മോശ നീതിന്യായനിയമം ആവർത്തിക്കുന്നു (continued)
ക്രി.മു. 1451
Biblica® Open Malayalam Contemporary Version™ (OMCV)
1 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തിലെ ജനതകളെ അവിടന്ന് നശിപ്പിച്ച്, നിങ്ങൾ അവരെ ഓടിച്ചുകളഞ്ഞ് അവരുടെ നഗരങ്ങളിലും വീടുകളിലും വസിക്കുമ്പോൾ, 2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് നിങ്ങൾക്കുവേണ്ടി മൂന്നു നഗരങ്ങൾ വേർതിരിക്കണം. 3 ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്തിന്റെ ദൂരം അനുസരിച്ച് മൂന്നായി വിഭജിക്കണം. ആരെങ്കിലും ഒരാളെ വധിച്ചാൽ കൊലപാതകം ചെയ്തവ്യക്തി ഈ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടി രക്ഷപ്പെടണം.
4 ഒരാളെ കൊലചെയ്യുന്ന വ്യക്തി തന്റെ ജീവൻ രക്ഷിക്കാനായി ഓടി രക്ഷപ്പെടാനുള്ള വ്യവസ്ഥ ഇതാണ്—ഒരാൾ തന്റെ അയൽവാസിയെ മുൻവൈരം കൂടാതെയും മനഃപൂർവമല്ലാതെയും കൊലചെയ്താൽ; 5 ഉദാഹരണമായി ഒരാൾ തന്റെ അയൽവാസിയുമായി മരം മുറിക്കാൻ കാട്ടിൽ പോകുകയും മരം മുറിക്കാൻ അയാൾ കോടാലി ഓങ്ങുമ്പോൾ കോടാലി പിടിയിൽനിന്നും ഊരി അയൽവാസിയുടെമേൽ പതിച്ച് അയാൾ മരിക്കുകയും ചെയ്താൽ, ആ വ്യക്തിക്കു ജീവരക്ഷയ്ക്കുവേണ്ടി ഈ നഗരങ്ങളിൽ ഒന്നിലേക്ക് ഓടി രക്ഷപ്പെടാം. 6 അല്ലാത്തപക്ഷം, ദൂരം കൂടുതലാണെങ്കിൽ, രക്തപ്രതികാരകൻ ഉഗ്രകോപത്തോടെ അയാളെ പിൻതുടർന്ന് പിടികൂടുകയും അയാൾ മരണശിക്ഷ അർഹിക്കുന്നില്ലെങ്കിൽപോലും ആ മനുഷ്യനെ കൊല്ലുകയും ചെയ്യും. അയാൾ തന്റെ അയൽവാസിയോട് മുൻവൈരം കൂടാതെയും മനഃപൂർവമായല്ലാതെയും ആണല്ലോ കൊലചെയ്തത്. 7 മൂന്നു നഗരങ്ങൾ നിങ്ങൾക്കുവേണ്ടി വേർതിരിച്ചിടണമെന്ന് ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് അതുകൊണ്ടാണ്.
8-9 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും അവിടത്തെ പാതയിൽ നടക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന സകലകൽപ്പനകളും ശ്രദ്ധയോടെ പിൻതുടരുകയും ചെയ്യണം. അങ്ങനെയായാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിര് വിസ്താരമാക്കി നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത ദേശമെല്ലാം നിങ്ങൾക്കു നൽകുകയും ചെയ്യും. അപ്പോൾ നീ വേറെ മൂന്നു നഗരങ്ങൾകൂടി വേർതിരിച്ചിടണം. 10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്തു നിഷ്കളങ്കരക്തം ചൊരിയപ്പെടാതിരിക്കുന്നതിനും നിരപരാധിയുടെ രക്തപാതകം നിന്റെമേൽ വരാതിരിക്കുന്നതിനുമാണിത്.
