യോസേഫിന്റെ സഹോദരന്മാർ മടങ്ങിച്ചെല്ലുന്നു, യാക്കോബ് പിന്നാലെ പോകുന്നു (continued)

ക്ഷാമം തുടരുന്നു. യോസേഫിന്റെ സഹോദരന്മാർ രണ്ടാംതവണ ഈജിപ്റ്റിലേക്കു പോകുന്നു; അവരുടെ പിതാവ് പിന്നാലെ പോകുന്നു.

ക്രി.മു. 1706

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 46:1–47:12

1 ഇസ്രായേൽ തനിക്കുള്ള സകലവുമായി യാത്രതിരിച്ചു; ബേർ-ശേബയിൽ എത്തിയപ്പോൾ അദ്ദേഹം തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗങ്ങൾ അർപ്പിച്ചു.

2 ദൈവം രാത്രിയിൽ, ഒരു ദർശനത്തിൽ ഇസ്രായേലിനോടു സംസാരിച്ചു; “യാക്കോബേ! യാക്കോബേ!” എന്നു വിളിച്ചു.

“അടിയൻ ഇതാ” അദ്ദേഹം ഉത്തരം പറഞ്ഞു.

3 അപ്പോൾ യഹോവ: “ഞാൻ ആകുന്നു ദൈവം; നിന്റെ പിതാവിന്റെ ദൈവംതന്നെ. ഈജിപ്റ്റിലേക്കു പോകാൻ ഭയപ്പെടരുത്, അവിടെ ഞാൻ നിന്നെ വലിയൊരു ജനതയാക്കും. 4 ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരുകയും നിന്നെ വീണ്ടും മടക്കി കൊണ്ടുവരികയും ചെയ്യും. യോസേഫിന്റെ സ്വന്തം കൈകൾതന്നെ നിന്റെ കണ്ണുകൾ അടയ്ക്കും” എന്ന് അരുളിച്ചെയ്തു.

5 ഇതിനുശേഷം യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ടു; ഇസ്രായേലിന്റെ പുത്രന്മാർ തങ്ങളുടെ പിതാവായ യാക്കോബിനെയും തങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും അവർക്കുവേണ്ടി ഫറവോൻ അയച്ചിരുന്ന വാഹനങ്ങളിൽ കയറ്റി. 6 അവർ കനാനിൽവെച്ചു സമ്പാദിച്ച തങ്ങളുടെ സകല ആടുമാടുകളും വസ്തുവകകളും കൂടെക്കൊണ്ടുപോയി. യാക്കോബും അദ്ദേഹത്തിന്റെ എല്ലാ സന്താനങ്ങളും ഈജിപ്റ്റിലേക്കു പോയി. 7 അദ്ദേഹം തന്നോടൊപ്പം പുത്രന്മാരെയും പൗത്രന്മാരെയും പുത്രിമാരെയും പൗത്രിമാരെയും—ഇങ്ങനെ സകലസന്താനങ്ങളെയും ഈജിപ്റ്റിലേക്കു കൊണ്ടുപോയി.

8 ഈജിപ്റ്റിലേക്കു പോയവരായ ഇസ്രായേലിന്റെ പുത്രന്മാരുടെ (യാക്കോബിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും) പേരുകൾ ഇവയാണ്:

യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.

9 രൂബേന്റെ പുത്രന്മാർ:

ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി,

10 ശിമെയോന്റെ പുത്രന്മാർ:

യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.

11 ലേവിയുടെ പുത്രന്മാർ:

ഗെർശോൻ, കെഹാത്ത്, മെരാരി.

12 യെഹൂദയുടെ പുത്രന്മാർ:

ഏർ, ഓനാൻ, ശേലഹ്, ഫേരെസ്, സേരഹ് (എന്നാൽ ഏരും ഓനാനും കനാൻനാട്ടിൽവെച്ചു മരിച്ചുപോയി.)

ഫേരെസിന്റെ പുത്രന്മാർ:

ഹെസ്രോൻ, ഹാമൂൽ.

