പ്രവാസത്തിനു കാരണമായ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ദർശനം (continued)

ബാബേൽപ്രവാസത്തിനു കാരണമായ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ദർശനം.

ക്രി.മു. 594

Biblica® Open Malayalam Contemporary Version™ (OMCV)

യെഹെസ്കേൽ 10:1–11:21

1 പിന്നെ ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലകൾക്കുമുകളിലുള്ള വിതാനത്തിന്റെമീതേ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ നീല രത്നംപോലെയുള്ള ഒരു രൂപം കാണപ്പെട്ടു. 2 ചണവസ്ത്രം ധരിച്ച പുരുഷനോട് അവിടന്ന് സംസാരിച്ചു: “കെരൂബുകൾക്കുതാഴേ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങൾക്കിടയിൽ ചെന്ന് കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈനിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക” എന്നു കൽപ്പിച്ചു. ഞാൻ നോക്കിക്കൊണ്ടിരിക്കെ അദ്ദേഹം അവിടേക്കു ചെന്നു.

3 അദ്ദേഹം ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ തെക്കുവശത്തു നിന്നിരുന്നു. മേഘം അകത്തെ അങ്കണത്തെ നിറച്ചിരുന്നു. 4 അപ്പോൾ യഹോവയുടെ മഹത്ത്വം കെരൂബുകളിൽനിന്നുയർന്ന് ആലയത്തിന്റെ പ്രവേശനകവാടത്തിൽ നിന്നു. ആലയം മേഘംകൊണ്ടു നിറഞ്ഞു. അങ്കണവും യഹോവയുടെ മഹത്ത്വത്തിന്റെ ശോഭയാൽ നിറഞ്ഞിരുന്നു. 5 കെരൂബുകളുടെ ചിറകുകളുടെ ഒച്ച സർവശക്തനായ ദൈവം സംസാരിക്കുമ്പോൾ എന്നപോലെ പുറത്തെ അങ്കണംവരെ കേട്ടിരുന്നു.

6 ചണവസ്ത്രം ധരിച്ച പുരുഷനോട് യഹോവ ഇപ്രകാരം കൽപ്പിച്ചു, “കെരൂബുകളുടെ മധ്യേ തിരിയുന്ന ചക്രങ്ങൾക്കിടയിൽനിന്നു തീക്കനൽ എടുക്കുക” അപ്പോൾ അദ്ദേഹം ചെന്ന് ചക്രങ്ങൾക്കു സമീപം നിന്നു. 7 അപ്പോൾ ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്ന് കെരൂബുകളുടെ മധ്യത്തിലുള്ള തീയിലേക്കു കൈനീട്ടി കുറെ കനൽ എടുത്ത് ചണവസ്ത്രം ധരിച്ചവന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു വാങ്ങി പുറത്തേക്കുപോയി. 8 (കെരൂബുകളുടെ ചിറകുകൾക്കുകീഴേ മനുഷ്യന്റെ കൈപോലെ ഒന്ന് കാണപ്പെട്ടിരുന്നു.)

9 ഞാൻ നോക്കിയപ്പോൾ കെരൂബുകൾക്കുകീഴേ നാലു ചക്രം, ഓരോ കെരൂബിനും താഴെയായി ഓരോന്ന് കാണപ്പെട്ടു. ചക്രങ്ങളുടെ ശോഭ പുഷ്യരാഗരത്നംപോലെ ആയിരുന്നു. 10 അവയുടെ കാഴ്ച ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം ഉള്ളതുപോലെയും നാലും ഒരേ രീതിയിലും ആയിരുന്നു. 11 അവ ചലിക്കുമ്പോൾ കെരൂബുകൾ അഭിമുഖമായി നിന്നിരുന്ന നാലു ദിക്കുകളിൽ എങ്ങോട്ടുവേണമെങ്കിലും അവയ്ക്കു പോകാം; അവ പോകുമ്പോൾ അതിലെ ചക്രങ്ങൾക്കു തിരിയേണ്ട ആവശ്യമില്ല. കെരൂബുകളുടെ തല അഭിമുഖമായിരുന്ന വശത്തേക്ക് അവ സഞ്ചരിച്ചു, അവയ്ക്ക് ഇടംവലം തിരിയേണ്ട ആവശ്യമില്ല. 12 അവയുടെ മുഴുവൻ ശരീരവും പിൻഭാഗവും കൈകളും ചിറകുകളും കണ്ണുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു, നാലു ചക്രങ്ങൾക്കു ചുറ്റും എല്ലായിടത്തും കണ്ണുകൾ ഉണ്ടായിരുന്നു. 13 ചക്രങ്ങൾക്കു ഞാൻ കേൾക്കെ, “ചുഴലിച്ചക്രങ്ങൾ” എന്നു പേരുവിളിച്ചു. 14 നാലു കെരൂബുകൾക്കും നാലു മുഖംവീതം ഉണ്ടായിരുന്നു. ഒന്നാമത്തെ മുഖം കെരൂബിന്റേതും രണ്ടാമത്തേതു മനുഷ്യന്റേതും മൂന്നാമത്തേതു സിംഹത്തിന്റേതും നാലാമത്തേത് കഴുകന്റേതും ആയിരുന്നു.

