രൂത്തിന്റെ കഥ (continued)
ക്രി.മു. 1245
Biblica® Open Malayalam Contemporary Version™ (OMCV)
1 അമ്മായിയമ്മയായ നവൊമി ഒരു ദിവസം രൂത്തിനോട്: “എന്റെ മോളേ, നീ നന്നായി സംരക്ഷിക്കപ്പെടേണ്ടതിനായി നിനക്ക് ഒരഭയസ്ഥാനം ഞാൻ കണ്ടുപിടിക്കേണ്ടതല്ലേ? 2 നമ്മുടെ ബന്ധുവായ ബോവസിന്റെ വേലക്കാരികളോടുകൂടെയല്ലേ നീ പണിചെയ്തത്? ഇന്നു രാത്രി അദ്ദേഹം മെതിക്കളത്തിൽ യവം പാറ്റും. 3 അപ്പോൾ നീ കുളിച്ചു സുഗന്ധതൈലംപുരട്ടി, നിന്റെ ഏറ്റവും നല്ല വസ്ത്രംധരിച്ച്, മെതിക്കളത്തിലേക്കു പോകുക; എന്നാൽ അദ്ദേഹം ഭക്ഷിച്ചുപാനംചെയ്തു തീരുംവരെ നീ അവിടെ ഉണ്ടെന്ന് അദ്ദേഹം അറിയരുത്. 4 അദ്ദേഹം കിടക്കുന്നത് എവിടെയെന്നു ശ്രദ്ധിക്കുക. പിന്നീട് ചെന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് അപ്പോൾ അദ്ദേഹം നിന്നോടു പറയും” എന്നു പറഞ്ഞു.
5 “അമ്മ പറയുന്നതെന്തും ഞാൻ ചെയ്യാം,” രൂത്ത് പറഞ്ഞു. 6 അവൾ അങ്ങനെ മെതിക്കളത്തിൽ പോയി അമ്മായിയമ്മ പറഞ്ഞതെല്ലാം അതുപോലെതന്നെ ചെയ്തു.
7 ബോവസ് ഭക്ഷിച്ചുപാനംചെയ്തു സന്തുഷ്ടനായശേഷം ധാന്യകൂമ്പാരത്തിൽനിന്നു ദൂരെമാറി ഒരു കോണിൽ കിടക്കാൻ പോയി. രൂത്ത് നിശ്ശബ്ദയായി വന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടന്നു. 8 അർധരാത്രിയിൽ ഞെട്ടിയുണർന്ന അദ്ദേഹം, ചുറ്റും നോക്കി—തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു!
9 “ആരാണു നീ?” അദ്ദേഹം ചോദിച്ചു.
“ഞാൻ അങ്ങയുടെ ദാസിയായ രൂത്താണ്,” അവൾ അപേക്ഷിച്ചു: “അങ്ങ് ഞങ്ങളുടെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരനായതുകൊണ്ട് അങ്ങയുടെ പുതപ്പിന്റെ അഗ്രം എന്റെമേൽ ഇടണമേ!”
10 അതിന് അദ്ദേഹം: “മോളേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തോട് നീ ഇപ്പോൾ കാട്ടുന്ന ദയ മുമ്പത്തെക്കാൾ അധികം; നിനക്കുബോധിച്ച ധനികരോ ദരിദ്രരോ ആയ യുവാക്കന്മാരുടെ പിറകേ നീ പോയില്ലല്ലോ. 11 അതുകൊണ്ട്, എന്റെ മോളേ, ഭയപ്പെടേണ്ട. നീ ചോദിക്കുന്നതു ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം. നീ ഒരു കുലീനയായ സ്ത്രീ എന്ന് പട്ടണവാസികളായ എല്ലാവർക്കും അറിയാം. 12 നിന്റെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരൻ ഞാനാണ് എന്നത് വാസ്തവം, എന്നാൽ എന്നെക്കാൾ കൂടുതൽ അടുത്ത ബന്ധുവായ മറ്റൊരു വീണ്ടെടുപ്പുകാരൻ ഉണ്ട്. 13 ഇന്നു രാത്രി ഇവിടെ കഴിയുക, നാളെ നിന്റെ വീണ്ടെടുപ്പുകാരന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കാൻ സമ്മതിക്കുന്നെങ്കിൽ നല്ലത്; അദ്ദേഹം നിന്നെ വീണ്ടെടുക്കട്ടെ. എന്നാൽ അദ്ദേഹം വിസമ്മതിക്കുന്നെങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാനത് ചെയ്തിരിക്കും. രാത്രികഴിയുന്നതുവരെ ഇവിടെ കിടക്കുക” എന്നു മറുപടി പറഞ്ഞു.
14 അങ്ങനെ അവൾ നേരംപുലരുംവരെ അദ്ദേഹത്തിന്റെ കാൽക്കൽ കിടന്നു. എന്നാൽ ആളറിയുംമുമ്പ് അവൾ എഴുന്നേറ്റു. ബോവസ് അവളോട്: “ഒരു സ്ത്രീ മെതിക്കളത്തിൽ വന്നു എന്നു മറ്റാരും അറിയരുത്” എന്നു പറഞ്ഞു.
