യേശുവിനെ രാജാവാക്കാനുള്ള പദ്ധതി തടയപ്പെടുന്നു

യേശുവിനെ രാജാവായി (ഒരു രാഷ്ട്രീയ മശിഹായായി) പ്രഖ്യാപിക്കാനുള്ള വിപ്ലവപദ്ധതി തടയപ്പെടുന്നു.

ക്രി.പി. 29 അല്ലെങ്കിൽ 28

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 14:22–23

14:22 യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവരെ നിർബന്ധിച്ചു.

23 ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഏകനായി ഒരു മലയിലേക്ക് കയറിപ്പോയി. അദ്ദേഹം ആ രാത്രിയിൽ അവിടെ തനിച്ചായിരുന്നു.

മർക്കോസ് 6:45–46

6:45 യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരെ ബേത്ത്സയിദെക്കു പോകാൻ അവരെ നിർബന്ധിച്ചു.

46 ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഒരു മലയിലേക്ക് കയറിപ്പോയി.

യോഹന്നാൻ 6:14–15

6:14 യേശു ചെയ്ത അത്ഭുതചിഹ്നം കണ്ടിട്ടു ജനങ്ങൾ, “വാസ്തവമായി, ലോകത്തിലേക്കു വരാനുള്ള പ്രവാചകൻ ഇദ്ദേഹം ആകുന്നു” എന്നു പറഞ്ഞു.

15 അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി.

ക്രിസ്തു വെള്ളത്തിന്മേലൂടെ പന്ത്രണ്ടുപേരുടെ അടുക്കൽ വരുന്നു

കടലിലെ കൊടുങ്കാറ്റിൽ പന്ത്രണ്ടുപേർ അപകടത്തിലാകുന്നു; ഇരുട്ടിൽ ക്രിസ്തു വെള്ളത്തിന്മേലൂടെ അവരുടെ അടുക്കൽ വരുന്നു.

മത്തായി 14:24–33

14:24 അപ്പോൾ വള്ളം കരയിൽനിന്ന് വളരെദൂരം പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ വള്ളം തിരകളാൽ ആടിയുലയുകയുമായിരുന്നു.

25 രാത്രി മൂന്നുമണിക്കുശേഷം യേശു തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി.

26 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു.

27 ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”

28 അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ” എന്നപേക്ഷിച്ചു.

29 “വരിക,” അദ്ദേഹം പറഞ്ഞു.

അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു. 30 എന്നാൽ, അയാൾ കൊടുങ്കാറ്റു കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. “കർത്താവേ, രക്ഷിക്കണമേ,” അയാൾ നിലവിളിച്ചു.

31 യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; “അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?” എന്നു ചോദിച്ചു.

32 പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. 33 വള്ളത്തിൽ ഉണ്ടായിരുന്നവർ, “അങ്ങ് ദൈവപുത്രൻതന്നെ സത്യം” എന്നു പറഞ്ഞ് അദ്ദേഹത്തെ വീണുവണങ്ങി.

മർക്കോസ് 6:47–52

6:47 അന്നുരാത്രിയിൽ വള്ളം തടാകത്തിന്റെ നടുവിലും അദ്ദേഹം തനിച്ചു കരയിലും ആയിരുന്നു,

48 കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നത് യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു.

49 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് അത് ഒരു ഭൂതമായിരിക്കുമെന്ന് അവർ വിചാരിച്ചു. 50 അദ്ദേഹത്തെ കണ്ട് അവരെല്ലാവരും ഭയവിഹ്വലരായി അലമുറയിട്ടു.

ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”

51 പിന്നെ അദ്ദേഹം അവരോടൊപ്പം വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. അവർ അത്ഭുതപരതന്ത്രരായി. 52 അവർക്ക് കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ കഴിയാതിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഭവത്തിന്റെ പ്രാധാന്യം അവർ ഗ്രഹിച്ചിരുന്നില്ല.

യോഹന്നാൻ 6:16–21

6:16 സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി.

17 അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല. 18 പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു.

19 അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു. 20 യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”

21 അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.

ഗെന്നേസരെത്തിൽ യേശു സ്വീകരിക്കപ്പെടുന്നു

മത്തായി 14:34–36

14:34 അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി.

35 ആ ദേശവാസികൾ യേശുവിനെ തിരിച്ചറിഞ്ഞപ്പോൾ, യേശു വന്ന വിവരം സമീപപ്രദേശങ്ങളിലെല്ലാം അറിയിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. 36 അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാൻ രോഗികൾക്ക് അനുവാദം നൽകണമെന്ന് അവർ യാചിച്ചു; തൊട്ടവർക്കെല്ലാം സൗഖ്യം ലഭിച്ചു.

മർക്കോസ് 6:53–56

6:53 അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി, വള്ളം അവിടെ അടുപ്പിച്ചു. 54 വള്ളത്തിൽനിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു. 55 അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് യേശു ഉണ്ടെന്നു കേട്ട സ്ഥലങ്ങളിലേക്കെല്ലാം രോഗികളെ കിടക്കകളിൽ എടുത്തുകൊണ്ടുവന്നുതുടങ്ങി.

56 ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും അദ്ദേഹം പോയിടത്തെല്ലാം അവർ രോഗികളെ കൊണ്ടുവന്നു, ചന്തമൈതാനങ്ങളിൽ കിടത്തിയിട്ട് അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. അദ്ദേഹത്തെ തൊട്ടവരെല്ലാം സൗഖ്യംപ്രാപിച്ചു.