ഹിസ്കിയാവ് ആരാധന പരിഷ്കരിക്കുന്നു (continued)
ഹിസ്കിയാവിന്റെ സ്വഭാവവും അദ്ദേഹം ആരാധനയിൽ വരുത്തിയ പരിഷ്കരണവും.
ക്രി.മു. 726
Biblica® Open Malayalam Contemporary Version™ (OMCV)
1 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെസഹ ആചരിക്കാൻ ജെറുശലേമിൽ യഹോവയുടെ ആലയത്തിൽ എത്താൻ ക്ഷണിച്ചുകൊണ്ട് ഹിസ്കിയാവ് എല്ലാ ഇസ്രായേലിലും യെഹൂദ്യയിലും സന്ദേശവാഹകരെ അയച്ചു. എഫ്രയീം, മനശ്ശെ ഗോത്രങ്ങൾക്ക് എഴുത്തുകളും എഴുതി. 2 രാജാവും പ്രഭുക്കന്മാരും ജെറുശലേമിലെ സർവസഭയും രണ്ടാംമാസത്തിൽ പെസഹ ആചരിക്കണമെന്ന് ആലോചിച്ചുറച്ചിരുന്നു. 3 വേണ്ടുവോളം പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു കഴിഞ്ഞിട്ടില്ലാതിരുന്നതിനാലും ജനം ജെറുശലേമിൽ വന്നുകൂടിയിട്ടില്ലാതിരുന്നതിനാലും പെസഹാ യഥാസമയം ആഘോഷിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. 4 രണ്ടാംമാസത്തിൽ പെസഹ ആഘോഷിക്കുന്ന കാര്യം രാജാവിനും ജനങ്ങൾക്കും സന്തോഷകരമായി. 5 ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജെറുശലേമിൽ ഏവരും വന്നെത്തണമെന്ന് ബേർ-ശേബാമുതൽ ദാൻവരെയും ഉള്ള സകല ഇസ്രായേലിലും ഒരു വിളംബരം പുറപ്പെടുവിക്കണമെന്ന് അവർ തീർപ്പാക്കി. അവർ ഇത്രയധികം ജനങ്ങളുമായി വിധിപ്രകാരം അത് ആചരിച്ചിരുന്നില്ലല്ലോ!
6 രാജകൽപ്പനയനുസരിച്ച് സന്ദേശവാഹകർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യെഹൂദ്യയിലും എല്ലായിടത്തും പോയി. കത്തുകളിൽ ഈ വിധം എഴുതിയിരുന്നു:
“ഇസ്രായേൽജനമേ! അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരിക! അങ്ങനെയായാൽ, അശ്ശൂർരാജാക്കന്മാരുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്ന ശേഷിപ്പായ നമ്മിലേക്ക് അവിടന്നു തിരിയും. 7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കെതിരേ അവിശ്വസ്തരായിത്തീർന്ന നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്. അതുമൂലം യഹോവ അവരെ ഒരു ഭീതി വിഷയമാക്കിത്തീർത്തു; അതു നിങ്ങൾ കാണുന്നല്ലോ! 8 നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യമുള്ളവരാകരുത്; യഹോവയുടെമുമ്പാകെ നിങ്ങളെത്തന്നെ സമർപ്പിക്കുക! അവിടന്ന് എന്നെന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന തന്റെ വിശുദ്ധമന്ദിരത്തിലേക്കു വരിക! നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപത്തിന്റെ ഭയങ്കരത്വം നിങ്ങളെ വിട്ടുമാറേണ്ടതിന്, അവിടത്തെ സേവിക്കുക! 9 നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും മക്കളും അവരെ തടവുകാരാക്കിയവരിൽനിന്നു കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കൃപാലുവും കാരുണ്യവാനുമാണല്ലോ. നിങ്ങൾ യഹോവയുടെ അടുത്തേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളിൽനിന്ന് അവിടന്ന് മുഖംതിരിച്ചുകളയുകയില്ല.”
