ദാവീദ് അദുല്ലാമിലെ ഗുഹയിലേക്ക് പലായനം ചെയ്യുന്നു

ക്രി.മു. 1060

Biblica® Open Malayalam Contemporary Version™ (OMCV)

1 ശമുവേൽ 22:1

1 അങ്ങനെ ദാവീദ് ഗത്ത് വിട്ടോടി അദുല്ലാം ഗുഹയിൽ അഭയംതേടി. അദ്ദേഹത്തിന്റെ സഹോദരന്മാരും പിതൃഭവനവും എല്ലാം ഇതു കേട്ട് അവിടെയെത്തി.

സങ്കീർത്തനങ്ങൾ 142

ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം; അദ്ദേഹം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർഥന.

1 യഹോവയോട് ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു;

കരുണയ്ക്കായ് എന്റെ ശബ്ദം ഞാൻ യഹോവയിലേക്ക് ഉയർത്തുന്നു.

2 എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു;

എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു.

3 എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുമ്പോൾ,

എന്റെ പാതകൾ നിരീക്ഷിക്കുന്നത് അവിടന്നാണല്ലോ.

ഞാൻ പോകേണ്ട പാതകളിൽ

എന്റെ ശത്രുക്കൾ എനിക്കായി ഒരു കെണി ഒരുക്കിയിരിക്കുന്നു.

4 എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ,

എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല.

ആരും എന്നെ ശ്രദ്ധിക്കുന്നില്ല;

എനിക്കൊരു അഭയസ്ഥാനവുമില്ല.

5 യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു;

“അങ്ങാണ് എന്റെ സങ്കേതം,

ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി,” എന്നു ഞാൻ പറയുന്നു.

6 എന്റെ കരച്ചിൽ കേൾക്കണമേ,

ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;

എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ,

അവർ എന്നെക്കാൾ അതിശക്തരാണ്.

7 ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്,

തടവറയിൽനിന്നും എന്നെ വിടുവിക്കണമേ.

അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലം

നീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.

1 ശമുവേൽ 22:2

2 ഞെരുക്കമുള്ളവർ, കടബാധ്യതയുള്ളവർ, അസന്തുഷ്ടർ എന്നിങ്ങനെയുള്ളവരെല്ലാം ദാവീദിന്റെ ചുറ്റും ഒത്തുചേർന്നു. അദ്ദേഹം അവർക്കു നേതാവുമായി. അങ്ങനെ ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം വന്നുകൂടി.

1 ദിനവൃത്താന്തം 12:8–18

8 ദാവീദ് മരുഭൂമിയിൽ സുരക്ഷിതസങ്കേതത്തിൽ ആയിരുന്നപ്പോൾ ചില ഗാദ്യർ കൂറുമാറി അദ്ദേഹത്തോടു ചേർന്നു. അവർ ധീരരായ പോരാളികളും യുദ്ധസന്നദ്ധരും കുന്തവും പരിചയും ഉപയോഗിച്ചു പൊരുതാൻ വിദഗ്ദ്ധരും സിംഹമുഖമുള്ളവരും പർവതങ്ങളിലെ കലമാനുകളെപ്പോലെ വേഗമേറിയവരുമായിരുന്നു.

9 ഏസെർ അവരുടെ നായകനായിരുന്നു.

ഓബദ്യാവ് രണ്ടാമനും എലീയാബ് മൂന്നാമനും

10 മിശ്മന്നാ നാലാമനും യിരെമ്യാവ് അഞ്ചാമനും

11 അത്ഥായി ആറാമനും എലീയേൽ ഏഴാമനും

12 യോഹാനാൻ എട്ടാമനും എൽസാബാദ് ഒൻപതാമനും

13 യിരെമ്യാവ് പത്താമനും മക്ബന്നായി പതിനൊന്നാമനുമായിരുന്നു.

