പ്രവാചകിയായ ദെബോറാ ഇസ്രായേലിനെ ന്യായംപാലിക്കുന്നു

വടക്കുള്ള ഇസ്രായേൽമക്കൾ കനാന്യരെ സേവിക്കാൻ നിർബന്ധിതരാകുന്നു; പ്രവാചകിയായ ദെബോറാ ന്യായാധിപയാകുന്നു.

ക്രി.മു. 1305

Biblica® Open Malayalam Contemporary Version™ (OMCV)

ന്യായാധിപന്മാർ 4

1 ഏഹൂദ് മരിച്ചശേഷം ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. 2 അതുകൊണ്ട് യഹോവ ഹാസോരിലെ കനാന്യരാജാവായ യാബീന് അവരെ വിറ്റുകളഞ്ഞു; ഹരോശെത്ത്-ഹഗോയിമിൽ പാർത്തിരുന്ന സീസെര ആയിരുന്നു അദ്ദേഹത്തിന്റെ സൈന്യാധിപൻ. 3 തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്ന സീസെര ഇസ്രായേൽമക്കളെ ഇരുപതുവർഷം അതിക്രൂരമായി പീഡിപ്പിച്ചു. അപ്പോൾ ഇസ്രായേൽജനം സഹായത്തിനായി യഹോവയോടു നിലവിളിച്ചു.

4 ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചികയായിരുന്നു ആ കാലത്ത് ഇസ്രായേലിൽ ന്യായപാലനംചെയ്തിരുന്നത്. 5 അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം നടത്തിവന്നിരുന്നു. ഇസ്രായേൽജനം ന്യായവിസ്താരത്തിന് അവളുടെ അടുക്കൽചെല്ലും. 6 അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിദേശത്തുള്ള കേദേശയിൽനിന്നു വിളിപ്പിച്ച് അയാളോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം കൽപ്പിക്കുന്നു: നീ നഫ്താലി, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു യോദ്ധാക്കളായ പുരുഷന്മാരിൽ പതിനായിരംപേരെ കൂട്ടി താബോർ പർവതത്തിലേക്കു പോകുക; 7 ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്ന് നിന്റെ കൈയിൽ ഏൽപ്പിക്കും.”

8 ബാരാക്ക് അവളോട്: “നീ എന്നോടുകൂടെ വരാമെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകുകയില്ല” എന്നു പറഞ്ഞു.

9 അതിന് അവൾ, “ഞാൻ താങ്കളോടുകൂടെ പോരാം. എന്നാൽ, ഇത് താങ്കൾക്കു മഹത്ത്വം വരുത്തുകയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും” എന്നു പറഞ്ഞു. അങ്ങനെ ദെബോറാ ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി. 10 അവിടെ ബാരാക്ക് സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; അദ്ദേഹത്തിന്റെ പിന്നിൽ പതിനായിരം പടയാളികൾ അണിനിരന്നു. ദെബോറായും അദ്ദേഹത്തോടൊപ്പം പോയി.

11 എന്നാൽ കേന്യനായ ഹേബെർ, മോശയുടെ അളിയൻ ഹോബാബിന്റെ മക്കളായ, മറ്റു കേന്യരിൽനിന്നും പിരിഞ്ഞ് കേദേശിനരികെയുള്ള സാനന്നീമിലെ കരുവേലകത്തിനടുത്ത് കൂടാരമടിച്ചിരുന്നു.

12 അബീനോവാമിന്റെ മകനായ ബാരാക്ക് താബോർ പർവതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരയെ അറിയിച്ചു. 13 സീസെര തന്റെ തൊള്ളായിരം ഇരുമ്പുരഥങ്ങളെയും തന്റെ സർവസൈന്യത്തെയും ഹരോശെത്ത്-ഹഗോയിമിൽനിന്ന് കീശോൻതോട്ടിനരികെ കൂട്ടിവരുത്തി.

14 അപ്പോൾ ദെബോറാ ബാരാക്കിനോട്, “പോകുക! യഹോവ സീസെരയെ താങ്കളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്ന ദിവസം ഇന്നുതന്നെ. യഹോവ നിനക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നല്ലോ” എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും പതിനായിരം പടയാളികളും താബോർപർവതത്തിൽനിന്നും ഇറങ്ങിച്ചെന്നു. 15 യഹോവ സീസെരയെയും അയാളുടെ സകലരഥങ്ങളെയും ബാരാക്കിന്റെ മുമ്പിൽ തോൽപ്പിച്ച് സൈന്യത്തെ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. സീസെര സ്വന്തം രഥം ഉപേക്ഷിച്ച് ഓടിപ്പോയി.

