ഭാഗം 14: മനശ്ശെയുടെ ഭരണം

യെഹൂദാരാജ്യം

മനശ്ശെയുടെ വിഗ്രഹാരാധന

ക്രി.മു. 698

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 21:1–16

1 മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹെഫ്സീബാ എന്നായിരുന്നു. 2 ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്നതു പ്രവർത്തിച്ചു. 3 തന്റെ പിതാവായ ഹിസ്കിയാവ് നശിപ്പിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ഇസ്രായേൽരാജാവായ ആഹാബു ചെയ്തതുപോലെ അദ്ദേഹം ബാലിനു ബലിപീഠങ്ങൾ പണിയുകയും ഒരു അശേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു. 4 “ജെറുശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു. 5 യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു. 6 അദ്ദേഹം സ്വന്തം മകനെ അഗ്നിയിൽ ഹോമിച്ചു, ദേവപ്രശ്നംവെക്കുക, ശകുനംനോക്കുക, വെളിച്ചപ്പാടുകളോടും ഭൂതസേവക്കാരോടും ആലോചന ചോദിക്കുക ഇവയെല്ലാം ചെയ്തു. ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.

7 “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും,” എന്ന് യഹോവ ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും കൽപ്പിച്ച അതേ ആലയത്തിൽ, മനശ്ശെ താൻ കൊത്തിയുണ്ടാക്കിയ അശേരാപ്രതിഷ്ഠ സ്ഥാപിച്ചു. 8 “ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള സകലകാര്യങ്ങളും അനുഷ്ഠിക്കുന്നതിലും എന്റെ ദാസനായ മോശ അവർക്കു നൽകിയിട്ടുള്ള ന്യായപ്രമാണം അനുസരിക്കുന്നതിലും അവർ ശ്രദ്ധയുള്ളവരായിരുന്നാൽമാത്രം മതി, എങ്കിൽ അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്തിരിക്കുന്ന ഈ ദേശംവിട്ട് ഇസ്രായേല്യരുടെ പാദങ്ങൾ അലയുന്നതിന് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല,” എന്നും യഹോവ കൽപ്പിച്ചിരുന്നു. 9 എന്നാൽ ജനം അതു ചെവിക്കൊണ്ടില്ല; യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ അവരെ പിഴച്ച വഴികളിലേക്കു നയിച്ചു.

10 അതിനാൽ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന ഇപ്രകാരം അരുളിച്ചെയ്തു: 11 “യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛപാപങ്ങൾ ചെയ്തിരിക്കുന്നു. അദ്ദേഹം തനിക്കുമുമ്പേ ഇവിടെ ഉണ്ടായിരുന്ന അമോര്യരെക്കാളും അധികം തിന്മ പ്രവർത്തിക്കുകയും തന്റെ ബിംബങ്ങളെക്കൊണ്ട് യെഹൂദയെ പാപത്തിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു. 12 അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതിനെപ്പറ്റി കേൾക്കുന്ന ഏതൊരുവന്റെയും കാതുകൾ നടുങ്ങിപ്പോകത്തക്കവണ്ണമുള്ള നാശം ഞാൻ ജെറുശലേമിന്മേലും യെഹൂദയുടെമേലും വരുത്താൻപോകുന്നു. 13 ശമര്യയ്ക്കെതിരേ ഉപയോഗിച്ച അളവുനൂലും ആഹാബുഗൃഹത്തിനെതിരേ ഉപയോഗിച്ച തൂക്കുകട്ടയുംകൊണ്ട് ഞാൻ ജെറുശലേമിനെ അളന്നുതൂക്കും. ഒരുവൻ ഒരു തളിക തുടച്ച് കമിഴ്ത്തിവെക്കുന്നതുപോലെ ഞാൻ ജെറുശലേമിനെ തുടച്ചുകളയും. 14 ഞാൻ എന്റെ അവകാശത്തിലെ ശേഷിപ്പിനെ ഉപേക്ഷിച്ചുകളയുകയും അവരെ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. സകലശത്രുക്കളും അവരെ കൊള്ളയിടുകയും കവർച്ചനടത്തുകയും ചെയ്യും. 15 കാരണം അവരുടെ പൂർവികർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടനാൾമുതൽ ഇന്നുവരെയും അവർ എന്റെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.”

