മനശ്ശെയുടെ പ്രവാസവും മരണവും

ക്രി.മു. 676

Biblica® Open Malayalam Contemporary Version™ (OMCV)

2 ദിനവൃത്താന്തം 33:11–20

11 അതിനാൽ യഹോവ അശ്ശൂർരാജാവിന്റെ സൈന്യാധിപന്മാരെ അവർക്കെതിരേ വരുത്തി. അവർ മനശ്ശെയെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ മൂക്കിൽ ഒരു കൊളുത്തിട്ട് ഓട്ടുചങ്ങലകളാൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. 12 തന്റെ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ യഹോവയെ അന്വേഷിച്ചു; അവിടത്തെ കരുണയ്ക്കായി അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ തന്നത്താൻ ഏറ്റവും എളിമപ്പെട്ടു. 13 അദ്ദേഹം പ്രാർഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സങ്കടയാചനയിൽ യഹോവ മനസ്സലിഞ്ഞു; അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ട് യഹോവ അദ്ദേഹത്തെ ജെറുശലേമിലേക്ക്, അദ്ദേഹത്തിന്റെ രാജ്യത്തിലേക്കുതന്നെ തിരികെവരുത്തി. യഹോവ ആകുന്നു ദൈവം എന്ന് അപ്പോൾ മനശ്ശെ മനസ്സിലാക്കി.

14 അതിനുശേഷം മനശ്ശെ താഴ്വരയിൽ ഗീഹോൻ അരുവിക്കു പടിഞ്ഞാറുമുതൽ ഓഫേൽ കുന്നിനെ വലയംചെയ്ത് മീൻകവാടത്തിന്റെ പ്രവേശനകവാടംവരെ ദാവീദിന്റെ നഗരത്തിന്റെ പുറംമതിൽ പുതുക്കിപ്പണിതു. അദ്ദേഹമത് വളരെ ഉയരത്തിലാണു കെട്ടിയത്. യെഹൂദ്യയിൽ കോട്ടകെട്ടിയുറപ്പിച്ച നഗരങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ പാർപ്പിച്ചു.

15 യഹോവയുടെ ആലയത്തിൽനിന്ന് അദ്ദേഹം അന്യദേവന്മാരെയും വിഗ്രഹത്തെയും നീക്കംചെയ്തു. ദൈവാലയം നിർമിച്ചിരുന്ന മലയിലും ജെറുശലേംനഗരത്തിലും താൻ നിർമിച്ചിരുന്ന ബലിപീഠങ്ങളെല്ലാം തകർത്തു. അവയെല്ലാം അദ്ദേഹം നഗരത്തിനു പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. 16 തുടർന്ന് അദ്ദേഹം യഹോവയുടെ യാഗപീഠം പുനരുദ്ധരിച്ച് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു. 17 എന്നിരുന്നാലും ജനം ക്ഷേത്രങ്ങളിൽ യാഗമർപ്പിക്കുന്നതു തുടർന്നുകൊണ്ടിരുന്നു; പക്ഷേ, തങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടിമാത്രം ആയിരുന്നു അവിടങ്ങളിൽ യാഗം അർപ്പിച്ചത്!

18 തന്റെ ദൈവത്തോടുള്ള മനശ്ശെയുടെ പ്രാർഥനയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ദർശകന്മാർ അദ്ദേഹത്തോടു സംസാരിച്ച വാക്കുകളും ഉൾപ്പെടെ മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 19 അദ്ദേഹത്തിന്റെ പ്രാർഥനയും അഭയയാചനയുംകേട്ട് യഹോവ മനസ്സലിഞ്ഞു. ഇങ്ങനെ അദ്ദേഹം ദൈവമുമ്പാകെ വിനയപ്പെടുന്നതിനുമുമ്പ് ചെയ്ത സകലപാപങ്ങളും അവിശ്വസ്തതയും, എവിടെയെല്ലാം ക്ഷേത്രങ്ങൾ നിർമിച്ചുവെന്നും അശേരാപ്രതിഷ്ഠകളും ബിംബങ്ങളും സ്ഥാപിച്ചുവെന്നുമുള്ള ചരിത്രമെല്ലാം ദർശകന്മാരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 20 മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. സ്വന്തം അരമനയിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.

2 രാജാക്കന്മാർ 21:17–18

17 മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളും അദ്ദേഹം ചെയ്ത പാപങ്ങൾ ഉൾപ്പെടെയുള്ള സകലപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 18 മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ കൊട്ടാര ഉദ്യാനത്തിൽ ഉസ്സയുടെ തോട്ടത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.

