യോഹാനാൻ തടവുകാരെ രക്ഷിച്ച് ഈജിപ്റ്റിലേക്കു പലായനം ചെയ്യുന്നു
യോഹാനാൻ യിശ്മായേലിന്റെ കൈയിൽനിന്ന് തടവുകാരെ രക്ഷിക്കുന്നു. യിരെമ്യാവിലൂടെ നൽകിയ ദൈവത്തിന്റെ കൽപ്പനകൾക്കു വിരുദ്ധമായി അദ്ദേഹം ഈജിപ്റ്റിലെ തഹ്പനേസിൽ അഭയം തേടുന്നു.
ക്രി.മു. 587
Biblica® Open Malayalam Contemporary Version™ (OMCV)
11 എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങളെയുംപറ്റി കാരേഹിന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പമുള്ള പടത്തലവന്മാരും കേട്ടു. 12 അതിനാൽ അവർ അവരുടെ സകലപുരുഷന്മാരെയും ചേർത്തുകൊണ്ട് നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്യാൻ പുറപ്പെട്ടു. ഗിബെയോനിലുള്ള വലിയ കുളത്തിനു സമീപത്തുവെച്ച് അവനെ കണ്ടെത്തി. 13 യിശ്മായേലിനോടൊപ്പമുള്ള സകലജനവും കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള സൈനിക ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ സന്തോഷിച്ചു. 14 അങ്ങനെ മിസ്പായിൽനിന്ന് യിശ്മായേൽ തടവുകാരാക്കിയിരുന്ന സകലജനവും തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽവന്നു. 15 എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ എട്ട് ആളുകളോടൊപ്പം യോഹാനാന്റെ അടുക്കൽനിന്ന് തെറ്റിയൊഴിഞ്ഞ് അമ്മോന്യരുടെ അടുത്തേക്ക് പൊയ്ക്കളഞ്ഞു.
16 കാരേഹിന്റെ മകനായ യോഹാനാനും കൂടെയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരും മിസ്പായിൽ അവശേഷിച്ച എല്ലാവരെയും അവർ തങ്ങളോടൊപ്പം കൂട്ടി—ഗിബെയോനിൽവെച്ച് രക്ഷിച്ച സൈനികർ, സ്ത്രീകൾ, കുട്ടികൾ, ഷണ്ഡന്മാർ ഇങ്ങനെ നെഥന്യാവിന്റെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വധിച്ചതിനുശേഷം ബന്ദികളാക്കിയിരുന്ന എല്ലാവരെയുംതന്നെ. 17-18 അവർ ബാബേല്യരിൽനിന്നു രക്ഷപ്പെടുന്നതിനായി, ഈജിപ്റ്റിലേക്കുള്ള അവരുടെ യാത്രയ്ക്കിടയിൽ ബേത്ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ നിൽക്കുന്നതുവരെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ വധിച്ചതിനാൽ അവർ ബാബേല്യരെ ഭയപ്പെട്ടിരുന്നു. ബാബേൽരാജാവ് ദേശാധിപതിയായി നിയമിച്ചിരുന്ന ആളായിരുന്നു ഈ ഗെദല്യാവ്.
42:1 അപ്പോൾ കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ഉൾപ്പെടെ എല്ലാ സൈന്യാധിപന്മാരും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനങ്ങളും അടുത്തുവന്ന്, 2 യിരെമ്യാപ്രവാചകനോട് ഇപ്രകാരം അഭ്യർഥിച്ചു, “ഞങ്ങളുടെ അപേക്ഷ മാനിച്ച്, ഈ അവശേഷിച്ച ജനത്തിനുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിച്ചാലും. ഒരിക്കൽ അസംഖ്യമായിരുന്ന ഞങ്ങൾ അങ്ങേക്ക് ഇപ്പോൾ കാണാൻ കഴിയുന്നതുപോലെ വളരെ ചുരുക്കംപേരായി ശേഷിച്ചിരിക്കുന്നു. 3 ഞങ്ങൾ എങ്ങോട്ട് പോകണമെന്നും എന്തു ചെയ്യണമെന്നും അങ്ങയുടെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യേണ്ടുന്നതിനായി പ്രാർഥിച്ചാലും.”
4 അപ്പോൾ യിരെമ്യാപ്രവാചകൻ അവരോടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു. നിങ്ങളുടെ അപേക്ഷപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ പ്രാർഥിക്കാം. ദൈവം നിങ്ങൾക്കു മറുപടിയായി നൽകുന്ന സന്ദേശം മുഴുവൻ ഞാൻ നിങ്ങളെ അറിയിക്കുകയും ചെയ്യാം. ഒരു വാക്കുപോലും ഞാൻ മറച്ചുവെക്കുകയില്ല.”