13 യിസ്സാഖാറിന്റെ പുത്രന്മാർ:

തോലാ, പൂവാ, യോബ്, ശിമ്രോൻ.

14 സെബൂലൂന്റെ പുത്രന്മാർ:

സേരെദ്, ഏലോൻ, യഹ്ലെയേൽ.

15 ഇവർ യാക്കോബിന്റെ പുത്രന്മാർ; ഇവരെയും യാക്കോബിന്റെ പുത്രിയായ ദീനായെയും ലേയാ പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാരും പുത്രിമാരുംകൂടി ആകെ മുപ്പത്തിമൂന്നു പേർ ഉണ്ടായിരുന്നു.

16 ഗാദിന്റെ പുത്രന്മാർ:

സിഫ്യോൻ, ഹഗ്ഗീ, ശൂനി, എസ്ബോൻ, ഏരി, അരോദി, അരേലി.

17 ആശേരിന്റെ പുത്രന്മാർ:

യിമ്നാ, യിശ്വ, യിശ്‌വി, ബേരീയാ. ഇവരുടെ സഹോദരി ആയിരുന്നു സേരഹ്.

ബേരീയാവിന്റെ പുത്രന്മാർ:

ഹേബെർ, മൽക്കീയേൽ

18 ഇവരായിരുന്നു ലാബാൻ തന്റെ മകളായ ലേയയ്ക്കു കൊടുത്ത സിൽപ്പയിൽ യാക്കോബിനു ജനിച്ച മക്കൾ—ആകെ പതിനാറുപേർ.

19 യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ:

യോസേഫ്, ബെന്യാമീൻ.

20 ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്തിൽ യോസേഫിനു മനശ്ശെയും എഫ്രയീമും ഈജിപ്റ്റിൽവെച്ചു ജനിച്ചു.

21 ബെന്യാമീന്റെ പുത്രന്മാർ:

ബേല, ബേഖെർ, അശ്ബേൽ, ഗേര, നയമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.

22 ഇവരായിരുന്നു യാക്കോബിനു റാഹേലിൽ ജനിച്ച പുത്രന്മാർ—ആകെ പതിന്നാലു പേർ.

23 ദാനിന്റെ പുത്രൻ:

ഹൂശീം.

24 നഫ്താലിയുടെ പുത്രന്മാർ:

യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.

25 ഇവരായിരുന്നു ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്തിരുന്ന ബിൽഹായിൽ യാക്കോബിനു ജനിച്ച പുത്രന്മാർ—ആകെ ഏഴുപേർ.

26 യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അദ്ദേഹത്തിന്റെ നേരിട്ടുള്ള പിൻഗാമികളായി, അദ്ദേഹത്തോടുകൂടെ ഈജിപ്റ്റിലേക്കു പോയവർ അറുപത്തിയാറുപേർ ആയിരുന്നു. 27 യോസേഫിന് ഈജിപ്റ്റിൽവെച്ചു ജനിച്ച രണ്ടു പുത്രന്മാർ ഉൾപ്പെടെ, ഈജിപ്റ്റിലേക്കു പോയ യാക്കോബിന്റെ കുടുംബാംഗങ്ങൾ ആകെക്കൂടി എഴുപതുപേരായിരുന്നു.

28 ഗോശെനിലേക്കുള്ള വഴി അറിയേണ്ടതിന് യാക്കോബ് തനിക്കുമുമ്പ് യെഹൂദയെ യോസേഫിന്റെ അടുത്തേക്ക് അയച്ചു. 29 അവർ ഗോശെൻ പ്രദേശത്ത് എത്തിയപ്പോഴേക്കും യോസേഫ് തന്റെ രഥം തയ്യാറാക്കി, പിതാവായ ഇസ്രായേലിനെ എതിരേൽക്കാൻ ഗോശെനിൽ ചെന്നിരുന്നു. പിതാവിനെ കണ്ടപ്പോൾതന്നെ യോസേഫ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.

30 ഇസ്രായേൽ യോസേഫിനോട്, “ഇപ്പോൾ ഞാൻ മരിക്കാൻ ഒരുക്കമാണ്, കാരണം നീ ജീവനോടെ ഇരിക്കുന്നു എന്നു ഞാൻതന്നെ നേരിട്ടു കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.

