മിദ്യാന്യർ ഇസ്രായേൽമക്കളെ അടിമകളാക്കുന്നു

കിഴക്കും വടക്കുമുള്ള ഇസ്രായേൽമക്കൾ മിദ്യാന്യരാൽ അടിമകളാക്കപ്പെടുന്നു; ഗിദെയോൻ ന്യായാധിപനാകുന്നു.

ക്രി.മു. 1252

Biblica® Open Malayalam Contemporary Version™ (OMCV)

ന്യായാധിപന്മാർ 6:1–6

1 ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. അതുകൊണ്ട് യഹോവ അവരെ ഏഴുവർഷത്തേക്ക് മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചു. 2 മിദ്യാന്യർ ഇസ്രായേലിന്മേൽ പ്രബലരായി; മിദ്യാന്യരുടെ ആക്രമണം അതിശക്തമായിരുന്നതിനാൽ ഇസ്രായേൽജനം പർവതങ്ങളിലെ മാളങ്ങൾ, ഗുഹകൾ, കോട്ടകൾ എന്നിവിടങ്ങളിൽ അഭയംനേടി. 3 ഇസ്രായേൽ ധാന്യം വിതച്ചിരിക്കുമ്പോഴെല്ലാം, മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് അവരെ ആക്രമിക്കും. 4 അവർ ദേശത്ത് താവളമടിച്ച് ഗസ്സാവരെയുള്ള വിളകൾ നശിപ്പിക്കും; ഇസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ യാതൊന്നും ശേഷിപ്പിക്കുകയില്ല. 5 അവർ കന്നുകാലികളും കൂടാരങ്ങളുമായി വെട്ടുക്കിളിക്കൂട്ടംപോലെവരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്ത് കടന്ന് നാശംചെയ്യും. 6 ഇങ്ങനെ മിദ്യാന്യരാൽ ഇസ്രായേൽ വളരെ ദരിദ്രരാക്കപ്പെട്ടു, ഇസ്രായേൽജനം സഹായത്തിനായി യഹോവയോട് നിലവിളിച്ചു.

രൂത്തിന്റെ കഥ ക്രി.മു. 1245

രൂത്ത് 1–2

1 ന്യായാധിപന്മാരുടെ ഭരണകാലത്ത് ഇസ്രായേലിൽ ദേശവ്യാപകമായ ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യെഹൂദ്യയിലെ ബേത്ലഹേംകാരനായ ഒരാൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബുരാജ്യത്ത് കുറച്ചുകാലത്തേക്കു താമസിക്കാൻ പുറപ്പെട്ടു. 2 ആ പുരുഷന്റെ പേര് എലീമെലെക്ക് എന്നും ഭാര്യയുടെ പേര് നവൊമി എന്നുമായിരുന്നു. അവരുടെ പുത്രന്മാരുടെ പേര് മഹ്ലോൻ എന്നും കില്യോൻ എന്നും ആയിരുന്നു. അവർ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു. അവർ മോവാബിൽച്ചെന്ന് അവിടെ താമസമാക്കി.

3 കുറച്ചുനാളുകൾക്കുശേഷം നവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു. നവൊമിയും രണ്ടു പുത്രന്മാരുംമാത്രം ശേഷിച്ചു. 4 അവർ ഓരോരുത്തരും ഓരോ മോവാബ്യസ്ത്രീകളെ വിവാഹംചെയ്തു; ഒരാളുടെപേര് ഓർപ്പ എന്നും മറ്റേയാളുടേത് രൂത്ത് എന്നുമായിരുന്നു. ഏകദേശം പത്തുവർഷം അവർ അവിടെ ജീവിച്ചു. 5 അതിനുശേഷം മഹ്ലോനും കില്യോനും മരിച്ചു. അങ്ങനെ ഭർത്താവും രണ്ടു പുത്രന്മാരും നഷ്ടപ്പെട്ടവളായി നവൊമിമാത്രം ശേഷിച്ചു.

