മോശ നീതിന്യായനിയമം ആവർത്തിക്കുന്നു

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

ആവർത്തനം 17:2–18:22

2 യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലൊന്നിൽ താമസിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ തിന്മചെയ്ത് അവിടത്തെ ഉടമ്പടി ലംഘിക്കുകയും 3 ഞാൻ നൽകിയ കൽപ്പനയ്ക്കു വിരോധമായി അന്യദേവന്മാരെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ കുമ്പിട്ടാരാധിക്കാൻ പോയി എന്നു കണ്ടുപിടിക്കുകയും 4-5 വിവരം നിന്നെ അറിയിച്ച് നീ അതു കേൾക്കുകയും ചെയ്താൽ നീ അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കണം. ഇങ്ങനെ ഒരു അറപ്പായ കാര്യം ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത് സത്യവും തെളിയിക്കപ്പെടുകയും ചെയ്തെങ്കിൽ ആ മ്ലേച്ഛത പ്രവർത്തിച്ച പുരുഷനെയോ സ്ത്രീയെയോ നഗരവാതിൽക്കൽ കൊണ്ടുവരികയും കല്ലെറിഞ്ഞു കൊല്ലുകയും വേണം. 6 രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയിന്മേൽമാത്രമേ ഒരു വ്യക്തിയെ വധിക്കാൻ പാടുള്ളൂ. ഒരു സാക്ഷിയുടെ മൊഴിമേൽ ആരെയും വധിക്കാൻ പാടില്ല. 7 ആ വ്യക്തിയെ വധിക്കാൻ ആദ്യം അവന്റെമേൽ വെക്കേണ്ടത് സാക്ഷിയുടെ കരമാണ്; പിന്നീട് എല്ലാവരുടെയും കരങ്ങളും. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.

8 രക്തച്ചൊരിച്ചിലോ നിയമവ്യവഹാരമോ കൊലപാതകമോ, ഇങ്ങനെ നിനക്കു തീർപ്പുകൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള വ്യവഹാരങ്ങൾ നിന്റെ മുമ്പാകെ വന്നാൽ നീ അവ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തു കൊണ്ടുവരണം. 9 ലേവ്യരായ പുരോഹിതന്മാരുടെയും ആ കാലത്തെ ന്യായാധിപന്റെയും അടുത്ത് കൊണ്ടുചെന്ന് അവരുടെ അഭിപ്രായം ആരായണം. അവർ വിധി പ്രഖ്യാപിക്കും. 10 നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അവർ നിനക്കു നൽകുന്ന തീരുമാനം അനുസരിച്ചു നീ പ്രവർത്തിക്കണം. അവർ നിന്നോടു നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു പ്രവർത്തിക്കാൻ നീ ജാഗ്രതയുള്ളവനായിരിക്കണം. 11 അവർ നിനക്ക് ഉപദേശിച്ചുതന്നിരിക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് നീ പ്രവർത്തിക്കണം. അവർ നിന്നോടു പറയുന്നതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ നീ മാറരുത്. 12 നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വിധി അനുസരിക്കാൻ വിസമ്മതിക്കുന്നവർ മരിക്കണം. അങ്ങനെ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയണം. 13 എല്ലാ ജനങ്ങളും ഇതു കേട്ട് ഭയപ്പെടണം. പിന്നീട് ആരും അനുസരിക്കാൻ വിസമ്മതിക്കരുത്.