31 പിന്നെ, യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ കുടുംബത്തിലുള്ള എല്ലാവരോടുമായി പറഞ്ഞു, “ഞാൻ ചെന്ന് ഫറവോനോടു സംസാരിക്കും. അദ്ദേഹത്തോട്, ‘കനാൻദേശത്തു ജീവിച്ചിരുന്നവരായ എന്റെ സഹോദരന്മാരും പിതാവിന്റെ ഭവനത്തിലുള്ളവരും എന്റെ അടുക്കൽ വന്നിരിക്കുന്നു. 32 ആ പുരുഷന്മാർ ഇടയന്മാരാണ്; അവർ ആടുമാടുകളെ മേയിക്കുന്നു; അവർ തങ്ങളോടൊപ്പം ആടുമാടുകളെയും തങ്ങൾക്കുള്ള സകലതും കൊണ്ടുവന്നിട്ടുണ്ട്’ എന്നു പറയും. 33 ഫറവോൻ നിങ്ങളെ അകത്തേക്കു വിളിച്ച് ‘നിങ്ങളുടെ തൊഴിൽ എന്താണ്?’ എന്നു ചോദിക്കുമ്പോൾ 34 ‘അടിയങ്ങൾ അടിയങ്ങളുടെ പിതാവിനെപ്പോലെതന്നെ ബാല്യംമുതൽ ആടുമാടുകളെ മേയിച്ചുപോരുന്നു’ എന്ന് ഉത്തരം പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ പ്രദേശത്തു താമസം ഉറപ്പിക്കാൻ അനുവാദം ലഭിക്കും; ഇടയന്മാരോട് ഈജിപ്റ്റുകാർക്കു വെറുപ്പാണ്.”

47:1 യോസേഫ് ചെന്നു ഫറവോനോട്, “എന്റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകലസ്വത്തുക്കളുമായി കനാൻദേശത്തുനിന്നു വന്നിരിക്കുന്നു; അവർ ഇപ്പോൾ ഗോശെനിലുണ്ട്” എന്നു പറഞ്ഞു. 2 അദ്ദേഹം തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ തെരഞ്ഞെടുത്തു ഫറവോന്റെ മുമ്പിൽ നിർത്തി.

3 ഫറവോൻ യോസേഫിന്റെ സഹോദരന്മാരോട്, “നിങ്ങളുടെ തൊഴിൽ എന്താണ്?” എന്നു ചോദിച്ചു.

അതിന് അവർ, “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്” എന്ന് ഉത്തരം പറഞ്ഞു. 4 അവർ തുടർന്നു, “ഞങ്ങൾ കുറച്ചുകാലത്തേക്ക് ഇവിടെ താമസിക്കാൻ വന്നതാണ്; കനാനിൽ ക്ഷാമം അതികഠിനമായിരിക്കുന്നു; അടിയങ്ങളുടെ ആട്ടിൻപറ്റങ്ങൾക്കു മേച്ചിലില്ല. അതുകൊണ്ട് ദയവുതോന്നി അടിയങ്ങളെ ഗോശെനിൽ താമസിക്കാൻ അനുവദിക്കുമാറാകണം.”

5 ഫറവോൻ യോസേഫിനോട്, “നിന്റെ പിതാവും നിന്റെ സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു, 6 ഈജിപ്റ്റുദേശം നിന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ പിതാവിനെയും സഹോദരന്മാരെയും ദേശത്തിന്റെ ഏറ്റവും നല്ലഭാഗത്തു താമസിപ്പിക്കുക. അവർ ഗോശെനിൽ താമസിക്കട്ടെ. അവരിൽ പ്രാപ്തന്മാരായവരെ എന്റെ ആടുമാടുകളുടെ ചുമതല ഏൽപ്പിക്കുക” എന്നു പറഞ്ഞു.