11 എന്നാൽ ഒരാൾ തന്റെ അയൽവാസിയെ വെറുക്കുകയും അയാൾക്കുവേണ്ടി പതിയിരുന്ന് ആക്രമിച്ച്, അയാളെ മുറിപ്പെടുത്തി കൊല്ലുകയും ചെയ്തശേഷം ആ മനുഷ്യൻ ഈ നഗരങ്ങളിലൊന്നിലേക്ക് ഓടി രക്ഷപ്പെട്ടാൽ, 12 അയാളുടെ നഗരത്തലവന്മാർ ആളയച്ച് ആ മനുഷ്യനെ അവിടെനിന്നു തിരികെക്കൊണ്ടുവന്ന് അയാളെ വധിക്കേണ്ടതിന് രക്തപ്രതികാരകന്റെ കൈയിൽ ഏൽപ്പിക്കണം. 13 അയാളോടു ദയ തോന്നരുത്. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിനു കുറ്റമില്ലാത്ത രക്തംചൊരിഞ്ഞ പാതകം ഇസ്രായേലിൽനിന്ന് നീക്കിക്കളയണം.
14 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കവകാശമായി നൽകുന്ന ദേശത്ത് നിന്റെ അവകാശത്തിൽ പൂർവികർ സ്ഥാപിച്ചിട്ടുള്ള നിന്റെ അയൽവാസിയുടെ അതിര് നീക്കാൻ പാടില്ല.
15 ഒരു വ്യക്തി ചെയ്ത അതിക്രമത്തിനും കുറ്റകൃത്യത്തിനും കുറ്റംവിധിക്കാൻ ഒരൊറ്റ സാക്ഷി മതിയാകുകയില്ല. രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഒരു കാര്യത്തിന്റെ സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.
16 ഒരാളുടെമേൽ ഒരു കള്ളസ്സാക്ഷി ആർക്കെങ്കിലും വിരോധമായി പറഞ്ഞ് കുറ്റം ആരോപിച്ചാൽ 17 തമ്മിൽ തർക്കമുള്ള രണ്ടു വ്യക്തികളും യഹോവയുടെ സന്നിധിയിൽ അന്നത്തെ പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പിൽ നിൽക്കണം. 18 ന്യായാധിപൻ വിശദമായി അന്വേഷണം നടത്തണം. സാക്ഷി കള്ളസ്സാക്ഷിയാണെന്നും അയാൾ സഹയിസ്രായേല്യനെതിരേ കള്ളസ്സാക്ഷ്യം നൽകിയെന്നും തെളിയിക്കപ്പെട്ടാൽ, 19 അയാൾ കള്ളസ്സാക്ഷ്യം നൽകി മറ്റേ കക്ഷിയോടു ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് നിങ്ങൾ ആ മനുഷ്യനോടു ചെയ്യണം. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കംചെയ്യണം. 20 പിന്നീട് ഒരിക്കലും നിങ്ങളുടെ ഇടയിൽ ഈ വിധത്തിലുള്ള തിന്മ ഉണ്ടാകാതിരിക്കാൻ ശേഷിക്കുന്നവർ ഇതു കേട്ട് ഭയപ്പെടണം. 21 യാതൊരുവിധത്തിലും ദയ കാണിക്കരുത്: ജീവനുപകരം ജീവൻ, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ, ഇതായിരിക്കണം നിങ്ങളുടെ പ്രമാണം.
20:1 നിങ്ങൾ ശത്രുക്കൾക്കെതിരേ യുദ്ധംചെയ്യാൻ പുറപ്പെടുമ്പോൾ കുതിരകൾ, രഥങ്ങൾ എന്നിങ്ങനെ നിങ്ങൾക്കുള്ളതിനെക്കാൾ വലിയ സൈന്യത്തെ കണ്ടു ഭയപ്പെടരുത്. കാരണം, ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്. 2 നിങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ പുരോഹിതൻ മുമ്പോട്ടുവന്ന് സൈന്യത്തോട് ഇപ്രകാരം സംസാരിക്കണം: 3 “ഇസ്രായേലേ, കേൾക്കുക, ഇന്നു നിങ്ങൾ ശത്രുവിനോടു യുദ്ധത്തിനു പോകുന്നു. ഹൃദയം തളരുകയോ ഭയപ്പെടുകയോ ചെയ്യരുത്. ഭ്രമിക്കരുത്, അവരുടെമുമ്പിൽ ചഞ്ചലപ്പെടുകയുമരുത്. 4 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുവിനെതിരേ യുദ്ധംചെയ്ത് നിങ്ങൾക്കു വിജയം നൽകാൻ നിങ്ങളോടൊപ്പം അണിനിരന്നിരിക്കുന്നു.”