14 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം നീ അതു കൈവശമാക്കുകയും അവിടെ വാസം ഉറപ്പിക്കുകയും ചെയ്തുകഴിയുമ്പോൾ, “നമ്മുടെ ചുറ്റുമുള്ള ജനതകൾക്കെല്ലാം ഉള്ളതുപോലെ ഒരു രാജാവിനെ നമുക്കു വാഴിക്കാം” എന്നു നീ പറഞ്ഞാൽ, 15 നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെത്തന്നെ നീ രാജാവായി വാഴിക്കാൻ ശ്രദ്ധിക്കണം. അവൻ നിന്റെ സ്വന്തം സഹോദരന്മാരിൽ ഒരുവൻ ആയിരിക്കണം. അവൻ ഇസ്രായേല്യരുടെ സഹോദരൻ അല്ലാത്ത ഒരു പ്രവാസി ആയിരിക്കരുത്. 16 മാത്രവുമല്ല, രാജാവ് തനിക്കു കുതിരകളുടെ എണ്ണം വർധിപ്പിക്കുകയോ അവയെ കൂടുതൽ സമ്പാദിക്കുന്നതിന് ജനത്തെ ഈജിപ്റ്റിലേക്കു തിരികെ കൊണ്ടുപോകുകയോ ചെയ്യരുത്. “നിങ്ങൾ അതുവഴി വീണ്ടും കടന്നുപോകരുത്,” എന്ന് യഹോവ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. 17 അവന്റെ ഹൃദയം തെറ്റിപ്പോകാതിരിക്കാൻ അവൻ അനേകം ഭാര്യമാരെ തനിക്കായി സ്വീകരിക്കരുത്. തനിക്കായി സ്വർണവും വെള്ളിയും അധികം സമ്പാദിച്ചുകൂട്ടാനും പാടില്ല.

18 അവൻ രാജസിംഹാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരിൽനിന്ന് ഈ നിയമത്തിന്റെ ഒരു പകർപ്പ് തനിക്കുവേണ്ടി എഴുതിയെടുക്കണം. 19 ഈ നിയമത്തിലെ എല്ലാ വചനങ്ങളും ഉത്തരവുകളും ശ്രദ്ധയോടെ അനുസരിച്ച് അവന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനും 20 അവൻ സഹോദരന്മാരെക്കാൾ തന്നെത്തന്നെ ശ്രേഷ്ഠനെന്നു കരുതാതിരിക്കാനും നിയമത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കാതിരിക്കേണ്ടതിനും അത് അവനോടൊപ്പം ഇരിക്കുകയും തന്റെ ജീവകാലമെല്ലാം വായിക്കുകയുംചെയ്യണം. അപ്പോൾ അവനും അവന്റെ തലമുറയും ദീർഘകാലം ഇസ്രായേലിൽ രാജാക്കന്മാരായി ഭരണംനടത്തും.

18:1 ലേവ്യരായ പുരോഹിതന്മാർക്കും വിശേഷാൽ ലേവി ഗോത്രത്തിനു മുഴുവനും ഇസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങൾകൊണ്ട് അവർ ജീവിക്കണം, കാരണം അതാണ് അവരുടെ ഓഹരി. 2 അവരുടെ സഹോദരങ്ങളുടെ ഇടയിൽ അവർക്കൊരു അവകാശവും ഉണ്ടാകാൻ പാടില്ല. യഹോവ അവരോടു വാഗ്ദാനംചെയ്തതുപോലെ അവിടന്നുതന്നെയാണ് അവരുടെ ഓഹരി.

3 ജനത്തിൽനിന്ന് ആരെങ്കിലും കാളയെയോ ആടിനെയോ യാഗം അർപ്പിക്കുമ്പോൾ, പുരോഹിതന്മാർക്കുള്ള ഓഹരി ഇവയാണ്: കൈക്കുറകും കവിൾത്തടം രണ്ടും ആന്തരികാവയവങ്ങളും നൽകണം. 4 ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവർക്കു നൽകണം. 5 യഹോവയുടെ നാമത്തിൽ എപ്പോഴും നിന്നു ശുശ്രൂഷിക്കേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സകലഗോത്രത്തിൽനിന്നും അവരെയും പുത്രന്മാരെയും തെരഞ്ഞെടുത്തിരിക്കുന്നു.

6 ഇസ്രായേലിലെ ഏതെങ്കിലും നഗരത്തിൽ പ്രവാസിയായി താമസിച്ചിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വളരെ താത്പര്യത്തോടെ വന്നാൽ 7 അവിടെ യഹോവയുടെ ശുശ്രൂഷചെയ്യാൻ നിൽക്കുന്ന ലേവ്യരായ സഹോദരന്മാരെപ്പോലെ അദ്ദേഹത്തിനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാവുന്നതാണ്. 8 അദ്ദേഹത്തിനു പിതൃസ്വത്തു വിറ്റു കിട്ടിയ പണം ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹമുൾപ്പെടെ ശുശ്രൂഷചെയ്യുന്ന ലേവ്യരെല്ലാവരും അവരുടെ ആനുകൂല്യങ്ങൾ തുല്യമായി വീതിക്കണം.

