പത്തു ഗോത്രങ്ങൾ ബന്ദികളായി കൊണ്ടുപോകപ്പെടുന്നു
ഹോശേയയുടെ ഭരണത്തിന്റെ തുടർച്ച. പത്തു ഗോത്രങ്ങൾ ബന്ദികളായി കൊണ്ടുപോകപ്പെടുന്നു.
ക്രി.മു. 723
Biblica® Open Malayalam Contemporary Version™ (OMCV)
5 അശ്ശൂർരാജാവ് ഇസ്രായേൽദേശത്തെ മുഴുവൻ ആക്രമിച്ച് ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു. ആ ഉപരോധം മൂന്നുവർഷം നീണ്ടുനിന്നു. 6 ഹോശേയയുടെ ഭരണത്തിന്റെ ഒൻപതാംവർഷത്തിൽ അശ്ശൂർരാജാവ് ശമര്യയെ പിടിച്ചടക്കുകയും ഇസ്രായേല്യരെ തടവുകാരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകുകയും ചെയ്തു. അദ്ദേഹം അവരെ ഹലഹിലും ഗോസാൻ നദീതീരത്ത് ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
7 ഈ സംഭവങ്ങൾക്കെല്ലാം കാരണം ഇതായിരുന്നു: തങ്ങളെ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഇസ്രായേൽ പാപംചെയ്തു. അവർ അന്യദേവന്മാരെ ആരാധിക്കുകയും 8 തങ്ങളുടെ മുൻപിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ ആചാരങ്ങളും ഇസ്രായേൽരാജാക്കന്മാർ നടപ്പാക്കിയ ആചാരങ്ങളും പിൻതുടർന്നു. 9 തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ തെറ്റായ കാര്യങ്ങൾ ഇസ്രായേല്യർ രഹസ്യമായി ചെയ്തു; അവരുടെ പട്ടണങ്ങളിലെല്ലാം—കാവൽഗോപുരംമുതൽ കെട്ടുറപ്പുള്ള നഗരങ്ങൾവരെ—അവർ തങ്ങൾക്കായി ക്ഷേത്രങ്ങൾ ഉണ്ടാക്കി. 10 ഓരോ ഉയർന്ന കുന്നിൻമുകളിലും ഇലതൂർന്ന മരത്തിൻകീഴിലും അവർ ആചാരസ്തൂപങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. 11 അവരുടെമുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ രാഷ്ട്രങ്ങൾ ചെയ്തിരുന്നതുപോലെ അവർ ഓരോ ക്ഷേത്രത്തിലും ധൂപാർച്ചന നടത്തി. അവർ ദുഷ്ടത പ്രവർത്തിച്ച് യഹോവയുടെ കോപം ജ്വലിപ്പിച്ചു. 12 “നിങ്ങൾ അതു ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ വിഗ്രഹങ്ങളെ ആരാധിച്ചു. 13 “നിങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുക; എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ നിങ്ങൾക്കു നൽകിയതും അനുസരിക്കുന്നതിനായി നിങ്ങളുടെ പിതാക്കന്മാരോടു കൽപ്പിച്ചതുമായ എന്റെ സകലനിയമങ്ങളും അനുസരിച്ച് എന്റെ കൽപ്പനകളും വിധികളും പ്രമാണിക്കുക!” എന്ന് യഹോവ തന്റെ സകലപ്രവാചകന്മാരും ദർശകന്മാരും മുഖേന ഇസ്രായേലിനും യെഹൂദയ്ക്കും മുന്നറിയിപ്പു നൽകി.
14 എന്നാൽ അവർ ചെവിക്കൊണ്ടില്ല. തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ അവരും ദുശ്ശാഠ്യക്കാരായിരുന്നു. 15 യഹോവ അവരുടെ പിതാക്കന്മാർക്ക് നൽകിയ ഉത്തരവുകൾ നിരസിക്കുകയും ഉടമ്പടി ലംഘിക്കുകയും അവിടന്ന് അവർക്കു കൊടുത്ത മുന്നറിയിപ്പുകളും അവഗണിക്കുകയും ചെയ്തു. അവർ വിലകെട്ട മിഥ്യാമൂർത്തികളെ അനുഗമിച്ച് സ്വയം വിലകെട്ടവരായിത്തീർന്നു. “ചുറ്റുമുള്ള രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുകരിച്ചു; യഹോവ വിലക്കിയിരുന്ന കാര്യങ്ങൾ അവർ ചെയ്തു.