5 അവർ യിരെമ്യാവിനോടു പറഞ്ഞു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽക്കൂടി ഞങ്ങളെ അറിയിക്കുന്ന എല്ലാ വചനവും അനുസരിച്ചു ഞങ്ങൾ പ്രവർത്തിക്കാതിരിക്കുന്നപക്ഷം യഹോവ നമുക്കുമധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. 6 ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് ഗുണമായാലും ദോഷമായാലും ഞങ്ങൾ അനുസരിക്കും. അവിടത്തെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മയുണ്ടാകേണ്ടതിനായി ഞങ്ങൾ അങ്ങയെ ദൈവസന്നിധിയിലേക്കു പറഞ്ഞയയ്ക്കുകയാണ്.”
7 പത്തുദിവസം കഴിഞ്ഞിട്ട് യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 8 അതുകൊണ്ട് അദ്ദേഹം കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള എല്ലാ സൈന്യാധിപന്മാരെയും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനത്തെയും വിളിച്ചുകൂട്ടി. 9 യിരെമ്യാവ് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ അപേക്ഷ അറിയിക്കുന്നതിനായി നിങ്ങൾ ആരുടെ അടുക്കലേക്ക് എന്നെ അയച്ചുവോ, ഇസ്രായേലിന്റെ ദൈവമായ ആ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 10 ‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുന്നപക്ഷം ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും പിഴുതുകളയാതെ നടുകയും ചെയ്യും. കാരണം നിങ്ങളുടെമേൽ ഞാൻ വരുത്തിയ അനർഥത്തെപ്പറ്റി അനുതപിക്കുന്നു. 11 നിങ്ങൾ ഇപ്പോൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഇനി ഭയപ്പെടേണ്ട. അദ്ദേഹത്തിന്റെ കൈയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യേണ്ടതിന് ഞാൻ നിങ്ങളോടുകൂടെയുള്ളതിനാൽ നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടേണ്ട എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 അദ്ദേഹത്തിനു നിങ്ങളോട് അനുകമ്പ തോന്നിയിട്ട് നിങ്ങളുടെ സ്വന്തം ദേശത്തേക്കു നിങ്ങളെ മടക്കി അയയ്ക്കാൻ തക്കവണ്ണം ഞാൻ നിങ്ങളോടു കരുണകാണിക്കും.’
13-14 “എന്നാൽ നിങ്ങൾ: ‘ഇല്ല, യുദ്ധം കാണാനില്ലാത്തതും കാഹളനാദം കേൾക്കാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ ഈജിപ്റ്റുദേശത്തേക്കു ഞങ്ങൾ പോകും, എന്നു പറഞ്ഞുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ, ഈ ദേശത്തു ഞങ്ങൾ പാർക്കുകയില്ല എന്നു പറയുന്നപക്ഷം,’ 15 യെഹൂദയുടെ ശേഷിപ്പായ ജനങ്ങളേ, യഹോവയുടെ വചനം കേട്ടുകൊൾക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ ഈജിപ്റ്റിലേക്കു പോകാൻ മനസ്സുവെച്ച് അവിടെപ്പോയി പാർക്കുന്നെങ്കിൽ, 16 നിങ്ങൾ ഭയപ്പെടുന്ന വാൾ അവിടെ ഈജിപ്റ്റുദേശത്തുവെച്ചു നിങ്ങളെ പിടികൂടും; നിങ്ങൾ പേടിക്കുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ചു നിങ്ങളെ വിടാതെ പിൻതുടരും. അങ്ങനെ അവിടെവെച്ച് നിങ്ങൾ മരിക്കും. 17 അതിനാൽ, ഈജിപ്റ്റിൽ പാർക്കേണ്ടതിന് അവിടേക്കു പോകാൻ മനസ്സുവെക്കുന്ന സകലജനവും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; അവരുടെമേൽ ഞാൻ വരുത്താൻപോകുന്ന അനർഥത്തിൽ അകപ്പെടാതെ ആരും ശേഷിക്കുകയോ അവിടെനിന്നു രക്ഷപ്പെടുകയോ ചെയ്യുകയില്ല.’ 18 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ജെറുശലേംനിവാസികളുടെമേൽ എന്റെ കോപവും ക്രോധവും ഞാൻ ചൊരിഞ്ഞതുപോലെ, നിങ്ങൾ ഈജിപ്റ്റിലേക്കു പോകുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിയും. നിങ്ങൾ ഒരു ശാപമായി, ഒരു ഭീതിവിഷയമായിത്തീരും; ഒരു ശാപവും നിന്ദാപാത്രവുമായിത്തീരും; ഈ ദേശം നിങ്ങൾ ഇനിയൊരിക്കലും കാണുകയുമില്ല.’