16 ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ഹരോശെത്ത്-ഹഗോയിംവരെ പിൻതുടർന്നു; സീസെരയുടെ സൈന്യംമുഴുവൻ വാളിനിരയായി. ഒരുത്തൻപോലും അവശേഷിച്ചില്ല. 17 എന്നാൽ സീസെര, കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കോടിപ്പോയി; കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർരാജാവായ യാബീനുംതമ്മിൽ സൗഹൃദത്തിലായിരുന്നു.

18 യായേൽ സീസെരയെ എതിരേറ്റുചെന്ന് അദ്ദേഹത്തോട്, “യജമാനനേ, ഇങ്ങോട്ട് കയറിക്കൊള്ളുക ഭയപ്പെടേണ്ട” എന്നു പറഞ്ഞു. അദ്ദേഹം അവളുടെ കൂടാരത്തിലേക്ക് കയറിച്ചെന്നു. അവൾ അദ്ദേഹത്തെ ഒരു പരവതാനികൊണ്ടു മൂടി.

19 “എനിക്കു ദാഹിക്കുന്നു; കുടിക്കാൻ കുറെ വെള്ളം തരണമേ,” എന്ന് അയാൾ പറഞ്ഞു; അവൾ ഒരു തോൽക്കുടം തുറന്ന് അദ്ദേഹത്തിന് കുടിക്കാൻ പാൽകൊടുത്തു; പിന്നെയും അദ്ദേഹത്തെ മൂടി.

20 സീസെര അവളോടു പറഞ്ഞു, “നീ കൂടാരവാതിൽക്കൽ നിൽക്കുക. ആരെങ്കിലുംവന്ന് അന്വേഷിച്ചാൽ ഇവിടെ ആരും ഇല്ലെന്നു പറയണം.”

21 എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റിയെടുത്ത് കൈയിൽ ചുറ്റികയുംപിടിച്ച് സാവധാനം സീസെരയുടെ അടുക്കൽ ചെന്നു. അദ്ദേഹം തളർന്ന് ഉറങ്ങുകയായിരുന്നു, കുറ്റി അദ്ദേഹത്തിന്റെ ചെന്നിയിൽ, അത് നിലത്ത് ഉറയ്ക്കുവോളം അടിച്ചിറക്കി. അങ്ങനെ അദ്ദേഹം മരിച്ചുപോയി.

22 ബാരാക്ക് സീസെരയെ പിൻതുടർന്നു ചെല്ലുമ്പോൾ യായേൽ അദ്ദേഹത്തെ എതിരേറ്റു, “വരിക, താങ്കൾ അന്വേഷിക്കുന്ന മനുഷ്യനെ ഞാൻ കാണിച്ചുതരാം” എന്നു പറഞ്ഞു. ബാരാക്ക് അവളുടെ അടുക്കൽ ചെന്നപ്പോൾ; അതാ, സീസെര ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നു!

23 ദൈവം ആ ദിവസം കനാന്യരാജാവായ യാബീനെ ഇസ്രായേൽമക്കൾക്കു കീഴടക്കി. 24 കനാന്യരാജാവായ യാബീനെ ഉന്മൂലമാക്കുന്നതുവരെ ഇസ്രായേൽമക്കളുടെ കൈ അയാൾക്കെതിരേ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.

ദെബോറായുടെയും ബാരാക്കിന്റെയും ഗീതം ക്രി.മു. 1285

ന്യായാധിപന്മാർ 5

1 അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു:

2 “പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും

ജനം സ്വയം സമർപ്പിച്ചതിനും

യഹോവയെ വാഴ്ത്തുക!

3 “രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക!

ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും;

ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.

4 “യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ,

ഏദോം ദേശത്തുനിന്ന് അങ്ങു മുന്നോട്ട് നീങ്ങിയപ്പോൾ,

ഭൂമികുലുങ്ങി, ആകാശം പൊഴിഞ്ഞു,

മേഘങ്ങൾ വെള്ളം ചൊരിഞ്ഞു.

5 മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു,

ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ.

6 “അനാത്തിൻ പുത്രൻ ശംഗരിൻനാളിലും

യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി;

യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു.

7 ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ,

ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ,

ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി.

8 യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ

ദൈവം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു,

ഇസ്രായേലിന്റെ നാൽപ്പതിനായിരത്തിനിടയിൽ

പരിചയും കുന്തവും കണ്ടതേയില്ല.

9 എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും

ജനത്തിലെ സ്വമേധാസേവകരോടും ആകുന്നു.

