കുറ്റബോധംമൂലം യേശുവിനെക്കുറിച്ചുള്ള ഹെരോദാവിന്റെ ഭയങ്ങൾ

യോഹന്നാൻസ്നാപകനെ മഖേരൂസിൽവെച്ച് ശിരച്ഛേദം ചെയ്തിരുന്നതിനാൽ, തിബെര്യാസിലുള്ള ഹെരോദാവ് അന്തിപ്പാസിന് യേശുവിനെക്കുറിച്ച് കുറ്റബോധം നിറഞ്ഞ ഭയം ഉണ്ടാകുന്നു.

ക്രി.പി. 27 മുതൽ 29 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 14:1–12

14:1 ആ കാലത്ത് ഗലീലയിലെ ഭരണാധികാരിയായിരുന്ന ഹെരോദാവ് യേശുവിനെക്കുറിച്ചുള്ള വാർത്തകേട്ട്, 2 തന്റെ സേവകന്മാരോട്, “ഇദ്ദേഹം യോഹന്നാൻസ്നാപകൻതന്നെയാണ്. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്” എന്നു പറഞ്ഞു.

3 ഹെരോദാവ്, തന്റെ സഹോദരൻ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, നേരത്തേ യോഹന്നാനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടച്ചിരുന്നു.

4 “നീ നിയമവിരുദ്ധമായാണ് അവളെ സ്വന്തമാക്കിയിരിക്കുന്നത്,” എന്ന് യോഹന്നാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നതിനാലാണ് അപ്രകാരം ചെയ്തത്. 5 യോഹന്നാനെ വധിക്കാൻ ഹെരോദാവ് ആഗ്രഹിച്ചെങ്കിലും ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്നു കരുതിയിരുന്നതിനാൽ രാജാവ് ജനത്തെ ഭയപ്പെട്ടിരുന്നു.

6 ഹെരോദാരാജാവിന്റെ ജന്മദിനത്തിൽ ഹെരോദ്യയുടെ പുത്രി രാജസദസ്സിൽ നൃത്തം ചെയ്ത്, അദ്ദേഹത്തെ വളരെ പ്രസാദിപ്പിച്ചതിനാൽ

7 അവൾ എന്തു ചോദിച്ചാലും കൊടുക്കാമെന്ന് രാജാവ് ശപഥംചെയ്തുപറഞ്ഞു. 8 അപ്പോൾ അവൾ തന്റെ അമ്മയുടെ നിർദേശപ്രകാരം, “യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു.

9 രാജാവ് ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ ആഗ്രഹം നിറവേറ്റാൻ ആജ്ഞ നൽകി.

10 അങ്ങനെ കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്യിച്ചു; 11 അദ്ദേഹത്തിന്റെ തല ഒരു തളികയിൽ കൊണ്ടുവന്ന് ആ പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.

12 യോഹന്നാന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ ശരീരം എടുത്ത് സംസ്കരിച്ചു. പിന്നെ അവർ ഈ വിവരം യേശുവിനെ അറിയിച്ചു.

മർക്കോസ് 6:14–29

6:14 ഹെരോദാരാജാവ് യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയിലുള്ള ചർച്ച കേട്ടു; കാരണം, യേശുവിന്റെ പേര് ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. “യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്,” എന്നു ചിലർ പറഞ്ഞു.

15 മറ്റുചിലരാകട്ടെ, “ഏലിയാപ്രവാചകൻ മടങ്ങിവന്നിരിക്കുന്നു” എന്നു പറഞ്ഞു.

വേറെചിലരോ, “പുരാതന പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകനാണ് ഇദ്ദേഹം” എന്ന് അഭിപ്രായപ്പെട്ടു.

16 എന്നാൽ ഹെരോദാവാകട്ടെ, “ഞാൻ ശിരച്ഛേദംചെയ്ത യോഹന്നാനാണ് ഇത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.

17 കുറച്ചുകാലംമുമ്പ് യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിൽ അടയ്ക്കാൻ കൽപ്പന കൊടുത്തത് ഈ ഹെരോദാവ് ആയിരുന്നു. ഹെരോദ്യയുടെ പ്രേരണയാലായിരുന്നു അദ്ദേഹം അതു ചെയ്തത്. അദ്ദേഹം തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹംകഴിച്ചിരുന്നു.

