ദാവീദ് നോബിലുള്ള അഹീമെലെക്കിന്റെ അടുക്കലേക്ക് പലായനം ചെയ്യുന്നു

ക്രി.മു. 1060

Biblica® Open Malayalam Contemporary Version™ (OMCV)

1 ശമുവേൽ 21:1–9

1 ദാവീദ് നോബിൽ പുരോഹിതനായ അഹീമെലെക്കിന്റെ അടുക്കൽ എത്തിച്ചേർന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അഹീമെലെക്കു സംഭ്രമത്തോടെ: “അങ്ങെന്താണു തനിച്ചുവന്നത്? കൂടെ ആരുമില്ലാത്തതെന്താണ്?” എന്നു ചോദിച്ചു.

2 ദാവീദ് പുരോഹിതനായ അഹീമെലെക്കിനോടു മറുപടി പറഞ്ഞു: “രാജാവ് എന്നെ ഒരു പ്രത്യേക കാര്യത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നു. ‘എന്നെ ചുമതലപ്പെടുത്തിയ കാര്യവും എനിക്കു നൽകിയിരിക്കുന്ന നിർദേശങ്ങളും ആരും അറിയരുത്,’ എന്നും കൽപ്പിച്ചിരിക്കുന്നു. എന്റെ ആൾക്കാരുടെ കാര്യമാകട്ടെ, ഒരു പ്രത്യേകസ്ഥലത്തു വന്നെത്താൻ ഞാനവരോടു പറഞ്ഞിരിക്കുകയാണ്. 3 അതിനാൽ ഇപ്പോൾ താങ്കളുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരണം, ഇല്ലെങ്കിൽ ഇപ്പോൾ എന്തുണ്ടോ, അതു തരണം.”

4 ആ പുരോഹിതൻ ദാവീദിനോട്: “എന്റെ കൈവശം സാധാരണ അപ്പമില്ല, എങ്കിലും വിശുദ്ധമായ കുറെ അപ്പമുണ്ട്. അങ്ങയുടെ ഭൃത്യന്മാർ സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നവരെങ്കിൽമാത്രം അതു തരാം” എന്നു പറഞ്ഞു.

5 ദാവീദ് പുരോഹിതനോട്: “ഞാൻ പുറപ്പെട്ടതുമുതൽ ഈ മൂന്നുദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഒരു സാധാരണ യാത്രയെങ്കിലും യുവാക്കന്മാരെല്ലാം വിശുദ്ധരായിരുന്നു; ഇപ്പോഴോ, അവർ എത്രയധികം ശുദ്ധിയുള്ളവരായിരിക്കും?” എന്നു മറുപടി പറഞ്ഞു. 6 അന്ന് ചൂടുള്ള അപ്പം കാഴ്ചയായി വെച്ചിട്ട് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കംചെയ്ത കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെയില്ലായിരുന്നു. അതിനാൽ, നീക്കിയ ആ വിശുദ്ധ അപ്പംതന്നെ പുരോഹിതൻ ദാവീദിനു നൽകി.

7 എന്നാൽ അന്ന് ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവനെ അവിടെ യഹോവയുടെ സന്നിധിയിൽ തടഞ്ഞുവെച്ചിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനും ഏദോമ്യനുമായ ദോയേഗ് ആയിരുന്നു അത്.

8 ദാവീദ് വീണ്ടും അഹീമെലെക്കിനോടു ചോദിച്ചു. “ഇവിടെ അങ്ങയുടെപക്കൽ ഒരു വാളോ കുന്തമോ വല്ലതും ഉണ്ടോ? രാജാവു കൽപ്പിച്ചകാര്യം തിടുക്കത്തിൽ നിറവേറ്റേണ്ടിയിരുന്നതിനാൽ ഞാൻ എന്റെ വാളോ മറ്റായുധങ്ങളോ ഒന്നും എടുത്തിട്ടില്ല.”

9 പുരോഹിതൻ മറുപടി പറഞ്ഞു: “അങ്ങ് ഏലാതാഴ്വരയിൽവെച്ചു വധിച്ച ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഇവിടെയുണ്ട്. ഏഫോദിന്റെ പിറകിൽ അതൊരു തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. അങ്ങേക്ക് ആവശ്യമെങ്കിൽ അതെടുക്കാം. അതല്ലാതെ മറ്റു വാളൊന്നും ഇവിടെയില്ല.”

“അതിനുതുല്യം മറ്റൊന്നില്ലല്ലോ! അതെനിക്കു തരൂ,” എന്നു ദാവീദ് പറഞ്ഞു.

ദാവീദ് ഗത്തിലെ രാജാവായ ആഖീശിന്റെ അടുക്കലേക്ക് പലായനം ചെയ്യുന്നു

1 ശമുവേൽ 21:10–15

10 പിന്നെ ദാവീദ് രക്ഷപ്പെട്ട് ശൗലിനെക്കുറിച്ചുള്ള ഭയംനിമിത്തം ഗത്തിലെ രാജാവായ ആഖീശിന്റെ അടുക്കൽ എത്തി. 11 എന്നാൽ ആഖീശിന്റെ സേവകന്മാർ അദ്ദേഹത്തോട്: “ആ ദേശത്തിലെ രാജാവായ ദാവീദല്ലേ ഇത്.

“ ‘ശൗൽ ആയിരങ്ങളെ കൊന്നു;

എന്നാൽ, ദാവീദ് പതിനായിരങ്ങളെയും’

എന്ന് ഗാനപ്രതിഗാനമായി അവർ പാടി നൃത്തംചെയ്തത് ഇവനെക്കുറിച്ചല്ലോ?” എന്നു പറഞ്ഞു.

