ജെറുശലേമിന്റെ ദുരിതങ്ങളും നാശവും മുൻകൂട്ടി അറിയിക്കപ്പെടുന്നു

ക്രി.മു. 595

Biblica® Open Malayalam Contemporary Version™ (OMCV)

യെഹെസ്കേൽ 3:22–5:17

22 അവിടെവെച്ച് പിന്നെയും യഹോവയുടെ കൈ എന്റെമേൽ വന്നു. അവിടന്ന് എന്നോട്, “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക, അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും” എന്ന് അരുളിച്ചെയ്തു. 23 അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കേബാർ നദീതീരത്തുവെച്ചു കണ്ടതുപോലെ യഹോവയുടെ മഹത്ത്വം അവിടെ നിൽക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.

24 ആത്മാവ് എന്റെമേൽ വന്നു; എനിക്ക് എഴുന്നേറ്റു നിൽക്കാനുള്ള കഴിവു ലഭിച്ചു. അവിടന്ന് എന്നോട് ഇപ്രകാരം കൽപ്പിച്ചു: “നീ പോയി നിന്റെ വീട്ടിൽക്കടന്നു കതകടയ്ക്കുക. 25 എന്നാൽ മനുഷ്യപുത്രാ, അവരുടെ ഇടയിലേക്കു പോകാൻ നിനക്കു കഴിയാത്തവിധത്തിൽ അവർ നിന്നെ കയറുകൊണ്ടു കെട്ടും. 26 നീ ഊമയായിത്തീരത്തക്കവണ്ണം ഞാൻ നിന്റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേരുമാറാക്കും; അങ്ങനെ അവരെ ശാസിക്കാൻ നിനക്കു കഴിവില്ലാതാകും; അവർ മത്സരഗൃഹമല്ലോ. 27 എങ്കിലും ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; അപ്പോൾ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയും; കേൾക്കുന്നവർ കേൾക്കട്ടെ; തിരസ്കരിക്കുന്നവർ തിരസ്കരിക്കട്ടെ. അവർ മത്സരഗൃഹമല്ലോ.

4:1 “മനുഷ്യപുത്രാ, നീ കളിമണ്ണിന്റെ ഒരു വലിയ കട്ട എടുത്തു മുമ്പിൽവെച്ച് അതിന്മേൽ ജെറുശലേം നഗരം വരയ്ക്കുക. 2 പിന്നീട് അതിനെ വളഞ്ഞ് ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിത്, അതിനെതിരേ പാളയങ്ങൾ സ്ഥാപിക്കുകയും ചുറ്റിലും കോട്ടകളെ തകർക്കുന്ന യന്ത്രമുട്ടികൾ സ്ഥാപിക്കുകയും ചെയ്യുക. 3 പിന്നീട് ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പുകോട്ടയായി നിർത്തുക. തുടർന്ന് നിന്റെ മുഖം അതിന് അഭിമുഖമായി തിരിക്കുക. അത് ഉപരോധിക്കപ്പെടും, നീ അതിന് ഉപരോധം ഏർപ്പെടുത്തണം. ഇത് ഇസ്രായേൽജനത്തിനുള്ള ഒരു ചിഹ്നം ആയിരിക്കും.

4 “അതിനുശേഷം നീ ഇടതുവശം ചരിഞ്ഞുകിടന്ന് ഇസ്രായേൽജനത്തിന്റെ അതിക്രമം നിന്റെമേൽ ചുമത്തുക. നീ ആ വശം കിടക്കുന്ന ദിവസത്തോളം അവരുടെ പാപം വഹിക്കണം. 5 അവരുടെ പാപത്തിന്റെ വർഷങ്ങൾക്കനുസരിച്ച് ഞാൻ നിനക്കു ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നു. മുന്നൂറ്റിത്തൊണ്ണൂറു ദിവസങ്ങൾ നീ ഇസ്രായേൽജനത്തിന്റെ പാപം ചുമക്കണം.

6 “ഈ ദിവസങ്ങൾ തികച്ചശേഷം നീ വലതുവശം ചരിഞ്ഞുകിടന്ന് യെഹൂദാജനത്തിന്റെ പാപം വഹിക്കണം. വർഷത്തിന് ഒരു ദിവസംവീതം നാൽപ്പതുദിവസം ഞാൻ ആ വിധത്തിൽ നിനക്കു നിയമിച്ചിരിക്കുന്നു. 7 ഉപരോധിക്കപ്പെട്ട ജെറുശലേമിന് അഭിമുഖമായി നീ നിന്റെ മുഖംതിരിച്ച് നഗ്നമായ ഭുജത്തോടെ അവൾക്കെതിരേ പ്രവചിക്കണം. 8 നിന്റെ ഉപരോധകാലം തികയുന്നതുവരെ നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കേണ്ടതിന് ഞാൻ നിന്നെ കയറുകൊണ്ടു കെട്ടും.