5 ഉദ്യോഗസ്ഥന്മാർ സൈന്യത്തോട് ഇപ്രകാരം പറയണം: “ആരെങ്കിലും പുതിയ വീട് പണിതിട്ട് ഗൃഹപ്രതിഷ്ഠ നടത്താത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ ഗൃഹപ്രതിഷ്ഠ നടത്തുകയും ചെയ്യും. 6 ആരെങ്കിലും മുന്തിരിത്തോപ്പു നട്ടശേഷം അതിന്റെ ഫലം അനുഭവിക്കാത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും. 7 ആരെങ്കിലും ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകി അവളെ വിവാഹംകഴിക്കാതെ ഇരിക്കുന്നുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അവളെ വിവാഹംകഴിക്കുകയും ചെയ്യും.” 8 ഉദ്യോഗസ്ഥന്മാർ വീണ്ടും പറയേണ്ടത്, “ആരെങ്കിലും ഭയപ്പെട്ടോ ഹൃദയം തളർന്നോ ഇരിക്കുന്നവനായിട്ടുണ്ടോ? അവന്റെ സഹപടയാളികളുടെ ഹൃദയം ക്ഷീണിക്കാതെ ഇരിക്കേണ്ടതിന് അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ.” 9 ഉദ്യോഗസ്ഥന്മാർ സൈന്യത്തോടു സംസാരിച്ചശേഷം അവരുടെമേൽ സൈന്യാധിപന്മാരെ നിയമിക്കണം.
10 നിങ്ങൾ ഒരു നഗരം ആക്രമിക്കാൻ ചെല്ലുമ്പോൾ അവിടത്തെ ജനങ്ങൾക്ക് ആദ്യം സമാധാനം വാഗ്ദാനം നൽകണം. 11 അവർ നിങ്ങളുടെ നിബന്ധനകൾ അംഗീകരിച്ച് വാതിൽ തുറന്നാൽ അവിടെയുള്ള ജനം എല്ലാം നിങ്ങൾക്ക് അടിമകളായി നിങ്ങൾക്കുവേണ്ടി ജോലി ചെയ്യണം. 12 എന്നാൽ അവർ സമാധാനം നിരസിച്ച് നിങ്ങളോടു യുദ്ധത്തിന് ഒരുങ്ങിയാൽ നിങ്ങൾ ആ പട്ടണത്തെ ഉപരോധിക്കണം. 13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ അതിലുള്ള സകലപുരുഷന്മാരെയും വാൾകൊണ്ടു കൊല്ലണം. 14 എന്നാൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും പട്ടണത്തിലുള്ളതൊക്കെയും നിങ്ങൾക്കു കൊള്ളയായി എടുക്കാം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുക്കളിൽനിന്ന് നൽകിയ കൊള്ളവസ്തുക്കൾ നിങ്ങൾക്കനുഭവിക്കാം. 15 നിങ്ങൾക്കു സമീപമുള്ള ഈ ജനതകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത എല്ലാ വിദൂരനഗരങ്ങളോടും ഇങ്ങനെതന്നെയാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്.
16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന നഗരങ്ങളിലെ ശ്വാസമുള്ള യാതൊന്നിനെയും ജീവനോടെ ശേഷിപ്പിക്കരുത്. 17 ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ പൂർണമായി സംഹരിക്കണം. 18 അല്ലാത്തപക്ഷം അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്യുന്ന മ്ലേച്ഛതകൾ പിൻതുടരാൻ നിങ്ങളെ പഠിപ്പിക്കും; നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപം ചെയ്യാനിടയാകും.
19 ഒരു നഗരം പിടിച്ചെടുക്കേണ്ടതിന് അതിനെതിരേ നിങ്ങൾക്കു യുദ്ധംചെയ്ത് ദീർഘകാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ടു നശിപ്പിക്കരുത്. അവയുടെ ഫലം നിങ്ങൾക്കു ഭക്ഷിക്കാവുന്നതുകൊണ്ട് അതു വെട്ടിക്കളയരുത്. നീ അവയെ ഉപരോധിക്കാൻ ആ നിലത്തിലെ മരങ്ങൾ മനുഷ്യരാണോ? 20 എന്നാൽ ഭക്ഷ്യയോഗ്യമല്ലാത്ത ഫലങ്ങളുള്ള വൃക്ഷങ്ങൾമാത്രം വെട്ടിക്കളയുക. നിന്നോടു യുദ്ധംചെയ്യുന്ന നഗരം കീഴടങ്ങുംവരെ അവ ഉപയോഗിച്ച് നിനക്കു കൊത്തളങ്ങൾ നിർമിക്കാം.