19 “യെഹൂദയുടെ ശേഷിപ്പേ, ‘നിങ്ങൾ ഈജിപ്റ്റിലേക്കു പോകരുത്’ എന്ന് യഹോവ നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നു. ഇന്ന് നിങ്ങൾക്കു ഞാൻ മുന്നറിയിപ്പായി നൽകുന്ന ഈ വചനം നിങ്ങൾ വ്യക്തമായി മനസ്സിലാക്കുക. 20 ‘ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ചാലും, ഞങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതെന്തായാലും അതു ഞങ്ങളെ അറിയിച്ചാലും; ഞങ്ങൾ അതു കേട്ടനുസരിക്കും,’ എന്നു പറഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു നിങ്ങൾതന്നെ എന്നെ പറഞ്ഞയച്ചതിൽ നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിച്ചിരിക്കുന്നു. 21 ഞാൻ ഇന്നു നിങ്ങളോടു സംസാരിച്ചിരിക്കുന്നു, എന്നാൽ നിങ്ങളോട് അറിയിക്കാൻ യഹോവ എന്നെ അയച്ച കാര്യത്തിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് ഇപ്പോഴും അനുസരിച്ചിട്ടില്ല. 22 അതിനാൽ നിങ്ങൾ പോയി പാർക്കാനുദ്ദേശിക്കുന്ന സ്ഥലത്തുവെച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുമെന്ന് ഇപ്പോൾ വ്യക്തമായി അറിഞ്ഞുകൊൾക.”
43:1 യിരെമ്യാവ് ഈ വചനങ്ങളൊക്കെയും—അവരുടെ ദൈവമായ യഹോവ അവരോടറിയിക്കാൻ യിരെമ്യാവിനെ ഏൽപ്പിച്ചിരിക്കുന്ന വചനങ്ങളെല്ലാംതന്നെ—ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, 2 ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ സകലപുരുഷന്മാരും അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “താങ്കൾ വ്യാജം സംസാരിക്കുകയാണ്! ‘നിങ്ങൾ ഈജിപ്റ്റിൽ പാർക്കേണ്ടതിന് അവിടേക്കു പോകരുത്,’ എന്നു പറയാൻ ഞങ്ങളുടെ ദൈവമായ യഹോവ താങ്കളെ അയച്ചിട്ടില്ല. 3 ബാബേല്യർ ഞങ്ങളെ കൊന്നുകളയുകയോ ബാബേലിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോകയോ ചെയ്യേണ്ടതിന് അവരുടെ കൈയിൽ ഞങ്ങളെ ഏൽപ്പിക്കാൻ തക്കവണ്ണം നേര്യാവിന്റെ മകനായ ബാരൂക്ക് ഞങ്ങൾക്കു വിരോധമായി താങ്കളെ പ്രേരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.”
4 അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണ്ടതിനായി നൽകപ്പെട്ട യഹോവയുടെ വചനം അനുസരിച്ചില്ല. 5 എന്നാൽ എല്ലാ രാഷ്ട്രങ്ങളിൽനിന്നും, ചിതറിപ്പോയശേഷം യെഹൂദാദേശത്തു പാർക്കുന്നതിനായി മടങ്ങിവന്നവരിൽ ശേഷിക്കുന്ന മുഴുവൻ യെഹൂദരെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും കൂട്ടിക്കൊണ്ടുപോയി. 6 അവർ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏൽപ്പിച്ചിരുന്ന, പുരുഷന്മാരും സ്ത്രീകളും കുട്ടികളും രാജകുമാരിമാരും അടങ്ങിയ സകലജനത്തെയും കൂട്ടിക്കൊണ്ടുപോയി. യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും അവരോടൊപ്പം കൊണ്ടുപോയി. 7 യഹോവയുടെ വചനം അനുസരിക്കാതെ ഈജിപ്റ്റുദേശത്തേക്കു കടന്ന് തഹ്പനേസുവരെയും അവർ എത്തിച്ചേർന്നു.