മോശ നീതിന്യായനിയമം ആവർത്തിക്കുന്നു (continued)

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

ആവർത്തനം 21–22

1 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് ഒരാൾ കൊല്ലപ്പെട്ട് കിടക്കുകയും അയാളെ കൊലചെയ്തത് ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ 2 നിങ്ങൾക്കിടയിലെ ഗോത്രത്തലവന്മാരും ന്യായാധിപന്മാരും പുറത്തുവന്ന് ജഡത്തിൽനിന്നും അയൽനഗരങ്ങളിലേക്കുള്ള ദൂരം അളക്കണം. 3 ജഡത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ തലവന്മാർ, ജോലിചെയ്യിക്കാത്തതും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം. 4 അതിനെ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ താഴ്വരയിൽ കൊണ്ടുപോയി അവിടെവെച്ച് ആ പശുക്കിടാവിന്റെ കഴുത്തൊടിക്കണം. 5 അതിനുശേഷം ലേവിയുടെ പുത്രന്മാരായ പുരോഹിതന്മാർ മുമ്പോട്ടു വരണം. ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തിൽ അനുഗ്രഹം പ്രഖ്യാപിക്കാനും അക്രമങ്ങളിലും വ്യവഹാരങ്ങളിലും തീരുമാനമെടുക്കാനും നിന്റെ ദൈവമായ യഹോവ അവരെ തെരഞ്ഞെടുത്തിരിക്കുന്നു. 6 ജഡത്തിനു സമീപത്തുള്ള പട്ടണത്തിലെ തലവന്മാർ എല്ലാവരും താഴ്വരയിൽവെച്ച് കഴുത്തൊടിച്ച പശുക്കിടാവിന്റെമേൽ അവരുടെ കൈ കഴുകണം. 7 അതിനുശേഷം അവർ ഇങ്ങനെ പ്രഖ്യാപിക്കണം: “ഈ രക്തം ചൊരിഞ്ഞതു ഞങ്ങളുടെ കൈകളല്ല. അതു ചെയ്യുന്നതു ഞങ്ങളുടെ കണ്ണുകൾ കണ്ടിട്ടുമില്ല. 8 യഹോവേ, അങ്ങ് വീണ്ടെടുത്ത അവിടത്തെ ജനമായ ഇസ്രായേലിനോടു ക്ഷമിക്കണമേ. കുറ്റമില്ലാത്തവന്റെ രക്തത്തിന്റെ പാതകം അവിടത്തെ ജനത്തിന്റെമേൽ വരുത്തരുതേ” അപ്പോൾ ആ രക്തപാതകം മോചിക്കപ്പെടും. 9 യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്ത് ഇങ്ങനെ നിഷ്കളങ്കരക്തം ചൊരിഞ്ഞ പാതകം നിങ്ങളുടെ ഇടയിൽനിന്നു നീക്കണം.

10 നീ നിന്റെ ശത്രുക്കളോടു യുദ്ധംചെയ്യാൻ പോയി നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ അടിമകളായി എടുക്കുകയും ചെയ്യുമ്പോൾ 11 അടിമകളുടെ കൂട്ടത്തിൽ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ നിനക്ക് അവളെ ഭാര്യയായി സ്വീകരിക്കാം. 12 അവളെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി അവളുടെ തലയിലെ മുടി വടിച്ചുകളയുകയും അവളുടെ നഖം മുറിച്ചുകളയുകയും 13 പിടിച്ചുകൊണ്ടുവന്നപ്പോൾ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും ചെയ്യണം. അവൾ നിന്റെ വീട്ടിൽ ഒരുമാസം താമസിച്ച് അവളുടെ പിതാവിനെയും മാതാവിനെയും ഓർത്തു വിലപിച്ചശേഷം, നീ അവളുടെ അടുത്തു ചെല്ലുകയും നീ അവൾക്കു ഭർത്താവും അവൾ നിനക്കു ഭാര്യയും ആയിരിക്കാവുന്നതുമാണ്. 14 നിനക്ക് അവളെ ഇഷ്ടമല്ലെങ്കിൽ അവളെ യഥേഷ്ടം പോകാൻ അനുവദിക്കണം. നീ അവളെ അപമാനിച്ചതുകൊണ്ട് അവളെ വിലയ്ക്കു വിൽക്കുകയോ അടിമയോടെന്നപോലെ പെരുമാറുകയോ അരുത്.

