ഭാഗം 6: യാക്കോബിന്റെയും ഗോത്രപിതാക്കന്മാരുടെയും മരണം
യാക്കോബ് പുത്രന്മാരെ അനുഗ്രഹിച്ച് മരിക്കുന്നു
ക്രി.മു. 1689
Biblica® Open Malayalam Contemporary Version™ (OMCV)
27 ഇസ്രായേല്യർ ഈജിപ്റ്റിലെ ഗോശെൻ പ്രദേശത്തു സ്ഥിരതാമസമാക്കി. അവിടെ അവർ വസ്തുക്കൾ സമ്പാദിക്കുകയും ഫലപുഷ്ടിയുള്ളവരായി എണ്ണത്തിൽ വർധിച്ചുവരികയും ചെയ്തു.
28 യാക്കോബ് ഈജിപ്റ്റിൽ പതിനേഴുവർഷം ജീവിച്ചു; അദ്ദേഹത്തിന്റെ ആയുസ്സ് നൂറ്റിനാൽപ്പത്തിയേഴു വർഷമായിരുന്നു. 29 ഇസ്രായേലിന്റെ മരണസമയം ആസന്നമായപ്പോൾ അദ്ദേഹം തന്റെ പുത്രനായ യോസേഫിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ, നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുകയും എന്നോടു കരുണയും വിശ്വസ്തതയും പുലർത്തുമെന്നു വാക്കു തരികയും വേണം. എന്നെ ഈജിപ്റ്റിൽ അടക്കരുത്; 30 പിന്നെയോ, ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം നിദ്ര പ്രാപിക്കുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി അവരെ അടക്കിയ സ്ഥലത്തുതന്നെ അടക്കണം” എന്നു പറഞ്ഞു.
“അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം,” അദ്ദേഹം പറഞ്ഞു.
31 “എന്നോടു ശപഥംചെയ്യുക,” അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ യോസേഫ് അദ്ദേഹത്തോടു ശപഥംചെയ്തു; ഇസ്രായേൽ തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്നു.
48:1 കുറെ കാലത്തിനുശേഷം, “അങ്ങയുടെ പിതാവു രോഗിയായിരിക്കുന്നു” എന്ന് യോസേഫിന് അറിയിപ്പു കിട്ടി. അദ്ദേഹം മനശ്ശെ, എഫ്രയീം എന്നീ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടുചെന്നു. 2 “അങ്ങയുടെ പുത്രനായ യോസേഫ് അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു,” എന്ന് യാക്കോബിനെ അറിയിച്ചപ്പോൾ ഇസ്രായേൽ തനിക്കുള്ള ശക്തി സമാഹരിച്ചു കട്ടിലിൽ എഴുന്നേറ്റിരുന്നു.
3 യാക്കോബ് യോസേഫിനോടു പറഞ്ഞു, “സർവശക്തനായ ദൈവം കനാൻദേശത്തെ ലൂസിൽവെച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അവിടെവെച്ച് അനുഗ്രഹിച്ചുകൊണ്ട് എന്നോട്: 4 ‘ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കുകയും നിന്റെ സംഖ്യ വർധിപ്പിക്കുകയും ചെയ്യും; ഞാൻ നിന്നെ ഒരു ജനസമൂഹമാക്കുകയും നിനക്കുശേഷം ഈ ദേശം നിന്റെ പിൻഗാമികൾക്കു ശാശ്വതാവകാശമായി നൽകുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു.