6 യഹോവ തന്റെ ജനത്തിന് നല്ല വിളവുനൽകി അനുഗ്രഹിച്ചു എന്ന് നവൊമി മോവാബിൽവെച്ച് അറിഞ്ഞപ്പോൾ അവരും മരുമക്കളും സ്വദേശത്തേക്കു മടങ്ങാൻ തയ്യാറെടുത്തു. 7 അങ്ങനെ രണ്ടു മരുമക്കളോടുമൊപ്പം നവൊമി താമസസ്ഥലമായ മോവാബുദേശം വിട്ട് യെഹൂദ്യയിലേക്കുള്ള വഴിയിലൂടെ യാത്രതിരിച്ചു.

8 എന്നാൽ വഴിമധ്യേ നവൊമി തന്റെ രണ്ടു മരുമക്കളോടും ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. മരിച്ചുപോയ നിങ്ങളുടെ ഭർത്താക്കന്മാരോടും എന്നോടും നിങ്ങൾ കരുണകാണിച്ചതുപോലെ യഹോവ നിങ്ങളോടും കരുണകാണിക്കട്ടെ. 9 നിങ്ങൾ ഓരോരുത്തരും വിവാഹിതരായി നിങ്ങളുടെ ഭർത്തൃഗൃഹത്തിൽ സുരക്ഷിതരായിരിക്കാൻ യഹോവ സഹായിക്കട്ടെ.”

ഇതു പറഞ്ഞിട്ട് യാത്രയയയ്ക്കുന്നതിനായി നവൊമി അവരെ ചുംബിച്ചു. എന്നാൽ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട്, 10 “ഇല്ല, അമ്മയോടുകൂടെ അമ്മയുടെ ആളുകളുടെ അടുത്തേക്ക് ഞങ്ങളും വരുന്നു” എന്നു പറഞ്ഞു.

11 എന്നാൽ നവൊമി പറഞ്ഞു: “എന്റെ മക്കളേ, നിങ്ങൾ തിരികെപ്പൊയ്ക്കൊള്ളൂ, എന്തിനാണ് നിങ്ങൾ എന്നോടൊപ്പം വരുന്നത്? നിങ്ങൾക്കു ഭർത്താക്കന്മാരായിരിക്കാൻ ഇനിയും എനിക്കു മക്കളുണ്ടാകുമോ? 12 എന്റെ മക്കളേ, തിരികെ ഭവനത്തിലേക്കു പോയ്ക്കൊള്ളൂ; എനിക്കു മറ്റൊരു ഭർത്താവിനെ സ്വീകരിക്കാൻ പ്രായം കഴിഞ്ഞുപോയി. ഇനിയും അങ്ങനെ ആഗ്രഹിച്ചിട്ട്—ഇന്നു രാത്രി ഒരു ഭർത്താവിനെ സ്വീകരിച്ച് എനിക്കു പുത്രന്മാരുണ്ടായാൽപോലും— 13 അവർക്ക് പ്രായപൂർത്തിയാകുന്നതുവരെ നിങ്ങൾ കാത്തിരിക്കുമോ? അവർക്കുവേണ്ടി നിങ്ങൾ അവിവാഹിതരായി തുടരുമോ? എന്റെ മക്കളേ, അങ്ങനെയല്ല, യഹോവതന്നെ എനിക്കെതിരേ തിരിഞ്ഞതിനാൽ, ഞാൻ നിങ്ങളെക്കാളധികം കയ്‌പ് അനുഭവിച്ചവളായിത്തീർന്നിരിക്കുന്നു.”

14 ഇതു കേട്ടപ്പോൾ അവർ പിന്നെയും പൊട്ടിക്കരഞ്ഞു. അപ്പോൾ ഓർപ്പാ അമ്മായിയമ്മയെ ചുംബിച്ചതിനുശേഷം യാത്രയായി; എന്നാൽ രൂത്ത് അവളോടു ചേർന്നുനിന്നു.

