ജെറുശലേമിന്റെ ദുരിതങ്ങളും നാശവും മുൻകൂട്ടി അറിയിക്കപ്പെടുന്നു (continued)

ക്രി.മു. 595

Biblica® Open Malayalam Contemporary Version™ (OMCV)

യെഹെസ്കേൽ 6–7

1 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 2 “മനുഷ്യപുത്രാ, ഇസ്രായേൽ പർവതങ്ങൾക്ക് അഭിമുഖമായിനിന്ന് അവയ്ക്കെതിരേ പ്രവചിക്കുക: 3 ഇസ്രായേൽ പർവതങ്ങളേ, യഹോവയായ ദൈവത്തിന്റെ വചനം കേൾക്കുക. യഹോവയായ കർത്താവ് പർവതങ്ങളോടും മലകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങൾക്കെതിരേ ഒരു വാൾ അയയ്ക്കാൻ പോകുന്നു. ഞാൻ നിങ്ങളുടെ ക്ഷേത്രങ്ങൾ നശിപ്പിക്കും. 4 നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കും; നിങ്ങളുടെ ധൂപപീഠങ്ങൾ തകർക്കും. നിങ്ങളുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ നിങ്ങളുടെ ജനത്തെ ഞാൻ അരിഞ്ഞുവീഴ്ത്തും. 5 അവരുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ ഇസ്രായേൽമക്കളുടെ ശവങ്ങൾ ഞാൻ വീഴിക്കും. നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കുമുമ്പിൽ ഞാൻ ചിതറിക്കും. 6 നിങ്ങൾ എവിടെപ്പാർത്താലും ആ പട്ടണങ്ങൾ നശിപ്പിക്കപ്പെടുകയും ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കപ്പെട്ട് ഉപയോഗശൂന്യമായിത്തീരുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർത്ത് തരിപ്പണമാക്കപ്പെടുകയും നിങ്ങളുടെ ധൂപപീഠങ്ങൾ ഉടയ്ക്കപ്പെടുകയും നിങ്ങൾ നിർമിച്ചതൊക്കെയും തുടച്ചുനീക്കപ്പെടുകയും ചെയ്യും. 7 നിങ്ങളുടെ ജനം നിങ്ങളുടെ മധ്യേതന്നെ വധിക്കപ്പെടും, അങ്ങനെ നിങ്ങൾ, ഞാൻ യഹോവ ആകുന്നു എന്ന് അറിയും.

8 “ ‘എങ്കിലും ലോകത്തിലെ വിവിധ ദേശങ്ങളിലേക്കും ജനതകളിലേക്കും നിങ്ങൾ ചിതറിപ്പോകുമ്പോൾ, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ട ചിലരെ ഞാൻ അവശേഷിപ്പിക്കും. 9 അപ്പോൾ അവർ തങ്ങളെ ബന്ധിതരായി കൊണ്ടുപോയിരിക്കുന്ന ദേശങ്ങളിൽവെച്ച് രക്ഷപ്പെട്ടവരായ ജനം എന്നെവിട്ടു പിന്മാറിപ്പോയി വ്യഭിചാരംചെയ്യുന്ന അവരുടെ ഹൃദയങ്ങൾകൊണ്ടും തങ്ങളുടെ വിഗ്രഹങ്ങളെ കണ്ണുകളാൽ മോഹിച്ചതുകൊണ്ടും അവർ എന്നെ എത്രയധികം ദുഃഖിതനാക്കിയെന്നും ഓർക്കും. തങ്ങൾചെയ്ത തിന്മകളോർത്തും തങ്ങളുടെ മ്ലേച്ഛതകൾ ചിന്തിച്ചും അവർ തങ്ങളെത്തന്നെ വെറുക്കും. 10 അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും; ഈ അനർഥം അവരുടെമേൽ വരുത്തുമെന്നു ഞാൻ വെറുതേയല്ല അരുളിച്ചെയ്തിട്ടുള്ളത്.