5 “ഞാൻ ഇവിടെ നിന്റെ അടുക്കൽ എത്തുന്നതിനുമുമ്പ് നിനക്ക് ഈജിപ്റ്റിൽവെച്ചു ജനിച്ചവരായ നിന്റെ പുത്രന്മാരെ രണ്ടുപേരെയും എനിക്കുള്ളവരായി കണക്കാക്കും; രൂബേനും ശിമെയോനും എനിക്കുള്ളവർ ആയിരിക്കുന്നതുപോലെതന്നെ എഫ്രയീമും മനശ്ശെയും എനിക്കുള്ളവരായിരിക്കുന്നതാണ്. 6 അവർക്കുശേഷം നിനക്കു ജനിച്ച കുഞ്ഞുങ്ങൾ നിനക്കുള്ളവരായിരിക്കും; അവർ അവകാശമാക്കുന്ന ദേശത്ത് തങ്ങളുടെ സഹോദരന്മാരുടെ പേരുകളോടുചേർത്ത് അവരെ കണക്കാക്കും. 7 ഞാൻ പദ്ദനിൽനിന്നു മടങ്ങുമ്പോൾ, കനാനിൽനിന്നു ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരിക്കെത്തന്നെ, എഫ്രാത്തിൽനിന്ന് അൽപ്പം അകലെ വഴിയിൽവെച്ച്, റാഹേൽ മരിച്ചു. ഞാൻ അവളെ എഫ്രാത്തിലേക്കുള്ള വഴിയുടെ അരികെ (അതായത്, ബേത്ലഹേമിൽ) അടക്കംചെയ്തു.”
8 യോസേഫിന്റെ പുത്രന്മാരെ കണ്ടിട്ട് ഇസ്രായേൽ, “ഇവർ ആരാകുന്നു?” എന്നു ചോദിച്ചു.
9 “ദൈവം എനിക്ക് ഇവിടെവെച്ചു നൽകിയ പുത്രന്മാരാണ് ഇവർ,” യോസേഫ് പിതാവിനോടു പറഞ്ഞു.
അപ്പോൾ ഇസ്രായേൽ, “അവരെ എന്റെ അടുക്കൽ കൊണ്ടുവരിക. ഞാൻ അവരെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
10 വാർധക്യംനിമിത്തം ഇസ്രായേലിന്റെ കാഴ്ച ക്ഷയിച്ചുകൊണ്ടിരുന്നു; അദ്ദേഹത്തിനു കാഴ്ച തീരെയില്ലാതായി. അതുകൊണ്ട് യോസേഫ് തന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ തൊട്ടടുത്തു കൊണ്ടുവന്നു; അദ്ദേഹത്തിന്റെ പിതാവ് അവരെ ചുംബിക്കുകയും ആലിംഗനംചെയ്യുകയും ചെയ്തു.
11 ഇസ്രായേൽ യോസേഫിനോട്, “നിന്റെ മുഖം വീണ്ടും കാണുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇപ്പോൾ ഇതാ, നിന്റെ മക്കളെയും കാണാൻ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
12 പിന്നെ യോസേഫ് അവരെ അദ്ദേഹത്തിന്റെ മടിയിൽനിന്ന് നീക്കി സാഷ്ടാംഗം നമസ്കരിച്ചു. 13 യോസേഫ് അവരെ ഇരുവരെയും പിടിച്ച്, എഫ്രയീമിനെ തന്റെ വലത്തുവശത്താക്കി ഇസ്രായേലിന്റെ ഇടത്തുകൈയുടെ നേർക്കും മനശ്ശെയെ തന്റെ ഇടത്തുവശത്താക്കി ഇസ്രായേലിന്റെ വലത്തുകൈയുടെ നേർക്കുമായി അദ്ദേഹത്തോടു ചേർത്തുനിർത്തി. 14 എഫ്രയീം ഇളയവനും മനശ്ശെ ആദ്യജാതനും ആയിരുന്നെങ്കിലും ഇസ്രായേൽ തന്റെ കൈകൾ പിണച്ച് വലങ്കൈ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മനശ്ശെയുടെ തലയിലും വെച്ചു.
15 ഇതിനുശേഷം അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു,
“എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും
ആരാധിച്ചുപോന്ന ദൈവം,
ജനിച്ചനാൾമുതൽ ഇന്നുവരെയും
എന്നെ കാത്തു പരിപാലിച്ച ദൈവം,
16 സർവദോഷത്തിൽനിന്നും എന്നെ വിടുവിച്ച ദൂതൻ
ഈ ബാലന്മാരെ അനുഗ്രഹിക്കുമാറാകട്ടെ.
