കഴുകാത്ത കൈകളുടെ പേരിൽ പരീശന്മാർ യേശുവിനെ ശാസിക്കുന്നു

കൈകളുടെ ആചാരപരമായ അശുദ്ധിയെക്കുറിച്ചുള്ള തങ്ങളുടെ പാരമ്പര്യങ്ങൾ അവഗണിക്കാൻ ശിഷ്യന്മാരെ അനുവദിച്ചതിന് ജെറുശലേമിൽനിന്നുള്ള പരീശന്മാർ യേശുവിനെ ശാസിക്കുന്നു. യേശു ദുർഗ്രഹമായ ഒരു ഉപമയിലൂടെ മറുപടി നൽകുന്നു.

മിക്കവാറും കഫാർനഹൂമിൽ

ക്രി.പി. 29 അല്ലെങ്കിൽ 28

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 15:1–3, 7–9, 4–6, 10–20

15:1 അതിനുശേഷം ജെറുശലേമിൽനിന്ന് ചില പരീശന്മാരും വേദജ്ഞരും യേശുവിന്റെ അടുക്കൽവന്ന്,

2 “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്ത്? അവർ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലല്ലോ!” എന്നു ചോദിച്ചു.

3 അതിന് യേശു ചോദിച്ച മറുചോദ്യം: “നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്?

7 കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:

8 “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു;

അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

9 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു;

അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’”

4 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു.

5 എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ.

6 ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ?

10 പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക.

11 മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ”

12 അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു.

13 യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും. 14 അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.”

15 “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു.

16 “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു. 17 “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ.

18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്.

19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു;

20 ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”

മർക്കോസ് 7:1–23

7:1 പരീശന്മാരും വേദജ്ഞരിൽ ചിലരും യേശുവിനെ കാണാനായി ജെറുശലേമിൽനിന്ന് വന്ന് അദ്ദേഹത്തിന്റെ ചുറ്റുംകൂടി. 2 അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത, അതായത്, യെഹൂദാചാരപ്രകാരം കഴുകാത്ത കൈകൊണ്ട്, ആഹാരം കഴിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. 3 പൂർവികരുടെ പാരമ്പര്യമനുസരിച്ചു പരീശരും യെഹൂദരെല്ലാവരും ആചാരപരമായി കൈകഴുകാതെ ആഹാരം കഴിക്കുകയില്ല.

4 ചന്തസ്ഥലത്തുനിന്നു വരുമ്പോഴും ഒരു അനുഷ്ഠാനമെന്നനിലയിൽ ശുദ്ധിവരുത്താതെ ഒന്നും ഭക്ഷിക്കുകയില്ല. പാനപാത്രങ്ങൾ, കുടങ്ങൾ, ഓട്ടുപാത്രങ്ങൾ എന്നിവ കഴുകുക തുടങ്ങി മറ്റനേകം ആചാരങ്ങളും അവർ അനുഷ്ഠിച്ചിരുന്നു.

5 അതുകൊണ്ട്, പരീശന്മാരും വേദജ്ഞരും യേശുവിനോട്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുഷ്ഠിച്ചു ജീവിക്കാതെ ‘അശുദ്ധമായ’ കൈകൾകൊണ്ടു ഭക്ഷണം കഴിക്കുന്നതെന്ത്?” എന്നു ചോദിച്ചു.

6 അതിന് അദ്ദേഹം: “കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:

“ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു;

അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

7 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു;

അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’

8 നിങ്ങൾ ദൈവകൽപ്പനകൾ ഉപേക്ഷിച്ചു മാനുഷികപാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്നു,” എന്നു പറഞ്ഞു.

9 അദ്ദേഹം അവരോടു തുടർന്നു പറഞ്ഞത്: “സ്വന്തം പാരമ്പര്യങ്ങൾ പാലിക്കാൻവേണ്ടി കൗശലപൂർവം നിങ്ങൾ ദൈവകൽപ്പനകൾ അവഗണിക്കുന്നു.

10 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും മോശ കൽപ്പിച്ചിരിക്കുന്നു.

11 എന്നാൽ നിങ്ങൾ: ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ ‘ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ അഥവാ, ‘കൊർബാൻ’ എന്നു പറഞ്ഞാൽ മാതാപിതാക്കളോടുള്ള അയാളുടെ കടമ തീർന്നു എന്നു പറയുന്നു.

12 അങ്ങനെ പിതാവിനോ മാതാവിനോവേണ്ടി ഒരിക്കലും എന്തെങ്കിലും ചെയ്തുകൊടുക്കാൻ നിങ്ങൾ അവനെ അനുവദിക്കുന്നുമില്ല.

13 ഇപ്രകാരം നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പനയെ അസാധുവാക്കുന്നു. ഇതുമാത്രമല്ല, ഇതുപോലെയുള്ള പലതും നിങ്ങൾ ചെയ്യുന്നുണ്ട്.”

14 യേശു ജനക്കൂട്ടത്തെ വീണ്ടും തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “എല്ലാവരും എന്റെ വാക്ക് ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക.

15 പുറമേനിന്നു മനുഷ്യന്റെ അകത്തേക്കു ചെല്ലുന്ന യാതൊന്നിനും ആ വ്യക്തിയെ ‘അശുദ്ധമാക്കാൻ’ കഴിയുകയില്ല. 16 പിന്നെയോ, മനുഷ്യഹൃദയത്തിൽനിന്നു പുറത്തു വരുന്നതാണ് ആ മനുഷ്യനെ അശുദ്ധമാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”

17 ജനക്കൂട്ടത്തെ വിട്ട് അദ്ദേഹം ഭവനത്തിൽ എത്തിയപ്പോൾ ശിഷ്യന്മാർ ഈ സാദൃശ്യകഥയെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു.

18 “നിങ്ങൾ ഇത്ര ബുദ്ധിഹീനരോ?” അദ്ദേഹം ചോദിച്ചു. “പുറമേനിന്ന് ഉള്ളിലേക്കുചെല്ലുന്ന യാതൊരു ഭക്ഷണത്തിനും ഒരു മനുഷ്യനെ അശുദ്ധമാക്കാൻ കഴിയുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലയോ?

19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കും പിന്നെ ശരീരത്തിനു പുറത്തേക്കുമാണ് പോകുന്നത്.” എല്ലാ ഭക്ഷണവും ശുദ്ധമെന്ന് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കി.

20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്. 21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം, 22 അത്യാഗ്രഹം, ദുഷ്‌പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു.

23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”

യോഹന്നാൻ 7:1

7:1 ഇതുകഴിഞ്ഞ്, യേശു ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു; യെഹൂദനേതാക്കന്മാർ തന്നെ വധിക്കാൻ അന്വേഷിച്ചതുകൊണ്ട് അവിടന്ന് ബോധപൂർവം യെഹൂദ്യയിൽക്കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കി.