15 ഒരാൾക്ക് ഇഷ്ടയായും അനിഷ്ടയായും രണ്ടു ഭാര്യമാർ ഉണ്ടായിരിക്കുകയും രണ്ടുപേരും അവനു പുത്രന്മാരെ പ്രസവിക്കുകയും ആദ്യജാതൻ അനിഷ്ടയുടെ പുത്രനാകുകയും ചെയ്താൽ 16 അവൻ തന്റെ സ്വത്ത് പുത്രന്മാർക്കു വിഭജിച്ചുകൊടുക്കുമ്പോൾ അനിഷ്ടയുടെ പുത്രനായ ആദ്യജാതനു പകരം ഇഷ്ടയുടെ പുത്രന് ആദ്യജാതനുള്ള അവകാശങ്ങൾ നൽകാൻ പാടില്ല. 17 അവനുള്ള സകലത്തിനും ഇരട്ടി ഓഹരി അനിഷ്ടയുടെ മകനുതന്നെ നൽകി അവനെ ആദ്യജാതനായി അംഗീകരിക്കണം. അവൻ പിതാവിന്റെ ശക്തിയുടെ ആദ്യ ചിഹ്നമാകുന്നുവല്ലോ. ആദ്യജാതന്റെ ഓഹരി അവനുള്ളതാകുന്നു.

18 ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ 19 അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം. 20 അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.” 21 അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.

22 മരണശിക്ഷ അർഹിക്കുന്ന തെറ്റുചെയ്തയാളെ കൊന്ന് മരത്തിൽ തൂക്കിയാൽ 23 അവന്റെ പിണം രാത്രിമുഴുവൻ മരത്തിൽ കിടക്കാൻ പാടില്ല. മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവർ ദൈവത്താൽ ശപിക്കപ്പെട്ടവരായതുകൊണ്ട് അന്നുതന്നെ അവനെ സംസ്കരിക്കണം. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ മലിനമാക്കരുത്.

22:1 സഹയിസ്രായേല്യന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നതു നീ കണ്ടാൽ അതു കണ്ടില്ലെന്നു നടിക്കരുത്. അതിനെ അയാളുടെ അടുത്ത് എത്തിച്ചുകൊടുക്കണം. 2 സഹയിസ്രായേല്യൻ നിനക്കു സമീപവാസിയല്ല, അയാൾ നിനക്കു പരിചിതനും അല്ലാതെ ഇരിക്കുന്നെങ്കിൽ ആ മനുഷ്യൻ അന്വേഷിച്ചു വരുന്നതുവരെ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കണം. പിന്നെ അതിനെ അയാൾക്കു തിരികെ നൽകണം. 3 നിന്റെ സഹോദരങ്ങളുടെ കഴുത, പുറങ്കുപ്പായം, ഇങ്ങനെ അവർക്കു നഷ്ടപ്പെടുന്ന ഏതു വസ്തുവും നീ കണ്ടെത്തിയാൽ ഇങ്ങനെതന്നെ ചെയ്യണം. നീ അതിനെ കണ്ടില്ലെന്നു നടിക്കരുത്.

4 നിന്റെ സഹയിസ്രായേല്യന്റെ കാളയോ കഴുതയോ വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേൽപ്പിക്കാൻ അതിന്റെ ഉടമസ്ഥനെ സഹായിക്കണം.