ഇവർ എന്റെ പേരിലും എന്റെ പിതാക്കന്മാരായ
അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരിലും അറിയപ്പെടട്ടെ,
ഇവർ ഭൂമുഖത്ത്
അത്യധികമായി വർധിച്ചുവരട്ടെ.”
17 പിതാവു തന്റെ വലങ്കൈ എഫ്രയീമിന്റെ തലയിൽ വെക്കുന്നതു കണ്ടിട്ടു യോസേഫിന് അപ്രീതിയുണ്ടായി; അതുകൊണ്ട് അദ്ദേഹം പിതാവിന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിലേക്കു മാറ്റിവെക്കാൻ ആ കൈയിൽ പിടിച്ചു. 18 യോസേഫ് അദ്ദേഹത്തോട്, “അങ്ങനെയല്ല, അപ്പാ, ഇവനാണ് ആദ്യജാതൻ; വലങ്കൈ ഇവന്റെ തലയിൽ വെക്കണം” എന്നു പറഞ്ഞു.
19 എന്നാൽ അദ്ദേഹത്തിന്റെ പിതാവ് അതു നിരസിച്ചുകൊണ്ട്, “എനിക്കറിയാം, മകനേ, എനിക്കറിയാം. അവനും വലിയൊരു ജനമായിത്തീരും, ഇവനും മഹാനായിത്തീരും. എങ്കിലും അവന്റെ അനുജൻ അവനെക്കാൾ ശ്രേഷ്ഠനാകും, അവന്റെ പിൻഗാമികൾ ജനതകളുടെ ഒരു സമൂഹമായിത്തീരും” എന്നു പറഞ്ഞു. 20 അന്ന് അദ്ദേഹം അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു:
“ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കട്ടെ
എന്ന് ഇസ്രായേല്യർ നിന്റെ നാമത്തിൽ ആശീർവാദം ചൊല്ലും.”
ഇങ്ങനെ അദ്ദേഹം എഫ്രയീമിനെ മനശ്ശെക്കു മുന്നിലാക്കി.
21 തുടർന്ന് ഇസ്രായേൽ യോസേഫിനോട്, “ഞാൻ മരിക്കാറായിരിക്കുന്നു, എന്നാൽ ദൈവം നിങ്ങളോടുകൂടെയിരിക്കുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കിക്കൊണ്ടുപോകുകയും ചെയ്യും. 22 നിന്റെ സഹോദരന്മാരെക്കാൾ കൂടുതലായി, എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോര്യരിൽനിന്ന് പിടിച്ചെടുത്ത മലഞ്ചെരിവു ഞാൻ നിനക്കു തരുന്നു” എന്നു പറഞ്ഞു.
49:1 ഇതിനുശേഷം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “എന്റെ ചുറ്റും കൂടിനിൽക്കുക; ഭാവിയിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ പറഞ്ഞുതരാം.
2 “യാക്കോബിന്റെ പുത്രന്മാരേ, കൂടിവന്നു ശ്രദ്ധിക്കുക;
നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.
3 “രൂബേൻ എന്റെ ശക്തിയും
എന്റെ പൗരുഷത്തിന്റെ ആദ്യഫലവും ആഭിജാത്യത്തിന്റെ വൈശിഷ്ട്യവും
വീര്യത്തിന്റെ മഹിമയുംതന്നെ.
4 വെള്ളംപോലെ ഇളകിമറിയുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല.
നിന്റെ പിതാവിന്റെ കിടക്കമേൽ നീ കയറി,
എന്റെ ശയ്യയെ നീ അശുദ്ധമാക്കിയല്ലോ.
5 “ശിമെയോനും ലേവിയും സഹോദരങ്ങൾ;
അവരുടെ വാളുകൾ ഹിംസയുടെ ആയുധങ്ങൾ.
