യിരെമ്യാവ് ഈജിപ്റ്റിനെതിരെ പ്രവചിക്കുന്നു
ക്രി.മു. 587
Biblica® Open Malayalam Contemporary Version™ (OMCV)
8 തഹ്പനേസിൽവെച്ച് യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: 9 “യെഹൂദാജനം നിന്നെ നോക്കിക്കൊണ്ടിരിക്കെ, നീ ഏതാനും വലിയ കല്ലുകൾ എടുത്ത് തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിവാതിൽക്കലുള്ള കൽത്തറയിലെ കളിമണ്ണിൽ കുഴിച്ചിടുക. 10 എന്നിട്ട് അവരോടു നീ ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ ഇവിടേക്കു വരുത്തും. ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും; അവൻ തന്റെ മണിപ്പന്തൽ ഇവയ്ക്കുമേൽ നിർത്തും. 11 അവൻ അന്ന് ഈജിപ്റ്റുദേശത്തെ പിടിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏൽപ്പിച്ചുകൊടുക്കും. 12 അവൻ ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കും; അവരുടെ ക്ഷേത്രങ്ങൾക്ക് തീവെച്ച് അവൻ അവരുടെ ദേവതകളെ തടവുകാരാക്കി കൊണ്ടുപോകും. ഒരു ഇടയൻ തന്റെ വസ്ത്രത്തിൽനിന്ന് പേനുകളെ പെറുക്കി അത് ശുദ്ധീകരിക്കുന്നതുപോലെ അവൻ ഈജിപ്റ്റിനെ പെറുക്കി ശുദ്ധീകരിച്ച് പുറപ്പെട്ടുപോകും. 13 അവൻ ഈജിപ്റ്റുദേശത്ത് ബേത്-ശേമെശിൽ സൂര്യക്ഷേത്രത്തിലുള്ള വിഗ്രഹങ്ങളെ തകർത്ത് ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ തീവെച്ചു ചുട്ടുകളയും.’ ”
13 ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിക്കാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോടു യഹോവ കൽപ്പിച്ച അരുളപ്പാട് ഇതാണ്:
14 “ഈജിപ്റ്റിൽ ഇതു പ്രസ്താവിക്കുക, മിഗ്ദോലിൽ ഇതു വിളംബരംചെയ്യുക;
നോഫിലും തഹ്പനേസിലും ഇതു പ്രസിദ്ധമാക്കുക:
‘വാൾ നിങ്ങൾക്കു ചുറ്റുമുള്ളവരെ വിഴുങ്ങിക്കളഞ്ഞിരിക്കുകയാൽ
അണിനിരന്ന് ഒരുങ്ങിനിൽക്കുക.’
15 നിന്റെ യോദ്ധാക്കൾ മുഖംപൊത്തി വീഴുന്നത് എന്തുകൊണ്ട്?
യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നിൽക്കാൻ കഴിയുന്നില്ല.
16 അവർ വീണ്ടും വീണ്ടും ഇടറിവീഴും;
ഒരാൾ മറ്റൊരാളിന്റെമേൽ വീഴും.
അപ്പോൾ അവർ, ‘എഴുന്നേൽക്കുക, നമുക്കു മടങ്ങിപ്പോകാം
പീഡിപ്പിക്കുന്നവന്റെ വാളിൽനിന്നൊഴിഞ്ഞ്
നമ്മുടെ ജനത്തിന്റെ അടുക്കലേക്കും സ്വന്തം ദേശത്തേക്കും പോകാം,’ എന്നു പറയും.
17 അവിടെവെച്ച് അവർ വിളിച്ചുപറഞ്ഞു:
‘ഈജിപ്റ്റുരാജാവായ ഫറവോൻ ഒരു ബഹളക്കാരൻമാത്രം;
അദ്ദേഹം തന്റെ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു.’
18 “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു,
പർവതങ്ങളുടെ ഇടയിൽ താബോർപോലെയും
സമുദ്രതീരത്തെ കർമേൽപോലെയും ഒരുവൻ വരും,”
എന്ന് സൈന്യങ്ങളുടെ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.
19 “ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ,
പ്രവാസത്തിലേക്കു പോകാൻ ഭാണ്ഡം മുറുക്കുക,
കാരണം നോഫ് ശൂന്യമാക്കപ്പെടുകയും
നിവാസികളില്ലാതെ തകർന്നടിയുകയും ചെയ്യും.
20 “ഈജിപ്റ്റ് അഴകുള്ള ഒരു പശുക്കിടാവാകുന്നു,
എന്നാൽ ചോര കുടിക്കുന്ന ഒരു ഈച്ച
വടക്കുനിന്നു പറന്നുവന്ന് അതിന്റെമേൽ ഇരിക്കും.
