മോശ നീതിന്യായനിയമം ആവർത്തിക്കുന്നു (continued)

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

ആവർത്തനം 25–26

1 മനുഷ്യർക്കുതമ്മിൽ വ്യവഹാരം ഉണ്ടാകുമ്പോൾ അവരെ കോടതിയിൽ കൊണ്ടുവന്ന് ന്യായാധിപന്മാർ നിരപരാധിയെ കുറ്റവിമുക്തരാക്കുകയും കുറ്റക്കാരെ ശിക്ഷ വിധിക്കുകയും വേണം. 2 കുറ്റക്കാർ അടിക്കു യോഗ്യരെങ്കിൽ ന്യായാധിപൻ അവരെ നിലത്തു കിടത്തി തന്റെ സാന്നിധ്യത്തിൽ അവരുടെ കുറ്റത്തിന് എത്ര അടി അർഹിക്കുന്നോ അത്രയും അവരെ അടിപ്പിക്കണം. 3 എന്നാൽ അടി നാൽപ്പതിൽ കൂടരുത്. അതിൽ കൂടുതൽ അടിപ്പിച്ചാൽ നിന്റെ സഹോദരൻ നിന്റെ കൺമുമ്പിൽ നിന്ദ്യനാകും.

4 ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്.

5 സഹോദരന്മാർ ഒരുമിച്ചു താമസിക്കുമ്പോൾ അവരിൽ ഒരാൾ പുത്രനില്ലാതെ മരിച്ചുപോയാൽ അവന്റെ വിധവ കുടുംബത്തിനു പുറത്തുനിന്ന് വിവാഹംകഴിക്കരുത്. അവളുടെ ഭർത്താവിന്റെ സഹോദരൻ അവളെ വിവാഹംകഴിച്ച് അവളോടു ഭർത്തൃസഹോദരന്റെ ധർമം നിറവേറ്റണം. 6 മരിച്ചുപോയ സഹോദരന്റെ നാമം ഇസ്രായേലിൽനിന്ന് മാഞ്ഞുപോകാതിരിക്കേണ്ടതിന് അവളുടെ ആദ്യജാതനിൽ അവന്റെ നാമം നിലനിർത്തണം.

7 എന്നാൽ തന്റെ സഹോദരന്റെ വിധവയെ വിവാഹംകഴിക്കാൻ ഒരുവന് ഇഷ്ടമില്ലെങ്കിൽ അവൾ നഗരവാതിൽക്കൽ ഗോത്രത്തലവന്മാരുടെ അടുത്തുചെന്ന് ഇപ്രകാരം പറയണം: “എന്റെ ഭർത്താവിന്റെ സഹോദരൻ, തന്റെ സഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്താൻ വിസമ്മതിക്കുന്നു. അവൻ എന്നോട് ഭർത്തൃസഹോദരധർമം അനുഷ്ഠിക്കുന്നില്ല.” 8 പിന്നീട് പട്ടണത്തലവന്മാർ അവനെ വിളിപ്പിച്ചു സംസാരിക്കണം. “എനിക്ക് അവളെ സ്വീകരിക്കാൻ സമ്മതമല്ല,” എന്ന് അവൻ തീർത്തുപറഞ്ഞാൽ 9 അവന്റെ സഹോദരന്റെ വിധവ ഗോത്രത്തലവന്മാരുടെ സാന്നിധ്യത്തിൽവെച്ച് അവന്റെ അടുത്തുചെന്ന് അവന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുനീക്കി അവന്റെ മുഖത്തു തുപ്പിയിട്ട്, “തന്റെ സഹോദരന്റെ കുടുംബം പണിയാത്തവരോട് ഇങ്ങനെ ചെയ്യും” എന്നു പറയണം. 10 അവന്റെ കുടുംബം ഇസ്രായേലിൽ “ചെരിപ്പ് അഴിഞ്ഞവന്റെ കുടുംബം,” എന്നറിയപ്പെടും.

