ദാവീദ് മിസ്പായിൽ
ക്രി.മു. 1060
Biblica® Open Malayalam Contemporary Version™ (OMCV)
3 അവിടെനിന്നും ദാവീദ് മോവാബ് ദേശത്തിലെ മിസ്പായിലേക്കു പോയി. അദ്ദേഹം മോവാബിലെ രാജാവിനോട്: “ദൈവം എനിക്കുവേണ്ടി എന്താണു ചെയ്യാൻപോകുന്നതെന്ന് അറിയുന്നതുവരെ എന്റെ മാതാപിതാക്കൾ വന്ന് അങ്ങയോടുകൂടെ പാർക്കാൻ അനുവദിക്കണമേ!” എന്നപേക്ഷിച്ചു. 4 അങ്ങനെ അദ്ദേഹം അവരെ മോവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് കോട്ടയിൽ താമസിച്ച കാലംമുഴുവൻ അവർ അവിടെ പാർക്കുകയും ചെയ്തു.
5 എന്നാൽ “ദാവീദ് കോട്ടയിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പോകണം,” എന്നു ഗാദ് പ്രവാചകൻ അദ്ദേഹത്തോടു പറഞ്ഞു. അതനുസരിച്ച് ദാവീദ് അവിടംവിട്ട് ഹേരെത്ത് വനത്തിൽ വന്നു.
6 ദാവീദിനെയും കൂടെയുള്ള ആളുകളെയും കണ്ടെത്തിയിരിക്കുന്നു എന്ന് ശൗൽ കേട്ടു. അപ്പോൾ ശൗൽ കൈയിൽ ഒരു കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. രാജസേവകന്മാർ ചുറ്റും നിന്നിരുന്നു. 7 ശൗൽ അവരോടു പറഞ്ഞു: “ബെന്യാമീന്യരേ, കേൾക്കുക! യിശ്ശായിപുത്രൻ നിങ്ങൾക്കു വയലുകളും മുന്തിരിത്തോപ്പുകളും തരുമോ? അവൻ നിങ്ങളെയെല്ലാം സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? 8 അതുകൊണ്ടാണോ നിങ്ങളെല്ലാം എനിക്കെതിരേ കൂട്ടുകെട്ടുണ്ടാക്കുന്നത്? എന്റെ മകൻ യിശ്ശായിപുത്രനുമായി ഉടമ്പടി ചെയ്തപ്പോൾ നിങ്ങളിൽ ഒരുവനും എന്നെ അത് അറിയിക്കാൻ ഉണ്ടായിരുന്നില്ലല്ലോ! എന്റെ ദാസൻ ഇന്നു ചെയ്യുന്നതുപോലെ എനിക്കുവേണ്ടി പതിയിരിക്കുന്നതിന്, എന്റെ മകൻ അവനെ പ്രേരിപ്പിക്കുന്നു എന്ന വസ്തുത എന്നെ അറിയിക്കാനോ എന്നെപ്പറ്റി വിചാരപ്പെടാനോ നിങ്ങളിൽ ഒരുത്തനും ഇല്ലാതെപോയല്ലോ?”
9 അപ്പോൾ ശൗലിന്റെ സേവകന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോയേഗ് പറഞ്ഞു: “യിശ്ശായിയുടെ മകൻ നോബിൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ അടുത്തു വന്നതു ഞാൻ കണ്ടു. 10 അഹീമെലെക്ക് അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു. അദ്ദേഹം അവന് ഭക്ഷണം നൽകുകയും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ കൊടുക്കുകയും ചെയ്തു.”
11 ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമെലെക്ക് പുരോഹിതനെയും നോബിൽ പുരോഹിതന്മാരായ അവന്റെ പിതൃഭവനക്കാരെ എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവരെല്ലാവരും രാജസന്നിധിയിലെത്തി. 12 അപ്പോൾ ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കുക!”
“തിരുമേനീ, അടിയൻ ഇതാ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
13 ശൗൽ തുടർന്നു പറഞ്ഞു: “നീയും യിശ്ശായിപുത്രനും എനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്തിന്? നീ അവന് അപ്പവും ഒരു വാളും കൊടുത്തു. അവനുവേണ്ടി നീ ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അതുകൊണ്ടല്ലേ ഇന്ന് അവൻ എന്നെ ധിക്കരിക്കുകയും എനിക്കായി പതിയിരിക്കുകയും ചെയ്യുന്നത്?”
14 അഹീമെലെക്ക് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെപ്പോലെ വിശ്വസ്തനായി വേറെ ആരുണ്ട്? അദ്ദേഹം രാജാവിന്റെ മരുമകനും അങ്ങയുടെ അംഗരക്ഷകസൈന്യത്തിന്റെ നായകനുമല്ലോ? അങ്ങയുടെ കുടുംബത്തിൽ ഏറ്റം ആദരിക്കപ്പെടുന്നവൻ! 15 അന്ന് ആദ്യമായിട്ടാണോ ഞാൻ ദാവീദിനുവേണ്ടി ദൈവത്തോട് അരുളപ്പാടു ചോദിച്ചത്? തീർച്ചയായും അല്ല! രാജാവേ, അങ്ങ് ഈ ദാസനെയും ഈ ദാസന്റെ പിതൃഭവനക്കാരെയും കുറ്റം ചുമത്തരുതേ! കാരണം ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അങ്ങയുടെ ദാസനായ അടിയന് യാതൊരറിവുമില്ലായിരുന്നു.”
16 എന്നാൽ രാജാവ്: “അഹീമെലെക്കേ, നീ മരിക്കണം. നീയും നിന്റെ സകലപിതൃഭവനവും!” എന്നു കൽപ്പിച്ചു.
17 അതിനുശേഷം രാജാവ് തന്റെ അരികെനിന്നിരുന്ന അംഗരക്ഷകരോട്: “തിരിഞ്ഞ് യഹോവയുടെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുക. അവർ ദാവീദിനോടു പക്ഷംചേർന്നിരിക്കുന്നു. അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കൽപ്പിച്ചു.
എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുന്നതിനു കൈ ഉയർത്താൻ രാജാവിന്റെ ഭൃത്യന്മാർ തയ്യാറായില്ല.
18 അപ്പോൾ രാജാവ് ദോയേഗിനോട്: “നീ ചെന്ന് ആ പുരോഹിതന്മാരെ വളഞ്ഞ് വെട്ടിക്കളയുക!” എന്നു കൽപ്പിച്ചു. അങ്ങനെ ഏദോമ്യനായ ദോയേഗ് ചെന്ന് അവരെ വെട്ടിവീഴ്ത്തി. മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തിയഞ്ചു പുരോഹിതന്മാരെ അന്ന് അയാൾ വധിച്ചു. 19 പുരോഹിതനഗരമായ നോബിൽ ഉണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും അതിലെ കുട്ടികളെയും ശിശുക്കളെയും അവിടത്തെ കന്നുകാലികളെയും കഴുതകളെയും ആടുകളെയും എല്ലാം അയാൾ വാളിനിരയാക്കി.
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു.
1 സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്?
ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ,
ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
2 വഞ്ചന വിതയ്ക്കുന്നവരേ,
നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു;
അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
3 നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു
സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. സേലാ.
4 വഞ്ചനനിറഞ്ഞ നാവേ,
നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
5 ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം:
അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും;
ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. സേലാ.
6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും;
നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
7 “ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ
സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട്
മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന
ആ മനുഷ്യൻ ഇതാ!”
8 ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന
ഒരു ഒലിവുമരംപോലെയല്ലോ;
ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ
ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
9 അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ
അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും.
അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും
അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.
സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.