18 “സഹോദരന്റെ ഭാര്യയെ നീ നിയമവിരുദ്ധമായാണ് സ്വന്തമാക്കിയിരിക്കുന്നത്” എന്ന് യോഹന്നാൻ ഹെരോദാവിനോട് പറഞ്ഞിരുന്നു. 19 അതുകൊണ്ട് ഹെരോദ്യയ്ക്ക് യോഹന്നാന്റെനേരേ പക ഉണ്ടായിരുന്നു. അദ്ദേഹത്തെ കൊന്നുകളയാൻ അവൾ ആഗ്രഹിച്ചു. എന്നാൽ, അവൾക്ക് അതിനു കഴിഞ്ഞിരുന്നില്ല. 20 കാരണം, യോഹന്നാൻ നീതിനിഷ്ഠനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഹെരോദാവ് അദ്ദേഹത്തെ ഭയപ്പെടുകയും പരിരക്ഷിക്കുകയുംചെയ്തിരുന്നു. യോഹന്നാന്റെ പ്രഭാഷണം ഹെരോദാവിനെ വളരെയേറെ അസ്വസ്ഥനാക്കാറുണ്ടായിരുന്നെങ്കിലും അത് ആനന്ദത്തോടെ കേട്ടുപോന്നു.

21 ഹെരോദാവ് തന്റെ ജന്മദിനത്തിൽ, ഉന്നത ഉദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കുംവേണ്ടി ഒരു വിരുന്നു നടത്തിയത് ഹെരോദ്യയ്ക്ക് ഒരവസരമായി:

22 ഹെരോദ്യയുടെ മകൾ വിരുന്നുശാലയുടെ അകത്തുവന്നു നൃത്തം ചെയ്ത് ഹെരോദാവിനെയും അതിഥികളെയും പ്രസാദിപ്പിച്ചു.

രാജാവ് അവളോട്, “നിനക്ക് ഇഷ്ടമുള്ളതെന്തും എന്നോടു ചോദിക്കുക, അതു ഞാൻ നിനക്കു തരാം” എന്നു പറഞ്ഞു.

23 “നീ എന്തു ചോദിച്ചാലും, രാജ്യത്തിന്റെ പകുതിയായാൽപോലും ഞാൻ നിനക്കു തരും,” എന്ന് അദ്ദേഹം അവളോടു ശപഥംചെയ്തുപറഞ്ഞു.

24 അവൾ പുറത്തുപോയി, “ഞാൻ എന്താണു ചോദിക്കേണ്ടത്?” എന്ന് അമ്മയോടു ചോദിച്ചു.

“യോഹന്നാൻസ്നാപകന്റെ തല ആവശ്യപ്പെടുക,” അമ്മ പറഞ്ഞു.

25 ഉടനെതന്നെ, പെൺകുട്ടി വേഗത്തിൽ രാജാവിന്റെ അടുക്കൽ തിരിച്ചെത്തി. “യോഹന്നാൻസ്നാപകന്റെ തല ഇപ്പോൾത്തന്നെ ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു.

26 രാജാവ് അത്യന്തം ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ അപേക്ഷ നിരസിക്കാൻ അയാൾക്കു നിവൃത്തിയില്ലാതായി.

27 അതുകൊണ്ട് ഹെരോദാവ് ഉടൻതന്നെ യോഹന്നാന്റെ തല കൊണ്ടുവരുന്നതിനുള്ള കൽപ്പനകൊടുത്ത് ഒരു ആരാച്ചാരെ അയച്ചു. അയാൾ ചെന്ന് കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്തു. 28 അദ്ദേഹത്തിന്റെ തല ഒരു തളികയിലാക്കി കൊണ്ടുവന്നു; ആരാച്ചാർ അത് പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.

29 യോഹന്നാന്റെ ശിഷ്യന്മാർ ഈ വാർത്തയറിഞ്ഞ് വരികയും അദ്ദേഹത്തിന്റെ ശരീരം എടുത്ത് ഒരു കല്ലറയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു.

ലൂക്കോസ് 9:7–9

9:7 ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് ഈ സംഭവങ്ങളെല്ലാം അറിഞ്ഞു. യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും,

8 ഏലിയാപ്രവാചകൻ വീണ്ടും പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും, പുരാതന പ്രവാചകന്മാരിൽ ഒരാൾ ജീവിച്ചെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞുകൊണ്ടിരുന്നതിനാൽ ഹെരോദാവ് പരിഭ്രാന്തനായി.

9 “ഞാൻ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ഈ വിധ കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ആരെക്കുറിച്ചാണ്?” എന്ന് അദ്ദേഹം പറഞ്ഞു. യേശുവിനെ കാണാൻ ഹെരോദാവ് പരിശ്രമിച്ചു.