16 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ സകലകൽപ്പനകളും ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങൾക്കുവേണ്ടി വാർത്ത രണ്ടു കാളക്കിടാങ്ങളെയും ഒരു അശേരാപ്രതിഷ്ഠയെയും ആകാശത്തിലെ സകലസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു. 17 അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ബലിയർപ്പിച്ചു; അവർ ദേവപ്രശ്നംവെക്കുകയും ശകുനംനോക്കുകയും ചെയ്തു; യഹോവയുടെ കൺമുമ്പിൽ തിന്മ പ്രവർത്തിക്കുന്നതിനായി അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അങ്ങനെ അവർ യഹോവയുടെ ക്രോധം ജ്വലിപ്പിച്ചു.
18 അതുകൊണ്ട് യഹോവ ഇസ്രായേലിനോടു കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രംമാത്രം അവശേഷിച്ചു. 19 യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പ്രമാണിച്ചില്ല. ഇസ്രായേൽ നടപ്പാക്കിയ ആചാരങ്ങൾ അവർ പിൻതുടർന്നു. 20 അതിനാൽ യഹോവ ഇസ്രായേൽവംശത്തെ മുഴുവൻ തള്ളിക്കളഞ്ഞു. അവിടന്ന് അവരെ തള്ളിക്കളയുന്നതുവരെയും അവരെ കൊള്ളചെയ്യുന്നവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.
21 യഹോവ ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് വേർപെടുത്തിയപ്പോൾ അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ തങ്ങളുടെ രാജാവാക്കി. യൊരോബെയാം ഇസ്രായേലിനെ വശീകരിച്ച് യഹോവയെ അനുഗമിക്കുന്നതിൽനിന്ന് അവരെ അകറ്റിക്കളയുകയും അവരെക്കൊണ്ട് ഒരു മഹാപാപം ചെയ്യിക്കുകയും ചെയ്തു. 22 യൊരോബെയാമിന്റെ സകലപാപങ്ങളിൽനിന്നും വിട്ടുമാറാതെ ഇസ്രായേൽമക്കൾ അവയിൽത്തന്നെ ഉറച്ചുനിന്നു. 23 അതുകൊണ്ട് യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന അവർക്കു മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെ, ഒടുവിൽ യഹോവ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു. അതിനാൽ ഇസ്രായേൽജനം അവരുടെ ജന്മദേശത്തുനിന്ന് അശ്ശൂരിലേക്കു പ്രവാസികളായി മടങ്ങേണ്ടിവന്നു. ഇന്നും ആവിധംതന്നെ അവർ കഴിയുന്നു.
9 ഹിസ്കിയാരാജാവിന്റെ നാലാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവും ഏലയുടെ മകനുമായ ഹോശേയയുടെ ഏഴാമാണ്ടിൽ, അശ്ശൂർരാജാവായ ശല്മനേസർ ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു. 10 മൂന്നുവർഷം കഴിഞ്ഞപ്പോൾ അശ്ശൂര്യർ അതിനെ പിടിച്ചെടുത്തു. അങ്ങനെ ഹിസ്കിയാവിന്റെ ആറാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവായ ഹോശേയയുടെ ഒൻപതാമാണ്ടിൽ ശമര്യ കീഴടക്കപ്പെട്ടു. 11 അശ്ശൂർരാജാവ് ഇസ്രായേല്യരെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും, ഗോസാൻ നദീതീരത്തുള്ള ഹാബോരിലും മേദ്യപട്ടണങ്ങളിലും അവരെ പാർപ്പിച്ചു. 12 അവർ തങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കാതെ അവിടത്തോടുള്ള ഉടമ്പടി—യഹോവയുടെ ദാസനായ മോശ കൽപ്പിച്ചിരുന്ന കാര്യങ്ങൾ—ലംഘിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്. അവർ ആ കൽപ്പനകൾ ചെവിക്കൊള്ളുകയോ അനുസരിക്കുകയോ ചെയ്തില്ല.