15 അദ്ദേഹം പിന്നെയും അവളോട്, “നീ പുതച്ചിരിക്കുന്ന പുതപ്പു നിവർത്തിപ്പിടിക്കുക” എന്നു പറഞ്ഞു. അവൾ അപ്രകാരംചെയ്തപ്പോൾ ബോവസ് അതിൽ ആറുപാത്രം യവം അളന്നുകൊടുത്തു; പിന്നീട് ബോവസ് പട്ടണത്തിലേക്കു മടങ്ങിപ്പോയി.
16 രൂത്ത് തിരികെ അവളുടെ അമ്മായിയമ്മയുടെ അടുക്കൽ എത്തിയപ്പോൾ, നവൊമി അവളോട്: “എന്റെ മോളേ, കാര്യങ്ങൾ എന്തായി?” എന്നു ചോദിച്ചു.
തനിക്കുവേണ്ടി ബോവസ് ചെയ്തതെല്ലാം അപ്പോൾ രൂത്ത്, നവൊമിയെ അറിയിച്ചു. 17 “ ‘നിന്റെ അമ്മായിയമ്മയുടെ അടുക്കൽ നീ വെറുംകൈയായി പോകേണ്ട’ എന്നു പറഞ്ഞ് അദ്ദേഹം ആറുപാത്രം യവം തന്നയച്ചു” എന്നും അവൾ പറഞ്ഞു.
18 അപ്പോൾ നവൊമി, “എന്റെ മോളേ, എന്തു സംഭവിക്കും എന്നറിയുന്നതുവരെ കാത്തിരിക്കുക. ഇന്ന് ഈ കാര്യത്തിനൊരു തീരുമാനമുണ്ടാകുന്നതുവരെ അദ്ദേഹം വിശ്രമിക്കുകയില്ല” എന്നു പറഞ്ഞു.
4:1 ഈ സമയം ബോവസ് പട്ടണകവാടത്തിൽ എത്തി അവിടെയിരുന്നു. ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ അതുവഴി വന്നപ്പോൾ, അദ്ദേഹത്തോട്: “എന്റെ സുഹൃത്തേ, ഇങ്ങോട്ടുവന്ന് ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ചെന്ന് അവിടെ ഇരുന്നു.
2 ബോവസ് പട്ടണത്തലവന്മാരിൽ പത്തുപേരെ ക്ഷണിച്ചുകൊണ്ടുവന്ന്, “ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു, അവർ അങ്ങനെ ചെയ്തു. 3 അതിനുശേഷം ബോവസ് വീണ്ടെടുപ്പുകാരനോട്: “മോവാബിൽനിന്നും തിരികെവന്ന നവൊമി, നമ്മുടെ സഹോദരനായ എലീമെലെക്കിന്റെ വയൽ വിൽക്കുന്നു. 4 ഈ വസ്തുത താങ്കളെ അറിയിക്കണമെന്നു ഞാൻ കരുതി. ഇവിടെ കൂടിവന്നിരിക്കുന്ന ജനത്തെയും എന്റെ ജനത്തിന്റെ നേതാക്കന്മാരെയും സാക്ഷികളാക്കി താങ്കൾ അതുവാങ്ങണം എന്ന നിർദേശമാണുള്ളത്. താങ്കൾക്ക് വീണ്ടെടുക്കാൻ താത്പര്യമെങ്കിൽ അങ്ങനെ ചെയ്യുക, വീണ്ടെടുക്കാൻ താത്പര്യമില്ലെങ്കിൽ അത് എന്നോടു വ്യക്തമാക്കിയാലും. നാം ഇരുവരുമൊഴികെ അതു വീണ്ടെടുക്കാനുള്ള അവകാശം മറ്റാർക്കുമില്ല; ഇതിൽ ആദ്യസ്ഥാനം താങ്കൾക്കും താങ്കൾക്കുശേഷം എനിക്കുമാണല്ലോ” എന്നു പറഞ്ഞു.
“ഞാൻ അതു വീണ്ടെടുക്കാം,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
5 അപ്പോൾ ബോവസ്: “നവൊമിയിൽനിന്ന് ആ സ്ഥലം വാങ്ങുന്ന ദിവസം, വസ്തുവിന്മേൽ മരിച്ചയാളിന്റെ പേര് നിലനിർത്തേണ്ടതിന്, അദ്ദേഹത്തിന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും വീണ്ടുകൊള്ളണം” എന്നു പറഞ്ഞു.
6 ഉടനെ ആ വീണ്ടെടുപ്പുകാരൻ: “അങ്ങനെയെങ്കിൽ എനിക്കതു വീണ്ടെടുക്കാൻ കഴിയുകയില്ല; അതിലൂടെ എനിക്കെന്റെ സ്വന്തം ഓഹരി നഷ്ടമാക്കേണ്ടിവരും. താങ്കൾതന്നെ അതു വീണ്ടെടുത്തുകൊള്ളുക. എനിക്കതിന് കഴിയുകയില്ല” എന്നു പറഞ്ഞു.