15 അപ്പോൾ കെരൂബുകൾ മേലോട്ടുയർന്നു. അവ ഞാൻ കേബാർനദീതീരത്തു കണ്ട നാലു ജീവികൾതന്നെ. 16 കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും. ഭൂമിയിൽനിന്നുയരാൻ കെരൂബുകൾ ചിറകുവിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വംവിട്ടുമാറുകയില്ല. 17 കെരൂബുകൾ നിശ്ചലമായി നിൽക്കുമ്പോൾ, ചക്രങ്ങളും നിൽക്കും; കെരൂബുകൾ ഉയരുമ്പോൾ ചക്രങ്ങളും അവയോടൊത്തുയരും; കാരണം ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നു.

18 അപ്പോൾ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ പ്രവേശനകവാടത്തിൽനിന്നു മാറി കെരൂബുകൾക്കു മീതേ നിന്നു. 19 അപ്പോൾ ഞാൻ നോക്കിക്കൊണ്ടിരിക്കെത്തന്നെ കെരൂബുകൾ ചിറകുവിരിച്ച് ഭൂമിയിൽനിന്നുയർന്നു. അവ പുറപ്പെട്ടുപോയപ്പോൾ ചക്രങ്ങളും അവയുടെ പാർശ്വത്തിൽ ഉണ്ടായിരുന്നു. എല്ലാവരും യഹോവയുടെ ആലയത്തിന്റെ കിഴക്കേകവാടത്തിൽ നിന്നു, ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവർക്കുമീതേ നിന്നു.

20 ഇവ കേബാർ നദീതീരത്തുവെച്ച് ഇസ്രായേലിന്റെ ദൈവത്തിനുകീഴേ ഞാൻ കണ്ട ജീവികളായിരുന്നു. അങ്ങനെ അവ കെരൂബുകൾ എന്നു ഞാൻ മനസ്സിലാക്കി. 21 ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. അവയുടെ ചിറകുകൾക്കുകീഴേ മനുഷ്യന്റെ കൈപോലെ ഒന്നുണ്ടായിരുന്നു. 22 അവയുടെ മുഖസാദൃശ്യം ഞാൻ കേബാർനദീതീരത്തു കണ്ടവിധംതന്നെ ആയിരുന്നു. ഓരോന്നും നേരേ മുമ്പോട്ടുതന്നെ സഞ്ചരിച്ചു.

11:1 അതിനുശേഷം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിന്റെ കിഴക്കോട്ടു മുഖമുള്ള കിഴക്കേകവാടത്തിൽ കൊണ്ടുവന്നു. അവിടെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിൽ ഇരുപത്തിയഞ്ചു പുരുഷന്മാർ ഉണ്ടായിരുന്നു. അവരിൽ ജനത്തിന്റെ നേതാക്കളായ അസ്സൂരിന്റെ മകനായ യയസന്യാവിനെയും ബെനായാവിന്റെ മകനായ പെലത്യാവിനെയും ഞാൻ കണ്ടു. 2 യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ പട്ടണത്തിൽ ദുഷ്ടതനിറഞ്ഞ നിർദേശങ്ങൾ നൽകിക്കൊണ്ട് ഗൂഢാലോചന നടത്തുന്ന പുരുഷന്മാരാണ് ഇവർ. 3 ‘നമ്മുടെ വീടുകൾ അടുത്തിടെയല്ലേ പുതുക്കിപ്പണിതത്? ഈ പട്ടണം ഒരു കുട്ടകവും നാം അതിനുള്ളിലെ മാംസവും ആണല്ലോ,’ എന്ന് അവർ പറയുന്നു. 4 അതുകൊണ്ട് അവർക്കെതിരായി പ്രവചിക്കുക; മനുഷ്യപുത്രാ, പ്രവചിക്കുക.”

5 അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വന്നു. അവിടന്ന് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ഇപ്രകാരം പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ നേതാക്കന്മാരേ, നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു; നിങ്ങളുടെ ചിന്തകൾ ഞാൻ അറിയുന്നു. 6 ഈ പട്ടണത്തിലെ നിരവധി ആളുകളെ നിങ്ങൾ വധിച്ചു; അവരെക്കൊണ്ട് അതിന്റെ തെരുവീഥികൾ നിറച്ചിരിക്കുന്നു.

