യോസേഫിന്റെ സഹോദരന്മാർ മടങ്ങിച്ചെല്ലുന്നു, യാക്കോബ് പിന്നാലെ പോകുന്നു (continued)

ക്ഷാമം തുടരുന്നു. യോസേഫിന്റെ സഹോദരന്മാർ രണ്ടാംതവണ ഈജിപ്റ്റിലേക്കു പോകുന്നു; അവരുടെ പിതാവ് പിന്നാലെ പോകുന്നു.

ക്രി.മു. 1706

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 44–45

1 യോസേഫ് തന്റെ കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: “ഈ പുരുഷന്മാരുടെ ചാക്കുകളിൽ അവർക്കു വഹിക്കാവുന്നത്ര ധാന്യം നിറയ്ക്കണം; ഓരോരുത്തന്റെയും പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽത്തന്നെ വെച്ചേക്കണം. 2 പിന്നെ, ഏറ്റവും ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ എന്റെ വെള്ളിപ്പാനപാത്രം അവന്റെ ധാന്യത്തിനുള്ള പണത്തോടൊപ്പം വെക്കുക.” യോസേഫ് തന്നോടു കൽപ്പിച്ചതുപോലെ അയാൾ ചെയ്തു.

3 പ്രഭാതമായപ്പോൾ അവരെ അവരുടെ കഴുതകളുമായി യാത്രയയച്ചു. 4 അവർ നഗരത്തിൽനിന്ന് ദൂരെയാകുന്നതിനുമുമ്പ് യോസേഫ് തന്റെ കാര്യസ്ഥനോട്, “പെട്ടെന്ന് ആ പുരുഷന്മാരെ പിൻതുടരുക. അവരോടൊപ്പം എത്തിക്കഴിയുമ്പോൾ നീ അവരോട്, ‘നിങ്ങൾ നന്മയ്ക്കുപകരം തിന്മ ചെയ്തതെന്തിന്? 5 ഈ പാനപാത്രത്തിൽനിന്നല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? ഇതല്ലയോ ദേവപ്രശ്നംവെക്കുന്നതിന് അദ്ദേഹം ഉപയോഗിക്കുന്നത്? നിങ്ങൾ ഈ ചെയ്തത് അധാർമികമായ ഒരു കാര്യമാണ്’ എന്നു പറയുക” എന്നു കൽപ്പിച്ചു.

6 കാര്യസ്ഥൻ അവരോടൊപ്പം എത്തിക്കഴിഞ്ഞപ്പോൾ ഇതേ വാക്കുകൾ അവരോടു പറഞ്ഞു. 7 എന്നാൽ അവർ അദ്ദേഹത്തോട്, “യജമാനൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതെന്ത്? അങ്ങയുടെ ഈ ദാസന്മാരിൽനിന്ന് അത്തരം കാര്യങ്ങൾ ഒരിക്കലും ഉണ്ടാകുകയില്ല. 8 ഞങ്ങളുടെ ചാക്കുകളുടെ വായ്ക്കൽ കണ്ടെത്തിയ പണംപോലും ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ മടക്കിക്കൊണ്ടുവന്നു. പിന്നെ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് ഞങ്ങൾ വെള്ളിയോ സ്വർണമോ എന്തിനു മോഷ്ടിക്കണം? 9 അങ്ങയുടെ ദാസന്മാരിൽ ആരുടെയെങ്കിലും പക്കൽ അതു കണ്ടെത്തിയാൽ അവൻ മരിക്കട്ടെ; ശേഷിക്കുന്നവരായ ഞങ്ങൾ യജമാനന്റെ അടിമകൾ ആകുകയും ചെയ്യാം” എന്നു പറഞ്ഞു.

10 “കൊള്ളാം, നിങ്ങൾ പറയുന്നതുപോലെതന്നെ ആകട്ടെ. അത് ആരുടെ പക്കൽ കാണുന്നോ അവൻ എന്റെ അടിമയായിരിക്കുന്നതാണ്; ശേഷിക്കുന്ന മറ്റുള്ളവർ കുറ്റത്തിൽനിന്ന് ഒഴിഞ്ഞിരിക്കയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

11 അവരിൽ ഓരോരുത്തനും പെട്ടെന്ന് അവനവന്റെ ചാക്ക് നിലത്ത് ഇറക്കിവെച്ചു തുറന്നു. 12 ഏറ്റവും മൂത്തവനെമുതൽ ഏറ്റവും ഇളയവനെവരെ കാര്യസ്ഥൻ പരിശോധിച്ചു; ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടെത്തി. 13 അപ്പോൾ അവരെല്ലാവരും തങ്ങളുടെ വസ്ത്രംകീറി. പിന്നെ അവർ കഴുതകളുടെമേൽ ഭാരംകയറ്റി നഗരത്തിലേക്കു മടങ്ങി.