15 അപ്പോൾ നവൊമി: “നോക്കൂ, നിന്റെ നാത്തൂൻ അവളുടെ ജനത്തിന്റെയും അവളുടെ ദേവന്മാരുടെയും അടുത്തേക്കു മടങ്ങിപ്പോകുന്നു; അവളെപ്പോലെതന്നെ നീയും പോകുക” എന്നു പറഞ്ഞു.

16 അതിനു രൂത്ത് അവളോട് ഇങ്ങനെ മറുപടി പറഞ്ഞു: “അമ്മയെ ഉപേക്ഷിക്കാനോ മടങ്ങിപ്പോകാനോ എന്നെ നിർബന്ധിക്കരുത്. അമ്മ പോകുന്നേടത്ത് ഞാനും പോകും; അമ്മ താമസിക്കുന്നേടത്ത് ഞാനും താമസിക്കും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. 17 അമ്മ എവിടെ മരിക്കുന്നോ അവിടെ ഞാനും മരിച്ച് അടക്കപ്പെടും. മരണത്താൽ അല്ലാതെ മറ്റെന്തിനാലെങ്കിലും ഞാൻ അമ്മയെ ഉപേക്ഷിച്ചുപോയാൽ അതിനനുസരിച്ച് യഹോവ എന്നോട് പ്രതികാരംചെയ്യട്ടെ.” 18 രൂത്ത്, തന്നോടുകൂടെ പോരുന്നു എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നു മനസ്സിലാക്കിയ നവൊമി പിന്നീട് അവളെ മടങ്ങിപ്പോകാൻ നിർബന്ധിച്ചതുമില്ല.

19 അങ്ങനെ അവർ ബേത്ലഹേമിൽ എത്തുന്നതുവരെ യാത്രതുടർന്നു. അവർ ബേത്ലഹേമിൽ എത്തിയപ്പോൾ, അവർകാരണം പട്ടണം ഇളകി; “ഇവൾ നവൊമിതന്നെയോ?” എന്നു സ്ത്രീകൾ അത്ഭുതത്തോടെ ചോദിച്ചു.

20 അവൾ അവരോടു പറഞ്ഞു: “എന്നെ നവൊമി എന്നല്ല മാറാ എന്നാണ് വിളിക്കേണ്ടത്; കാരണം, സർവശക്തൻ എന്റെ ജീവിതം വളരെ കയ്‌പുള്ളതാക്കിയിരിക്കുന്നു. 21 ഞാൻ നിറഞ്ഞവളായി പോയി, എന്നാൽ യഹോവ എന്നെ ഒന്നുമില്ലാത്തവളായി തിരികെ കൊണ്ടുവന്നിരിക്കുന്നു. എന്തിന് എന്നെ നവൊമി എന്നു വിളിക്കുന്നു? യഹോവ എന്നെ കഷ്ടത്തിലാക്കി; സർവശക്തൻ എന്റെമേൽ അത്യാഹിതം വരുത്തിയിരിക്കുന്നു.”

22 ഇങ്ങനെ നവൊമി മൊവാബ്യസ്ത്രീയായ മരുമകൾ രൂത്തിനോടൊപ്പം മോവാബിൽനിന്നു മടങ്ങി; യവക്കൊയ്ത്തിന്റെ ആരംഭത്തിൽ അവർ ബേത്ലഹേമിൽ എത്തിച്ചേർന്നു.

2:1 നവൊമിയുടെ ഭർത്താവായ എലീമെലെക്കിന്റെ കുടുംബത്തിൽ ധനവാനും ആദരണീയനുമായ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബോവസ് എന്നായിരുന്നു.

2 മോവാബ്യയായ രൂത്ത് നവൊമിയോട്, “എന്നോട് ദയതോന്നി എനിക്ക് അനുവാദം തരുന്ന ആരുടെയെങ്കിലും വയലിൽ കാലാപെറുക്കാൻ ഞാൻ പോകട്ടെ” എന്നു ചോദിച്ചു.