14 ഈ ഗാദ്യർ സൈന്യാധിപന്മാരായിരുന്നു; അവരിൽ ഏറ്റവും കഴിവു കുറഞ്ഞവൻ നൂറുപേർക്കു തുല്യനും ഏറ്റവും കഴിവുകൂടിയവൻ ആയിരംപേർക്കു തുല്യനും ആയിരുന്നു. 15 ഒന്നാംമാസത്തിൽ യോർദാൻനദി കരകവിഞ്ഞൊഴുകിക്കൊണ്ടിരുന്നപ്പോൾ അതു കടന്നുചെന്ന് താഴ്വരകളിലെ നിവാസികളെ ആകമാനം കിഴക്കോട്ടും പടിഞ്ഞാറോട്ടും പലായനം ചെയ്യിച്ചത് ഇവർതന്നെ ആയിരുന്നു.

16 മറ്റു ബെന്യാമീന്യരും ചില യെഹൂദന്മാരുംകൂടി സുരക്ഷിതസങ്കേതത്തിൽ ദാവീദിന്റെ അടുത്തുവന്നു. 17 ദാവീദ് പുറത്തുവന്ന് അവരെ എതിരേറ്റിട്ടു പറഞ്ഞു: “നിങ്ങൾ സൗഹൃദപൂർവം, എന്നെ തുണയ്ക്കാനാണു വന്നിരിക്കുന്നതെങ്കിൽ നിങ്ങളെ എന്നോടുകൂടെ ചേർക്കാൻ ഞാനൊരുക്കമാണ്. മറിച്ച്, എന്റെ കൈകൾ നിർദോഷവും അക്രമരഹിതവുമായിരിക്കെ, നിങ്ങൾ എന്നെ എന്റെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കാനാണു വന്നിരിക്കുന്നതെങ്കിൽ നമ്മുടെ പിതാക്കന്മാരുടെ ദൈവം അതു കാണുകയും നിങ്ങളെ ശിക്ഷിക്കുകയും ചെയ്യട്ടെ!”

18 അപ്പോൾ മുപ്പതുപേർക്കു തലവനായ അമാസായിയുടെമേൽ ദൈവാത്മാവു വന്നു; അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു:

“ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ!

യിശ്ശായിപുത്രാ, ഞങ്ങൾ നിന്നോടുകൂടെ!

സമാധാനം, നിനക്കു സമാധാനം,

നിന്നെ സഹായിക്കുന്നവർക്കും സമാധാനം;

കാരണം അങ്ങയുടെ ദൈവം അങ്ങയെ സഹായിക്കും!”

അപ്പോൾ ദാവീദ് അവരെ സ്വീകരിച്ചു; തന്റെ കവർച്ചപ്പടയുടെ തലവന്മാരായി അവരെ നിയമിച്ചു.

2 ശമുവേൽ 23:13–17

13 കൊയ്ത്തുകാലത്ത് ഒരിക്കൽ മുപ്പതു പ്രമുഖയോദ്ധാക്കളിൽ മൂന്നുപേർ അദുല്ലാം ഗുഹയിൽ ദാവീദിന്റെ അടുത്തെത്തി. അന്ന് ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നു. 14 ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു. 15 ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.” 16 അതുകേട്ട പരാക്രമശാലികളായ ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയുടെമുമ്പിൽ നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു 17 പറഞ്ഞു: “അയ്യോ യഹോവേ! ഇതു ചെയ്യാൻ എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ പുരുഷന്മാരുടെ രക്തമല്ലേ, ഇത്?” ദാവീദ് ആ ജലം കുടിച്ചില്ല.

ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.

1 ദിനവൃത്താന്തം 11:15–19

15 ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നപ്പോൾ ഈ മുപ്പതു പ്രമുഖന്മാരിൽ മൂന്നുപേർ അദുല്ലാം ഗുഹയിലെ പാറയിൽ ദാവീദിന്റെ അടുത്തെത്തി. 16 ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു. 17 ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.” 18 അതുകേട്ട ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയ്ക്കു നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു 19 പറഞ്ഞു: “ഇതു ചെയ്യാൻ ദൈവം എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ ഈ മനുഷ്യരുടെ ജീവരക്തം ഞാൻ കുടിക്കുകയോ?” അവർ തങ്ങളുടെ ജീവൻ പണയംവെച്ചാണ് ഈ ജലം കൊണ്ടുവന്നത്. അതുകൊണ്ട് ദാവീദ് ആ ജലം കുടിച്ചില്ല.

ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.