14 യെഹൂദയും സഹോദരന്മാരും യോസേഫിന്റെ വീട്ടിൽച്ചെന്നു. യോസേഫ് അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു; അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു. 15 യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്തതെന്ത്? എന്നെപ്പോലെയുള്ള ഒരുവനു ദേവപ്രശ്നംവെച്ചു കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നു നിങ്ങൾക്കറിഞ്ഞുകൂടയോ?” എന്നു ചോദിച്ചു.

16 അതിന് യെഹൂദാ മറുപടി പറഞ്ഞത്, “യജമാനനോടു ഞങ്ങൾക്ക് എന്താണു പറയാൻ കഴിയുക? ഞങ്ങൾ എന്തുപറയും? ഞങ്ങളുടെ കുറ്റമില്ലായ്മ ഞങ്ങൾ എങ്ങനെയാണു തെളിയിക്കുക? അങ്ങയുടെ ദാസന്മാരുടെ കുറ്റം ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ യജമാനന്റെ അടിമകളാണ്. ഞങ്ങളും പാനപാത്രം ആരുടെ പക്കൽ കണ്ടെത്തിയോ അവനും.”

17 “അങ്ങനെയൊരു പ്രവൃത്തി എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. ആരുടെ പക്കൽ പാനപാത്രം കണ്ടെത്തിയോ അവൻമാത്രം എന്റെ അടിമ ആയിരിക്കുന്നതാണ്; നിങ്ങളിൽ ശേഷമുള്ളവർ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുത്തേക്കു പൊയ്ക്കൊൾക,” യോസേഫ് പറഞ്ഞു.

18 അപ്പോൾ യെഹൂദാ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ഇങ്ങനെ ബോധിപ്പിച്ചു: “യജമാനനേ, തിരുവുള്ളം തോന്നി, അടിയന് യജമാനനോട് ഒരു വാക്കു പറയാൻ അനുവാദം തരണമേ. അങ്ങു ഫറവോനു സമനാണെങ്കിലും അടിയനോടു കോപിക്കരുതേ. 19 യജമാനൻ അടിയങ്ങളോട്, ‘നിങ്ങൾക്കു പിതാവോ സഹോദരന്മാരോ ഉണ്ടോ?’ എന്നു ചോദിച്ചു. 20 അപ്പോൾ ഞങ്ങൾ, ‘ഞങ്ങൾക്കു വൃദ്ധനായ ഒരു പിതാവും അദ്ദേഹത്തിനു വാർധക്യത്തിൽ ജനിച്ച, ഒരു മകനും ഉണ്ട്. അവന്റെ സഹോദരൻ മരിച്ചുപോയി; അവന്റെ മാതാവിന്റെ പുത്രന്മാരിൽ അവശേഷിക്കുന്നവൻ അവൻമാത്രമാണ്. അവന്റെ പിതാവ് അവനെ സ്നേഹിക്കുന്നു’ എന്ന് ഉത്തരം പറഞ്ഞു.

21 “അപ്പോൾ അങ്ങ്, ഈ ദാസന്മാരോട്, ‘എനിക്കു നേരിട്ട് അവനെ ഒന്നു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൊണ്ടുവരിക’ എന്ന് ആജ്ഞാപിച്ചല്ലോ. 22 അപ്പോൾ ഞങ്ങൾ യജമാനനോട്: ‘ബാലന് അവന്റെ പിതാവിൽനിന്ന് വേർപിരിയാൻ വയ്യാ, വിട്ടുപോന്നാൽ പിതാവു മരിച്ചുപോകും,’ എന്നു പറഞ്ഞു. 23 അപ്പോൾ അങ്ങ് അടിയങ്ങളോട്: ‘നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ നിങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ നിങ്ങൾ ഇനിമേൽ എന്റെ മുഖം കാണുകയില്ല’ എന്നു കൽപ്പിച്ചു. 24 ഞങ്ങൾ തിരികെ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ എത്തിയപ്പോൾ, അങ്ങ് പറഞ്ഞിരുന്നതെല്ലാം ഞങ്ങൾ അദ്ദേഹത്തോട് അറിയിച്ചു.

