യേശു ഒരു സുറൊഫൊയ്നീക്യ സ്ത്രീയുടെ മകളെ സൗഖ്യമാക്കുന്നു

സോർ, സീദോൻ പ്രദേശത്തേക്കുള്ള രണ്ടാമത്തെ പിൻവാങ്ങലും ഒരു സുറൊഫൊയ്നീക്യ സ്ത്രീയുടെ മകളെ സൗഖ്യമാക്കുന്നതും.

ക്രി.പി. 29 അല്ലെങ്കിൽ 28

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 15:21–28

15:21 യേശു ആ സ്ഥലംവിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. 22 അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു” എന്നു പറഞ്ഞു.

23 യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്ന അവളെ പറഞ്ഞയയ്ക്കണമേ” എന്നപേക്ഷിച്ചു.

24 “ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്,” എന്ന് യേശു ഉത്തരം പറഞ്ഞു.

25 എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണ്, “കർത്താവേ, എന്നെ സഹായിക്കണമേ” എന്നപേക്ഷിച്ചു.

26 അതിന് യേശു, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു.

27 “ശരിയാണ് കർത്താവേ,” അവൾ പറഞ്ഞു. “എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ.”

28 അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.

മർക്കോസ് 7:24–30

7:24 യേശു ആ സ്ഥലംവിട്ടു സോരിന്റെ പ്രദേശത്തേക്കുപോയി. അദ്ദേഹം ഒരു ഭവനത്തിൽ പ്രവേശിച്ചു; അത് ആരും അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു, എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം രഹസ്യമായി വെക്കുക അസാധ്യമായിരുന്നു. 25 ദുരാത്മാവു ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ അദ്ദേഹത്തെക്കുറിച്ചു കേട്ടയുടനെ, വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു.

26 അവൾ സുറൊഫൊയ്നീക്യയിൽ ജനിച്ച ഒരു ഗ്രീക്കുകാരി ആയിരുന്നു. തന്റെ മകളിൽനിന്ന് ഭൂതത്തെ പുറത്താക്കാൻ അവൾ യേശുവിനോട് അപേക്ഷിച്ചു.

27 യേശു അവളോട്, “ആദ്യം മക്കൾ തിന്നു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു.

28 അതിന് അവൾ, “അതേ കർത്താവേ, മേശയുടെ കീഴിൽ ഉള്ള നായ്ക്കുട്ടികളും മക്കളുടെ കൈകളിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ” എന്നു മറുപടി പറഞ്ഞു.

29 അപ്പോൾ യേശു അവളോടു പറഞ്ഞത്: പൊയ്ക്കൊള്ളൂ, “നിന്റെ വിശ്വാസം നിറഞ്ഞ ഈ വാക്കുകൾനിമിത്തം ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു.”

30 അവൾ വീട്ടിൽ എത്തിയപ്പോൾ കുട്ടി ഭൂതബാധ ഒഴിഞ്ഞ് കട്ടിലിൽ കിടക്കുന്നതു കണ്ടു.

യേശു നാലായിരം പേർക്ക് ആഹാരം നൽകുന്നു

മൂന്നാമത്തെ പിൻവാങ്ങൽ: വടക്കോട്ട് ഫൊയ്നീക്യയിലൂടെ, കിഴക്കോട്ട് ഹെർമോന്റെ ദിശയിലേക്കും തെക്കോട്ട് ദെക്കപ്പൊലിയിലേക്കും (ഹെരോദാവ് അന്തിപ്പാസിന്റെ അധികാരപ്രദേശത്ത് കടക്കാതെ); ഇതിനിടയിൽ ബധിരനും മൂകനുമായ മനുഷ്യനെ സൗഖ്യമാക്കുകയും നാലായിരം പേർക്ക് ആഹാരം നൽകുകയും ചെയ്യുന്നു.

മത്തായി 15:29–38

15:29 യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു.

30 ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, വികലാംഗർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി. 31 ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.

32 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”

33 അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു.

34 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു.

“ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.

35 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. 36 പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു.

37 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.

38 ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.

മർക്കോസ് 7:31–8:9

7:31 പിന്നീട് യേശു സോർപ്രദേശം വിട്ടു സീദോനിലൂടെ ദെക്കപ്പൊലിവഴി ഗലീലാതടാകതീരത്തേക്കു പോയി. 32 അവിടെ ചിലർ ബധിരനും മൂകനുമായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു; അയാളുടെമേൽ കൈവെച്ച് സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോടു യാചിച്ചു.

33 യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിനിർത്തി തന്റെ വിരലുകൾ അയാളുടെ ചെവികളിൽ ഇട്ടു; തന്റെ തുപ്പൽ അയാളുടെ നാവിൽ തൊടുവിച്ചു. 34 അദ്ദേഹം സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ “തുറന്നുവരിക” എന്നർഥമുള്ള “എഫഥാ” എന്നു പറഞ്ഞു. 35 അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.

36 ഇത് ആരോടും പറയരുത് എന്ന് യേശു കൽപ്പിച്ചു. അദ്ദേഹം പറയരുതെന്ന് എത്രയേറെ കൽപ്പിച്ചുവോ അത്രയേറെ അവർ അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. 37 “അദ്ദേഹം എല്ലാം നന്നായി ചെയ്തിരിക്കുന്നു, ബധിരർക്കു കേൾവിയും മൂകർക്കു സംസാരശേഷിയും നൽകുന്നല്ലോ,” എന്നു പറഞ്ഞ് ജനങ്ങൾ അത്യന്തം ആശ്ചര്യപ്പെട്ടു.

8:1 ആ ദിവസങ്ങളിൽത്തന്നെ വീണ്ടും ഒരു വലിയ ജനക്കൂട്ടം വന്നുകൂടിയിരുന്നു. അവരുടെപക്കൽ ഭക്ഷിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. അതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്: 2 “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. 3 ഞാൻ അവരെ വിശപ്പോടെ വീട്ടിലേക്കയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും; അവരിൽ ചിലർ വളരെ ദൂരത്തുനിന്നു വന്നവരുമാണ്” എന്നു പറഞ്ഞു.

4 അതിനു ശിഷ്യന്മാർ, “ഇവിടെ ഈ വിജനപ്രദേശത്ത് ഇവർക്കു മതിയാകുന്നത്ര അപ്പം കിട്ടുന്നത് എവിടെനിന്ന്?” എന്നു ചോദിച്ചു.

5 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു.

“ഏഴ്” അവർ മറുപടി പറഞ്ഞു.

6 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. പിന്നീട് ആ ഏഴ് അപ്പം എടുത്ത് സ്തോത്രംചെയ്ത്, നുറുക്കി, ജനങ്ങൾക്കു വിളമ്പാൻ ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അതു വിളമ്പുകയും ചെയ്തു. 7 അവരുടെപക്കൽ കുറെ ചെറിയ മീനും ഉണ്ടായിരുന്നു; അതിനുവേണ്ടിയും അദ്ദേഹം നന്ദി അർപ്പിച്ചതിനുശേഷം, വിളമ്പാൻ ശിഷ്യന്മാരോടു പറഞ്ഞു.

8 ജനങ്ങൾ ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.

9 അവിടെ ഭക്ഷണം കഴിച്ചവരിൽ പുരുഷന്മാർ ഏകദേശം നാലായിരം ആയിരുന്നു.