5 സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കരുത്; പുരുഷൻ സ്ത്രീയുടെ വസ്ത്രവും ധരിക്കരുത്. ഇങ്ങനെ ചെയ്യുന്ന ഏതൊരാളെയും നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.

6 ഒരു മരത്തിലോ നിലത്തിലോ കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള പക്ഷിക്കൂട് നിന്റെ വഴിയരികിൽ കണ്ടാൽ തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെമേലോ മുട്ടയുടെമേലോ ഇരിക്കുന്നെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ തള്ളപ്പക്ഷിയെ പിടിക്കരുത്. 7 നിനക്കു നന്മയും ദീർഘായുസ്സുമുണ്ടാകാനായി തള്ളപ്പക്ഷിയെ വിടണം. കുഞ്ഞുങ്ങളെ നിനക്കെടുക്കാം.

8 നീ ഒരു പുതിയ വീട് പണിയുമ്പോൾ അതിന്റെ മേൽക്കൂരയ്ക്കു ചുറ്റിലും കൈമതിൽ പണിയണം. ആരെങ്കിലും മേൽക്കൂരയിൽനിന്നു താഴെവീണ് രക്തച്ചൊരിച്ചിലിന്റെ കുറ്റം നിന്റെ വീടിന്മേൽ വരാതിരിക്കേണ്ടതിനാണിത്.

9 നിന്റെ മുന്തിരിത്തോപ്പിൽ രണ്ടുതരം വിത്ത് നടാൻ പാടില്ല. അങ്ങനെചെയ്താൽ നീ നടുന്ന ധാന്യംമാത്രമല്ല, മുന്തിരിത്തോപ്പിലെ ഫലവും മലിനമാകും.

10 കാളയെയും കഴുതയെയും ഒന്നിച്ചുപൂട്ടി ഉഴരുത്.

11 ആട്ടുരോമവും ചണവും ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.

12 നീ ധരിക്കുന്ന പുറങ്കുപ്പായത്തിന്റെ നാലുകോണിലും തൊങ്ങലുകൾ ഉണ്ടായിരിക്കണം.

13 ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംചെയ്ത് അവളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടശേഷം അവളെ ഇഷ്ടപ്പെടാതെ 14 അവൾക്കു ദുഷ്പേരുണ്ടാക്കി അപമാനിച്ച്, “ഞാൻ ഈ സ്ത്രീയെ വിവാഹംകഴിച്ചു, പക്ഷേ ഞാൻ ഇവളെ സമീപിച്ചപ്പോൾ ഇവളിൽ കന്യകാലക്ഷണം കണ്ടില്ല” എന്നു പറഞ്ഞാൽ; 15 ആ പെൺകുട്ടിയുടെ മാതാപിതാക്കൾ നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തുപോയി അവളുടെ കന്യകാലക്ഷണം കാണിക്കണം. 16 പെൺകുട്ടിയുടെ പിതാവ് ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞാൻ എന്റെ മകളെ ഈ പുരുഷനു വിവാഹംകഴിപ്പിച്ചുകൊടുത്തു. എന്നാൽ അവൻ അവളെ ഇഷ്ടപ്പെടുന്നില്ല. 17 ഇപ്പോൾ അവൻ, ‘ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല’ എന്നിങ്ങനെ അപവാദം പറയുന്നു. പക്ഷേ, ഇതാ, എന്റെ മകളുടെ കന്യകാലക്ഷണം.” അതിനുശേഷം അവളുടെ മാതാപിതാക്കൾ പട്ടണത്തലവന്മാരുടെമുമ്പിൽ ആ വസ്ത്രം കാണിക്കണം. 18 പട്ടണത്തലവന്മാർ ആ പുരുഷനെ പിടിച്ച് ശിക്ഷ നൽകണം. 19 ഇസ്രായേലിലെ ഒരു കന്യകയ്ക്കു ദുഷ്പേരുണ്ടാക്കിയതുകൊണ്ട് പെൺകുട്ടിയുടെ പിതാവിന് നൂറു ശേക്കേൽ വെള്ളി നൽകാൻ അവർ അവന് പിഴയിടണം. അവൾ അവനു ഭാര്യയായി തുടരണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളെ വിവാഹമോചനം ചെയ്യാൻ പാടില്ല.