2 ദിനവൃത്താന്തം 33:1–10

1 മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. 2 ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛ ആചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്ന കാര്യങ്ങൾ പ്രവർത്തിച്ചു. 3 തന്റെ പിതാവായ ഹിസ്കിയാവ് ഇടിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ബാലിനുള്ള ബലിപീഠങ്ങളും അശേരാപ്രതിഷ്ഠകളും നിർമിച്ചു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു. 4 “എന്റെ നാമം ജെറുശലേമിൽ എന്നെന്നും നിലനിൽക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു. 5 യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു. 6 അദ്ദേഹം തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിയിൽ ഹോമിച്ചു; ദേവപ്രശ്നംവെക്കുക, ആഭിചാരം, ശകുനംനോക്കുക ഇവയെല്ലാം ചെയ്തു; ലക്ഷണംപറയുന്നവർ, വെളിച്ചപ്പാടുകൾ, ഭൂതസേവക്കാർ എന്നിവരോട് ആലോചന ചോദിച്ചു; ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.

7 താൻ കൊത്തിച്ച വിഗ്രഹം കൊണ്ടുവന്ന് അദ്ദേഹം ദൈവത്തിന്റെ ആലയത്തിൽ പ്രതിഷ്ഠിച്ചു. ഈ ആലയത്തെപ്പറ്റി ദൈവം ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഈ വിധം കൽപ്പിച്ചിരുന്നല്ലോ: “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും 8 നിങ്ങളുടെ പൂർവികർക്കായി നിയോഗിച്ചുതന്നിരിക്കുന്ന ഈ ദേശം വിട്ടുപോകാൻ ഇസ്രായേല്യരുടെ പാദങ്ങൾക്ക് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല; എന്നാൽ ഞാൻ മോശമുഖാന്തരം നൽകിയിരിക്കുന്ന നിയമങ്ങളും ഉത്തരവുകളും അനുശാസനങ്ങളും ഓരോന്നും പ്രമാണിക്കുന്നതിൽ അവർ ശ്രദ്ധാലുക്കളായിരിക്കുമെങ്കിൽമാത്രം!” 9 എന്നാൽ യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ യെഹൂദ്യയെയും ജെറുശലേം ജനതയെയും വഴിപിഴച്ചവരാക്കിത്തീർത്തു.

10 യഹോവ മനശ്ശെയോടും അദ്ദേഹത്തിന്റെ ജനത്തോടും സംസാരിച്ചു; എന്നാൽ അവർ അതു ഗൗനിച്ചതേയില്ല.

പത്തു ഗോത്രങ്ങളുടെ മുൻകാല ദേശങ്ങൾ ക്രി.മു. 678

ഒരിക്കൽ പത്തു ഗോത്രങ്ങളുടെ അധീനതയിലായിരുന്ന പ്രവിശ്യകളുടെ അവസ്ഥ.

2 രാജാക്കന്മാർ 17:24–41

24 അശ്ശൂർരാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവയീം എന്നിവിടങ്ങളിൽനിന്നും ജനങ്ങളെ കൊണ്ടുവന്ന് ഇസ്രായേൽമക്കൾക്കു പകരം ശമര്യയിലെ പട്ടണങ്ങളിൽ പാർപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ പട്ടണങ്ങളിൽ താമസിച്ചു. 25 അവർ അവിടെ അധിവസിച്ചിരുന്നപ്പോൾ യഹോവയെ ആരാധിച്ചിരുന്നില്ല; അതിനാൽ യഹോവ അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു. അവ ജനങ്ങളിൽ ചിലരെ കൊന്നുകളഞ്ഞു. 26 അവർ ഈ വിവരം അശ്ശൂർരാജാവിന് അറിവുകൊടുത്തു: “അങ്ങ് നാടുകടത്തി ശമര്യാപട്ടണങ്ങളിൽ കൊണ്ടുവന്നു പാർപ്പിച്ചിരിക്കുന്ന ജനങ്ങൾക്ക് ആ നാട്ടിലെ ദൈവത്തിന്റെ ആചാരവിധികൾ അറിഞ്ഞുകൂടാ. അതിനാൽ ആ ദൈവം അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു; അവ അവരെ കൊല്ലുന്നു.”

27 അപ്പോൾ അശ്ശൂർരാജാവ് ഈ കൽപ്പന പുറപ്പെടുവിച്ചു: “നിങ്ങൾ ശമര്യയിൽനിന്ന് തടവുകാരായി പിടിച്ചിട്ടുള്ള പുരോഹിതന്മാരിൽ ഒരാൾ അവിടെ പാർക്കുന്നതിനായി തിരിച്ചുപോകട്ടെ! ആ നാട്ടിലെ ദൈവത്തിന്റെ മാർഗം അയാൾ ജനങ്ങളെ പഠിപ്പിക്കട്ടെ!” 28 അങ്ങനെ ശമര്യയിൽനിന്ന് പ്രവാസത്തിലേക്കുപോയ പുരോഹിതന്മാരിൽ ഒരാൾ ബേഥേലിൽ പാർക്കുന്നതിനായി തിരിച്ചുവന്നു. യഹോവയെ ആരാധിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹം അവരെ പഠിപ്പിച്ചു.