10 സന്ദേശവാഹകർ എഫ്രയീമിലും മനശ്ശെയിലും ഉള്ള നഗരങ്ങളോരോന്നും കടന്നുപോയി, അവർ സെബൂലൂൻവരെയും ചെന്നെത്തി. എന്നാൽ ജനം അവരെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു. 11 എന്നിരുന്നാലും ആശേർ, മനശ്ശെ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് ചിലർ സ്വയം വിനയപ്പെടുകയും ജെറുശലേമിലേക്കു വരികയും ചെയ്തു. 12 യഹോവയുടെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നൽകിയ കൽപ്പനകൾ അനുസരിക്കുന്നതിന് യെഹൂദ്യദേശത്തുള്ളവരെല്ലാവരും ഏകമനസ്സുള്ളവരായിരിക്കാൻ ദൈവത്തിന്റെ കൈ അവരുടെമേൽ ഉണ്ടായിരുന്നു.
13 അങ്ങനെ, രണ്ടാംമാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കാൻ വൻപിച്ച ഒരു ജനാവലി ജെറുശലേമിൽ സമ്മേളിച്ചു. 14 അവർ എഴുന്നേറ്റ് ജെറുശലേമിലുണ്ടായിരുന്ന അന്യദേവന്മാരുടെ ബലിപീഠങ്ങളെല്ലാം നീക്കിക്കളയുകയും ധൂപാർച്ചനയ്ക്കുള്ള ബലിപീഠങ്ങളെല്ലാം കിദ്രോൻതോട്ടിൽ എറിഞ്ഞുകളയുകയും ചെയ്തു.
15 അതിനുശേഷം രണ്ടാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായിരുന്നു; അവർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിലേക്ക് ഹോമയാഗങ്ങൾ കൊണ്ടുവന്നു. 16 ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ പറയുന്നപ്രകാരം അവർ അവരവരുടെ ക്രമമനുസരിച്ചുള്ള സ്ഥാനത്ത് നിലയുറപ്പിച്ചു. ലേവ്യരുടെ കൈയിൽനിന്ന് ഏറ്റുവാങ്ങിയ രക്തം പുരോഹിതന്മാർ യാഗപീഠത്തിന്മേൽ തളിച്ചു. 17 തങ്ങളെത്തന്നെ ശുദ്ധീകരിക്കാത്ത അനേകർ ആ സഭയിൽ ഉണ്ടായിരുന്നു. അതിനാൽ ആചാരപരമായി ശുദ്ധീകരിക്കപ്പെടാത്ത ഓരോരുത്തർക്കുംവേണ്ടി പെസഹാക്കുഞ്ഞാടിനെ അറക്കാനും അവയെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനുമുള്ള ചുമതല ലേവ്യർക്കായിരുന്നു. 18 വലിയൊരു ജനാവലി—എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നുള്ള ഭൂരിഭാഗംപേരും—തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. എന്നിട്ടും വിധിപ്രകാരമല്ലാതെ അവർ പെസഹ ഭക്ഷിച്ചു. എന്നാൽ ഹിസ്കിയാവ് അവർക്കുവേണ്ടി ഇപ്രകാരം പ്രാർഥിച്ചു: “നല്ലവനായ യഹോവേ, ഏവരോടും ക്ഷമിക്കണമേ! 19 വിശുദ്ധസ്ഥലത്തിന്റെ പവിത്രീകരണവിധിപ്രകാരം ശുദ്ധരായിത്തീർന്നിട്ടില്ലെങ്കിലും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെക്കുന്ന ഏവരോടും അങ്ങു ക്ഷമിക്കണമേ!” 20 യഹോവ ഹിസ്കിയാവിന്റെ പ്രാർഥനകേട്ട് ജനത്തെ സൗഖ്യമാക്കി.
21 ജെറുശലേമിലുണ്ടായിരുന്ന ഇസ്രായേൽജനം ഏഴുദിവസം മഹാസന്തോഷത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആചരിച്ചു. യഹോവയ്ക്ക് ഉച്ചനാദത്തിലുള്ള വാദ്യങ്ങൾ മീട്ടിപ്പാടി ലേവ്യരും പുരോഹിതന്മാരും ദിവസംപ്രതി യഹോവയെ സ്തുതിച്ചുകൊണ്ടിരുന്നു.