യഹോവയെ വാഴ്ത്തുക!

10 “പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന്

വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ,

പാതകളിലൂടെ നടന്നുനീങ്ങുന്നവരേ,

11 നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ ശബ്ദം.

അവിടെ അവർ യഹോവയുടെ വിജയഗാഥകൾ,

ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും.

“അന്ന് യഹോവയുടെ ജനം

നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു.

12 ‘ഉണരൂ, ഉണരൂ, ദെബോറേ!

ഉണരൂ, ഉണരൂ, ഉണർന്ന് ഗാനം ആലപിക്കൂ!

ഉണരൂ ബാരാക്കേ!

അബീനോവാമിന്റെ പുത്രാ, എഴുന്നേറ്റ് താങ്കളുടെ ബന്ധിതരെ പിടിച്ചുകൊണ്ടുപോയ്ക്കൊൾക.’

13 “അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു;

യഹോവയുടെ ജനം യോദ്ധാക്കൾക്കെതിരേ എന്റെ അടുക്കൽ ഇറങ്ങിവന്നു.

14 അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു;

നിന്നെ അനുഗമിച്ചവരിൽ ബെന്യാമീൻ ഉണ്ട്.

മാഖീരിൽനിന്നു സേനാപതികളും

സെബൂലൂനിൽനിന്നു സൈന്യാധിപന്റെ ദണ്ഡുവഹിച്ചവരും വന്നു.

15 യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ;

അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ

താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു.

രൂബേന്യദേശത്തെ ജനം അവരുടെ

ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.

16 ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട്

നീ തീക്കുണ്ഡങ്ങൾക്കരികെ ഇരുന്നതെന്തിന്?

രൂബേന്യദേശത്തെ ജനം അവരുടെ

ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.

17 ഗിലെയാദ് യോർദാനക്കരെ പാർത്തു.

ദാൻ കപ്പലുകൾക്കരികെ തങ്ങിനിൽക്കുന്നതുമെന്ത്?

ആശേർ സമുദ്രതീരത്ത് നിശ്ചലനായി ഇരുന്നു;

തുറമുഖങ്ങളിൽ വാസമുറപ്പിച്ചു.

18 സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം;

നഫ്താലി പോർക്കളമേടുകളിൽ അങ്ങനെതന്നെ.

19 “രാജാക്കന്മാർ വന്നു; അവർ പൊരുതി;

കനാന്യരാജാക്കന്മാർ പൊരുതി.

താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ.

വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല.

20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി,

സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി.

21 കീശോൻതോട്, പുരാതനനദിയായ കീശോൻതോട്,

അവരെ ഒഴുക്കിക്കളഞ്ഞു,

എൻ മനമേ, നീ ബലത്തോടെ മുന്നേറുക.

22 അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി;

ആൺകുതിരകൾ കുതിച്ചു കുതിച്ചു പാഞ്ഞു.

23 ‘മെരോസിനെ ശപിക്കുക,

അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി.

‘കാരണം അവർ യഹോവയ്ക്കു തുണയായി,

ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’

24 “കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ,

സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ,

കൂടാരവാസിനികളാം നാരികളിലേറ്റവും അനുഗ്രഹിക്കപ്പെട്ടവൾ.

25 അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു;

രാജകീയ പാത്രത്തിൽ അവൾ അദ്ദേഹത്തിന് തൈരു കൊണ്ടുവന്നു.

26 കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി,

തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു.

സീസെരയെ അവൾ ആഞ്ഞടിച്ചു,

അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു.

27 അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു,

വീണയാൾ അവിടെ വീണുകിടന്നു;

അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു.

വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.

28 “സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു;

ജാലകത്തിലൂടെ നിലവിളിച്ചുകൊണ്ട്:

‘അവന്റെ തേർ വരാൻ വൈകുന്നത് എന്ത്?

രഥചക്രങ്ങളുടെ ഝടഝടാരവം താമസിക്കുന്നതെന്ത്?’

29 അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു;

അവൾ തന്നോടുതന്നെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു:

30 ‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ?

ഓരോ പുരുഷനും ഒന്നോ രണ്ടോ കന്യകമാർവീതം,

നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ സീസെരയുടെ കൊള്ളമുതൽ;

നിറപ്പകിട്ടാർന്ന ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾതന്നെ,

എനിക്കു തോളിലണിയാൻ വളരെയധികം ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ—

ഇതെല്ലാമല്ലയോ കൊള്ളമുതൽ?’

31 “യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ.

എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ

സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!”

ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി.