പ്രവാസത്തിനു കാരണമായ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ദർശനം
ബാബേൽപ്രവാസത്തിനു കാരണമായ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ദർശനം.
ക്രി.മു. 594
Biblica® Open Malayalam Contemporary Version™ (OMCV)
1 ആറാംവർഷം ആറാംമാസം അഞ്ചാംതീയതി ഞാൻ എന്റെ വീട്ടിൽ ഇരിക്കുമ്പോൾ യെഹൂദനേതാക്കന്മാർ എന്റെമുമ്പിൽ ഇരുന്നിരുന്നു. അപ്പോൾ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു. 2 ഞാൻ നോക്കിയപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ള ഒരു രൂപത്തെ കണ്ടു. അദ്ദേഹത്തിന്റെ അരയും അരമുതൽ താഴോട്ടുള്ള ഭാഗവും തീപോലെയും അരമുതൽ മുകളിലേക്കുള്ള ഭാഗം തിളങ്ങുന്ന ലോഹത്തിന്റെ ശോഭയുള്ളതും ആയിരുന്നു. 3 അവിടന്നു തന്റെ കൈപോലെ ഒന്നു നീട്ടി എന്റെ തലമുടി പിടിച്ചു. ആത്മാവ് എന്നെ ഭൂമിക്കും ആകാശത്തിനും മധ്യേ ഉയർത്തി ദൈവത്തിൽനിന്നുള്ള ദർശനത്തിൽ എന്നെ ജെറുശലേമിൽ അകത്തെ അങ്കണത്തിന്റെ വടക്കേകവാടത്തിന്റെ പ്രവേശനത്തിൽ കൊണ്ടുവന്നു. അവിടെ വളരെയധികം അസൂയ ഉത്തേജിപ്പിക്കുന്ന വലിയൊരു വിഗ്രഹം ഉണ്ടായിരുന്നു. 4 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം സമഭൂമിയിൽവെച്ചു ഞാൻ കണ്ട ദർശനംപോലെ അവിടെ ഉണ്ടായിരുന്നു.
5 അപ്പോൾ അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, കണ്ണുകൾ ഉയർത്തി വടക്കോട്ടുനോക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ കണ്ണുയർത്തി വടക്കോട്ടു നോക്കി. യാഗപീഠത്തിന്റെ കവാടത്തിന് വടക്കായി പ്രവേശനത്തിങ്കൽ അസൂയാവിഗ്രഹം ഉണ്ടായിരുന്നു.
6 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, അവർ ചെയ്യുന്നതു നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എന്നെ ആട്ടിപ്പായിക്കുംവിധം ഇസ്രായേൽഗൃഹം ചെയ്യുന്ന ഏറ്റവും അറപ്പുളവാക്കുന്ന പ്രവൃത്തികൾ നീ കാണുന്നുണ്ടോ? ഇതിലും നീചമായതു നീ ഇനിയും കാണും.”
7 അതിനുശേഷം അവിടന്ന് എന്നെ അങ്കണത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ ചുമരിൽ ഒരു ദ്വാരം കണ്ടു. 8 “മനുഷ്യപുത്രാ, ചുമർ തുരക്കുക,” എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചു, ഞാൻ ചുമർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു.
9 അവിടന്ന് എന്നോട്: “അകത്തുപോയി അവർ അവിടെ ചെയ്യുന്ന ദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളും നോക്കുക” എന്നു പറഞ്ഞു. 10 ഞാൻ ഉള്ളിൽ കടന്നുനോക്കി. എല്ലാത്തരം ഇഴജാതികളെയും അറപ്പുളവാക്കുന്ന മൃഗങ്ങളെയും ഇസ്രായേൽഗൃഹത്തിന്റെ എല്ലാ വിഗ്രഹങ്ങളെയും ചുമരിൽ വരച്ചുവെച്ചിരിക്കുന്നതു ഞാൻ കണ്ടു. 11 അവയുടെമുമ്പിൽ ഇസ്രായേലിലെ എഴുപതു നേതാക്കന്മാർ നിന്നിരുന്നു. ശാഫാന്റെ മകനായ യയസന്യാവും അവരുടെ മധ്യേ ഉണ്ടായിരുന്നു. ഓരോരുത്തനും ധൂപകലശം കൈയിൽ പിടിച്ചിരുന്നു. മേഘതുല്യമായ ധൂപത്തിന്റെ സൗരഭ്യം അവിടമാകെ വ്യാപിച്ചിരുന്നു.
12 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഇരുട്ടിൽ, ഓരോരുത്തനും താന്താങ്ങളുടെ ബിംബങ്ങളുടെ അറകളിൽ, എന്താണു ചെയ്യുന്നതെന്നു നീ കാണുന്നോ? ‘യഹോവ നമ്മെ കാണുന്നില്ല; യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു’ എന്നാണ് അവർ പറയുന്നത്. 13 ഇനിയും ഇതിലും വലിയ മ്ലേച്ഛതകൾ അവർ ചെയ്യുന്നതായി നീ കാണും, എന്നും അവിടന്ന് എന്നോട് അരുളിച്ചെയ്തു.”
14 പിന്നീട് യഹോവയുടെ ആലയത്തിന്റെ വടക്കോട്ടുള്ള കവാടത്തിന്റെ പ്രവേശനത്തിലേക്ക് അവിടന്ന് എന്നെ കൊണ്ടുവന്നു. അവിടെ സ്ത്രീകൾ തമ്മൂസുദേവനുവേണ്ടി കരഞ്ഞുകൊണ്ടിരുന്നു. 15 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതു നീ കാണുന്നോ? ഇതിലും വലിയ മ്ലേച്ഛതകൾ ഞാൻ നിനക്കു കാണിച്ചുതരും.”
