ഭാഗം 8: യേശു ഗലീലയ്ക്കു ചുറ്റും പന്ത്രണ്ടുപേരെ പരിശീലിപ്പിക്കുന്നു

ഗലീലയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ പന്ത്രണ്ടുപേർക്കു നൽകുന്ന പ്രത്യേക പരിശീലനം.

മിക്കവാറും എഡി 29-ലെ പെസഹ മുതൽ എഡി 29-ലെ കൂടാരപ്പെരുന്നാളിന് അടുത്തുവരെ, അല്ലെങ്കിൽ ഒരു വർഷം മുമ്പ് (വസന്തകാലം മുതൽ ശരത്കാലം വരെ ആറു മാസം). ഈ കാലഘട്ടത്തിന്റെ ആരംഭം മുതൽ ക്രൂശീകരണം വരെ ഒരു വർഷം മാത്രം. ഇപ്പോൾ ഊന്നൽ രാജ്യത്തിന്റെ രാജാവിനാണ് (മശിഹാ എന്ന വ്യക്തിക്ക്)

ഗലീലയിൽനിന്നുള്ള വ്യത്യസ്തമായ നാലു പിൻവാങ്ങലുകൾ വിവരിച്ചിരിക്കുന്നു. ഓരോ തവണയും അദ്ദേഹം ഹെരോദാവിന്റെ അധികാരപ്രദേശത്തിനു പുറത്തു നിൽക്കുന്നതും മലകളിലേക്കു പോകുന്നതും ശ്രദ്ധിക്കുക.

യേശു അയ്യായിരം പേർക്ക് ആഹാരം നൽകുന്നു

ആദ്യത്തെ പിൻവാങ്ങൽ: പന്ത്രണ്ടുപേർ മടങ്ങിയെത്തുന്നു; വിശ്രമിക്കാനായി യേശു അവരോടൊപ്പം തടാകത്തിന്റെ മറുകരയിലേക്കു പിൻവാങ്ങുന്നു. അയ്യായിരം പേർക്ക് ആഹാരം നൽകുന്നു.

ക്രി.പി. 29 അല്ലെങ്കിൽ 28

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 14:13–21

14:13 യേശു ഇതു കേട്ടിട്ട് വള്ളത്തിൽ കയറി അവിടെനിന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്ന് കരമാർഗം അദ്ദേഹത്തെ ലക്ഷ്യമാക്കി യാത്രചെയ്തു.

14 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു; അദ്ദേഹത്തിന് അവരോടു സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി.

15 സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും” എന്നു പറഞ്ഞു.

16 അതിനു മറുപടിയായി യേശു, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.

17 “ഇവിടെ ഞങ്ങളുടെപക്കൽ അഞ്ചപ്പവും രണ്ടുമീനും അല്ലാതെ ഒന്നുമില്ല,” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.

18 “എങ്കിൽ അവ ഇവിടെ കൊണ്ടുവരിക,” എന്ന് യേശു പറഞ്ഞിട്ട്

19 ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി.

20 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

21 ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.

മർക്കോസ് 6:30–44

6:30 അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ മടങ്ങിവന്നു തങ്ങൾ ചെയ്തതും ഉപദേശിച്ചതുമെല്ലാം അദ്ദേഹത്തെ അറിയിച്ചു. 31 ഈ സമയത്ത് യേശുവിന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും പോകുകയും ചെയ്തിരുന്നതുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം അവരോട്, “നിങ്ങൾ എന്റെകൂടെ ഒരു വിജനസ്ഥലത്തു വന്ന് അൽപ്പം വിശ്രമിക്കുക” എന്നു പറഞ്ഞു.

32 അങ്ങനെ അവർ ഒരു വള്ളത്തിൽ കയറി ഒരു വിജനസ്ഥലത്തേക്ക് യാത്രയായി.

33 എന്നാൽ, അവർ പോകുന്നതുകണ്ട് അത് എവിടേക്കാണെന്നു മനസ്സിലാക്കിയ അനേകം ആളുകൾ എല്ലാ പട്ടണങ്ങളിൽനിന്നും ഓടി അവർക്കുമുമ്പേ ആ സ്ഥലത്തെത്തി. 34 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരിക്കുന്നതുകണ്ട്; യേശുവിന് അവരോടു സഹതാപം തോന്നി. അതുകൊണ്ട് അദ്ദേഹം അവരെ പല കാര്യങ്ങളും ഉപദേശിക്കാൻ തുടങ്ങി.

35 നേരം വൈകിയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അടുത്തെത്തി. “ഇതൊരു വിജനസ്ഥലമാണ്, നേരവും വളരെ വൈകിയിരിക്കുന്നു,

36 ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും പോയി എന്തെങ്കിലും ഭക്ഷണസാധനങ്ങൾ വാങ്ങാൻ ജനങ്ങളെ പറഞ്ഞയച്ചാലും” എന്നു പറഞ്ഞു.

37 അതിനുത്തരമായി യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു.

“അതിന് ഇരുനൂറ് വെള്ളിക്കാശു വേണ്ടിവരും. ഞങ്ങൾ പോയി അത്രയും പണം സ്വരൂപിച്ച് അപ്പം വാങ്ങി അവർക്കു ഭക്ഷിക്കാൻ കൊടുക്കണമോ?” എന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു.

38 അദ്ദേഹം അവരോട്, “നിങ്ങളുടെപക്കൽ എത്ര അപ്പം ഉണ്ട്? പോയി നോക്കുക” എന്നു പറഞ്ഞു.

അവർ നോക്കിയിട്ട്, “അഞ്ച്; രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു.

39 ജനങ്ങളെ പച്ചപ്പുൽപ്പുറത്തു പന്തിപന്തിയായി ഇരുത്താൻ യേശു അവരോടു പറഞ്ഞു.

40 അവർ നൂറും അൻപതും വീതം നിരനിരയായി നിലത്തിരുന്നു.

41 അദ്ദേഹം അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു.

42 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; 43 അവശേഷിച്ച അപ്പക്കഷണങ്ങളും മീനും ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

44 ഭക്ഷണം കഴിച്ചവരിൽ അയ്യായിരംപേർ പുരുഷന്മാർ ആയിരുന്നു.

ലൂക്കോസ് 9:10–17

9:10 അപ്പൊസ്തലന്മാർ തിരികെയെത്തി തങ്ങൾ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം അപ്പൊസ്തലന്മാരെമാത്രം ഒപ്പംകൂട്ടി ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു യാത്രയായി.

11 എന്നാൽ അദ്ദേഹം എവിടേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയ ജനക്കൂട്ടം പിന്നാലെ ചെന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്ത് അവരോടു ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും രോഗസൗഖ്യം ആവശ്യമായിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു.

12 സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു.

13 എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.

“ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.

14 അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു.

എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു.

15 അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി.

16 അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു.

17 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

യോഹന്നാൻ 6:1–13

6:1 കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി.

2 രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു. 3 യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഇരുന്നു.

4 യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു.

5 യേശു തല ഉയർത്തിനോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്നു ചോദിച്ചു.

6 അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു.

7 “ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന് അപ്പം മതിയാകുകയില്ല,” എന്നും ഫിലിപ്പൊസ് പറഞ്ഞു.

8 മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു,

9 “ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള അഞ്ചപ്പവും രണ്ടുമീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?”

10 “ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു.

11 തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു.

12 എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു, “ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്.”

13 അവർ അവ ശേഖരിച്ചു; അഞ്ചു യവത്തപ്പത്തിൽനിന്ന് ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കുട്ട നിറച്ചെടുത്തു.