11 രണ്ടു പുരുഷന്മാർതമ്മിൽ മൽപ്പിടിത്തം നടക്കുമ്പോൾ ഒരുവന്റെ ഭാര്യ വന്ന് തന്റെ ഭർത്താവിനെ മർദിക്കുന്നവനിൽനിന്ന് അവനെ രക്ഷിക്കേണ്ടതിന് കൈനീട്ടി അവന്റെ ജനനേന്ദ്രിയം കടന്നുപിടിച്ചാൽ, 12 നീ അവളുടെ കൈ മുറിച്ചുകളയണം. അവളോടു ദയ കാണിക്കരുത്.

13 നിന്റെ സഞ്ചിയിൽ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടു വ്യത്യസ്ത തൂക്കുകട്ടികൾ ഉണ്ടായിരിക്കരുത്. 14 നിന്റെ വീട്ടിൽ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രം ഉണ്ടായിരിക്കരുത്. 15 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ദീർഘായുസ്സുണ്ടാകാൻ നിനക്കു കൃത്യവും ന്യായവുമായ തൂക്കവും അളവും ഉണ്ടായിരിക്കണം. 16 ഈ കാര്യങ്ങളിൽ അവിശ്വസ്തതയോടെ വ്യവഹാരം ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.

17 നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് അമാലേക്യർ നിങ്ങളോടു ചെയ്തത് ഓർക്കുക. 18 നിങ്ങൾ ക്ഷീണിച്ചും തളർന്നും ഇരുന്നപ്പോൾ അവർ വഴിയാത്രയിൽ നിങ്ങളെ പിന്നിൽനിന്ന് ആക്രമിക്കുകയും, പിൻനിരയിൽ തളർന്നു തങ്ങിയവരെയെല്ലാം വെട്ടിവീഴ്ത്തുകയും ചെയ്തു. അവർ ദൈവത്തെ ഭയപ്പെട്ടില്ല. 19 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത്, ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് സ്വസ്ഥത നൽകുമ്പോൾ നീ അമാലേക്യരുടെ സ്മരണ ആകാശത്തിനു കീഴിൽനിന്ന് തുടച്ചുനീക്കണം. ഇതു മറക്കരുത്!

26:1 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം അതു സ്വന്തമാക്കി നീ അവിടെ വസിക്കുമ്പോൾ, 2 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തെ മണ്ണിൽനിന്നു ലഭിക്കുന്ന സകലത്തിന്റെയും ആദ്യഫലം കുറെ എടുത്ത് ഒരു കുട്ടയിൽ വെച്ച് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ചെല്ലണം. 3 അന്നത്തെ പുരോഹിതന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയണം: “നമുക്ക് നൽകുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്ത് ഞാൻ എത്തിയിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഇന്നു ഞാൻ ഏറ്റുപറയുന്നു.” 4 പുരോഹിതൻ ആ കുട്ട നിന്റെ കൈയിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിനുമുമ്പിൽ വെക്കണം. 5 അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ ഇങ്ങനെ പ്രസ്താവിക്കണം: “എന്റെ പിതാവ് അലഞ്ഞുനടന്ന ഒരു അരാമ്യനായിരുന്നു. അദ്ദേഹം ചുരുക്കംചില ആളുകളുമായി ഈജിപ്റ്റിലേക്കുചെന്ന് അവിടെ പ്രവാസിയായി താമസിച്ചു. അവിടെ വലുപ്പവും ബലവും അസംഖ്യവുമായ ഒരു ജനതയായിത്തീർന്നു. 6 എന്നാൽ ഈജിപ്റ്റുകാർ ഞങ്ങളോടു ദോഷമായി പെരുമാറി ഞങ്ങളെ പീഡിപ്പിച്ച് കഠിനമായി വേലചെയ്യിപ്പിച്ചു. 7 അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു. യഹോവ ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ ദുരിതവും കഷ്ടപ്പാടും പീഡയും കണ്ടു. 8 യഹോവ ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഭയങ്കരവും അത്ഭുതകരവുമായ ചിഹ്നങ്ങൾകൊണ്ടും അത്ഭുതപ്രവൃത്തികൾകൊണ്ടും ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു. 9 പാലും തേനും ഒഴുകുന്ന ഈ ദേശത്തേക്ക് അവിടന്നു ഞങ്ങളെ കൊണ്ടുവന്ന് ഈ ദേശം ഞങ്ങൾക്കു നൽകി. 10 യഹോവേ, അവിടന്ന് എനിക്കു നൽകിയ നിലത്തെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു.” അതിനുശേഷം അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സമർപ്പിക്കുകയും നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ നമസ്കരിക്കുകയും വേണം. 11 നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും നൽകിയ എല്ലാ നന്മയിലും നീയും ലേവ്യരും നിങ്ങളുടെയിടയിലുള്ള പ്രവാസികളും ആനന്ദിക്കണം.