9 “നീ ഗോതമ്പും യവവും അമരയും പയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിലിട്ട് അപ്പം ഉണ്ടാക്കുക. നീ ഒരു വശം ചരിഞ്ഞുകിടക്കുന്ന ദിവസങ്ങളുടെ എണ്ണമനുസരിച്ച് മുന്നൂറ്റിത്തൊണ്ണൂറു ദിവസം അതു ഭക്ഷിക്കണം. 10 നീ കഴിക്കുന്ന ഭക്ഷണം ദിനംപ്രതി ഇരുപതുശേക്കേൽ ആയിരിക്കണം; നിർദിഷ്ട സമയങ്ങളിൽത്തന്നെ നീ അതു കഴിക്കണം. 11 ഒരു ഹീനിന്റെ ആറിലൊരു ഭാഗം വെള്ളം നീ ദിവസവും കുടിക്കണം. അതും കൃത്യസമയങ്ങളിലായിരിക്കണം. 12 യവംകൊണ്ടുള്ള അടപോലെ അതുണ്ടാക്കി ഭക്ഷിക്കണം. അവർ കാൺകെ മനുഷ്യമലം കത്തിച്ച് അതു ചുടണം. 13 ഞാൻ ഇസ്രായേൽമക്കളെ നാടുകടത്തുന്ന ജനതകളുടെ മധ്യത്തിൽ ഈ വിധം മലിനതയോടെ അവർ തങ്ങളുടെ ആഹാരം ഭക്ഷിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.

14 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, ഞാൻ ഒരിക്കലും എന്നെത്തന്നെ മലിനമാക്കിയിട്ടില്ല; ചെറുപ്പംമുതൽ ഇന്നുവരെയും തനിയേ ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ഞാൻ തിന്നിട്ടില്ല. അശുദ്ധമായ ഒരു മാംസവും എന്റെ വായിൽ ചെന്നിട്ടില്ല.”

15 അപ്പോൾ അവിടന്ന്: “ഇതാ, മനുഷ്യവിസർജ്യത്തിനു പകരം പശുവിൻചാണകം കത്തിച്ച് നിന്റെ അപ്പം ചുടുന്നതിനു ഞാൻ അനുവാദം തരുന്നു” എന്നു കൽപ്പിച്ചു.

16 അവിടന്ന് എന്നോട് ഇതുംകൂടി അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതാ ഞാൻ ജെറുശലേമിൽ അപ്പമെന്ന കോൽ ഒടിച്ചുകളയുന്നു. അവർ പരിമിതമായ അളവിൽ വ്യാകുലതയോടെയും അപ്പം തിന്നും; ക്ലിപ്തമായ അളവിൽ നിരാശയോടെ വെള്ളം കുടിക്കും. 17 അപ്പവും വെള്ളവും ദുർല്ലഭമായിരിക്കും. ഓരോരുത്തരും പരസ്പരം നോക്കി സ്തബ്ധരായിത്തീരും. തങ്ങളുടെ പാപംനിമിത്തം അവർ ക്ഷയിച്ചുപോകും.

5:1 “മനുഷ്യപുത്രാ, ഇപ്പോൾത്തന്നെ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്റെ തലയും താടിയും ക്ഷൗരംചെയ്യുക. പിന്നീട് ത്രാസ് എടുത്ത് രോമം തൂക്കി വിഭജിക്കുക. 2 അതിൽ മൂന്നിലൊരംശം നിന്റെ ഉപരോധകാലം തികയുമ്പോൾ നഗരത്തിന്റെ നടുവിൽവെച്ച് ദഹിപ്പിക്കുക. മൂന്നിലൊന്നെടുത്ത് പട്ടണത്തിനുചുറ്റും വാൾകൊണ്ടു വെട്ടുക. ശേഷിച്ച മൂന്നിലൊരുഭാഗം കാറ്റിൽ പറത്തിക്കളയുക. ഊരിപ്പിടിച്ച വാളുമായി ഞാൻ അവയ്ക്കു പിന്നാലെ ചെല്ലും. 3 എന്നാൽ അവയിൽനിന്ന് അൽപ്പം എടുത്ത് നിന്റെ വസ്ത്രത്തിന്റെ അറ്റത്തു കെട്ടണം. 4 അവയിൽ കുറച്ച് വീണ്ടും എടുത്ത് തീയിലിട്ടു ചുട്ടുകളയണം. അതിൽനിന്ന് ഇസ്രായേലിൽ എല്ലായിടത്തേക്കും ഒരു തീ പടർന്നുപിടിക്കും.

5 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു ജെറുശലേം ആകുന്നു. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചിരിക്കുന്നു; അവൾക്കുചുറ്റും രാജ്യങ്ങൾ ഉണ്ട്. 6 എന്നാൽ അവൾ അവളുടെ ദുഷ്ടതയിൽ ആ ജനതകളെക്കാളും അവൾക്കുചുറ്റുമുള്ള രാജ്യങ്ങളെക്കാളും അധികം എന്റെ നിയമങ്ങൾക്കും ഉത്തരവുകൾക്കും എതിരേ മത്സരിച്ചിരിക്കുന്നു. കാരണം അവൾ എന്റെ നിയമങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു, എന്റെ ഉത്തരവുകൾ പാലിച്ചിട്ടുമില്ല.