21 അവളുടെ മധ്യേയുള്ള കൂലിപ്പട്ടാളക്കാർ
തടിപ്പിച്ച കാളക്കിടാങ്ങളെപ്പോലെ.
അവരും ഒന്നുചേർന്നു പിന്തിരിഞ്ഞ് ഓടിപ്പോകും;
അവരുടെ ശിക്ഷാസമയമായ
നാശദിവസം വരുന്നതുമൂലം
അവർ ഉറച്ചുനിൽക്കുകയില്ല.
22 ശത്രു ശക്തിയോടെ മുന്നേറുമ്പോൾ;
മരംവെട്ടുകാരെപ്പോലെ
മഴുവുമായി അവർ അവൾക്കെതിരേ വന്നടുക്കും.
അപ്പോൾ ഈജിപ്റ്റ് ഓടിപ്പോകുന്ന പാമ്പിനെപ്പോലെ ചീറ്റും.
23 അവളുടെ വനം അവർ വെട്ടിനശിപ്പിക്കും;
അത് എത്ര നിബിഡമായിരുന്നാലും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“അവർ വെട്ടുക്കിളികളെക്കാൾ അസംഖ്യം
അവരെ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല.
24 ഈജിപ്റ്റുപുത്രി ലജ്ജിതയായിത്തീരും,
ഉത്തരദേശത്തെ ജനങ്ങളുടെ കൈയിൽ അവൾ ഏൽപ്പിക്കപ്പെടും.”
25 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നോവിലെ ആമോനെയും ഫറവോനെയും ഈജിപ്റ്റിനെയും അവളുടെ ദേവതകളോടും രാജാക്കന്മാരോടുംകൂടെ ശിക്ഷിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്ന എല്ലാവരെയുംതന്നെ. 26 അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ദാസന്മാരുടെ കൈയിലും ഞാൻ അവരെ ഏൽപ്പിക്കും. അതിനുശേഷം പൂർവകാലത്തെന്നപോലെ അവിടെ നിവാസികൾ ഉണ്ടാകും,” എന്ന് യഹോവയുടെ അരുളപ്പാട്.
27 “എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ട;
ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ.
ഞാൻ നിങ്ങളെ ദൂരത്തുനിന്നു രക്ഷിക്കും;
നിങ്ങളുടെ സന്തതികളെ അവർ പ്രവാസത്തിലിരിക്കുന്ന രാജ്യത്തുനിന്നും.
യാക്കോബ് മടങ്ങിവന്നു ശാന്തമായും സുരക്ഷിതമായും ജീവിക്കും,
ആരും അവരെ ഭയപ്പെടുത്തുകയില്ല.
28 എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്,
കാരണം ഞാൻ നിന്നോടുകൂടെയുണ്ട്,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകലരാജ്യങ്ങളെയും
പൂർണമായും നശിപ്പിച്ചുകളയുമെങ്കിലും
നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കുകയില്ല.
ഞാൻ നിന്നെ ശിക്ഷിക്കും, ന്യായമായിമാത്രം;
ഞാൻ നിന്നെ തീരെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”
വിഗ്രഹാരാധകർക്കെതിരായ യിരെമ്യാവിന്റെ അവസാന പ്രവചനങ്ങൾ
വിഗ്രഹാരാധകരായ യെഹൂദന്മാർക്കും ഈജിപ്റ്റിനും എതിരായ യിരെമ്യാവിന്റെ അവസാന പ്രവചനങ്ങൾ.