നവൊമി അവളോട്, “എന്റെ മോളേ, പോയ്ക്കൊള്ളൂ” എന്നു പറഞ്ഞു. 3 അങ്ങനെ അവൾ പുറപ്പെട്ട് വയലിൽ കൊയ്ത്തുകാരുടെ പിറകേ നടന്ന് കാലാപെറുക്കി. അവൾ എലീമെലെക്കിന്റെ കുടുംബത്തിലുള്ള ബോവസിന്റെ വയലിൽ ജോലിക്ക് എത്തിച്ചേർന്നു എന്നനിലയിൽ കാര്യങ്ങൾ സംഭവിച്ചു.

4 ആ സമയത്തുതന്നെ ബോവസ് ബേത്ലഹേമിൽനിന്നു വന്നു; അദ്ദേഹം കൊയ്ത്തുകാരെ അഭിവാദ്യംചെയ്ത്, “യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ!” എന്നു പറഞ്ഞു.

“യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ!” എന്ന് അവരും അദ്ദേഹത്തോടു പറഞ്ഞു.

5 ബോവസ് കൊയ്ത്തുകാരുടെ മേൽനോട്ടക്കാരനായ ഭൃത്യനോട്: “ആ യുവതി ഏതു കുടുംബത്തിലെയാണ്?” എന്നു ചോദിച്ചു.

6 മേൽനോട്ടക്കാരൻ അദ്ദേഹത്തോട്, “നവൊമിയോടൊപ്പം മോവാബിൽനിന്നു വന്ന മോവാബ്യസ്ത്രീയാണവൾ. 7 ‘കൊയ്ത്തുകാരുടെ പിന്നാലെ കാലാപെറുക്കാൻ ദയവായി എന്നെ അനുവദിച്ചാലും’ എന്ന് അവൾ അപേക്ഷിച്ചു. അങ്ങനെ അവൾ രാവിലെമുതൽ വയലിൽ കാലാപെറുക്കുന്നു. അൽപ്പസമയമേ അവൾ വിശ്രമിച്ചുള്ളൂ” എന്ന് ഉത്തരംനൽകി.

8 അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ. 9 കൊയ്ത്തുകാരായ പുരുഷന്മാർ കൊയ്യുന്ന സ്ഥലം ശ്രദ്ധിച്ച്, ജോലിക്കാരികളോടൊപ്പം പൊയ്ക്കൊള്ളൂ. നിന്നെ ഉപദ്രവിക്കരുതെന്ന് ജോലിക്കാരായ യുവാക്കളോട് ഞാൻ കൽപ്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോഴൊക്കെ, അവർ വെള്ളം കോരിനിറച്ച പാത്രങ്ങളിൽനിന്ന് കോരി കുടിച്ചുകൊള്ളൂ” എന്നു പറഞ്ഞു.

10 ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: “ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?” എന്നു ചോദിച്ചു.

11 മറുപടിയായി, “നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു. 12 നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ” എന്നു ബോവസ് പറഞ്ഞു.

13 “യജമാനനേ, എനിക്കു തുടർന്നും അങ്ങയുടെ കണ്ണിൽനിന്നു ദയ ലഭിക്കുമാറാകട്ടെ. ഞാൻ അങ്ങയുടെ ദാസികളുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ലെങ്കിൽപോലും അങ്ങ് എന്നോട് കരുണാപൂർവം സംസാരിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.

14 ഭക്ഷണസമയത്ത് ബോവസ് അവളോട്, “ഇവിടെ വന്ന് ഇരുന്നുകൊള്ളൂ; അപ്പം എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി കഴിച്ചോളൂ” എന്നു പറഞ്ഞു.