12 ദശാംശത്തിന്റെ വർഷമായ മൂന്നാംവർഷത്തിൽ നിന്റെ ഉത്പന്നങ്ങളുടെ എല്ലാം ദശാംശം എടുത്ത് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും നൽകുകയും, അങ്ങനെ അവർ നിന്റെ നഗരങ്ങളിൽവെച്ച് തൃപ്തിയാകുംവണ്ണം ഭക്ഷിക്കുകയും വേണം. 13 അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഇപ്രകാരം പറയണം: “അങ്ങ് എന്നോടു കൽപ്പിച്ചിട്ടുള്ളതുപോലെ ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്ന് വേർതിരിച്ച് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും കൊടുത്തിരിക്കുന്നു. ഞാൻ അവിടത്തെ കൽപ്പന വിട്ടുമാറുകയോ അതു മറക്കുകയോ ചെയ്തിട്ടില്ല. 14 എന്റെ ദുഃഖകാലത്ത് ഞാൻ ദശാംശത്തിൽനിന്നു ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ അതിൽനിന്ന് ഒന്നും എടുത്തിട്ടില്ല. മരിച്ചവർക്കുവേണ്ടി അതിൽനിന്നൊന്നും കൊടുത്തിട്ടുമില്ല. എന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അങ്ങ് എന്നോടു കൽപ്പിച്ചതെല്ലാം ഞാൻ അനുസരിച്ചിരിക്കുന്നു. 15 അങ്ങയുടെ വിശുദ്ധനിവാസമായ സ്വർഗത്തിൽനിന്ന് നോക്കി അവിടത്തെ ജനമായ ഇസ്രായേലിനെയും അവിടന്നു ഞങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ ഞങ്ങൾക്കു നൽകിയ പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കണമേ.”

16 ഈ ഉത്തരവുകളും നിയമങ്ങളും അനുസരിക്കാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കൽപ്പിക്കുന്നു. നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും അവ ശ്രദ്ധയോടെ പ്രമാണിക്കണം. 17 യഹോവ നിന്റെ ദൈവമായിരിക്കുമെന്നും അവിടത്തെ വഴിയിൽ നടന്ന് അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും പാലിക്കുമെന്നും യഹോവയെ അനുസരിക്കുമെന്നും നീ ഇന്നു പ്രസ്താവിച്ചിരിക്കുന്നു. 18 നീ യഹോവയുടെ സ്വന്തജനവും തന്റെ അവകാശമായ നിക്ഷേപവും ആയിരിക്കും എന്ന് യഹോവ ഇന്നു പ്രസ്താവിച്ചിരിക്കുകയാൽ അവിടത്തെ സകലകൽപ്പനകളും പ്രമാണിക്കേണ്ടതാകുന്നു. 19 താൻ സൃഷ്ടിച്ച എല്ലാ ജനതകളെക്കാളും നിന്നെ പുകഴ്ചയിലും പ്രസിദ്ധിയിലും മാനത്തിലും ഉന്നതനാക്കുമെന്നും താൻ വാഗ്ദാനംചെയ്തതുപോലെ നിന്റെ ദൈവമായ യഹോവയ്ക്കു നീ വിശുദ്ധജനം ആയിരിക്കുമെന്നും അവിടന്ന് പ്രഖ്യാപിച്ചിരിക്കുന്നു.