യെശയ്യാവ് മോവാബിന്റെ നാശം പ്രവചിക്കുന്നു
ക്രി.മു. 726
Biblica® Open Malayalam Contemporary Version™ (OMCV)
1 മോവാബിനെതിരേയുള്ള പ്രവചനം:
ഒരു രാത്രികൊണ്ട്,
മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു!
ഒറ്റ രാത്രികൊണ്ട്,
മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു!
2 ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു,
വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ;
മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു.
എല്ലാവരുടെയും തല മൊട്ടയടിച്ചും
താടി കത്രിച്ചുമിരിക്കുന്നു.
3 തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു;
പുരമുകളിലും ചത്വരങ്ങളിലുമുള്ള
എല്ലാവരും വിലപിക്കുന്നു,
കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു.
4 ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു,
അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു.
അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു,
അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു.
5 എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു;
അവിടത്തെ ജനം സോവാറിലേക്കും
എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു.
അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു,
കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു.
ഹോരോനയീമിലേക്കുള്ള പാതയിൽ
അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു.
6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ,
പുല്ലു വാടിയുണങ്ങിയും പോയല്ലോ;
ഇളംപുല്ലു നശിച്ചുപോയല്ലോ
പച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല.
7 തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത്
അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു.
8 ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു;
അതിന്റെ അലർച്ച എഗ്ലയീംവരെയും
അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു,
എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും—
മോവാബിലെ പലായിതരുടെമേലും
ദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
16:1 നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി,
കുഞ്ഞാടിനെ സേലായിൽനിന്ന്,
മരുഭൂമിവഴിയായി സീയോൻപുത്രിയുടെ
പർവതത്തിലേക്കു കൊടുത്തയയ്ക്കുക.
2 കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട്
ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കും
അർന്നോൻ കടവുകളിൽ
മോവാബ്യ പുത്രിമാർ.
3 “ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക,
ന്യായം നടത്തുക.
നട്ടുച്ചസമയത്ത് നിന്റെ നിഴലിനെ
രാത്രിപോലെയാക്കുക.
പലായിതരെ ഒളിപ്പിക്കുക,
അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്.
4 മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ;
അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു.
പീഡകരുടെ അവസാനം വന്നുചേരും
നശിപ്പിക്കുന്നവർ ഇല്ലാതെയാകും;
മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും.
5 അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും;
ദാവീദിന്റെ കൂടാരത്തിൽനിന്ന്
ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും.
ആ ന്യായാധിപൻ ന്യായതല്പരനും
നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും.
6 മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്—
അവളുടെ ഗർവം എത്ര വലിയത്!
അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു;
എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ.
7 അതിനാൽ മോവാബ്യർ വിലപിക്കും,
അവർ മോവാബിനെക്കുറിച്ച് വിലപിക്കും.
കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റി
ദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക.
8 ഹെശ്ബോനിലെ വയലുകളും
സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി.
അതിലെ വിശിഷ്ട മുന്തിരിവള്ളികളെ
ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു,
അതു യാസേർവരെയും
മരുഭൂമിവരെയും പടർന്നിരുന്നു.
അതിന്റെ ശാഖകൾ
കടൽവരെയും പടർന്നിരുന്നു.
9 അതിനാൽ ഞാൻ യാസേരിനോടൊപ്പം
സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും.
ഹെശ്ബോനേ, എലെയാലേ,
ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും!
നിന്റെ വേനൽക്കാല ഫലങ്ങൾക്കും
കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു.
10 ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു;
മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല.
മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല;
കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു.
11 അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും
എന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു.
12 മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ
തളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ,
അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾ
ഫലസിദ്ധിയുണ്ടാകുകയുമില്ല.
13 ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം. 14 എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.”