22 യഹോവയുടെ ശുശ്രൂഷയിൽ പ്രാഗല്ഭ്യം കാട്ടിയ ലേവ്യരെ ഹിസ്കിയാവ് അഭിനന്ദിച്ചു. അവർ തങ്ങൾക്കുള്ള ഭക്ഷണം കഴിച്ചുകൊണ്ട് ഉത്സവത്തിന്റെ ഈ ഏഴു നാളുകൾ മുഴുവനും സമാധാനയാഗങ്ങൾ അർപ്പിച്ചു, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചു.
23 സർവസഭയും ഏഴുദിവസംകൂടി പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു. അവർ ആനന്ദപൂർവം ഏഴുദിവസംകൂടി ഉത്സവം ആഘോഷിക്കുകയും ചെയ്തു. 24 യെഹൂദാരാജാവായ ഹിസ്കിയാവ് സഭയ്ക്കുവേണ്ടി ആയിരം കാളകളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. പ്രഭുക്കന്മാരും ആ സഭയ്ക്കുവേണ്ടി ആയിരം കാളകളെയും പതിനായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. ഇതിനിടയിൽ വലിയൊരുകൂട്ടം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു. 25 പുരോഹിതന്മാരോടും ലേവ്യരോടും ഒപ്പം യെഹൂദ്യയിലെ സർവസഭയും ഇസ്രായേലിൽനിന്നുവന്ന സർവസഭയും ഇസ്രായേലിൽനിന്നു വന്നുചേർന്നവരും യെഹൂദ്യയിലുണ്ടായിരുന്നവരുമായ വിദേശികളും ഉൾപ്പെടെ എല്ലാവരും ആഹ്ലാദിച്ചു. 26 അങ്ങനെ ജെറുശലേമിൽ ആനന്ദം അലതല്ലി. ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലത്തിനുശേഷം ഇങ്ങനെ ഒരുത്സവം ജെറുശലേമിൽ നടന്നിരുന്നില്ല. 27 അതിനുശേഷം ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ ആശീർവദിച്ചു. യഹോവയുടെ വിശുദ്ധനിവാസമായ സ്വർഗംവരെ അവരുടെ പ്രാർഥന എത്തുകയും ദൈവം അവരുടെ ശബ്ദം കേൾക്കുകയും ചെയ്തു.
31:1 ഇതെല്ലാം കഴിഞ്ഞപ്പോൾ അവിടെ സന്നിഹിതരായിരുന്ന ഇസ്രായേല്യർ യെഹൂദ്യനഗരങ്ങളിലേക്കുചെന്ന് ആചാരസ്തൂപങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിമുറിച്ചു. യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അവർ നശിപ്പിച്ചു. അവയെല്ലാം നശിപ്പിച്ചുകഴിഞ്ഞപ്പോൾ ഇസ്രായേൽമക്കൾ താന്താങ്ങളുടെ നഗരത്തിലേക്കും അവകാശത്തിലേക്കും മടങ്ങി.