11 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തിന്റെ സകലദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളുംനിമിത്തം നിങ്ങളുടെ കൈകളടിച്ചും കാൽകൾ ചവിട്ടിയും “അയ്യോ, കഷ്ടം!” എന്നു പറയുക. അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും. 12 ദൂരത്തുള്ളവർ മഹാമാരിയാൽ മരിക്കും സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവരും രക്ഷപ്പെട്ടവരും ക്ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിയും. 13 എല്ലാ ഉയർന്ന കുന്നുകളിലും എല്ലാ പർവതശിഖരങ്ങളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും തഴച്ചുവളരുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സുഗന്ധധൂപം അർപ്പിച്ചല്ലോ. അവിടെ അവരുടെ വിഗ്രഹങ്ങൾക്കിടയിൽ ബലിപീഠങ്ങൾക്കു ചുറ്റുമായി അവരുടെ ജനം വധിക്കപ്പെട്ടു കിടക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. 14 അവരുടെ എല്ലാ വാസസ്ഥലങ്ങളിലും ഞാൻ അവർക്കെതിരായി കൈനീട്ടി ദേശത്തെ ദിബ്ലാ മരുഭൂമിയെക്കാൾ നിർജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”

7:1 യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘ഇതാ അവസാനം! ദേശത്തിന്റെ നാലു കോണുകളിലും

അവസാനം വന്നെത്തിയിരിക്കുന്നു!

3 ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു,

ഞാൻ എന്റെ കോപം നിനക്കെതിരേ അഴിച്ചുവിടും.

നിന്റെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ നിന്നെ ന്യായംവിധിക്കും

അറപ്പുളവാക്കുന്ന നിന്റെ സകലപ്രവൃത്തികൾക്കും നിന്നോടു പകരംവീട്ടും.

4 എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല;

ഒരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല.

നിന്റെ പെരുമാറ്റരീതിക്ക് ഒത്തവണ്ണം നിശ്ചയമായും ഞാൻ നിന്നോടു പകരംചെയ്യും,

നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ.

അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’

5 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘അനർഥം! അനർഥത്തിനു പിറകെ അനർഥം!

ഇതാ അതു വരുന്നു!

6 അവസാനം വന്നെത്തിയിരിക്കുന്നു!

അവസാനം വന്നെത്തിയിരിക്കുന്നു!

അതു നിന്റെനേരേ ഉണർന്നുവരുന്നു.

ഇതാ, അതു വന്നിരിക്കുന്നു!

7 വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു,

ഈ ദേശത്തു വസിക്കുന്ന നിന്മേൽത്തന്നെ.

സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം സമീപമായി!

പർവതങ്ങളിൽ ആർപ്പുവിളി കേൾക്കുന്നു; ആനന്ദത്തിന്റെ അല്ലതാനും.

8 ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും;

നിന്നോടുള്ള എന്റെ കോപം ഞാൻ നിറവേറ്റും;

നിന്റെ പെരുമാറ്റത്തിന് അനുസൃതമായിത്തന്നെ ഞാൻ നിന്നെ ന്യായംവിധിക്കുകയും

നിന്റെ മ്ലേച്ഛതകൾക്കെല്ലാം നിന്നോടു പകരംവീട്ടുകയും ചെയ്യും.

9 എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല;

യാതൊരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല.

നിന്റെ പെരുമാറ്റരീതിക്കൊത്തവണ്ണം ഞാൻ നിന്നോടു പകരംചെയ്യും,

നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ.

അപ്പോൾ യഹോവയാണ് നിന്നെ ദണ്ഡിപ്പിക്കുന്നതെന്നു നീ അറിയും.

10 “ ‘ഇതാ, ആ ദിവസം!

ഇതാ, അതു വരുന്നു!

നിന്റെ നാശം പുറപ്പെട്ടിരിക്കുന്നു;

വടി പൂത്തിരിക്കുന്നു,

അഹങ്കാരം തളിർത്തിരിക്കുന്നു!

11 അക്രമം എഴുന്നേറ്റിരിക്കുന്നു,

ദുഷ്ടരെ ശിക്ഷിക്കുന്നതിനുള്ള ഒരു വടിയായിത്തന്നെ.

ആ ജനത്തിൽ ആരുംതന്നെ,

ആ ജനസമൂഹത്തിലോ

അവരുടെ ധനത്തിലോ

മൂല്യവത്തായ ഒന്നും അവശേഷിക്കുകയില്ല.

12 സമയം വന്നെത്തിയിരിക്കുന്നു!

ആ ദിവസം എത്തിച്ചേർന്നു!

വാങ്ങുന്നവർ സന്തോഷിക്കുകയോ

വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ;

കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു.

13 വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം

വിറ്റവന് താൻ വിറ്റതു

തിരിച്ചുകിട്ടുകയില്ല.

അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള

ദർശനം മറിച്ചാകുകയില്ല.

അവരുടെ പാപംനിമിത്തം

ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല.