7 തുടർന്ന് യോസേഫ് തന്റെ പിതാവായ യാക്കോബിനെ കൊണ്ടുവന്നു ഫറവോന്റെ മുമ്പിൽ നിർത്തി. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. 8 അതിനുശേഷം ഫറവോൻ യാക്കോബിനോട്, “അങ്ങേക്ക് എത്ര വയസ്സായി?” എന്നു ചോദിച്ചു.

9 യാക്കോബ് ഫറവോനോട്, “എന്റെ പരദേശപ്രയാണത്തിന്റെ വർഷങ്ങൾ നൂറ്റിമുപ്പതായിരിക്കുന്നു. എന്റെ വർഷങ്ങൾ ചുരുക്കവും പ്രയാസകരവുമാണ്; അവ എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണവർഷങ്ങളോളം ആയിട്ടുമില്ല” എന്നു പറഞ്ഞു. 10 പിന്നെ യാക്കോബ് ഫറവോനെ അനുഗ്രഹിച്ചിട്ട് അദ്ദേഹത്തിന്റെ സന്നിധിയിൽനിന്ന് പോയി.

11 യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും ഈജിപ്റ്റിൽ താമസിപ്പിച്ചു; ഫറവോൻ നിർദേശിച്ചപ്രകാരം നാടിന്റെ ഏറ്റവും നല്ല പ്രദേശമായ രമെസേസ് ജില്ലയിൽ അവർക്കു ഭൂമി നൽകുകയും ചെയ്തു. 12 യോസേഫ് തന്റെ പിതാവിനും സഹോദരന്മാർക്കും പിതാവിന്റെ കുടുംബത്തിൽപ്പെട്ട എല്ലാവർക്കും അവരുടെ കുഞ്ഞുങ്ങളുടെ എണ്ണമനുസരിച്ച് ആഹാരം നൽകി.

യോസേഫ് ഈജിപ്റ്റ് ഭരിക്കുന്നു ക്രി.മു. 1704

ഉൽപ്പത്തി 47:13–26

13 ക്ഷാമം അതിരൂക്ഷമാകുകയാൽ ആ പ്രദേശത്തെങ്ങും ഭക്ഷണമില്ലാതായി; ഈജിപ്റ്റും കനാനും ക്ഷാമംനിമിത്തം ക്ഷയിച്ചു. 14 ഈജിപ്റ്റിലും കനാനിലും ഉള്ളവർ തങ്ങൾ വാങ്ങിയ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം മുഴുവൻ യോസേഫ് ശേഖരിച്ച് ഫറവോന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. 15 ഈജിപ്റ്റിലും കനാനിലും ഉള്ള ജനങ്ങളുടെ പണം തീർന്നപ്പോൾ ഈജിപ്റ്റിലുള്ളവർ എല്ലാംകൂടി യോസേഫിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്കു ഭക്ഷണം തരണം, അങ്ങയുടെ കണ്മുമ്പിൽവെച്ചു ഞങ്ങൾ മരിക്കുന്നതെന്തിന്? ഞങ്ങളുടെ പണം തീർന്നുപോയിരിക്കുന്നു” എന്നു പറഞ്ഞു.

16 “എങ്കിൽ നിങ്ങളുടെ ആടുമാടുകളെ കൊണ്ടുവരിക. നിങ്ങളുടെ പണം തീർന്നുപോയിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി അവയ്ക്കുപകരം ഭക്ഷണം തരാം,” എന്നു യോസേഫ് പറഞ്ഞു. 17 അങ്ങനെ അവർ തങ്ങളുടെ ആടുമാടുകളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം അവരുടെ കുതിരകൾക്കും ചെമ്മരിയാടുകൾക്കും കോലാടുകൾക്കും കന്നുകാലികൾക്കും കഴുതകൾക്കും പകരം അവർക്കു ഭക്ഷണം നൽകി. അങ്ങനെ അദ്ദേഹം അവരുടെ ആടുമാടുകൾക്കു പകരമായി ഭക്ഷണം കൊടുത്ത് അവരെ ആ വർഷം പരിപാലിച്ചു.