25 “അതിനുശേഷം ഞങ്ങളുടെ പിതാവ് ഞങ്ങളോട്, ‘നിങ്ങൾ മടങ്ങിച്ചെന്നു കുറെ ഭക്ഷണംകൂടി വാങ്ങുക’ എന്നു പറഞ്ഞു. 26 അതിനു ഞങ്ങൾ, ‘ഞങ്ങൾക്കു പോകാൻ സാധ്യമല്ല, ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ കൂടെയുണ്ടെങ്കിൽമാത്രമേ ഞങ്ങൾ പോകുകയുള്ളൂ. ഏറ്റവും ഇളയ അനുജൻ ഞങ്ങളോടൊപ്പം ഇല്ലാത്തപക്ഷം ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ സാധിക്കുകയില്ല’ എന്നു പറഞ്ഞു.

27 “അപ്പോൾ അങ്ങയുടെ ദാസനായ എന്റെ പിതാവ് ഞങ്ങളോട്, ‘എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കറിയാമല്ലോ. 28 അവരിൽ ഒരാൾ എന്നിൽനിന്ന് അകലേക്ക് പോയി. “അവനെ തീർച്ചയായും ചീന്തിക്കളഞ്ഞിട്ടുണ്ട്,” എന്നു ഞാൻ ഉറച്ചു. ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല. 29 ഇവനെയും നിങ്ങൾ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും ദോഷം ഭവിക്കയും ചെയ്താൽ നിങ്ങൾ എന്റെ നരച്ചതലയെ, ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും’ എന്നു പറഞ്ഞു.

30-31 “അതുകൊണ്ട് ഇപ്പോൾ ബാലനെ കൂടാതെ ഞാൻ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ ചെന്നാൽ, അവനെ കാണാത്തതുനിമിത്തം അദ്ദേഹം മരിച്ചുപോകും; അദ്ദേഹത്തിന്റെ ജീവൻ ബാലന്റെ ജീവനോടു പറ്റിച്ചേർന്നിരിക്കുന്നു; അടിയങ്ങൾക്കു പിതാവിന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കാൻ ഇടയാകും. 32 ‘അവനെ അങ്ങയുടെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ, പിതാവേ, ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അതിന്റെ കുറ്റം വഹിച്ചുകൊള്ളാം’ എന്നു ഞാൻ ബാലന്റെ സുരക്ഷിതത്വത്തിന്, അടിയന്റെ പിതാവിന് ഉറപ്പു നൽകിയിട്ടുള്ളതാണ്.

33 “അതുകൊണ്ട് ഇപ്പോൾ ബാലനെ അവന്റെ സഹോദരന്മാരോടുകൂടെ തിരികെപ്പോകാൻ ദയവായി അനുവദിക്കണം; ബാലനു പകരം അടിയൻ ഇവിടെ അടിമയായിരുന്നുകൊള്ളാം. 34 ബാലൻ എന്നോടുകൂടെ ഇല്ലെങ്കിൽ ഞാൻ എങ്ങനെയാണ് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെല്ലുന്നത്? അങ്ങനെ അരുതേ, എന്റെ പിതാവിനു വരുന്ന ദുരിതം കാണാൻ എനിക്കിടയാക്കരുതേ.”

45:1 അപ്പോൾ യോസേഫിനു തന്റെ ചുറ്റുംനിന്ന ഉദ്യോഗസ്ഥന്മാരുടെമുമ്പിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി. “എല്ലാവരെയും എന്റെ മുന്നിൽനിന്ന് പുറത്താക്കുക,” അദ്ദേഹം വിളിച്ചുപറഞ്ഞു. അങ്ങനെ, യോസേഫ് സഹോദരന്മാർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ആരും ഉണ്ടായിരുന്നില്ല. 2 ഈജിപ്റ്റുകാർ കേൾക്കുംവിധം അദ്ദേഹം വളരെ ഉറക്കെ കരഞ്ഞു. ഫറവോന്റെ കൊട്ടാരത്തിലുള്ളവരും ഈ വാർത്ത കേട്ടു.

3 യോസേഫ് സഹോദരന്മാരോട്, “ഞാൻ യോസേഫ് ആകുന്നു! എന്റെ അപ്പൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു. എന്നാൽ അതിന് ഉത്തരം പറയാൻ അദ്ദേഹത്തിന്റെ സഹോദരന്മാർക്കു കഴിഞ്ഞില്ല; കാരണം അദ്ദേഹത്തിന്റെ സന്നിധിയിൽ അവർ അത്ഭുതപരവശരായിരുന്നു.