16 പിന്നീട് അവിടന്ന് എന്നെ യഹോവയുടെ ആലയത്തിലെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മധ്യേ ഏകദേശം ഇരുപത്തിയഞ്ചു പുരുഷന്മാർ യഹോവയുടെ ആലയത്തിനുനേരേ തങ്ങളുടെ പുറംകാട്ടിക്കൊണ്ടും കിഴക്കോട്ടു മുഖം തിരിച്ചും നിന്നിരുന്നു. അവർ കിഴക്കോട്ടുനോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.
17 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഇതു കാണുന്നോ? യെഹൂദാഗൃഹത്തിന് ഇവിടെ ചെയ്യുന്ന ഈ മ്ലേച്ഛതകൾ തീരെ നിസ്സാരമെന്നു തോന്നിയിട്ടോ അവർ ദേശത്തെ അക്രമംകൊണ്ടു നിറയ്ക്കുകയും എന്നെ വീണ്ടും വീണ്ടും പ്രകോപിപ്പിക്കുകയും ചെയ്യുന്നത്? നോക്കൂ, അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്. 18 അതിനാൽ ഞാൻ ക്രോധത്തോടെ പ്രവർത്തിക്കും. എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല.”
9:1 അതിനുശേഷം ഞാൻ കേൾക്കെ അവിടന്ന് ഉച്ചത്തിൽ വിളിച്ച്: “നഗരത്തിൽ ശിക്ഷ നടപ്പാക്കുന്നവരേ, നിങ്ങൾ ഓരോരുത്തരും വിനാശം വിതയ്ക്കുന്ന ആയുധങ്ങളും കൈയിലേന്തി അടുത്തുവരിക” എന്നു പറഞ്ഞു. 2 അപ്പോൾ ആറു പുരുഷന്മാർ വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിൽനിന്ന് കൈയിൽ മാരകായുധങ്ങൾ ഏന്തിക്കൊണ്ടുവന്നു. അവരോടൊപ്പം ചണവസ്ത്രം ധരിച്ച് ഒരു മനുഷ്യനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശം എഴുത്തുസാമഗ്രികൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. അവർ അകത്തുവന്ന് വെങ്കലയാഗപീഠത്തിന്റെ അടുക്കൽ നിന്നു.
3 അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം അത് അധിവസിച്ചിരുന്ന കെരൂബിൽനിന്ന് പുറപ്പെട്ട് ആലയത്തിന്റെ പ്രവേശനകവാടത്തിൽ വന്നു. ചണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുസാമഗ്രികളുമായി വന്ന മനുഷ്യനെ യഹോവ വിളിച്ചു. 4 യഹോവ അവനോട്, “ജെറുശലേം പട്ടണത്തിൽക്കൂടി നടന്ന് അതിൽ നടമാടുന്ന എല്ലാ മ്ലേച്ഛതകളെയും ഓർത്ത് നെടുവീർപ്പിട്ടു കരയുന്നവരുടെ നെറ്റിയിൽ ഒരു ചിഹ്നം ഇടുക” എന്നു കൽപ്പിച്ചു.
5 എന്നാൽ മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടന്ന് കൽപ്പിച്ചത്: “അവന്റെ പിന്നാലെ നഗരത്തിലൂടെച്ചെന്ന് വധിക്കുക; ദയയോ അനുകമ്പയോ കാണിക്കരുത്. 6 വൃദ്ധന്മാരെയും യുവാക്കളെയും യുവതികളെയും മാതാക്കളെയും കുഞ്ഞുങ്ങളെയും നിശ്ശേഷം കൊന്നുകളവിൻ, എന്നാൽ അടയാളമുള്ള ഒരുവനെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽനിന്നു തുടങ്ങുവിൻ.” അങ്ങനെ അവർ ആലയത്തിന്റെ മുന്നിലുണ്ടായിരുന്ന നേതാക്കന്മാരുടെ ഇടയിൽനിന്നുതന്നെ ആരംഭിച്ചു.
7 അവിടന്ന് അവരോട്: “പോകുക! ആലയത്തെ അശുദ്ധമാക്കി, അങ്കണം വധിക്കപ്പെട്ടവരെക്കൊണ്ടു നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട് നഗരത്തിലുടനീളം ജനത്തെ വെട്ടിവീഴ്ത്താൻ ആരംഭിച്ചു. 8 അവർ ഇങ്ങനെ വധിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻമാത്രം ശേഷിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഇപ്രകാരം നിലവിളിച്ചു: “അയ്യോ! യഹോവയായ കർത്താവേ, അവിടന്ന് ജെറുശലേമിൽ അവിടത്തെ ക്രോധം പകർന്ന് ഇസ്രായേലിലെ ശേഷിപ്പിനെ മുഴുവൻ സംഹരിക്കുകയാണോ?”
9 അപ്പോൾ അവിടന്ന് അരുളിച്ചെയ്തു: “ഇസ്രായേൽഗൃഹത്തിന്റെയും യെഹൂദയുടെയും അകൃത്യം വളരെ വലുതാണ്. ദേശം രക്തപാതകംകൊണ്ടും നഗരം അതിക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നു. ‘യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു; യഹോവ കാണുന്നില്ല,’ എന്ന് അവർ പറയുന്നുവല്ലോ. 10 അതുകൊണ്ട് എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ അവരുടെ തലമേൽ പകരംവീട്ടും.”
11 അപ്പോൾ അരയിൽ എഴുത്തുസാമഗ്രികളേന്തിയ ചണവസ്ത്രധാരിയായ പുരുഷൻ: “എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു” എന്നു ബോധിപ്പിച്ചു.