20 എന്നാൽ ആരോപണം സത്യമായിരിക്കുകയും പെൺകുട്ടിയുടെ കന്യകാലക്ഷണം ഒന്നും കണ്ടെത്താതിരിക്കുകയും ചെയ്താൽ, 21 അവളെ പിതാവിന്റെ വീട്ടുവാതിൽക്കൽ കൊണ്ടുചെന്ന്, അവളുടെ നഗരത്തിലെ പുരുഷന്മാർ കല്ലെറിഞ്ഞുകൊല്ലണം. അവൾ ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് പിതാവിന്റെ വീട്ടിൽവെച്ചുതന്നെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.

22 ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയോടുകൂടെ കിടക്കപങ്കിടുന്നതായി കണ്ടാൽ അവളോടുകൂടെ കിടക്കപങ്കിട്ട പുരുഷനും അവളും മരിക്കണം. ഇങ്ങനെ ഇസ്രായേലിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.

23 വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യകയെ ഒരുവൻ നഗരത്തിൽവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളോടൊപ്പം കിടക്കപങ്കിടുകയും ചെയ്താൽ നിങ്ങൾ അവരെ രണ്ടുപേരെയും നഗരവാതിൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞുകൊല്ലണം. 24 പെൺകുട്ടി, നഗരത്തിൽ ആയിരുന്നിട്ടുകൂടി സഹായത്തിനു നിലവിളിക്കാതിരിക്കുകയും പുരുഷൻ മറ്റൊരാളുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.

25 എന്നാൽ, വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെ ഒരുവൻ നഗരത്തിനു പുറത്തുവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവളെ ബലാൽക്കാരംചെയ്യുകയും ചെയ്താൽ ആ പുരുഷൻമാത്രം മരണശിക്ഷ അനുഭവിക്കണം. 26 മരണശിക്ഷയ്ക്കു തക്ക പാപമൊന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് പെൺകുട്ടിയോട് ഒന്നും ചെയ്യരുത്. ഒരാൾ ഒരു അയൽവാസിയോടു കോപിച്ച് അയാളെ കൊല്ലുന്നതിനു തുല്യമായ പ്രവൃത്തിയാണിത്. 27 നഗരത്തിനു പുറത്തുവെച്ചാണല്ലോ പുരുഷൻ പെൺകുട്ടിയെ കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞ ആ പെൺകുട്ടി രക്ഷയ്ക്കായി നിലവിളിച്ചാൽപോലും അവളെ രക്ഷിക്കാൻ അവിടെ ആരും ഉണ്ടായിരിക്കുകയില്ല.

28 എന്നാൽ വിവാഹനിശ്ചയം ചെയ്തിട്ടില്ലാത്ത ഒരു കന്യകയെ ഒരുവൻ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളെ ബലാൽക്കാരംചെയ്യുകയും അതു കണ്ടുപിടിക്കുകയും ചെയ്താൽ 29 ബലാൽക്കാരംചെയ്ത പുരുഷൻ പെൺകുട്ടിയുടെ പിതാവിന് അൻപതുശേക്കേൽ വെള്ളി നൽകണം. അവൻ അവൾക്കു മാനഹാനി വരുത്തിയതുകൊണ്ട് അവളെ വിവാഹംകഴിക്കണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളുമായുള്ള വിവാഹബന്ധം വേർപെടുത്താൻ പാടില്ല.

30 ഒരുവൻ തന്റെ പിതാവിന്റെ ഭാര്യയെ വിവാഹംചെയ്യരുത്; അയാൾ തന്റെ പിതാവിന്റെ കിടക്കയോട് അനാദരവുകാട്ടരുത്.