7 “അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ പട്ടണത്തിന്റെ നടുവിൽ നിങ്ങൾ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ പട്ടണം കുട്ടകവുമാകുന്നു. ഞാനോ, നിങ്ങളെ അതിൽനിന്ന് പുറത്തുവരുത്തും. 8 നിങ്ങൾ വാളിനെ ഭയപ്പെട്ടു; അതിനാൽ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 9 ഞാൻ നിങ്ങളെ നഗരമധ്യത്തിൽനിന്നു പുറത്തുകൊണ്ടുവരും. ഞാൻ നിങ്ങളെ വിദേശികളുടെ കൈയിൽ ഏൽപ്പിച്ച് നിങ്ങളുടെമേൽ ന്യായവിധി വരുത്തും. 10 നിങ്ങൾ വാളാൽ വീഴും; ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 11 ഈ പട്ടണം നിങ്ങൾക്ക് ഒരു കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനുള്ളിലെ മാംസവും ആകുകയില്ല. എന്നാൽ ഇസ്രായേലിന്റെ അതിർത്തിയിൽവെച്ചു ഞാൻ നിങ്ങളെ ന്യായംവിധിക്കും. 12 അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും; കാരണം നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ എന്റെ നിയമങ്ങൾ അനുസരിക്കുകയോ ചെയ്യാതെ നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ ആദർശങ്ങൾ അനുവർത്തിക്കുകയാണ് നിങ്ങൾ ചെയ്തത്.”

13 ഞാൻ പ്രവചിച്ചുകൊണ്ടിരിക്കെ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉച്ചത്തിൽ, “അയ്യോ! യഹോവയായ കർത്താവേ, അങ്ങ് ഇസ്രായേലിന്റെ ശേഷിപ്പിനെ നിശ്ശേഷം നശിപ്പിക്കുമോ” എന്നു നിലവിളിച്ചു.

14 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 15 “മനുഷ്യപുത്രാ, ജെറുശലേംനിവാസികൾ നിന്റെ സഹപ്രവാസികളെയും ഇസ്രായേൽജനം മുഴുവനെയുംകുറിച്ച് ഇങ്ങനെ പറയുന്നു: ‘അവർ യഹോവയിൽനിന്നു ദൂരെ പോയിരിക്കുന്നു, ഈ ദേശം നമുക്ക് ഒരവകാശമായി നൽകപ്പെട്ടിരിക്കുന്നു.’

16 “അതിനാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്കു നീക്കിക്കളഞ്ഞുവെങ്കിലും രാജ്യങ്ങളുടെ മധ്യേ അവരെ ചിതറിച്ചെങ്കിലും, അവർ പോയിട്ടുള്ള ദേശങ്ങളിൽ ഞാൻ അൽപ്പനേരത്തേക്ക് അവർക്കൊരു വിശുദ്ധമന്ദിരമായിരുന്നു.’

17 “അതിനാൽ നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളുടെ മധ്യേനിന്നു ശേഖരിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരികെത്തരും.’

18 “അവർ അവിടേക്കു മടങ്ങിവരുമ്പോൾ അവരുടെ എല്ലാ മ്ലേച്ഛരൂപങ്ങളും നിന്ദ്യമായ വിഗ്രഹങ്ങളും അവർ അതിൽനിന്നു നീക്കിക്കളയും. 19-20 അവർ എന്റെ ഉത്തരവുകൾ പാലിച്ച്, എന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതിന് ഞാൻ അവർക്ക് ഏകാഗ്രമായ ഒരു ഹൃദയം നൽകും. ഞാൻ പുതിയൊരാത്മാവിനെ അവരുടെ ഉള്ളിലാക്കും; കല്ലായ ഹൃദയം അവരിൽനിന്നു നീക്കിക്കളഞ്ഞ് മാംസളമായൊരു ഹൃദയം ഞാൻ അവർക്കു നൽകും. അങ്ങനെ അവർ എന്റെ ജനമായിത്തീരുകയും ഞാൻ അവർക്കു ദൈവമായിരിക്കുകയും ചെയ്യും 21 എന്നാൽ തങ്ങളുടെ ഹൃദയം എല്ലാ മ്ലേച്ഛരൂപങ്ങളിലേക്കും നിന്ദ്യമായ വിഗ്രഹങ്ങളിലേക്കും അർപ്പിക്കുന്നവരുടെ പ്രവൃത്തികൾ അവരുടെ തലമേൽതന്നെ ഞാൻ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”