ചുറ്റുമുള്ള ജനതകളുമായുള്ള യുദ്ധം

ക്രി.മു. 1040

Biblica® Open Malayalam Contemporary Version™ (OMCV)

2 ശമുവേൽ 8:1–12

1 കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു മേഥെഗ്-അമ്മാ അദ്ദേഹം പിടിച്ചെടുത്തു.

2 ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അദ്ദേഹം അവരെ തറയിൽ നിരത്തിക്കിടത്തി ഒരു ചരടിന്റെ നിശ്ചിത നീളംവെച്ച് അളന്നു. ഓരോ നിരയിലും മൂന്നിൽരണ്ടു ഭാഗത്തുമുള്ള ആളുകളെ വധിക്കുകയും ഓരോ മൂന്നിൽ ഒരു ഭാഗത്തുള്ളവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു. അങ്ങനെ മോവാബ്യർ ദാവീദിന് അടിമകളായി കപ്പംകൊടുത്തു.

3 കൂടാതെ, സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും കീഴടക്കി. 4 അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.

5 ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു. 6 അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊടുത്തുപോന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.

7 ഹദദേസറിന്റെ സൈന്യാധിപന്മാർക്കുണ്ടായിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. 8 ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും ബെരോതായിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി.

9 ദാവീദ് ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ, 10 ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി തോയി തന്റെ മകനായ യോരാമിനെ അയച്ചു. ഹദദേസർ തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള ഉപകരണങ്ങളും യോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.

11-12 താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു. സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസരിൽനിന്നും അപഹരിച്ചിരുന്ന കൊള്ളമുതലും അദ്ദേഹം യഹോവയ്ക്കായി സമർപ്പിച്ചു.

1 ദിനവൃത്താന്തം 18:12

12 സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു.

2 ശമുവേൽ 8:14–18

14 അദ്ദേഹം ഏദോമിൽ ഉടനീളം കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.

15 തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു. 16 സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു. 17 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും പുരോഹിതന്മാരും സെരായാ ലേഖകനും ആയിരുന്നു. 18 യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു; ദാവീദിന്റെ പുത്രന്മാർ പുരോഹിതന്മാരായിരുന്നു.

2 ശമുവേൽ 8:13

13 ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു മടങ്ങിയെത്തിയപ്പോൾ ദാവീദ് ഏറ്റവും പ്രശസ്തനായിത്തീർന്നു.

ഹദദ് രക്ഷപ്പെടുന്നു

1 രാജാക്കന്മാർ 11:15–20

15 ദാവീദ് ഏദോമ്യരുമായി യുദ്ധത്തിലേർപ്പെട്ടിരുന്നകാലത്ത് വധിക്കപ്പെട്ടവരെ മറവുചെയ്യാൻ സൈന്യാധിപനായ യോവാബ് നിയോഗിക്കപ്പെട്ടിരുന്നു. അയാൾ ഏദോമിലെ പുരുഷന്മാരെയെല്ലാം വധിച്ചിരുന്നു. 16 ഏദോമിലെ പുരുഷന്മാരെയെല്ലാം സംഹരിച്ചുതീരുന്നതുവരെ, യോവാബും ഇസ്രായേൽസൈന്യവും ആറുമാസം അവിടെത്താമസിച്ചു. 17 എന്നാൽ, ബാലനായ ഹദദ് തന്റെ പിതാവിന്റെ സേവകന്മാരായ ചില ഏദോമ്യരായ ഉദ്യോഗസ്ഥന്മാരോടൊപ്പം ഈജിപ്റ്റിലേക്കു പലായനംചെയ്തു. 18 അവർ മിദ്യാനിൽനിന്നു പുറപ്പെട്ട് പാരാനിൽ എത്തിച്ചേർന്നു. പാറാനിൽനിന്നു ചില അനുയായികളെയുംകൂട്ടി ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കലെത്തി. അദ്ദേഹം, ഹദദിന് ഒരു ഭവനവും ഭക്ഷണത്തിനുള്ള വകയും ഒരു നിലവും ദാനംചെയ്തു.

19 ഫറവോന് ഹദദിനോട് വളരെ പ്രീതി തോന്നി. അദ്ദേഹം തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അയാൾക്കു വിവാഹംചെയ്തുകൊടുത്തു. 20 തഹ്പെനേസിന്റെ സഹോദരി ഹദദിന് ഗെനൂബത്ത് എന്ന പുത്രന് ജന്മംനൽകി. ആ കുട്ടിയെ തഹ്പെനേസ് രാജകൊട്ടാരത്തിൽ വളർത്തി. ഗെനൂബത്ത് അവിടെ ഫറവോന്റെ പുത്രന്മാരോടൊപ്പം വളർന്നു.

സങ്കീർത്തനങ്ങൾ 60

ദാവീദിന്റെ ഒരു സ്വർണഗീതം. അഭ്യസിപ്പിക്കുന്നതിന്. ദാവീദ് അരാം-നെഹറയിമ്യരോടും അരാം-സോബരോടും യുദ്ധംചെയ്യുകയും യോവാബ് ഉപ്പുതാഴ്വരയിൽവെച്ച് പന്തീരായിരം ഏദോമ്യരെ വധിച്ച് മടങ്ങിവരികയുംചെയ്തശേഷം രചിച്ചത്.

1 ദൈവമേ, അവിടന്ന് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു, ഞങ്ങളെ തകർത്തുകളഞ്ഞല്ലോ;

അവിടന്ന് കോപാകുലനായിരിക്കുന്നല്ലോ—ഞങ്ങളെ പുനരുദ്ധരിക്കണമേ.

2 അവിടന്ന് ദേശത്തെ വിറപ്പിച്ച് പിളർത്തിയിരിക്കുന്നു;

അതിന്റെ പിളർപ്പുകൾ നന്നാക്കണമേ, കാരണം അത് ആടിയുലയുന്നു.

3 അങ്ങ് അവിടത്തെ ജനത്തിന് ആശങ്കാജനകമായ ദിനങ്ങൾ നൽകിയിരിക്കുന്നു;

അവിടന്ന് പരിഭ്രമത്തിന്റെ വീഞ്ഞ് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.

4 എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു

ശത്രുവിന്റെ വില്ലിനെതിരേ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന പതാകതന്നെ. സേലാ.

5 ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ,

അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.

6 ദൈവം തിരുനിവാസത്തിൽനിന്ന് അരുളിച്ചെയ്യുന്നു:

“ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും

സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.

7 ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്;

എഫ്രയീം എന്റെ ശിരോകവചവും

യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

8 മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം

ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;

ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”

9 കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും?

ഏദോമിലേക്ക് എന്നെ ആര് നയിക്കും?

10 ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഇപ്പോൾ ഞങ്ങളെ തിരസ്കരിച്ചത്!

ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?

11 ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ,

മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.

12 ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും,

അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.