1 ഉത്തര ഈജിപ്റ്റിലും—മിഗ്ദോൽ, തഹ്പനേസ്, നോഫ് എന്നിവിടങ്ങളിലും—പത്രോസുദേശത്തും വസിച്ചിരുന്ന എല്ലാ യെഹൂദരെയുംകുറിച്ച് യിരെമ്യാവിന് ഈ അരുളപ്പാടുണ്ടായി: 2 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജെറുശലേമിന്മേലും യെഹൂദ്യയിലുള്ള എല്ലാ പട്ടണങ്ങളിൻമേലും ഞാൻ വരുത്തിയ നാശമൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു. ആ പട്ടണങ്ങൾ ഇപ്പോൾ ശൂന്യമായിരിക്കുന്നു. ആരും അവയിൽ പാർക്കുന്നതുമില്ല; 3 അവർ ചെയ്ത ദുഷ്ടതനിമിത്തമാണ് അപ്രകാരം സംഭവിച്ചത്. അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ധൂപംകാട്ടുകയും അവയെ ഭജിക്കുകയും ചെയ്തതിലൂടെ അവർ എന്നെ കുപിതനാക്കി. 4 എന്റെ ദാസന്മാരായ പ്രവാചകന്മാരെ ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ച്, ‘ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛതകൾ ചെയ്യരുതേ!’ എന്നു പറയിച്ചു. 5 എങ്കിലും അന്യദേവതകൾക്കു ധൂപം കാട്ടുന്ന ദുഷ്ടത വിട്ടുമാറാൻ തക്കവണ്ണം അവർ ശ്രദ്ധിക്കുകയോ ചെവിചായ്ക്കുകയോ ചെയ്തില്ല. 6 അതുനിമിത്തം എന്റെ കോപവും ക്രോധവും യെഹൂദ്യയിലെ പട്ടണങ്ങളുടെമേലും ജെറുശലേം വീഥികളിലും ചൊരിഞ്ഞു. അങ്ങനെ ഇന്ന് ആയിരിക്കുന്ന നിലയിൽ അവ നാശത്തിനും ശൂന്യതയ്ക്കും ഇരയായിത്തീർന്നു.
7 “അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഉണ്ടാകാതിരിക്കുംവിധം, യെഹൂദയിൽനിന്നുള്ള പുരുഷന്മാരെയും സ്ത്രീകളെയും മക്കളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ഛേദിച്ചുകളയുമാറ്, നിങ്ങൾ നിങ്ങൾക്കുതന്നെ ദോഷം വരുത്തുന്നത് എന്തുകൊണ്ട്? 8 നിങ്ങൾ താൽക്കാലികമായി വസിക്കാൻ വന്നിരിക്കുന്ന ഈജിപ്റ്റിലെ അന്യദേവതകളെ നിങ്ങളുടെ കൈകളാൽ നിർമിച്ച് അവയ്ക്കു ധൂപാർപ്പണംചെയ്തുകൊണ്ട് നിങ്ങൾ എന്നെ കുപിതനാക്കുകയും അങ്ങനെ നിങ്ങൾ സ്വയം നശിക്കുകയും ഭൂമിയിലെ സകലജനതകളുടെയും മധ്യത്തിൽ ഒരു ശാപവും നിന്ദയുമാകാൻ സ്വയം ഇടവരുത്തുകയും ചെയ്യുന്നതെന്തുകൊണ്ട്? 9 യെഹൂദാദേശത്തും ജെറുശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദുഷ്ടതയും യെഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരുംചെയ്ത ദുഷ്ടതയും നിങ്ങളുടെ സ്വന്തം ദുഷ്ടതയും നിങ്ങളുടെ ഭാര്യമാരുടെ ദുഷ്ടതയും നിങ്ങൾ മറന്നുകളഞ്ഞോ? 10 എങ്കിലും ഇന്നുവരെയും അവർ തങ്ങളെത്തന്നെ താഴ്ത്തിയിട്ടില്ല; നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പിൽ ഞാൻ വെച്ചിട്ടുള്ള ന്യായപ്രമാണത്തിന്റെ എല്ലാ ഉത്തരവുകളും ഭയപ്പെട്ട് അവ പാലിക്കുകയും ചെയ്തിട്ടില്ല.
11 “അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെമേൽ നാശം വരുത്തുന്നതിനും യെഹൂദയെ മുഴുവൻ നശിപ്പിച്ചുകളയുന്നതിനും ഞാൻ തീരുമാനിച്ചിരിക്കുന്നു. 12 ഈജിപ്റ്റിൽ അധിവസിക്കാനായി അവിടെപ്പോകാൻ തീരുമാനിച്ചിരുന്ന യെഹൂദ്യരുടെ ശേഷിപ്പിനെ ഞാൻ എടുത്തുകളയും; അവർ എല്ലാവരും ഈജിപ്റ്റിൽവെച്ചു നശിച്ചുപോകും; അവർ വാളാൽ കൊല്ലപ്പെടുകയോ ക്ഷാമത്താൽ മരിക്കുകയോ ചെയ്യും. ഏറ്റവും ചെറിയവർമുതൽ ഏറ്റവും വലിയവർവരെയുള്ള സകലരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നാശമടയും. അവർ ഒരു ശാപമായി, ഒരു ഭീതിവിഷയമായിത്തീരും; ഒരു ശാപവും നിന്ദാപാത്രവും ആയിത്തീരും. 13 ജെറുശലേമിനെ ഞാൻ ശിക്ഷിച്ചതുപോലെ ഈജിപ്റ്റിൽ പാർക്കുന്നവരെയും ഞാൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. 14 ഈജിപ്റ്റിൽ പാർക്കാൻ വന്നിട്ടുള്ള യെഹൂദ്യയിലെ ശേഷിപ്പിൽ ആരുംതന്നെ രക്ഷപ്പെടുകയോ യെഹൂദാദേശത്തേക്കു മടങ്ങിപ്പോകാൻ തക്കവണ്ണം ശേഷിക്കുകയോ ചെയ്യുകയില്ല. അവിടേക്കു മടങ്ങിച്ചെന്നു ജീവിക്കാൻ അവർ ആഗ്രഹിക്കുമെങ്കിലും ഏതാനും ചില പലായിതർ ഒഴികെ ആരും മടങ്ങിപ്പോകുകയില്ല.”