2 പുരോഹിതന്മാരിലും ലേവ്യരിലും ഓരോരുത്തരുടെയും ചുമതലകളുടെ അടിസ്ഥാനത്തിൽ ഹിസ്കിയാവ് അവരെ ഗണങ്ങളായി വേർതിരിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനും ശുശ്രൂഷകൾ ചെയ്യാനും സ്തോത്രം കരേറ്റാനും യഹോവയുടെ തിരുനിവാസത്തിന്റെ പടിവാതിലുകളിൽ സ്തുതിഗീതങ്ങൾ ആലപിക്കാനും അവരെ നിയോഗിച്ചു. 3 യഹോവയുടെ ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, പ്രഭാതത്തിലെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കും ശബ്ബത്തുകളിലും അമാവാസികളിലും മറ്റു നിശ്ചിതപെരുന്നാളുകളിലും നടത്തുന്ന ഹോമയാഗങ്ങൾക്കുംവേണ്ടി അദ്ദേഹം തന്റെ സ്വന്തം വകയിൽനിന്ന് വിഹിതം നൽകി. 4 പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതിന് അവർക്ക് അവകാശപ്പെട്ട വിഹിതം കൊടുക്കാൻ രാജാവ് ജെറുശലേംനിവാസികൾക്ക് കൽപ്പനകൊടുത്തു. 5 ഈ കൽപ്പന പ്രസിദ്ധമായ ഉടനെതന്നെ ഇസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, ഒലിവെണ്ണ, തേൻ, വയലിലെ ഇതര വിഭവങ്ങൾ എന്നിവയുടെയെല്ലാം ആദ്യഫലം ഉദാരമനസ്സോടെ കൊണ്ടുവന്നു. എല്ലാറ്റിന്റെയും ദശാംശവും അവർ ധാരാളമായി കൊണ്ടുവന്നു. 6 യെഹൂദ്യയുടെ പട്ടണങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേൽജനതയുടെയും യെഹൂദ്യരുടെയും കാര്യത്തിലാകട്ടെ, അവരും തങ്ങളുടെ കാളകൾ, ആടുകൾ എന്നിവയുടെ ദശാംശവും അവരുടെ ദൈവമായ യഹോവയ്ക്കു സമർപ്പിച്ചിരുന്ന സകലവിശുദ്ധവസ്തുക്കളുടെയും ദശാംശവും കൊണ്ടുവന്ന് കൂമ്പാരമായിക്കൂട്ടി. 7 അവർ മൂന്നാംമാസത്തിൽ ഇപ്രകാരം ചെയ്തുതുടങ്ങി; ഏഴാംമാസത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. 8 ഹിസ്കിയാവും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും വന്ന് ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ അവർ യഹോവയെ പുകഴ്ത്തുകയും അവിടത്തെ ജനമായ ഇസ്രായേലിനെ ആശീർവദിക്കുകയും ചെയ്തു.
9 ഹിസ്കിയാവ് പുരോഹിതന്മാരോടും ലേവ്യരോടും ഈ കൂമ്പാരങ്ങളെക്കുറിച്ച് അന്വേഷിച്ചു. 10 സാദോക്കിന്റെ കുടുംബത്തിലുള്ളവനും പുരോഹിതമുഖ്യനുമായ അസര്യാവ് മറുപടി പറഞ്ഞു: “ജനം തങ്ങളുടെ സംഭാവനകൾ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നുതുടങ്ങിയതുമുതൽ ഞങ്ങൾക്കു മതിയാകുംവരെ ഭക്ഷിക്കാനും വേണ്ടുവോളം മിച്ചംവെക്കാനുമുണ്ട്. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നതിനാൽ ഇത്രവലിയ ഒരു ശേഖരം ഇവിടെ അവശേഷിച്ചിരിക്കുന്നു.”
11 യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളൊരുക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു; അതു നിർവഹിക്കപ്പെട്ടു. 12 സംഭാവനകളും ദശാംശങ്ങളും സമർപ്പിതവസ്തുക്കളും അവർ വിശ്വസ്തതയോടെ അകത്തേക്കെടുത്തു. ലേവ്യനായ കോനന്യാവ് ഈ വസ്തുക്കളുടെ ചുമതലക്കാരനായിരുന്നു; അദ്ദേഹത്തിന്റെ സഹോദരൻ ശിമെയി രണ്ടാംസ്ഥാനക്കാരനും. 13 ഹിസ്കിയാരാജാവിന്റെയും ദൈവാലയത്തിന്റെ ചുമതലക്കാരനായ അസര്യാവിന്റെയും നിയോഗപ്രകാരം കോനന്യാവിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശിമെയിയുടെയും കീഴിൽ യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവർ മേൽനോട്ടക്കാരായിരുന്നു.