6 എന്റെ ഉള്ളം അവരുടെ ആലോചനയിൽ കൂടാതിരിക്കട്ടെ.
എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ.
തങ്ങളുടെ ക്രോധത്തിൽ അവർ മനുഷ്യരെ കൊന്നു;
ക്രൂരതയിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി.
7 അവരുടെ ഉഗ്രകോപവും കഠിനരോഷവും ശപിക്കപ്പെടട്ടെ. അതെത്ര ഉഗ്രം!
അവരുടെ ക്രോധം, അതെത്ര ക്രൂരം!
അവരെ ഞാൻ യാക്കോബിൽ വിഭജിക്കുകയും
ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
8 “യെഹൂദയേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും;
നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിന്മേൽ ഇരിക്കും;
നിന്റെ പിതാവിന്റെ പുത്രന്മാർ നിന്നെ നമിക്കും.
9 യെഹൂദാ, ഒരു സിംഹക്കുട്ടി;
എന്റെ മകനേ, നീ ഇരയുടെ അടുക്കൽനിന്ന് മടങ്ങുന്നു,
സിംഹത്തെപ്പോലെ അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു.
സിംഹിയെപ്പോലെ കിടക്കുന്ന അവനെ ഉണർത്താൻ ആരാണു മുതിരുക?
10 അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ
ആയിത്തീരുകയും ചെയ്യുന്നതുവരെ
ചെങ്കോൽ യെഹൂദയിൽനിന്നും
അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല.
11 അവൻ മുന്തിരിവള്ളിയിൽ തന്റെ കഴുതയെയും
വിശിഷ്ടമുന്തിരിവള്ളിയിൽ തന്റെ കഴുതക്കുട്ടിയെയും കെട്ടും.
അവൻ തന്റെ വസ്ത്രങ്ങൾ വീഞ്ഞിലും
അങ്കികൾ ദ്രാക്ഷാരസത്തിലും അലക്കുന്നു.
12 അവന്റെ കണ്ണുകൾ വീഞ്ഞിനെക്കാൾ കറുത്തതും
പല്ലുകൾ പാലിനെക്കാൾ വെളുത്തതുമത്രേ.
13 “സെബൂലൂൻ കടൽക്കരയിൽ പാർക്കും;
അവൻ കപ്പലുകൾക്ക് ഒരു തുറമുഖം;
അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും.
14 “യിസ്സാഖാർ കുരുത്തുറ്റ കഴുത;
അവൻ തീക്കുണ്ഡങ്ങൾക്കരികെ കിടക്കുന്നു.
15 വിശ്രമസ്ഥലം നല്ലതെന്നും
ദേശം ആനന്ദപ്രദമെന്നും അവൻ കണ്ടു;
അവൻ തന്റെ തോൾ ചുമടിനു കുനിച്ചു,
കഠിനവേലയ്ക്ക് തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു.
16 “ഇസ്രായേൽഗോത്രങ്ങളിൽ ഒന്നെന്ന നിലയിൽ
ദാൻ സ്വജനത്തിനു ന്യായപാലനംചെയ്യും.
17 ദാൻ വഴിയരികിൽ സർപ്പവും
പാതയിൽ അണലിയുംതന്നെ;
അതു കുതിരയുടെ കുതികാലിൽ കടിക്കും;
അങ്ങനെ കുതിരമേൽ സവാരിചെയ്യുന്നവൻ മലർന്നുവീഴും.
18 “യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.
19 “ഗാദിനെ കൊള്ളസംഘം ആക്രമിക്കും;
എന്നാൽ അവൻ അവരെ, അവരുടെ കുതികാലുകളിൽത്തന്നെ ആക്രമിക്കും.
20 “ആശേരിന്റെ ആഹാരം പുഷ്ടിയുള്ളത്;
രാജകീയ സ്വാദുഭോജ്യങ്ങൾ അവൻ പ്രദാനംചെയ്യും.