15 അപ്പോൾ തങ്ങളുടെ ഭാര്യമാർ അന്യദേവതകൾക്കു ധൂപം കാട്ടുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരുന്ന സകലപുരുഷന്മാരും അവരോടൊപ്പം നിന്നിരുന്ന—ഒരു വലിയകൂട്ടം—സ്ത്രീകളും ഉത്തര ഈജിപ്റ്റിലും പത്രോസുദേശത്തും വന്നു താമസിച്ചിരുന്ന എല്ലാ ജനങ്ങളും യിരെമ്യാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: 16 “യഹോവയുടെ നാമത്തിൽ താങ്കൾ ഞങ്ങളെ അറിയിച്ച ഈ വചനം ഞങ്ങൾ അനുസരിക്കുകയില്ല! 17 ആകാശരാജ്ഞിക്കു ധൂപംകാട്ടുന്നതിനും അവൾക്കു പാനീയബലി അർപ്പിക്കുന്നതിനും വേണ്ടി ഞങ്ങൾ സ്വന്തം വായാൽ നേർന്നിട്ടുള്ള കാര്യങ്ങളൊക്കെയും ഞങ്ങൾ നിശ്ചയമായും നിറവേറ്റും. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ തെരുവീഥികളിലും ചെയ്തുപോന്നിട്ടുള്ള വിധത്തിൽ തന്നെ. അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരമുണ്ടായിരുന്നു; ഞങ്ങൾ ക്ഷേമമായി ജീവിച്ചു. ഒരാപത്തും ഞങ്ങൾക്കു ഭവിച്ചതുമില്ല. 18 എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും അവൾക്കു പാനീയബലി അർപ്പിക്കുന്നതും നിർത്തിയതുമുതൽ ഞങ്ങൾക്ക് എല്ലാറ്റിനും ബുദ്ധിമുട്ടായി; വാൾകൊണ്ടും ക്ഷാമംകൊണ്ടും ഞങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്തു.”
19 ആ സ്ത്രീകൾ ഇതുംകൂടി ചോദിച്ചു, “ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്തപ്പോൾ, അവളുടെ രൂപത്തിൽ അടകൾ ഉണ്ടാക്കുകയും അവൾക്കു പാനീയബലി അർപ്പിക്കുകയും ചെയ്തത് ഞങ്ങളുടെ ഭർത്താക്കന്മാരുടെ അറിവുകൂടാതെയോ?”
20 അപ്പോൾ യിരെമ്യാവ് ആ ജനത്തോടെല്ലാം, പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ തന്നോട് ഉത്തരം പറഞ്ഞ സകലജനത്തോടുംതന്നെ, ചോദിച്ചത്: 21 “നിങ്ങളും നിങ്ങളുടെ പൂർവികരും നിങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും യെഹൂദ്യയിലെ പട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ധൂപം കാട്ടിയത് യഹോവ ഓർത്തിട്ടില്ലേ? അതൊക്കെയും അവിടത്തെ മനസ്സിൽ വന്നിട്ടില്ലേ? 22 അതിനാൽ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷവും നിങ്ങൾ ചെയ്തിട്ടുള്ള മ്ലേച്ഛതകളും യഹോവയ്ക്കു സഹിക്കാൻ കഴിയാതെയായി. അങ്ങനെ നിങ്ങളുടെ ദേശം നിവാസികളില്ലാതെ ഇന്ന് ആയിരിക്കുന്ന നിലയിൽ ശൂന്യവും ശാപഹേതുവും ആയിത്തീർന്നു. 23 നിങ്ങൾ യഹോവയുടെ വചനം അനുസരിക്കാതെയും അവിടത്തെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കാതെയും ധൂപംകാട്ടി യഹോവയോടു പാപംചെയ്തിരിക്കുകയാൽ ഇന്ന് ഈ ആപത്തു നിങ്ങൾക്കു ഭവിച്ചിരിക്കുന്നു.”