16 യെഹൂദാ യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിക്കാൻതക്കവണ്ണം അവരെക്കൊണ്ടു പാപം ചെയ്യിച്ചതുമാത്രവുമല്ല, ജെറുശലേമിനെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിറയ്ക്കാൻ മതിയാകുംവരെ നിഷ്കളങ്കരക്തം ചൊരിയുകകൂടെ മനശ്ശെ ചെയ്തിരിക്കുന്നു.

യെശയ്യാവ് ശെബ്നയുടെ പ്രവാസം മുൻകൂട്ടി പ്രവചിക്കുന്നു

യെശയ്യാവ് 22:15–25

15 സൈന്യങ്ങളുടെ യഹോവയായ കർത്താവ്, ഇപ്രകാരം കൽപ്പിക്കുന്നു:

“നീ പോയി, കാര്യസ്ഥനും കൊട്ടാരം ഭരണാധിപനുമായ

ശെബ്നയോട് ഇപ്രകാരം പറയുക:

16 നീ ഇവിടെ എന്താണ് ചെയ്യുന്നത്?

ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടുന്നതിന് ആരാണ് നിനക്ക് അനുമതി നൽകിയത്?

ഉയർന്നസ്ഥാനത്ത് നീ കല്ലറ വെട്ടുന്നു;

പാറയിൽ ഒരു പാർപ്പിടം നിർമിക്കുന്നു.

17 “കരുതിയിരിക്കുക, യഹോവ നിന്നെ താഴോട്ട് ചുഴറ്റി എറിഞ്ഞുകളയും,

അവിടന്നു നിന്നെ ബലമായി പിടിക്കാൻ പോകുന്നു.

18 യഹോവ നിന്നെ ഒരു പന്തുപോലെ ചുരുട്ടിയെടുത്ത്

വളരെ വിശാലമായൊരു രാജ്യത്തേക്ക് ഉരുട്ടിക്കളയും,

അവിടെ നീ മരിക്കും.

നീ അഭിമാനംകൊണ്ടിരുന്ന നിന്റെ രഥങ്ങൾ

നിന്റെ യജമാനന്റെ ഗൃഹത്തിന് ഒരു ലജ്ജയായി മാറും.

19 നിന്റെ ഉദ്യോഗത്തിൽനിന്ന് ഞാൻ നിന്നെ സ്ഥാനഭ്രഷ്ടനാക്കും

നിന്റെ സ്ഥാനത്തുനിന്ന് നീ നീക്കപ്പെടും.

20 “ആ ദിവസത്തിൽ എന്റെ ദാസനായ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമിനെ ഞാൻ വിളിച്ചുവരുത്തും. 21 അദ്ദേഹത്തെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ അരക്കച്ചകൊണ്ട് അദ്ദേഹത്തിന്റെ അര കെട്ടും. നിന്റെ അധികാരം ഞാൻ അദ്ദേഹത്തിനു നൽകും. ജെറുശലേംനിവാസികൾക്കും യെഹൂദാജനത്തിനും അദ്ദേഹം ഒരു പിതാവായിത്തീരും. 22 ഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ തോളിൽ വെക്കും; അദ്ദേഹം തുറക്കുന്നത് അടയ്ക്കാൻ ആർക്കും കഴിയുകയില്ല, അദ്ദേഹം അടയ്ക്കുന്നത് തുറക്കാൻ ആർക്കും കഴിയുകയുമില്ല. 23 ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അദ്ദേഹത്തെ തറയ്ക്കും; തന്റെ പിതൃഭവനത്തിന് അദ്ദേഹം മഹത്ത്വമുള്ള ഒരു സിംഹാസനം ആയിത്തീരും. 24 അദ്ദേഹത്തിന്റെ പിതൃഭവനത്തിന്റെ എല്ലാ മഹത്ത്വവും അവർ അദ്ദേഹത്തിന്റെമേൽ തൂക്കിയിടും; സന്തതിയെയും പിൻഗാമികളെയും—കിണ്ണംമുതൽ ഭരണിവരെയുള്ള സകലചെറുപാത്രങ്ങളെയും തന്നെ.”

25 സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, “അന്നാളിൽ, ഉറപ്പുള്ള സ്ഥലത്തു തറച്ച ആണി ഇളകിപ്പോകും, അതു മുറിക്കപ്പെട്ട് താഴെവീഴും, അതിന്മേൽ തൂങ്ങുന്ന ഭാരവും വീണുപോകും.” യഹോവയല്ലോ അരുളിച്ചെയ്യുന്നത്.