മഗദായിൽ പരീശന്മാരും സദൂക്യരും യേശുവിനെതിരെ ആഞ്ഞടിക്കുന്നു
ഗലീലയിലെ മഗദായിലേക്കുള്ള (ദൽമനൂഥാ) ഹ്രസ്വസന്ദർശനവും പരീശന്മാരുടെയും സദൂക്യരുടെയും രൂക്ഷമായ ആക്രമണവും (അവർ ഇപ്പോൾ യേശുവിനെതിരെ രംഗത്തുവരുന്നതു ശ്രദ്ധിക്കുക).
ക്രി.പി. 29 അല്ലെങ്കിൽ 28
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 15:39–16:4
15:39 ജനക്കൂട്ടത്തെ യാത്രയയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദാ ദേശത്തേക്കു പോയി.
16:1 പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിന്, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
2 യേശു അവരോട്, “സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’ 3 സൂര്യോദയത്തിൽ, ആകാശം ചെമന്നും ഇരുണ്ടും ഇരുന്നാൽ ഇന്ന് ‘കൊടുങ്കാറ്റുണ്ടാകും എന്നും’ നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം; എന്നാൽ, ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയുന്നതുമില്ല. 4 ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം ആവശ്യപ്പെടുന്നു. എന്നാൽ, യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. യേശു പിന്നെ അവരെ വിട്ട് അവിടെനിന്ന് പോയി.
മർക്കോസ് 8:10–12
8:10 അവരെ യാത്രയയച്ചശേഷം അദ്ദേഹം ശിഷ്യന്മാരോടുകൂടെ വള്ളത്തിൽ കയറി ദൽമനൂഥാ ദേശത്തേക്കു യാത്രയായി.
11 പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശു ദൈവപുത്രൻ ആണെന്നതിന് തെളിവായി അവർ സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. 12 അദ്ദേഹം ആത്മാവിൽ ഞരങ്ങിക്കൊണ്ട്: “ഈ തലമുറ എന്തുകൊണ്ടാണ് ചിഹ്നം ആവശ്യപ്പെടുന്നത്? ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഈ തലമുറയ്ക്ക് ഒരു അത്ഭുതചിഹ്നവും നൽകപ്പെടുകയില്ല” എന്നു പറഞ്ഞു.
യേശു ബേത്ത്സയിദയിൽ ഒരു അന്ധനെ സൗഖ്യമാക്കുന്നു
നാലാമത്തെ പിൻവാങ്ങൽ, ഹെരോദാവ് ഫിലിപ്പൊസിന്റെ ചതുർഭരണപ്രദേശത്തിലെ ബേത്ത്സയിദ ജൂലിയാസിലേക്ക്. മറുകരയിലേക്കുള്ള യാത്രയിൽ യേശു ശിഷ്യന്മാരുടെ ഗ്രഹണശക്തിയില്ലായ്മയെ കഠിനമായി ശാസിക്കുന്നു; ബേത്ത്സയിദയിൽ അദ്ദേഹം ഒരു അന്ധനെ സൗഖ്യമാക്കുന്നു.
മത്തായി 16:5–12
16:5 അവർ തടാകത്തിന്റെ അക്കരയ്ക്ക് പോയപ്പോൾ, ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയി.
6 യേശു അവരോട്, “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവ് സൂക്ഷിക്കുക” എന്നു പറഞ്ഞു.
7 “നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു.
8 അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്? 9 നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി വന്നത് എത്ര കുട്ട നിറയെ എന്നും
10 ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ?
11 എന്നാൽ ‘പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പുള്ള മാവ് സൂക്ഷിക്കുക’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് അപ്പത്തിന്റെ കാര്യത്തെക്കുറിച്ചല്ലെന്ന് നിങ്ങൾ മനസ്സിലാക്കാത്തതെന്ത്?”
12 അപ്പോഴാണ്, ജാഗ്രത പുലർത്തണമെന്ന് യേശു പറഞ്ഞുകൊണ്ടിരുന്നത് അപ്പത്തിന് ഉപയോഗിക്കുന്ന പുളിപ്പിനെക്കുറിച്ചല്ല, പിന്നെയോ പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെ സംബന്ധിച്ചാണ് എന്നു ശിഷ്യന്മാർക്ക് മനസ്സിലായത്.
മർക്കോസ് 8:13–26
8:13 പിന്നീട് അദ്ദേഹം അവരെവിട്ടു വള്ളത്തിൽ കയറി അക്കരയ്ക്കു യാത്രയായി.
14 വള്ളത്തിൽ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരപ്പം ഒഴികെ വേറെ അപ്പം കൊണ്ടുവരാൻ ശിഷ്യന്മാർ മറന്നുപോയിരുന്നു.
15 “സൂക്ഷിക്കുക, പരീശന്മാരുടെയും ഹെരോദാവിന്റെയും പുളിച്ചമാവിനെപ്പറ്റി ജാഗ്രതയുള്ളവരായിരിക്കുക.” യേശു അവർക്കു മുന്നറിയിപ്പു നൽകി.
16 “നമ്മുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്” എന്ന് അവർ പരസ്പരം ചർച്ചചെയ്തു.
17 അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു അവരോടു ചോദിച്ചു, “അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ ചർച്ചചെയ്യുന്നതെന്ത്? നിങ്ങൾ ഇപ്പോഴും കണ്ടു മനസ്സിലാക്കുന്നില്ലേ? നിങ്ങൾക്ക് കാര്യങ്ങൾ വേണ്ടതുപോലെ മനസ്സിലാക്കാൻ കഴിയുന്നില്ലേ?
18 അതോ, കണ്ണുണ്ടായിട്ടും കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ? നിങ്ങൾ ഓർക്കുന്നതുമില്ലേ?
19 ഞാൻ അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചാണ് നിങ്ങൾ പെറുക്കിയത്?”
“പന്ത്രണ്ട്” അവർ മറുപടി പറഞ്ഞു.
20 “ഞാൻ ഏഴ് അപ്പം നുറുക്കി നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചെടുത്തു?”
“ഏഴ്” അവർ മറുപടി പറഞ്ഞു.
21 “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?” അദ്ദേഹം അവരോടു ചോദിച്ചു.
22 അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു. 23 യേശു അന്ധന്റെ കൈക്കുപിടിച്ചു, ഗ്രാമത്തിനു പുറത്തുകൊണ്ടുപോയി. അദ്ദേഹം അയാളുടെ കണ്ണുകളിൽ തുപ്പി, തന്റെ കൈകൾ അയാളുടെമേൽ വെച്ചുകൊണ്ട് അയാളോട്, “നീ എന്തെങ്കിലും കാണുന്നുണ്ടോ?” എന്നു ചോദിച്ചു.
24 അയാൾ ചുറ്റും നോക്കിയിട്ട്, “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, വ്യക്തമായിട്ടല്ല, അവർ നടക്കുന്ന മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്” എന്നു പറഞ്ഞു.
25 യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു. 26 “ഗ്രാമത്തിനുള്ളിൽ പോകരുത്” എന്നു പറഞ്ഞ് യേശു അയാളെ നേരേ വീട്ടിലേക്കയച്ചു.