21 “നഫ്താലി, മനോഹരമായ മാൻകിടാങ്ങളെ പ്രസവിക്കുന്ന
സ്വതന്ത്രയായ മാൻപേട.
22 “യോസേഫ് ഫലപൂർണമായ വൃക്ഷം;
നീരുറവയ്ക്കരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷംതന്നെ.
അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു.
23 വില്ലാളികൾ അവനെ വല്ലാതെ വിഷമിപ്പിച്ചു;
അവർ എയ്ത് അവനെ ആക്രമിച്ചു.
24 അവന്റെ വില്ല് സ്ഥിരതയോടെ നിന്നു;
അവന്റെ ഭുജങ്ങൾ ബലവത്തായി നിലനിന്നു;
യാക്കോബിന്റെ വല്ലഭന്റെ കരത്താൽ,
ഇസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽത്തന്നെ.
25 നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും;
സർവശക്തൻ നിന്നെ അനുഗ്രഹിക്കും.
മീതേ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും
ആഴത്തിൽ കിടക്കുന്ന ആഴിയുടെ അനുഗ്രഹങ്ങളാലും,
മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലുംതന്നെ.
26 നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ
പുരാതന പർവതങ്ങളുടെ അനുഗ്രഹങ്ങളെക്കാളും
ശാശ്വതഗിരികളുടെ സമ്പത്തിനെക്കാളും വിശിഷ്ടമത്രേ.
ഇവയെല്ലാം യോസേഫിന്റെ ശിരസ്സിൽ,
തന്റെ സഹോദരന്മാരുടെ ഇടയിൽ പ്രഭുവായവന്റെ നെറ്റിയിൽ ആവസിക്കട്ടെ.
27 “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്;
അതിരാവിലെ അവൻ ഇരയെ വിഴുങ്ങുന്നു;
സന്ധ്യാസമയത്ത് അവൻ കൊള്ള പങ്കിടുന്നു.”
28 ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളും ഇവയാണ്; ഇങ്ങനെയായിരുന്നു ഓരോരുത്തനും അനുയോജ്യമായ അനുഗ്രഹം നൽകിക്കൊണ്ട് അവരെ അനുഗ്രഹിച്ചപ്പോൾ അവരുടെ പിതാവ് അവരോടു പറഞ്ഞത്.
29-30 പിന്നെ യാക്കോബ് അവർക്ക് ഈ നിർദേശങ്ങൾ നൽകി: “ഞാൻ എന്റെ ജനത്തോടു ചേരാൻ പോകുന്നു. കനാനിലെ മമ്രേയ്ക്കു സമീപമുള്ളതും ഹിത്യനായ എഫ്രോന്റെ പക്കൽനിന്നും അബ്രാഹാം വയലോടുകൂടെ ശ്മശാനസ്ഥലമായി വിലയ്ക്കു വാങ്ങിയതുമായ മക്പേലാനിലത്തിലെ ഗുഹയിൽ, ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽത്തന്നെ—എന്റെ പിതാക്കന്മാരോടൊപ്പം—എന്നെ നിങ്ങൾ അടക്കംചെയ്യണം. 31 അവിടെയാണ് അബ്രാഹാമിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും അടക്കിയത്; അവിടെയാണ് യിസ്ഹാക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയായ റിബേക്കയെയും അടക്കിയത്; ഞാൻ ലേയയെ അടക്കിയതും അവിടെത്തന്നെ. 32 ആ വയലും അതിലെ ഗുഹയും ഹിത്യരിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്.”
33 യാക്കോബ് തന്റെ പുത്രന്മാർക്ക് നിർദേശങ്ങൾ നൽകിക്കഴിഞ്ഞപ്പോൾ കാലുകൾ കിടക്കയിൽ കയറ്റിവെച്ചിട്ട് അന്ത്യശ്വാസം വലിച്ചു; തന്റെ ജനത്തോടു ചേർന്നു.