29 എന്നിരുന്നാലും ഓരോ ദേശത്തുനിന്നുമുള്ള ഓരോ ജനവിഭാഗവും അവരവരുടെ ദേവന്മാരെ ഉണ്ടാക്കി ശമര്യയിൽ അവർ താമസമുറപ്പിച്ച വിവിധ പട്ടണങ്ങളിലെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു. 30 ബാബേലുകാർ സൂക്കോത്ത്-ബെനോത്തിനെ പ്രതിഷ്ഠിച്ചു. കൂഥക്കാർ നേർഗാലിനെ പ്രതിഷ്ഠിച്ചു. ഹമാത്തുകാർ അശീമയെ പ്രതിഷ്ഠിച്ചു. 31 അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും പ്രതിഷ്ഠിച്ചു. സെഫർവക്കാർ സെഫർവയീം ദേവന്മാരായ അദ്രമെലെക്കിനും അനമെലെക്കിനും തങ്ങളുടെ മക്കളെ അഗ്നിയിൽ ബലിയർപ്പിച്ചു. 32 അവർ യഹോവയെ ആരാധിച്ചെങ്കിലും മലകളിലെ ക്ഷേത്രങ്ങളിൽ തങ്ങൾക്കുവേണ്ടി പുരോഹിതന്മാരായി സേവനം ചെയ്യുന്നതിന് തങ്ങളുടെ കൂട്ടത്തിൽനിന്ന് എല്ലാത്തരക്കാരെയും പുരോഹിതന്മാരായി നിയമിച്ചു. 33 അങ്ങനെ അവർ യഹോവയെ ആരാധിക്കയും തങ്ങൾ പുറപ്പെട്ടുപോന്ന നാട്ടിലെ ആചാരങ്ങളനുസരിച്ച് അവരുടെ സ്വന്തം ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.

34 ഇന്നുവരെയും അവർ അവരുടെ പഴയ ആചാരങ്ങളെ മുറുകെപ്പിടിച്ചു നിൽക്കുന്നു. യഹോവ ഇസ്രായേൽ എന്നു നാമം നൽകിയ യാക്കോബിന്റെ സന്തതികൾക്കായി കൊടുത്തിരിക്കുന്ന ഉത്തരവുകളിലോ അനുശാസനങ്ങളിലോ നിയമങ്ങളിലോ കൽപ്പനകളിലോ ഇന്നും അവർ ഉറച്ചുനിൽക്കുകയോ യഹോവയെ ആരാധിക്കുകയോ ചെയ്യുന്നില്ല. 35 യഹോവ ഇസ്രായേലുമായി ഒരു ഉടമ്പടി ചെയ്തനാളിൽ ഇപ്രകാരം കൽപ്പിച്ചിരുന്നു. “നിങ്ങൾ അന്യദേവന്മാരെ ആരാധിക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ അവർക്കു ബലികഴിക്കുകയോ ചെയ്യരുത്. 36 പിന്നെയോ, തന്റെ വിസ്മയകരമായ ശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്നവനായ യഹോവയെമാത്രമാണ് നിങ്ങൾ ആരാധിക്കേണ്ടത്; തിരുമുമ്പിൽ നിങ്ങൾ നമസ്കരിക്കണം; അവിടത്തേക്ക് നിങ്ങൾ യാഗങ്ങൾ അർപ്പിക്കണം. 37 ആ യഹോവ നിങ്ങൾക്കുവേണ്ടി എഴുതിയിട്ടുള്ള ഉത്തരവുകളും അനുശാസനങ്ങളും നിയമങ്ങളും കൽപ്പനകളും പാലിക്കുന്നതിൽ നിങ്ങൾ ജാഗരൂകരായിരിക്കണം; അന്യദേവന്മാരെ ആരാധിക്കരുത്; 38 ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമം മറക്കരുത്; അന്യദേവന്മാരെ ആരാധിക്കരുത്. 39 അതേ, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക; അവിടന്നാണ് നിങ്ങളുടെ സകലശത്രുക്കളുടെയും കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുന്നത്.”

40 എങ്കിലും അവർ അതു കേൾക്കാതെ തങ്ങളുടെ പഴയ രീതികൾ അനുസരിച്ചു ജീവിച്ചു. 41 ഈ ജനം യഹോവയെ ആരാധിച്ചപ്പോൾത്തന്നെ തങ്ങളുടെ വിഗ്രഹങ്ങളെയും സേവിച്ചിരുന്നു. അവരുടെ മക്കളും മക്കളുടെ മക്കളും ഇന്നുവരെയും തങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ ചെയ്തുവരുന്നു.