24 അതിനുശേഷം യിരെമ്യാവ് സ്ത്രീകൾ ഉൾപ്പെടെയുള്ള സകലജനത്തോടും ഇപ്രകാരം പറഞ്ഞു: “ഈജിപ്റ്റുദേശത്തുള്ള സകല യെഹൂദാജനങ്ങളുമേ, യഹോവയുടെ വചനം കേൾക്കുക. 25 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ആകാശരാജ്ഞിക്കു ധൂപംകാട്ടുന്നതിനും പാനീയബലി അർപ്പിക്കുന്നതിനും ഞങ്ങൾ നേർന്നിട്ടുള്ള നേർച്ചകൾ നിശ്ചയമായും ഞങ്ങൾ നിറവേറ്റും.’ എന്നിങ്ങനെ നിങ്ങളും നിങ്ങളുടെ ഭാര്യമാരും വാകൊണ്ടു സംസാരിക്കുകയും കൈകൊണ്ട് അത് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു.
“നിങ്ങളുടെ നേർച്ച ഉറപ്പാക്കിക്കൊൾക! അതു നിറവേറ്റുകയും ചെയ്യുക! 26 അതുകൊണ്ട് ഈജിപ്റ്റിൽ പാർക്കുന്ന സകല യെഹൂദാജനമേ, യഹോവയുടെ വചനം കേൾക്കുക: ‘ഈജിപ്റ്റുദേശത്തു പാർക്കുന്ന ഒരു യെഹൂദനും നാവെടുത്തു “ജീവിക്കുന്ന യഹോവയായ കർത്താവാണെ,” എന്ന് എന്റെ നാമം ഉച്ചരിക്കുകയോ ശപഥംചെയ്യുകയോ ഇല്ലെന്ന് എന്റെ മഹത്തായ നാമത്തിൽ ഞാൻ ശപഥംചെയ്യുന്നു എന്ന് യഹോവയുടെ അരുളപ്പാട്. 27 ഞാൻ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിത്തന്നെ അവരുടെമേൽ ദൃഷ്ടിവെച്ചിരിക്കുന്നു; ഈജിപ്റ്റുദേശത്തു വസിക്കുന്ന സകല യെഹൂദ്യരും നിശ്ശേഷം ഒടുങ്ങിപ്പോകുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിക്കും. 28 വാളിൽനിന്നും തെറ്റിയൊഴിയുന്ന ചുരുക്കം ചിലർമാത്രം ഈജിപ്റ്റിൽനിന്ന് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകും. അന്ന് ഈജിപ്റ്റുദേശത്തു വന്നുപാർക്കുന്ന ശേഷം യെഹൂദ്യർ ഒക്കെയും എന്റെ വാക്കോ അവരുടേതോ ഏതു നിറവേറി എന്നറിയും.
29 “ ‘ഈ സ്ഥലത്തു ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു എന്നതിന് ഇതു നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും.’ എന്ന് യഹോവ അരുളിച്ചെയ്യുന്നു, ‘അങ്ങനെ എന്റെ വചനം നിങ്ങൾക്കു തിന്മയ്ക്കായി നിറവേറുമെന്ന് നിങ്ങൾ അറിയും.’ 30 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനെ അവന്റെ ശത്രുവും അവനു ജീവഹാനി വരുത്താൻ നോക്കിയവനുമായ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചതുപോലെ ഈജിപ്റ്റുരാജാവായ ഫറവോൻ ഹോഫ്റയെയും അവന്റെ ശത്രുക്കളുടെയും അവനു പ്രാണഹാനി വരുത്താൻ നോക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും.’ ”
നെബൂഖദ്നേസർ യെഹൂദന്മാരെ തടവിലാക്കിയ സംഭവങ്ങൾ വിവരിക്കപ്പെടുന്നു
നെബൂഖദ്നേസർ യെഹൂദന്മാരെ തടവിലാക്കിയ സംഭവങ്ങളുടെ സംക്ഷിപ്തസംഗ്രഹം.
28 നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയവരുടെ എണ്ണം ഇവയാണ്:
ഏഴാംവർഷത്തിൽ,
3,023 യെഹൂദർ;
29 നെബൂഖദ്നേസരിന്റെ പതിനെട്ടാംവർഷത്തിൽ,
ജെറുശലേമിൽനിന്ന് 832 പേർ;
30 അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വർഷത്തിൽ
അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ 745 യെഹൂദരെ പ്രവാസത്തിലേക്കു കൊണ്ടുപോയി.
ഇങ്ങനെ ആകെ 4,600 പേർ.