലിശ വാങ്ങരുത്.
21 നിന്റെ ദൈവമായ യഹോവയ്ക്ക് നീ നേർച്ച നേർന്നാൽ അതു നിറവേറ്റാൻ താമസിക്കരുത്. നിന്റെ ദൈവമായ യഹോവ അതു നിന്നോടു ചോദിക്കും. അതിൽ നീ കുറ്റക്കാരനായിത്തീരും. 22 എന്നാൽ നീ ശപഥം ചെയ്തിട്ടില്ലെങ്കിൽ നിനക്കു കുറ്റമില്ല. 23 നീ സ്വമേധയാ നിന്റെ വാകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്കു നേർന്നതുകൊണ്ട് നിന്റെ അധരംകൊണ്ട് ഉച്ചരിച്ചത് എന്തായിരുന്നാലും അതു തീർച്ചയായും നിറവേറ്റണം.
24 നിന്റെ അയൽവാസിയുടെ മുന്തിരിത്തോപ്പിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ മുന്തിരി ഭക്ഷിക്കാം. പക്ഷേ, ഒന്നും നിന്റെ കുട്ടയിൽ ഇടരുത്. 25 നിന്റെ അയൽവാസിയുടെ വിളഭൂമിയിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ കതിർ കൈകൊണ്ടു പറിക്കാം. എന്നാൽ നീ അവന്റെ കതിരിൽ അരിവാൾവെക്കരുത്.
24:1 ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചശേഷം അവളിൽ ദോഷം കണ്ടെത്തിയതുകൊണ്ട് ഇഷ്ടപ്പെടാതെ വന്നാൽ വിവാഹമോചനപത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്ക് അയയ്ക്കണം, 2 അവന്റെ വീട്ടിൽനിന്ന് പോയതിനുശേഷം അവൾക്ക് മറ്റൊരു പുരുഷന്റെ ഭാര്യയായിരിക്കാം. 3 രണ്ടാമത്തെ ഭർത്താവും അവളെ ഇഷ്ടപ്പെടാതെ വിവാഹമോചനത്തിനുള്ള പത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയോ ആ പുരുഷൻ മരിക്കുകയോ ചെയ്താൽ 4 അവൾക്ക് ഉപേക്ഷണപത്രം നൽകിയ ആദ്യഭർത്താവിന്, അവൾ അശുദ്ധയായശേഷം വീണ്ടും അവളെ വിവാഹംകഴിക്കാൻ അനുവാദമില്ല. അത് യഹോവയുടെ ദൃഷ്ടിയിൽ വെറുപ്പുള്ള കാര്യമാകുന്നു. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുത്.
5 വിവാഹംകഴിഞ്ഞ ഉടൻ ഒരു പുരുഷനെ യുദ്ധത്തിന് അയയ്ക്കുകയോ അവന്റെമേൽ മറ്റ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ചെയ്യരുത്. അവൻ ഒരുവർഷം സ്വതന്ത്രനായി വീട്ടിൽ താമസിച്ച് താൻ വിവാഹംകഴിച്ച ഭാര്യയെ സന്തുഷ്ടയാക്കണം.
6 തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയമായി വാങ്ങരുത്. അതുമൂലം ഒരുവന്റെ ഉപജീവനമാണ് പണയമായി വാങ്ങുന്നത്.
7 ആരെങ്കിലും തന്റെ സഹയിസ്രായേല്യരിൽ ഒരാളെ തട്ടിക്കൊണ്ടുപോയി അയാളോട് അടിമയോടെന്നപോലെ പെരുമാറുകയോ അയാളെ വിൽക്കുകയോ ചെയ്താൽ തട്ടിക്കൊണ്ടുപോയ വ്യക്തി മരിക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
8 കുഷ്ഠംപോലുള്ള രോഗം ബാധിച്ചവരുടെ കാര്യത്തിൽ ലേവ്യരായ പുരോഹിതന്മാർ നിങ്ങളോടു നിർദേശിച്ചിട്ടുള്ളതു കൃത്യമായി ചെയ്യാൻ ജാഗ്രത കാണിക്കണം. ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ നിങ്ങൾ ചെയ്യണം. 9 നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം വഴിയിൽവെച്ച് നിന്റെ ദൈവമായ യഹോവ മിര്യാമിനോടു ചെയ്തത് ഓർക്കണം.
10 നീ അയൽവാസിക്ക് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ അയാൾ നിനക്കു നൽകാമെന്നു സമ്മതിച്ച പണയം വാങ്ങാൻ നീ ആ മനുഷ്യന്റെ വീടിനുള്ളിൽ പോകരുത്. 11 നീ പുറത്തു നിൽക്കുക, വായ്പ വാങ്ങുന്നവ്യക്തി പണയം നിന്റെ അടുക്കൽ പുറത്തുകൊണ്ടുവരണം. 12 അയൽവാസി ദരിദ്രനെങ്കിൽ അയാളുടെ പണയവസ്തുവായ കുപ്പായംകൊണ്ട് നീ ഉറങ്ങരുത്. 13 അയാൾക്കു തന്റെ പുറങ്കുപ്പായം പുതച്ച് ഉറങ്ങേണ്ടതിനു സൂര്യൻ അസ്തമിക്കുമ്പോൾ അയാളുടെ കുപ്പായം നീ തിരികെ നൽകണം. അപ്പോൾ അവർ നിന്നോടു നന്ദിയുള്ളവരായിരിക്കും. നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ അത് ഒരു നീതിപ്രവൃത്തിയായിരിക്കും.
14 ഇസ്രായേല്യരായ നിന്റെ സഹോദരന്മാരുടെ കൂട്ടത്തിലോ നിന്റെ നഗരത്തിൽ പാർക്കുന്ന പ്രവാസികളുടെ കൂട്ടത്തിലോ ഉള്ള ദരിദ്രരും ബുദ്ധിമുട്ടുള്ളവരുമായ കൂലിക്കാരെ പീഡിപ്പിക്കരുത്. 15 അവർ ദരിദ്രരും കൂലി ആശ്രയിച്ചു കഴിയുന്നവരുമാകുകയാൽ അവരുടെ കൂലി ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നതിനുമുമ്പു നൽകണം. അല്ലെങ്കിൽ അവർ യഹോവയോടു നിനക്കു വിരോധമായി നിലവിളിക്കും, അതിൽ നീ കുറ്റക്കാരനായിത്തീരും.
16 മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം.
17 പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്. 18 നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
19 നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. 20 നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 21 നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 22 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.