4 ഇതിനുശേഷം യോസേഫ് സഹോദരന്മാരോട്, “എന്റെ അടുത്തേക്കു വരിക” എന്നു പറഞ്ഞു. അവർ അടുക്കൽവന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആണ്. നിങ്ങൾ എന്നെ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു. 5 എന്നാൽ ഇപ്പോൾ നിങ്ങൾ ദുഃഖിക്കരുത്; ഇവിടേക്കു വിറ്റതിൽ നിങ്ങളോടുതന്നെ കോപിക്കയുമരുത്; കാരണം, ജീവരക്ഷയ്ക്കായി ദൈവം നിങ്ങൾക്കുമുമ്പായി എന്നെ ഇവിടെ അയച്ചതാണ്. 6 ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്. 7 എന്നാൽ ഭൂമുഖത്ത് നിങ്ങൾക്കായി ഒരു ശേഷിപ്പിനെ നിലനിർത്താനും മഹത്തായ ഒരു വിടുതലിലൂടെ നിങ്ങളുടെ പ്രാണനെ രക്ഷിക്കാനുമായി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ അയച്ചിരിക്കുന്നു.

8 “ആകയാൽ നിങ്ങളല്ല, ദൈവമാണ് എന്നെ ഇവിടെ അയച്ചത്. അവിടന്ന് എന്നെ ഫറവോനു പിതാവും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പ്രഭുവും ഈജിപ്റ്റുദേശത്തിലുള്ള എല്ലാവർക്കും ഭരണാധികാരിയും ആക്കിയിരിക്കുന്നു. 9 ഇപ്പോൾ നിങ്ങൾ വേഗം എന്റെ അപ്പന്റെ അടുക്കൽ എത്തി അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ മകനായ യോസേഫ് അറിയിക്കുന്നു: ദൈവം എന്നെ ഈജിപ്റ്റിന്റെ മുഴുവൻ പ്രഭുവാക്കിയിരിക്കുന്നു; അങ്ങ് എന്റെ അടുക്കലേക്കു വേഗം വരണം, ഒട്ടും താമസിക്കരുത്. 10 അങ്ങും, അങ്ങയുടെ മക്കളും കൊച്ചുമക്കളും ആടുമാടുകളും സകലസ്വത്തുക്കളുമായി വന്ന് എന്റെ സമീപത്ത്, ഗോശെൻ ദേശത്തു താമസിച്ചുകൊള്ളുക. 11 അവിടെ നിങ്ങൾക്കു വേണ്ടുന്നതെല്ലാം ഞാൻ എത്തിച്ചുതന്നുകൊള്ളാം; ക്ഷാമത്തിന്റെ അഞ്ചുവർഷങ്ങൾകൂടി ഇനിയുണ്ട്. അല്ലെങ്കിൽ അങ്ങും അങ്ങയുടെ കുടുംബത്തിലുള്ളവരും അങ്ങേക്കുള്ളതെല്ലാം നശിച്ചുപോകുമല്ലോ.’

12 “നിങ്ങളോടു സംസാരിക്കുന്നതു വാസ്തവത്തിൽ ഞാൻതന്നെ എന്നു നിങ്ങളും എന്റെ സഹോദരനായ ബെന്യാമീനും നേരിട്ടു കാണുന്നല്ലോ! 13 ഈജിപ്റ്റിൽ എനിക്കു നൽകിയിരിക്കുന്ന ബഹുമാനവും നിങ്ങൾ കണ്ടിരിക്കുന്ന സകലതും എന്റെ പിതാവിനെ അറിയിക്കണം; എന്റെ പിതാവിനെ എത്രയുംവേഗം ഇവിടെ കൊണ്ടുവരണം.”

14 പിന്നെ അദ്ദേഹം അനുജനായ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീനും കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ആലിംഗനംചെയ്തു. 15 തന്റെ എല്ലാ സഹോദരന്മാരെയും ചുംബിച്ച് അവരെച്ചൊല്ലി അദ്ദേഹം കരഞ്ഞു. ഈ സംഭവത്തിനുശേഷം തന്റെ സഹോദരന്മാർ അദ്ദേഹവുമായി സല്ലപിച്ചു.