7 (മുൻകാലങ്ങളിൽ ഇസ്രായേലിൽ, വീണ്ടെടുപ്പും സ്ഥലകൈമാറ്റവും ഉറപ്പിക്കാൻ ഒരാൾ തന്റെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുത്തിരുന്നു. ഇങ്ങനെയായിരുന്നു ഇസ്രായേലിൽ കൈമാറ്റങ്ങൾക്ക് നിയമസാധുത വരുത്തിയിരുന്നത്.)
8 അങ്ങനെ വീണ്ടെടുപ്പുകാരൻ ബോവസിനോട്, “താങ്കൾതന്നെ അതു വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞു. അതിനുശേഷം തന്റെ ചെരിപ്പൂരി ബോവസിന് കൊടുത്തു.
9 അപ്പോൾ ബോവസ് ഗോത്രത്തലവന്മാരോടും ചുറ്റുംനിന്ന ജനത്തോടും ഇപ്രകാരം പറഞ്ഞു: “എലീമെലെക്കിന്റെയും, കില്യോന്റെയും മഹ്ലോന്റെയും സകലസ്വത്തുക്കളും ഞാൻ നവൊമിയുടെ പക്കൽനിന്നും ഏറ്റുവാങ്ങി എന്നതിനു നിങ്ങൾ ഇന്നു സാക്ഷികളാകുന്നു. 10 മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ നിലനിർത്താൻ മഹ്ലോന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും ഞാൻ ഭാര്യയായി സ്വീകരിക്കുന്നു, ഇതിനാൽ, അവന്റെ പേര് അവന്റെ കുടുംബത്തിൽനിന്നോ അവന്റെ പട്ടണരേഖകളിൽനിന്നോ മാഞ്ഞുപോകുകയില്ല. നിങ്ങൾ ഇന്ന് അതിനു സാക്ഷികളുമാകുന്നു!”
11 അപ്പോൾ ഗോത്രത്തലവന്മാരും അവിടെ കൂടിയിരുന്ന സകലരും, “ഞങ്ങൾ സാക്ഷികളാകുന്നു. നിന്റെ ഭവനത്തിലേക്കു വരുന്ന സ്ത്രീയെ യഹോവ ഇസ്രായേൽഗൃഹം പണിതവരായ റാഹേലിനെയും ലേയയെയുംപോലെ ആക്കട്ടെ. നീ എഫ്രാത്തയിൽ ആദരണീയനും ബേത്ലഹേമിൽ പ്രസിദ്ധനുമായിരിക്കട്ടെ. 12 യഹോവ ഈ സ്ത്രീയിൽ നിനക്കു നൽകുന്ന സന്തതിയാൽ നിന്റെ കുടുംബം താമാർ യെഹൂദയ്ക്കു പ്രസവിച്ച ഫേരെസിന്റേതുപോലെ ആകട്ടെ” എന്ന് ആശംസിച്ചു.
13 ഇങ്ങനെ ബോവസ് രൂത്തിനെ വിവാഹംകഴിച്ചു. അവൾ അവനു ഭാര്യയായി. അദ്ദേഹം അവളെ അറിഞ്ഞപ്പോൾ, യഹോവ കരുണചെയ്തു. അവൾ ഗർഭവതിയായി, ഒരു മകനെ പ്രസവിച്ചു. 14 അപ്പോൾ സ്ത്രീകൾ നവൊമിയോട്: “നിനക്ക് ഇന്നൊരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിലൊക്കെയും ഈ പൈതൽ പ്രസിദ്ധനാകട്ടെ! 15 അവൻ നിനക്കു പുതിയ ജീവൻ നൽകി, നിന്റെ വാർധക്യത്തിൽ നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ. കാരണം ഏഴു പുത്രന്മാരെക്കാൾ ശ്രേഷ്ഠയും നിന്നെ സ്നേഹിക്കുന്നവളുമായ നിന്റെ മരുമകൾ അവനു ജന്മം നൽകിയിരിക്കുന്നു.”
16 അതിനുശേഷം നവൊമി പൈതലിനെ എടുത്തു, മടിയിൽ കിടത്തി അവനെ ശുശ്രൂഷിച്ചു. 17 അയൽവാസികളായ സ്ത്രീകൾ: “നവൊമിക്ക് ഒരു മകൻ ജനിച്ചു!” എന്നു പറഞ്ഞു. അവർ അവന് ഓബേദ് എന്നു പേരിട്ടു. അവൻ ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്.
18 ഇതാണ് ഫേരെസിന്റെ വംശാവലി:
ഫേരെസ് ഹെസ്രോന്റെ പിതാവ്,
19 ഹെസ്രോൻ രാമിന്റെ പിതാവ്,
രാം അമ്മീനാദാബിന്റെ പിതാവ്,
20 അമ്മീനാദാബ് നഹശോന്റെ പിതാവ്,
നഹശോൻ സൽമോന്റെ പിതാവ്,
21 സൽമോൻ ബോവസിന്റെ പിതാവ്,
ബോവസ് ഓബേദിന്റെ പിതാവ്,
22 ഓബേദ് യിശ്ശായിയുടെ പിതാവ്,
യിശ്ശായി ദാവീദിന്റെ പിതാവ്.