മീഖായുടെ പ്രവചനങ്ങൾ ഹിസ്കിയാവിന്റെ പരിഷ്കരണത്തെ പിന്തുണയ്ക്കുന്നു
ക്രി.മു. 722
Biblica® Open Malayalam Contemporary Version™ (OMCV)
1 അപ്പോൾ ഞാൻ പറഞ്ഞു:
“യാക്കോബിന്റെ നേതാക്കന്മാരേ,
ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക.
നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്.
2 നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ,
എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും
അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ,
3 എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ,
അവരുടെ ത്വക്ക് ഉരിയുന്നവരേ,
അവരുടെ അസ്ഥികൾ തകർക്കുന്നവരേ,
ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ,
നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?”
4 അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ
അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല.
അവർ ചെയ്ത ദുഷ്ടതനിമിത്തം
അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും.
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഭക്ഷണം നൽകുന്നവരോട്
‘സമാധാനം,’ എന്നും
ആഹാരം നൽകാത്തവരോട്,
യുദ്ധത്തിന് ഒരുങ്ങുക എന്നും പറഞ്ഞുകൊണ്ട്,
എന്റെ ജനത്തെ വഴിതെറ്റിക്കുന്ന
പ്രവാചകരേ,
6 ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും
നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും.
പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും
അവർക്കു പകൽ ഇരുണ്ടുപോകും.
7 ദർശകന്മാർ ലജ്ജിക്കും;
ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും.
ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ
അവർ വായ് പൊത്തും.”
8 യാക്കോബിനോട് അവന്റെ അതിക്രമത്തെയും
ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്,
ഞാൻ യഹോവയുടെ ആത്മാവിന്റെ
ശക്തിയാലും നീതിയാലും
ബലത്താലും നിറഞ്ഞിരിക്കുന്നു.
9 യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ,
ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക!
നിങ്ങൾ നീതി നിഷേധിച്ചു;
നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു.
10 അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും
ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു.
11 അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു;
അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു;
അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു.
എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന:
“യഹോവ നമ്മുടെ മധ്യത്തിലില്ലേ?
ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു.
12 അതുകൊണ്ട്, നിങ്ങൾനിമിത്തം
സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും;
ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും;
ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.
4:1 അന്തിമനാളുകളിൽ,
യഹോവയുടെ ആലയമുള്ള പർവതം,
പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും;
അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും
ജനതകൾ അതിലേക്ക് ഒഴുകിയെത്തും.
2 അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം,
യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ.
അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും
അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.”
സീയോനിൽനിന്ന് ഉപദേശവും
ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
3 അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും;
അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും.
അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും
കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും.
രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല;
ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല.
4 ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും
തങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും;
ആരും അവരെ ഭയപ്പെടുത്തുകയില്ല,
കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു.
5 സകലജനതകളും
തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു;
എന്നാൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ
എന്നുമെന്നേക്കും നടക്കും.
6 “ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും;
പ്രവാസികളെയും
ഞാൻ ദുഃഖിപ്പിച്ചവരെയും കൂട്ടിവരുത്തും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
7 “ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും;
ആട്ടിപ്പായിക്കപ്പെട്ടവരെ ശക്തിയുള്ള ജനമാക്കും.
യഹോവ അന്നുമുതൽ എന്നേക്കും
സീയോൻപർവതത്തിൽ അവരെ ഭരിക്കും.
8 ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ,
സീയോൻപുത്രിയുടെ സുരക്ഷിതസ്ഥാനമേ,
നിന്റെ രാജ്യം പുനഃസ്ഥാപിക്കപ്പെടും;
രാജത്വം ജെറുശലേം പുത്രിക്കുതന്നെ വന്നുചേരും.”
9 നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്?
നിങ്ങൾക്കു രാജാവില്ലേ?
നിങ്ങളുടെ ഭരണാധിപന്മാർ നശിച്ചുപോയോ?
അതുകൊണ്ടാണോ നോവുകിട്ടിയവളെപ്പോലെ നീ വേദനപ്പെടുന്നത്?
10 സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെ
നീ വേദനകൊണ്ട് പുളയുക.
ഇപ്പോൾത്തന്നെ നീ പട്ടണംവിട്ട്
തുറസ്സായസ്ഥലത്തു താമസിക്കുന്നതിനു പോകേണ്ടിവരും.
നീ ബാബേലിലേക്കു പോകും;
അവിടെവെച്ച് നീ മോചിക്കപ്പെടും.
അവിടെ നിന്റെ ശത്രുക്കളുടെ കൈയിൽനിന്ന്
യഹോവ നിന്നെ വീണ്ടെടുക്കും.
11 എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ
നിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു.
