ഭാഗം 4: മടങ്ങിവരവുവരെയുള്ള ബാബേലിലെ സംഭവങ്ങൾ
ജെറുശലേമിന്റെ നാശംമുതൽ പ്രവാസത്തിൽനിന്നുള്ള മടങ്ങിവരവുവരെയുള്ള ബാബേലിലെ സംഭവങ്ങൾ.
ജെറുശലേമിന്റെ പതനത്തെക്കുറിച്ച് യെഹെസ്കേൽ കേൾക്കുന്നു
ജെറുശലേമിന്റെ നാശത്തെക്കുറിച്ച് അറിഞ്ഞ യെഹെസ്കേൽ, യെഹൂദ്യയുടെ സമ്പൂർണമായ ശൂന്യതയും യെഹൂദരുടെ ശത്രുക്കളായ ചുറ്റുമുള്ള ജനതകളുടെമേലുള്ള ദൈവത്തിന്റെ ന്യായവിധികളും മുൻകൂട്ടി അറിയിക്കുന്നു.
ക്രി.മു. 587
Biblica® Open Malayalam Contemporary Version™ (OMCV)
21 ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവർഷം പത്താംമാസം അഞ്ചാംതീയതി ജെറുശലേമിൽനിന്ന് രക്ഷപ്പെട്ടുപോന്ന ഒരു മനുഷ്യൻ എന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “നഗരം വീണുപോയിരിക്കുന്നു!” 22 ആ മനുഷ്യൻ വന്നതിന്റെ തലേന്നാൾ വൈകിട്ട് യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; ആ മനുഷ്യൻ പ്രഭാതത്തിൽ എന്റെ അടുക്കൽ വരുന്നതിനുമുമ്പ് അവിടന്ന് എന്റെ വായ് തുറന്നു. അങ്ങനെ എന്റെ വായ് തുറക്കപ്പെട്ടതിനാൽ ഞാൻ പിന്നെ മൗനമായിരുന്നില്ല.
23 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 24 “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തിന്റെ ശൂന്യാവശിഷ്ടങ്ങളിൽ താമസിക്കുന്നവർ പറയുന്നത്: ‘അബ്രാഹാം ഒരേയൊരു മനുഷ്യനായിരുന്നു; എന്നിട്ടും അദ്ദേഹത്തിനു ദേശംമുഴുവനും അവകാശമായി ലഭിച്ചു. ഞങ്ങളോ, അനേകരാണെങ്കിലും ദേശം അവകാശമായി നൽകപ്പെട്ടിരിക്കുന്നു.’ 25 അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ രക്തത്തോടുകൂടെ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ? 26 നിങ്ങൾ സ്വന്തം വാളിൽ ആശ്രയിക്കുന്നു; നിങ്ങൾ മ്ലേച്ഛമായ കാര്യങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങളിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയെ വഷളാക്കുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ?’
27 “നീ അവരോട് പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ശൂന്യശിഷ്ടങ്ങളിൽ താമസിക്കുന്നവർ വാളാൽ വീഴും; വെളിമ്പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഞാൻ കാട്ടുമൃഗങ്ങൾക്ക് ഇരയാക്കിത്തീർക്കും; കോട്ടകളിലും ഗുഹകളിലും പാർക്കുന്നവർ പകർച്ചവ്യാധിയാൽ നശിക്കും. 28 ഞാൻ ദേശത്തെ ഒരു ശൂന്യസ്ഥലമാക്കിത്തീർക്കും; അവളുടെ ശക്തിയും പ്രതാപവും അവസാനിക്കും; ഇസ്രായേലിലെ ഗിരിപ്രദേശങ്ങൾ, ആരും വഴിനടക്കാതവണ്ണം ശൂന്യമായിത്തീരും. 29 അവർ ചെയ്ത എല്ലാ മ്ലേച്ഛകർമങ്ങളുംനിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’
30 “മനുഷ്യപുത്രാ, നിന്റെ സ്വദേശികൾ നിന്നെക്കുറിച്ച് മതിലുകൾക്കരികെയും വീടിന്റെ വാതിൽക്കലുംവെച്ചു പറയുന്നത്: ‘നിങ്ങൾ യഹോവയിൽനിന്നുള്ള സന്ദേശം വന്നു കേൾക്കുക.’ 31 എന്റെ ജനം പതിവായി ചെയ്യാറുള്ളതുപോലെ നിന്റെ അടുക്കൽവന്ന് നിന്റെ മുമ്പിൽ ഇരുന്ന് നീ പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നു; എന്നാൽ അതൊന്നും അവർ പ്രായോഗികമാക്കുന്നില്ല. തങ്ങളുടെ വാകൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; അവരുടെ ഹൃദയമോ അന്യായലാഭം കൊതിക്കുന്നു. 32 വാസ്തവത്തിൽ നീ അവർക്കു വാദ്യം മീട്ടി പ്രേമഗാനങ്ങൾ മധുരസ്വരത്തിൽ പാടുന്ന ഒരുവനെക്കാൾ വലിയ വിശേഷതയൊന്നുമില്ല. അവർ നിന്റെ വാക്കു കേൾക്കുന്നെങ്കിലും അവ അനുസരിക്കുന്നില്ല.