12 ദാവീദ് ഈ വാക്കുകളുടെ പൊരുൾ ഗ്രഹിച്ചതിനാൽ അദ്ദേഹം ഗത്തിലെ രാജാവായ ആഖീശിനെ വളരെ ഭയപ്പെട്ടു. 13 അതിനാൽ ദാവീദ് അവരുടെമുമ്പിൽ തന്റെ സ്വഭാവം മാറ്റി, അവരുടെ പിടിയിൽ ഇരിക്കെത്തന്നെ, വാതിൽപ്പലകകളിൽ കുത്തിവരച്ചും താടിമീശയിലൂടെ തുപ്പലൊഴുക്കിയുംകൊണ്ട് ഒരു ഭ്രാന്തനായി അഭിനയിച്ചു.

14 ഇതുകണ്ട ആഖീശ് തന്റെ സേവകന്മാരോട് ചോദിച്ചു: “ആ മനുഷ്യനെ നോക്കൂ! അയാൾ ഭ്രാന്തനാണ്! നിങ്ങൾ അയാളെ എന്തിന് എന്റെമുമ്പിൽ കൊണ്ടുവന്നു? 15 ഈ നാട്ടിലെങ്ങും ഭ്രാന്തമാർ ഇല്ലാഞ്ഞിട്ടോ എന്റെമുമ്പിൽ ഭ്രാന്തുകളിക്കാൻ നിങ്ങൾ ഈ മനുഷ്യനെ ഇങ്ങോട്ടുകൊണ്ടുവന്നത്? ഇത്തരക്കാർ വരേണ്ടത് എന്റെ അരമനയിലോ?”

സങ്കീർത്തനങ്ങൾ 56

ദാവീദിന്റെ ഒരു സ്വർണഗീതം. ഫെലിസ്ത്യർ അദ്ദേഹത്തെ ഗത്തിൽവെച്ചു പിടിച്ചപ്പോൾ രചിച്ചത്.

1 ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,

എന്റെ ശത്രുക്കൾ ക്രോധത്തോടെ എന്നെ വേട്ടയാടുന്നു;

ദിവസംമുഴുവനും അവരെന്നെ ആക്രമിക്കുന്നു.

2 എന്റെ എതിരാളികൾ ഒരു ഒഴിയാബാധയായി എന്നെ പിൻതുടരുന്നു;

അവരുടെ അഹന്തയിൽ പലരും എന്നെ ആക്രമിക്കുന്നു.

3 എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

4 ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—

ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.

വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

5 അവരെപ്പോഴും എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു;

അവരുടെ പദ്ധതികളെല്ലാം എന്നെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളവയാണ്.

6 അവർ ഉപജാപംനടത്തുന്നു, അവർ പതിയിരിക്കുന്നു,

എന്റെ നീക്കങ്ങളവർ നിരീക്ഷിക്കുന്നു,

എന്നെ വധിക്കുന്നതിന് വ്യഗ്രതയുള്ളവരായിരിക്കുന്നു.

7 ദൈവമേ, അവിടത്തെ ക്രോധത്താൽ, രാഷ്ട്രങ്ങളെ തകർത്തുകളയണമേ;

അവരുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവരെ രക്ഷപ്പെടാൻ അനുവദിക്കരുതേ.

8 എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ;

എന്റെ കണ്ണീർക്കണങ്ങൾ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ—

അവ അങ്ങയുടെ ചുരുളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?

9 ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ

എന്റെ ശത്രുക്കൾ പിന്തിരിയും.

ദൈവം എന്റെ പക്ഷത്താണ് എന്ന് ഇങ്ങനെ ഞാൻ അറിയും.

10 ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു

അതേ, യഹോവയിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—

11 ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.

മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

12 എന്റെ ദൈവമേ, അങ്ങയോടുള്ള ശപഥം നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു;

എന്റെ സ്തോത്രയാഗങ്ങൾ ഞാൻ അങ്ങേക്ക് അർപ്പിക്കും.

13 കാരണം ഞാൻ ദൈവമുമ്പാകെ

ജീവന്റെ വെളിച്ചത്തിൽ നടക്കേണ്ടതിന്,

അവിടന്ന് എന്നെ മരണത്തിൽനിന്നും

എന്റെ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചല്ലോ.

സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.

സങ്കീർത്തനങ്ങൾ 34

ദാവീദിന്റെ ഒരു സങ്കീർത്തനം. അബീമെലെക്കിന്റെ മുൻപിൽവെച്ചു ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.

1 ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും;

അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.

2 എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു;

പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.

3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക;

നമുക്കൊരുമിച്ച് അവിടത്തെ നാമം വാഴ്ത്താം.

4 ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി;

എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.

5 അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു;

അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.

6 ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു;

അവിടന്ന് സകലവിധ പ്രയാസങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചു.

7 യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു,

അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.

8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക;

അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.

9 യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക

അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.

10 സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം,

എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.

11 എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക;

യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.

12 ജീവനെ സ്നേഹിക്കുകയും

സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ

13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും

നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

15 യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു

അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;

16 എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു,

അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ.

17 നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;

അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.

18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ

മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും

എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;

20 അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,

അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.

21 അധർമം ദുഷ്ടരെ കൊല്ലുന്നു;

നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.

22 യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു;

അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.