“അവൾ അശുദ്ധയാക്കപ്പെടട്ടെ,
നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു.
12 എന്നാൽ, യഹോവയുടെ വിചാരങ്ങൾ
അവർ അറിയുന്നില്ല;
മെതിക്കളത്തിലേക്കു കറ്റയെന്നപോലെ അവരെ ശേഖരിക്കുന്ന
അവിടത്തെ വഴികൾ അവർ ഗ്രഹിക്കുന്നതുമില്ല.
13 “സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക,
ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളും
വെള്ളോട്ടിൻ കുളമ്പുകളും നൽകും.
നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.”
അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കും
അവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും.
5:1 നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു,
അതുകൊണ്ട് സൈന്യനഗരമേ, നീ നിന്റെ സൈന്യത്തെ അണിനിരത്തുക.
ഇസ്രായേലിന്റെ ഭരണാധികാരിയുടെ ചെകിട്ടത്ത്
അവർ വടികൊണ്ട് അടിക്കും.
2 “എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ,
നീ യെഹൂദാ വംശങ്ങളിൽ ചെറുതാണെങ്കിലും,
ഇസ്രായേലിന്റെ ഭരണാധികാരിയാകേണ്ടവൻ;
എനിക്കായി നിന്നിൽനിന്നു പുറപ്പെട്ടുവരും,
അവിടത്തെ ഉത്ഭവം പണ്ടുപണ്ടേയുള്ളതും
പുരാതനമായതുംതന്നെ.”
3 അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും
അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ
ഇസ്രായേല്യരോടു ചേരുന്നതുവരെയും
ഇസ്രായേൽ ഉപേക്ഷിക്കപ്പെട്ടിരിക്കും.
4 യഹോവയുടെ ശക്തിയിലും
തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിലും
തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനായി അവൻ എഴുന്നേൽക്കും.
അവർ സുരക്ഷിതരായി വസിക്കും; അങ്ങനെ അവന്റെ മഹത്ത്വം
ഭൂമിയുടെ അറ്റത്തോളം വ്യാപിക്കും.
5 അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും.
അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു
നമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ,
നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയും
എട്ട് സൈന്യാധിപന്മാരെയും ഉയർത്തും.
6 അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും
നിമ്രോദിന്റെ ദേശത്തെ ഊരിയവാൾകൊണ്ടും ഭരിക്കും.
അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു
നമ്മുടെ അതിർത്തികളിലേക്കു നീങ്ങുമ്പോൾ
അവിടന്ന് നമ്മെ അവരിൽനിന്നു വിടുവിക്കും.
7 അനേക ജനതകളുടെ മധ്യത്തിൽ
യാക്കോബിന്റെ ശേഷിപ്പ് നിലനിൽക്കും.
അവർ യഹോവയിൽനിന്നു വരികയും
ആർക്കായും കാത്തിരിക്കാതെ, ആരെയും ആശ്രയിക്കാതെ
വരുന്ന മഞ്ഞുതുള്ളിപോലെയും
പുല്ലിന്മേൽ പതിക്കുന്ന മാരിപോലെയും ആയിരിക്കും.
8 യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ,
അതേ, അനേക വംശങ്ങൾക്കിടയിൽ,
കാട്ടുമൃഗങ്ങൾക്കിടയിലെ സിംഹംപോലെയും
ആട്ടിൻകൂട്ടത്തിന്റെ മധ്യത്തിലെ സിംഹക്കുട്ടിപോലെയും ആയിരിക്കും;
അവൻ അകത്തുകടന്നാൽ ചവിട്ടിക്കടിച്ചു കീറിക്കളയും,
വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.
9 നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും,
നിന്റെ സകലശത്രുക്കളും നശിപ്പിക്കപ്പെടും.
10 “ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു:
“ഞാൻ നിന്റെ കുതിരകളെ നിന്നിൽനിന്നു നശിപ്പിക്കുകയും
നിന്റെ രഥങ്ങളെ തകർത്തുകളയുകയും ചെയ്യും.
11 ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും
നിന്റെ സകലസുരക്ഷിതകേന്ദ്രങ്ങളും തകർത്തുകളയും.
12 നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും
നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല.
13 ഞാൻ നിന്റെ ബിംബങ്ങളും
ആചാരസ്തൂപങ്ങളും നശിപ്പിച്ചുകളയും;
നിന്റെ കൈപ്പണികളുടെ മുമ്പിൽ
നീ ഇനി വണങ്ങുകയില്ല.
14 ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ തരിപ്പണമാക്കും
നിങ്ങളുടെ പട്ടണങ്ങൾ തകർത്തുകളയും.
15 എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽ
ഞാൻ കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരംചെയ്യും.”