അവൾ കൊയ്ത്തുകാരോടൊപ്പം ഇരുന്നപ്പോൾ, ബോവസ് അവൾക്കു മലർ കൊടുത്തു. അവൾക്ക് ആവശ്യമുള്ളടത്തോളം ഭക്ഷിച്ചു, കുറച്ച് അധികം വരികയും ചെയ്തു. 15 അവൾ വീണ്ടും കാലാപെറുക്കാൻ എഴുന്നേറ്റപ്പോൾ ബോവസ് ഭൃത്യന്മാരോട്, “അവൾ കറ്റകൾക്കിടയിൽനിന്ന് പെറുക്കിയാൽപോലും അവളെ ശാസിക്കരുത്. 16 കറ്റകളിൽനിന്നും അവൾക്കു പെറുക്കാൻവേണ്ടി കതിർക്കുലകൾ മനഃപൂർവം നിലത്തു വലിച്ചിട്ടുകൊടുക്കുക, അവളെ ശകാരിക്കരുത്” എന്നു പറഞ്ഞു.

17 അങ്ങനെ സന്ധ്യയാകുംവരെ രൂത്ത് കാലാപെറുക്കി. അതിനുശേഷം അവൾ ശേഖരിച്ച കതിരുമെതിച്ചു, അത് ഒരു ഏഫായോളം യവം ഉണ്ടായിരുന്നു. 18 അവൾ അതു പട്ടണത്തിലേക്കു ചുമന്നുകൊണ്ടുപോയി; അവൾ എത്രമാത്രം ശേഖരിച്ചെന്ന് അവളുടെ അമ്മായിയമ്മ മനസ്സിലാക്കി. താൻ ഭക്ഷിച്ചിട്ട് ശേഷിച്ച ധാന്യംകൂടി കൊണ്ടുവന്ന് രൂത്ത് അവൾക്കുകൊടുത്തു.

19 അവളുടെ അമ്മായിയമ്മ: “ഇന്നു നീ എവിടെയായിരുന്നു കാലാപെറുക്കിയത്? നീ പണിചെയ്തത് എവിടെയാണ്? നിന്നോട് കരുണ കാട്ടിയവൻ അനുഗ്രഹിക്കപ്പെടട്ടെ!” എന്നു പറഞ്ഞു.

അപ്പോൾ രൂത്ത് അവൾ അന്നു വേലചെയ്ത സ്ഥലത്തെ യജമാനനെക്കുറിച്ച് അമ്മായിയമ്മയോടു പറഞ്ഞു, “ബോവസ് എന്നയാളുടെ അടുക്കലാണു ഞാൻ ഇന്നു വേലചെയ്തത്” എന്ന് അവൾ പറഞ്ഞു.

20 “യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!” നവൊമി തന്റെ മരുമകളോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണ കാണിക്കുന്നത് അവിടന്ന് നിർത്തിയിട്ടില്ല.” അവൾ പിന്നെയും, “അദ്ദേഹം നമ്മുടെ അടുത്ത ബന്ധുവും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുവനുമാണ്” എന്നു പറഞ്ഞു.

21 അപ്പോൾ മോവാബ്യയായ രൂത്ത്: “ ‘കൊയ്ത്തുകാർ, എന്റെ ധാന്യംമുഴുവനും കൊയ്തുതീരുംവരെ അവരോടൊപ്പം കൂടിക്കൊള്ളൂ’ എന്നും യജമാനൻ അറിയിച്ചു” എന്നു പറഞ്ഞു.

22 നവൊമി തന്റെ മരുമകളായ രൂത്തിനോട്: “മോളേ, അദ്ദേഹത്തിന്റെ ജോലിക്കാരികളോടൊപ്പം പണിയെടുക്കുന്നതാണു നിനക്കു നല്ലത്; കാരണം മറ്റൊരാളുടെ വയലിൽ നീ ചിലപ്പോൾ ഉപദ്രവിക്കപ്പെട്ടേക്കാം” എന്നു പറഞ്ഞു.

23 അങ്ങനെ രൂത്ത് ബോവസിന്റെ വേലക്കാരികളോടൊപ്പം യവവും ഗോതമ്പും കൊയ്തുതീരുംവരെ പണിയെടുത്തു. അവൾ അമ്മായിയമ്മയോടൊപ്പം താമസിച്ചു.