ദേവാലയം പണിയുന്നതിൽനിന്ന് ദാവീദ് വിലക്കപ്പെടുന്നു (continued)

ക്രി.മു. 1044

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 16

ദാവീദിന്റെ ഒരു സ്വർണഗീതം.

1 എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ,

അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്.

2 ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്;

അവിടന്നൊഴികെ എനിക്കൊരു നന്മയുമില്ല” എന്നു പറഞ്ഞു.

3 ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച്, “അവർ ആദരണീയരാണ്

അവരിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു” എന്നു പറഞ്ഞു.

4 അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും.

ഞാൻ അവർക്കു രക്തബലിതർപ്പണം നടത്തുകയോ

അവരുടെ നാമങ്ങൾ എന്റെ അധരങ്ങളിൽ ഉച്ചരിക്കുകയോ ചെയ്യുകയില്ല.

5 യഹോവേ, അങ്ങുമാത്രമാണ് എന്റെ ഓഹരി, എന്റെ പാനപാത്രം;

അവിടന്ന് എന്റെ ഭാഗധേയം സുരക്ഷിതമാക്കിയിരിക്കുന്നു.

6 അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു;

അതേ, മനോഹരമായ ഒരു ഓഹരി എനിക്കു ലഭിച്ചിരിക്കുന്നു.

7 എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും;

രാത്രിയിലും എന്റെ ഹൃദയം എന്നെ പ്രബോധിപ്പിക്കുന്നു.

8 ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു;

അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.

9 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു;

എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും,

10 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല,

അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല.

11 ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു;

തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും,

അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.

സങ്കീർത്തനങ്ങൾ 118

1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

2 ഇസ്രായേല്യർ പറയട്ടെ:

“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”

3 അഹരോൻഗൃഹം പറയട്ടെ:

“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”

4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ:

“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”

5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു;

അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.

6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല.

വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്.

ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും.

8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ

യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.

9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ

യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.

10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു,

എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.

11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു,

എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.

12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി,

എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു;

യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.

13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി,

എന്നാൽ യഹോവ എന്നെ സഹായിച്ചു.

14 യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു;

അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.

15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ

ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു:

“യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!

16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;

യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!”

17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്,

യഹോവയുടെ പ്രവൃത്തികൾ വർണിക്കും.

18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു,

എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല.

19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക;

ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും.

20 യഹോവയുടെ കവാടം ഇതാകുന്നു

നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും.

21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും;

അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ.

22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ

മൂലക്കല്ലായിത്തീർന്നിരിക്കുന്നു;

23 ഇത് യഹോവ ചെയ്തു;

നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു.

24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം;

ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.

25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ!

യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ!

26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;

യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.

27 യഹോവ ആകുന്നു ദൈവം,

അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു.

യാഗപീഠത്തിന്റെ കൊമ്പുകളിൽ

യാഗമൃഗത്തെ ബന്ധിക്കുക.

28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു;

അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു.

29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 110

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു:

“ഞാൻ നിന്റെ ശത്രുക്കളെ

നിന്റെ ചവിട്ടടിയിലാക്കുംവരെ

നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”

2 യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും;

“നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!”

3 നിന്റെ യുദ്ധദിവസത്തിൽ,

നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും.

വിശുദ്ധിയുടെ പ്രഭാവത്തിൽ,

ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ

യുവാക്കൾ നിന്നിലേക്കു വന്നുചേരും.

4 യഹോവ ശപഥംചെയ്തിരിക്കുന്നു,

ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല:

“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം

അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”

5 കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്;

തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.

6 അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും

ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.

7 അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും

അതിനാൽ അവിടന്ന് ശിരസ്സുയർത്തും.