14 ലേവ്യനായ യിമ്നായുടെ മകനും കിഴക്കേകവാടത്തിൽ കാവൽക്കാരനുമായ കോരേ ദൈവത്തിനു സമർപ്പിച്ചിരുന്ന സ്വമേധായാഗങ്ങളുടെ മേൽനോട്ടം വഹിച്ചു. യഹോവയ്ക്കായി സമർപ്പിക്കപ്പെട്ട സംഭാവനകളും വിശുദ്ധദാനങ്ങളും അദ്ദേഹം വിഭജിച്ചുകൊടുത്തിരുന്നു. 15 പുരോഹിതനഗരങ്ങളിൽ പ്രായഭേദംകൂടാതെ അവരുടെ സഹപുരോഹിതന്മാർക്ക് അവരവരുടെ ഗണമനുസരിച്ചു വിഭജിച്ചുകൊടുക്കുന്ന കാര്യത്തിൽ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നിവർ വിശ്വസ്തതയോടെ അദ്ദേഹത്തെ സഹായിച്ചിരുന്നു.
16 ഇതിനുംപുറമേ, വംശാവലിരേഖകളിൽ പേരു ചേർക്കപ്പെട്ടവരും മൂന്നുവയസ്സോ അതിൽക്കൂടുതലോ പ്രായമുള്ളവരുമായ പുരുഷാംഗങ്ങൾക്കും തങ്ങളുടെ ഗണങ്ങളും ചുമതലകളും പ്രകാരം തങ്ങളുടെ കർത്തവ്യത്തിൽപ്പെട്ട ജോലികൾ നിർവഹിക്കുന്നതിനു യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിയുന്ന സകലർക്കും അവർ ഓഹരി വിഭജിച്ചുകൊടുത്തിരുന്നു. 17 വംശാവലിരേഖകളിൽ കുടുംബങ്ങളായി പേരുചേർക്കപ്പെട്ടിരുന്ന പുരോഹിതന്മാർക്കും ഓഹരികൊടുത്തു; അതുപോലെതന്നെ ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ള ലേവ്യർക്കും അവരുടെ ഗണങ്ങളും ചുമതലകളും പരിഗണിച്ച് ഓഹരി കൊടുത്തിരുന്നു. 18 ഇക്കാര്യത്തിൽ അവർ വംശാവലിരേഖകളിൽ പേരുള്ള മുഴുവൻ സമൂഹത്തിലെയും ശിശുക്കളെയും ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും ഉൾപ്പെടുത്തിയിരുന്നു. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നകാര്യത്തിൽ അവർ വിശ്വസ്തരായിരുന്നു.
19 അവരുടെ പട്ടണങ്ങൾക്കു പുറത്തു കൃഷിയിടങ്ങളിലോ മറ്റേതെങ്കിലും പട്ടണത്തിലോ താമസിച്ചിരുന്ന അഹരോന്റെ പിൻതലമുറയിലെ പുരോഹിതന്മാരുടെ കാര്യത്തിലാകട്ടെ, അവരിലെ ഓരോ പുരുഷനും ലേവ്യവംശാവലിയിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള സകലർക്കും ഓഹരി വിഭജിച്ചുകൊടുക്കാൻ പേരെടുത്തുപറഞ്ഞ് ആളുകളെ നിയോഗിച്ചിരുന്നു.
20 ഹിസ്കിയാവ് ഇപ്രകാരം യെഹൂദ്യയിലെല്ലാം ചെയ്തു. അദ്ദേഹം തന്റെ ദൈവമായ യഹോവയുടെമുമ്പാകെ നന്മയും നീതിയും വിശ്വസ്തതയും പ്രവർത്തിച്ചു. 21 ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയിലും ന്യായപ്രമാണവും കൽപ്പനകളും അനുസരിക്കുന്ന കാര്യത്തിലും ഹിസ്കിയാവ് ഏറ്റെടുത്ത ഓരോകാര്യത്തിലും അദ്ദേഹം ദൈവത്തെ അന്വേഷിക്കുകയും പൂർണഹൃദയത്തോടെ പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം അഭിവൃദ്ധിപ്രാപിച്ചു.