ഭാഗം 15: ആമോന്റെ ഭരണം

ക്രി.മു. 643

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 21:19–26

19 ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മെശുല്ലേമെത്ത് എന്നായിരുന്നു. അവർ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു. 20 തന്റെ പിതാവായ മനശ്ശെ ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെമുമ്പിൽ തിന്മ പ്രവർത്തിച്ചു. 21 അദ്ദേഹം തന്റെ പിതാവിന്റെ സകലവഴികളിലും നടന്നു; തന്റെ പിതാവ് ആരാധിച്ചിരുന്ന ബിംബങ്ങളെയെല്ലാം ആരാധിക്കുകയും അവയെ നമസ്കരിക്കുകയും ചെയ്തു. 22 അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു; യഹോവയുടെ വഴികളിൽ നടന്നതുമില്ല.

23 ആമോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും സ്വന്തം അരമനയിൽവെച്ച് രാജാവിനെ വധിക്കുകയും ചെയ്തു. 24 അതിനുശേഷം ദേശത്തിലെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം കൊന്നു. അവർ അദ്ദേഹത്തിന്റെ മകനായ യോശിയാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തു രാജാവാക്കി.

25 ആമോന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 26 ഉസ്സയുടെ ഉദ്യാനത്തിൽ തന്റെ കല്ലറയിൽ ആമോൻ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ യോശിയാവ് അദ്ദേഹത്തിനുപകരം രാജാവായി.

2 ദിനവൃത്താന്തം 33:21–25

21 ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു. 22 തന്റെ പിതാവായ മനശ്ശെ ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെമുമ്പിൽ തിന്മ പ്രവർത്തിച്ചു. മനശ്ശെ ഉണ്ടാക്കിയിരുന്ന സകലബിംബങ്ങൾക്കും ആമോൻ ബലികൾ അർപ്പിക്കുകയും അവയെ സേവിക്കുകയും ചെയ്തു. 23 എന്നാൽ തന്റെ പിതാവായ മനശ്ശെയിൽനിന്നു വ്യത്യസ്തമായി, ആമോൻ യഹോവയുടെമുമ്പാകെ വിനയപ്പെട്ടില്ല; അദ്ദേഹം തന്റെ അപരാധം വർധിപ്പിക്കുകമാത്രമേ ചെയ്തുള്ളൂ.

24 ആമോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും സ്വന്തം അരമനയിൽവെച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. 25 അതിനുശേഷം ദേശത്തിലെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം കൊന്നു. അവർ അദ്ദേഹത്തിന്റെ മകനായ യോശിയാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തു രാജാവാക്കി.