9 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ പ്രവേശിക്കുമ്പോൾ അവിടെയുള്ള ജനതകളുടെ മ്ലേച്ഛതകൾ അനുകരിക്കാൻ അങ്ങനെയുള്ളവ പഠിക്കരുത്. 10 നിങ്ങളുടെ ഇടയിൽ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവരോ ദേവപ്രശ്നംവെക്കുന്നവരോ ആഭിചാരകരോ മൂഹൂർത്തം നോക്കുന്നവരോ ക്ഷുദ്രക്കാരോ 11 മന്ത്രവാദിയോ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ പ്രേതസമ്പർക്കമുള്ളവരോ ഉണ്ടായിരിക്കരുത്. 12 ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവരോട് യഹോവയ്ക്ക് അറപ്പാണ്. ഇത്തരം മ്ലേച്ഛതമൂലം നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 13 നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കണം.

14 നീ നീക്കംചെയ്യാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും വാക്കു ശ്രദ്ധിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ നിന്റെ ദൈവമായ യഹോവ നിന്നെ അനുവദിച്ചിട്ടില്ല. 15 നിന്റെ ദൈവമായ യഹോവ നിങ്ങളുടെ സഹയിസ്രായേല്യരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും. അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം. 16 “ഞങ്ങളെ ഇനി ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ഈ മഹാഗ്നി കാണാനും അനുവദിക്കരുതേ! അങ്ങനെയായാൽ ഞങ്ങൾ മരിച്ചുപോകും,” എന്ന് ഹോരേബിൽ മഹാസമ്മേളനം കൂടിയനാളിൽ നിങ്ങളുടെ ദൈവമായ യഹോവയോടു നിങ്ങൾ അപേക്ഷിച്ചല്ലോ.

17 യഹോവ എന്നോട് അരുളിച്ചെയ്തു: “അവർ പറഞ്ഞത് ശരിയാണ്. 18 ഞാൻ അവർക്കുവേണ്ടി നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹയിസ്രായേല്യരുടെ ഇടയിൽനിന്ന് എഴുന്നേൽപ്പിക്കും. ഞാൻ എന്റെ വചനങ്ങൾ അദ്ദേഹത്തിന്റെ അധരത്തിൽ നൽകും. ഞാൻ കൽപ്പിക്കുന്നതെല്ലാം അദ്ദേഹം അവരോടു പറയും. 19 ആ പ്രവാചകൻ എന്റെ നാമത്തിൽ അവരോടു പറയുന്ന വചനങ്ങൾ ആരെങ്കിലും അനുസരിക്കാതിരുന്നാൽ ഞാൻതന്നെ അവരോടു കണക്കുചോദിക്കും. 20 എന്നാൽ ഒരു പ്രവാചകൻ, ഞാൻ അവനോടു കൽപ്പിച്ചിട്ടില്ലാത്ത വചനം എന്റെ നാമത്തിൽ പ്രസ്താവിക്കുകയോ അല്ലെങ്കിൽ ഒരു പ്രവാചകൻ അന്യദേവന്മാരുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ അവനെ വധിക്കണം.

21 “ഒരു സന്ദേശം യഹോവയുടെ നാമത്തിൽ അല്ല പ്രസ്താവിച്ചതെങ്കിൽ ഞങ്ങൾ എങ്ങനെ അറിയും,” എന്നു നിങ്ങൾ സ്വയം പറഞ്ഞാൽ, 22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ പ്രഖ്യാപനം ചെയ്യുന്നത് സംഭവിക്കാതിരിക്കുകയും സത്യമാകാതെവരികയും ചെയ്താൽ അത് യഹോവ അരുളിച്ചെയ്ത സന്ദേശമല്ല. ആ പ്രവാചകൻ അതു ധിക്കാരത്തോടെ സ്വയംകൃതമായി പറഞ്ഞതാണ്. അവനെ ഭയപ്പെടരുത്.