7 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ചുറ്റുമുള്ള രാഷ്ട്രങ്ങളെക്കാൾ അധികം മെരുക്കമില്ലാത്തവരായി നിങ്ങൾ തീർന്നിരിക്കുന്നു. നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ നിയമങ്ങൾ അനുസരിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളിലെ മാനദണ്ഡങ്ങൾ അനുവർത്തിക്കുന്ന തരത്തിൽപോലും നിങ്ങൾ ജീവിച്ചിട്ടില്ല.

8 “ഈ കാരണത്താൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ, ഞാൻതന്നെ നിങ്ങൾക്ക് എതിരായിരിക്കുന്നു. അയൽരാഷ്ട്രങ്ങൾ കാണുംവിധം ഞാൻ നിങ്ങളുടെമേൽ ന്യായവിധി നടപ്പാക്കും. 9 നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾനിമിത്തം മുമ്പു ചെയ്തിട്ടില്ലാത്തതും മേലാൽ ചെയ്യാത്തതുമായ ഒരു കാര്യം ഞാൻ നിങ്ങളോടു ചെയ്യും. 10 അതിനാൽ നിങ്ങളുടെ ഇടയിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഭക്ഷിക്കും; മക്കൾ അവരുടെ മാതാപിതാക്കളെയും ഭക്ഷിക്കും. അതിനാൽ ഞാൻ നിങ്ങളുടെമേൽ ന്യായവിധി വരുത്തും; അതിജീവിച്ചവരെ മുഴുവൻ എല്ലാ കാറ്റുകളിലേക്കും ചിതറിക്കും. 11 നിങ്ങൾ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ടും മറ്റെല്ലാ ഹീനകൃത്യങ്ങളാലും എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുകയാൽ, ഞാൻതന്നെ നിങ്ങളെ ക്ഷൗരംചെയ്യും; എന്റെ കണ്ണുകൾ ഒരിക്കലും നിങ്ങളോടു ദയകാട്ടുകയില്ല, ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയുമില്ല എന്ന് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 12 നിങ്ങളിൽ മൂന്നിലൊരംശം മഹാമാരിയാലോ ക്ഷാമത്താലോ നശിക്കും; മൂന്നിലൊരുഭാഗം നഗരത്തിന്റെ മതിലിനു പുറത്തുവെച്ചു വാൾകൊണ്ടു വീഴും; മൂന്നിലൊരുഭാഗത്തെ ഞാൻ കാറ്റുകളിലേക്കു ചിതറിച്ച്, ഊരിപ്പിടിച്ച വാളുമായി അവരെ പിൻതുടരും.

13 “അങ്ങനെ എന്റെ കോപം ശമിക്കും; അവർക്കെതിരേയുള്ള എന്റെ ക്രോധം അവരുടെമേൽ തീർത്ത് ഞാൻ തൃപ്തനാകും. അവരുടെമേൽ ഞാൻ എന്റെ ക്രോധം അഴിച്ചുവിട്ടുകഴിയുമ്പോൾ യഹോവയായ ഞാൻതന്നെയാണ് എന്റെ തീക്ഷ്ണതയിൽ സംസാരിച്ചിരിക്കുന്നത് എന്ന് അവർ അറിയും.

14 “നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ മധ്യേ, വഴിപോകുന്ന എല്ലാവരും കാൺകെത്തന്നെ ഞാൻ നിങ്ങളെ നിന്ദ്യമായ ഒരു തകർച്ചയായി മാറ്റും. 15 അതിനാൽ കോപത്തിലും ക്രോധത്തിലും കഠിനശാസനയിലും ഞാൻ നിങ്ങൾക്കെതിരായി ന്യായവിധി നടത്തുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് നിങ്ങൾ ഒരു നിന്ദാവിഷയവും ആക്ഷേപവും താക്കീതും ഭയത്തിനു കാരണവുമായിത്തീരും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. 16 നിങ്ങളുടെമേൽ മാരകവും വിനാശകാരിയുമായ ക്ഷാമത്തിന്റെ അസ്ത്രങ്ങൾ അയയ്ക്കുമ്പോൾ, നിങ്ങളെ നശിപ്പിക്കാൻതന്നെയാണ് ഞാൻ എയ്യുന്നത്. നിങ്ങളുടെമേലുള്ള ക്ഷാമം ഞാൻ കഠിനമാക്കുകയും ഭക്ഷണം എത്തുന്ന മാർഗം ഞാൻ അടച്ചുകളയുകയും ചെയ്യും. 17 മാത്രമല്ല, ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കും. അവ നിങ്ങളെ മക്കളില്ലാത്തവരാക്കും. മഹാമാരിയും രക്തച്ചൊരിച്ചിലും ഞാൻ നിങ്ങളുടെമേൽ വരുത്തും. അങ്ങനെ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.”