18 അങ്ങനെ ആ വർഷം കഴിഞ്ഞു; അവർ പിറ്റേവർഷം അദ്ദേഹത്തിന്റെ അടുക്കൽ വന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പണം തീർന്നുപോകുകയും ഞങ്ങളുടെ ആടുമാടുകൾ അങ്ങയുടെ വകയായിത്തീരുകയും ചെയ്തതുകൊണ്ട് ഞങ്ങളുടെ ശരീരവും ഭൂമിയും അല്ലാതെ യജമാനനു തരാൻ മറ്റൊന്നുമില്ല. ഈ വസ്തുത യജമാനനിൽനിന്ന് മറച്ചുവെക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല. 19 ആഹാരത്തിനു പകരമായി ഞങ്ങളെയും ഞങ്ങളുടെ ഭൂമിയെയും വാങ്ങിക്കൊള്ളുക. ഞങ്ങൾ ഞങ്ങളുടെ ഭൂമിയോടുകൂടെ ഫറവോന്റെ അടിമകളായിക്കൊള്ളാം. ഞങ്ങൾ മരിച്ചുപോകാതെ ജീവിച്ചിരിക്കേണ്ടതിനും ഭൂമി ശൂന്യമായിപ്പോകാതിരിക്കേണ്ടതിനും അങ്ങു ഞങ്ങൾക്കു വിത്തു തരണം.”

20 യോസേഫ് ഈജിപ്റ്റിലുള്ള സർവഭൂമിയും ഫറവോനുവേണ്ടി വിലയ്ക്കുവാങ്ങി. ഈജിപ്റ്റുകാർ ഒന്നടങ്കം തങ്ങളുടെ വയലുകൾ വിറ്റു; ക്ഷാമം അവർക്കു താങ്ങാവുന്നതിലും അധികം കഠിനമായിരുന്നു. അങ്ങനെ ഭൂമിയെല്ലാം ഫറവോന്റേതായിത്തീർന്നു. 21 അങ്ങനെ യോസേഫ് ഈജിപ്റ്റിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള സകല ആളുകളെയും അടിമകളാക്കി. 22 എന്നാൽ പുരോഹിതന്മാർക്കു ഫറവോന്റെ പക്കൽനിന്ന് ക്രമമായി ഓഹരി ലഭിച്ചിരുന്നതുകൊണ്ടും ഫറവോൻ കൊടുത്ത ഓഹരിയിൽനിന്ന് അവർക്കു വേണ്ടുന്നത്ര ആഹാരം ഉണ്ടായിരുന്നതുകൊണ്ടും യോസേഫ് അവരുടെ ഭൂമി വിലയ്ക്കു വാങ്ങിയില്ല. അക്കാരണത്താലാണ് അവർ തങ്ങളുടെ ഭൂമി വിൽക്കാതിരുന്നത്.

23 യോസേഫ് ജനങ്ങളോടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങളെയും നിങ്ങളുടെ നിലങ്ങളെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾക്കുവേണ്ടിയുള്ള വിത്ത് ഇതാ, നിങ്ങൾക്കു നിലത്തു കൃഷി ചെയ്യാമല്ലോ. 24 എന്നാൽ വിളവുണ്ടാകുമ്പോൾ അതിന്റെ അഞ്ചിലൊന്നു ഫറവോനു കൊടുക്കണം. ശേഷിക്കുന്ന അഞ്ചിൽ നാലുഭാഗം വയലുകൾക്കുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കുമുള്ള ആഹാരമായും സൂക്ഷിക്കാവുന്നതാണ്.”

25 “അങ്ങു ഞങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു,” അവർ പറഞ്ഞു. “യജമാനൻ ഞങ്ങളോടു കരുണ കാണിച്ചാലും; ഞങ്ങൾ ഫറവോന് അടിമകളായിരുന്നുകൊള്ളാം.”

26 വിളവിന്റെ അഞ്ചിലൊന്ന് ഫറവോനുള്ളത് എന്ന ഭൂനിയമം യോസേഫ് ഈജിപ്റ്റിൽ സ്ഥാപിതമാക്കി. അത് ഇന്നും നിലനിൽക്കുന്നു. പുരോഹിതന്മാരുടെമാത്രം ഭൂമി ഫറവോന് അധീനമാകാതിരുന്നു.