14 “ ‘അവർ കാഹളമൂതി

സകലതും സജ്ജമാക്കിയിരിക്കുന്നു;

എന്നാൽ ആരുംതന്നെ യുദ്ധത്തിനു പുറപ്പെടുന്നില്ല,

കാരണം എന്റെ ക്രോധം ആ സമൂഹം മുഴുവന്റെയുംമേൽ ഇരിക്കുന്നു.

15 പട്ടണത്തിനുപുറത്ത് വാൾ;

അകത്ത് പകർച്ചവ്യാധിയും ക്ഷാമവും.

വയലിൽ ഇരിക്കുന്നവർ

വാളാൽ മരിക്കും.

ക്ഷാമവും പകർച്ചവ്യാധിയും

നഗരത്തിലുള്ളവരെ നശിപ്പിച്ചുകളയും.

16 അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും

പർവതങ്ങളിലേക്ക് ഓടിപ്പോകും.

താഴ്വരകളിലെ പ്രാവുകളെപ്പോലെ

അവർ എല്ലാവരും വിലപിക്കും,

ഓരോരുത്തരുടെയും പാപങ്ങൾമൂലംതന്നെ.

17 എല്ലാ കൈകളും തളരും;

എല്ലാ കാലുകളും മൂത്രത്താൽ നനയും.

18 അവർ ചാക്കുശീല ധരിക്കും,

നടുക്കം അവരെ കീഴടക്കും.

എല്ലാ മുഖങ്ങളിലും ലജ്ജ ഉണ്ടായിരിക്കും,

എല്ലാ തലയും ക്ഷൗരം ചെയ്യപ്പെടും.

19 “ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും,

അവരുടെ സ്വർണം മലിനമായ വസ്തുപോലെ പരിഗണിക്കപ്പെടും.

യഹോവയുടെ ക്രോധദിവസത്തിൽ

അവരുടെ വെള്ളിക്കോ സ്വർണത്തിനോ

അവരെ മോചിപ്പിക്കാൻ കഴിയുകയില്ല.

വിശപ്പടക്കുന്നതിനോ വയറുനിറയ്ക്കുന്നതിനോ

അവർക്കത് ഉപകരിക്കുകയില്ല.

അത് അവരെ പാപത്തിലേക്കു വീഴാൻ കാരണമാക്കിയല്ലോ.

20 തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു.

മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങൾ നിർമിക്കുന്നതിനായി അവർ അത് ഉപയോഗിച്ചു.

അതിനാൽ അതു ഞാൻ അവർക്ക്

ഒരു ഹീനവസ്തുവാക്കിത്തീർക്കും.

21 അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും

ഭൂമിയിലെ ദുഷ്ടർക്കു കവർച്ചയായും കൊടുക്കും,

അവർ അതിനെ അശുദ്ധമാക്കും.

22 ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും,

എനിക്കു വിലപ്പെട്ട സ്ഥലത്തെ കൊള്ളക്കാർ അശുദ്ധമാക്കും.

അവർ അതിൽ പ്രവേശിക്കുകയും

അതിനെ മലിനമാക്കുകയും ചെയ്യും.

23 “ ‘ദേശം രക്തപാതകംകൊണ്ടും

പട്ടണം അക്രമംകൊണ്ടും നിറഞ്ഞിരിക്കുകയാൽ

നീ ഒരു ചങ്ങല ഉണ്ടാക്കുക!

24 അവരുടെ വീടുകൾ കൈവശമാക്കുന്നതിന്

ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും.

ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും,

അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും.

25 ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും;

എന്നാൽ അവർ അതു കണ്ടെത്തുകയില്ല.

26 നാശത്തിനുമീതേ നാശവും

കിംവദന്തിക്കുമീതേ കിംവദന്തിയും ഉണ്ടാകും.

അവർ പ്രവാചകനിൽനിന്ന് ഒരു ദർശനം അന്വേഷിക്കും

ന്യായപ്രമാണത്തിൽനിന്നും പുരോഹിതൻ നൽകുന്ന ഉപദേശം നിലയ്ക്കും,

ഗോത്രത്തലവന്മാരുടെ ആലോചനയും അവസാനിക്കും.

27 രാജാവു വിലപിക്കും,

പ്രഭു നൈരാശ്യത്താൽ മൂടപ്പെടും,

ദേശത്തിലെ ജനങ്ങളുടെ കൈകൾ വിറയ്ക്കും.

അവരുടെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ അവരോട് ഇടപെടും,

അവരുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഞാൻ അവരെ ന്യായംവിധിക്കും.

അപ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”