16 യോസേഫിന്റെ സഹോദരന്മാർ വന്നിട്ടുണ്ട് എന്ന വാർത്ത ഫറവോന്റെ അരമനയിൽ എത്തിയപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും ആഹ്ലാദിച്ചു. 17 ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട്, ‘നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി കനാൻദേശത്തേക്കു മടങ്ങിപ്പോകാൻ പറയുക. 18 നിങ്ങളുടെ പിതാവിനെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും എന്റെ അടുക്കൽ കൊണ്ടുവരാനും പറയണം; ഈജിപ്റ്റുദേശത്തുള്ളതിൽ ഏറ്റവും നല്ല പ്രദേശം ഞാൻ നിങ്ങൾക്കു തരുമെന്നും നിങ്ങൾക്ക് ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കാൻ കഴിയുമെന്നും അവരെ അറിയിക്കണം.’

19 “നീ അവരോടു വീണ്ടും പറയേണ്ടത്: ‘നിങ്ങളുടെ കുഞ്ഞുങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കുംവേണ്ടി ഈജിപ്റ്റിൽനിന്ന് ഏതാനും വാഹനങ്ങൾ കൊണ്ടുപോകുകയും പിതാവിനെ കൂട്ടിക്കൊണ്ടുപോരുകയും വേണം. 20 നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഒട്ടും ചിന്താഭാരപ്പെടേണ്ടതില്ല; കാരണം ഈജിപ്റ്റിൽ വിശിഷ്ടമായതൊക്കെയും നിങ്ങൾക്കുള്ളതാണ്.’ ”

21 ഇസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ പ്രവർത്തിച്ചു. ഫറവോൻ കൽപ്പിച്ചതുപോലെ യോസേഫ് അവർക്കു വാഹനങ്ങൾ നൽകുകയും അവരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. 22 അവരിൽ ഓരോരുത്തർക്കും അദ്ദേഹം പുതിയ ഓരോ വസ്ത്രങ്ങൾ കൊടുത്തു. എന്നാൽ ബെന്യാമീന് അദ്ദേഹം മുന്നൂറു ശേക്കേൽ വെള്ളിയും അഞ്ചു വസ്ത്രങ്ങളും കൊടുത്തു. 23 പിതാവിന് അദ്ദേഹം അയച്ചുകൊടുത്തത്: പത്തു കഴുതകളുടെ പുറത്ത് കയറ്റിയ ഈജിപ്റ്റിലെ ഏറ്റവും വിശിഷ്ടമായ വസ്തുക്കളും പത്തു പെൺകഴുതകളുടെ പുറത്തു കയറ്റിയ ധാന്യവും അപ്പവും അദ്ദേഹത്തിന്റെ യാത്രയ്ക്കു വേണ്ടുന്ന മറ്റു സാമഗ്രികളും ആയിരുന്നു. 24 അങ്ങനെ അദ്ദേഹം സഹോദരന്മാരെ യാത്രയാക്കി; അവർ പുറപ്പെടുമ്പോൾ അദ്ദേഹം അവരോട്, “വഴിക്കുവെച്ചു നിങ്ങൾ കലഹിക്കരുത്” എന്നു പറഞ്ഞു.

25 അങ്ങനെ അവർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട് കനാൻദേശത്ത്, തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ എത്തിച്ചേർന്നു. 26 അവർ അദ്ദേഹത്തോട്, “യോസേഫ് ഇപ്പോഴും ജീവിച്ചിരിക്കുന്നു! അവൻ, ഈജിപ്റ്റുദേശത്തിന്റെ മുഴുവൻ ഭരണാധികാരിയാണ്” എന്നു പറഞ്ഞു. യാക്കോബ് സ്തംഭിച്ചിരുന്നുപോയി; അവരുടെ വാക്ക് അദ്ദേഹം വിശ്വസിച്ചില്ല. 27 എന്നാൽ യോസേഫ് തങ്ങളോടു പറഞ്ഞതെല്ലാം അവർ അദ്ദേഹത്തെ അറിയിക്കയും തന്നെ കൂട്ടിക്കൊണ്ടുപോകുന്നതിനു യോസേഫ് അയച്ചിരിക്കുന്ന വാഹനങ്ങൾ കാണുകയും ചെയ്തപ്പോൾ അവരുടെ പിതാവായ യാക്കോബിന് വീണ്ടും ചൈതന്യംവന്നു. 28 “എനിക്കുറപ്പായി! എന്റെ മകൻ യോസേഫ് ജീവനോടെയിരിക്കുന്നു. ഞാൻ മരിക്കുന്നതിനുമുമ്പേ ചെന്ന് അവനെ കാണും,” ഇസ്രായേൽ പറഞ്ഞു.