33 “എന്നാൽ ഇവയെല്ലാം സംഭവിക്കുമ്പോൾ—ഇതാ അതു നിശ്ചയമായും വരുമ്പോൾ—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, നിന്റെ മുഖം അമ്മോന്യർക്കെതിരേ തിരിച്ച് അവരെക്കുറിച്ച് ഇപ്രകാരം പ്രവചിക്കുക. 3 അവരോടു പറയുക: ‘യഹോവയായ കർത്താവിന്റെ അരുളപ്പാടു കേൾക്കുക. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും ഇസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും യെഹൂദാജനം പ്രവാസത്തിലേക്കു പോയപ്പോൾ അവരെക്കുറിച്ചും “നന്നായി” എന്നു നീ പറയുകയാൽ 4 ഞാൻ നിന്നെ കിഴക്കുദേശക്കാർക്ക് ഒരവകാശമായി ഏൽപ്പിച്ചുകൊടുക്കും; അവർ തങ്ങളുടെ പാളയങ്ങളും കൂടാരങ്ങളും നിന്നിൽ സ്ഥാപിക്കും. നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കുകയും ചെയ്യും. 5 ഞാൻ രബ്ബയെ ഒട്ടകങ്ങൾക്ക് ഒരു മേച്ചിൽപ്പുറമായും അമ്മോനിനെ ആട്ടിൻപറ്റങ്ങൾക്ക് ഒരു വിശ്രമസ്ഥലവും ആക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നീ അറിയും. 6 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ ഹൃദയത്തിലെ എല്ലാ ദുഷ്ടതയോടുംകൂടി ഇസ്രായേൽദേശത്തെക്കുറിച്ചു സന്തോഷിച്ച് കൈകൊട്ടുകയും കാൽ നിലത്തുചവിട്ടി ആഹ്ലാദിക്കയും ചെയ്തതിനാൽ, 7 ഞാൻ എന്റെ കരം നിന്റെനേരേ നീട്ടി നിന്നെ ഇതര രാഷ്ട്രങ്ങൾക്ക് ഒരു കൊള്ളയാക്കിത്തീർക്കും. ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽനിന്നു തൂത്തെറിയും; രാജ്യങ്ങളിൽനിന്ന് ഉന്മൂലനംചെയ്ത് നശിപ്പിച്ചുകളയും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ”
8 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ “ഇതാ, യെഹൂദാഗൃഹം മറ്റെല്ലാ ജനതകളെയുംപോലെ ആയിത്തീർന്നു,” എന്ന് മോവാബും സേയീരും പറയുകകൊണ്ട്, 9 ഞാൻ മോവാബുദേശത്തിന്റെ മഹത്ത്വമായ പാർശ്വഭൂമിയെ, അതിർത്തി നഗരങ്ങളായ ബേത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യാത്തയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവെക്കും. 10 ഞാൻ മോവാബിനെ അമ്മോന്യരോടൊപ്പം കിഴക്കുള്ള ജനതകൾക്ക് അവകാശമായിക്കൊടുക്കും; അങ്ങനെ രാഷ്ട്രങ്ങൾക്കിടയിൽ അമ്മോന്യർ സ്മരിക്കപ്പെടാതെയാകും; 11 ഇങ്ങനെ ഞാൻ മോവാബിന്മേൽ ശിക്ഷാവിധി വരുത്തും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
12 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഏദോം യെഹൂദാജനത്തോടു പ്രതികാരം നടത്തി ഏറ്റവുമധികം കുറ്റക്കാരായിത്തീർന്നിരിക്കുന്നു, 13 അതിനാൽ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: ഞാൻ എന്റെ കൈ ഏദോമിനെതിരേ നീട്ടി അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിച്ചുകളയും; ഞാൻ അതിനെ ശൂന്യമാക്കും. തേമാൻമുതൽ ദേദാൻവരെയുള്ളവർ വാളാൽ വീഴും. 14 എന്റെ ജനമായ ഇസ്രായേൽ മുഖാന്തരം ഞാൻ ഏദോമിനോടു പ്രതികാരംചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും തക്കവണ്ണം ഞാൻ ഏദോമിനോടു പ്രവർത്തിക്കും. അപ്പോൾ അവർ എന്റെ പ്രതികാരം മനസ്സിലാക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
15 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഫെലിസ്ത്യർ പ്രതികാരബുദ്ധിയോടും ഹൃദയത്തിൽ വിദ്വേഷത്തോടുംകൂടി പകരംവീട്ടുകയും മുൻകാലശത്രുതവെച്ചുകൊണ്ട് യെഹൂദയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുകയാൽ, 16 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ കരം ഫെലിസ്ത്യർക്കെതിരേ നീട്ടാൻ പോകുന്നു; ഞാൻ കെരീത്യരെ തൂത്തെറിയുകയും തീരപ്രദേശത്ത് ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും. 17 ഞാൻ മഹാപ്രതികാരം നടത്തി എന്റെ ക്രോധത്തിൽ അവരെ ശിക്ഷിക്കും. ഞാൻ അവരോടു പ്രതികാരം നടത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”