ആമോസ് രാഷ്ട്രങ്ങൾക്കും ഇസ്രായേലിനും എതിരേ പ്രവചിക്കുന്നു

അയൽരാഷ്ട്രങ്ങൾക്കും ഇസ്രായേലിനും യെഹൂദയ്ക്കും എതിരേയുള്ള ന്യായവിധി ആമോസ് പ്രഖ്യാപിക്കുന്നു.

ക്രി.മു. 793

Biblica® Open Malayalam Contemporary Version™ (OMCV)

ആമോസ് 1–4

1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.

2 അദ്ദേഹം പറഞ്ഞു:

“യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു,

ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു;

ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു,

കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.”

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട്

അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു.

4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും

അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും.

5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും;

ആവെൻ താഴ്വരയിലെ രാജാവിനെയും

ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും.

അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,”

എന്ന് യഹോവയുടെ അരുളപ്പാട്.

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി

അവർ ഏദോമിനു വിറ്റിരിക്കുന്നു.

7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും

അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.

8 ഞാൻ, അശ്ദോദിലെ നിവാസികളെയും,

അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും.

ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ,

ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,”

എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട്

ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു.

10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും,

അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.”

11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു,

യാതൊരനുകമ്പയും കാട്ടിയില്ല.

അവന്റെ കോപം തുടരെ ജ്വലിച്ചു;

അവന്റെ ക്രോധം കത്തിജ്വലിച്ചു.

12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കും

അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.”

13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന്

അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു:

14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും

അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും

യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും

കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ.

15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും;

അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

2:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“മോവാബിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, ഏദോംരാജാവിന്റെ അസ്ഥികളെ

അവൻ കുമ്മായത്തിനെന്നപോലെ ചുട്ടുകളഞ്ഞു.

2 ഞാൻ മോവാബിന്റെമേൽ അഗ്നി അയയ്ക്കും

അതു കെരീയോത്തിന്റെ കോട്ടകളെ ദഹിപ്പിക്കും.

യുദ്ധത്തിന്റെ ആർപ്പുവിളികളുടെ മധ്യത്തിലും കാഹളത്തിന്റെ ഒച്ചയിലും,

മോവാബ് മഹാനാശത്തിൽ അകപ്പെടും.

3 ഞാൻ അതിന്റെ ഭരണാധികാരിയെ നശിപ്പിക്കും;

അവനോടുകൂടെ അവന്റെ സകല ഉദ്യോഗസ്ഥപ്രമുഖരെയും വധിക്കും,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“യെഹൂദയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിച്ചു;

അവിടത്തെ ഉത്തരവുകൾ പ്രമാണിച്ചതുമില്ല;

അവരുടെ പൂർവികർ പിൻതുടർന്ന ദേവന്മാർ,

വ്യാജദേവന്മാർതന്നെ അവരെ വഴിതെറ്റിച്ചിരിക്കുന്നല്ലോ,

5 ഞാൻ യെഹൂദയുടെമേൽ അഗ്നി അയയ്ക്കും

അതു ജെറുശലേമിന്റെ കോട്ടകളെ ദഹിപ്പിക്കും.”

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും

ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു.

7 ഭൂമിയിലെ പൊടിമേൽ എന്നപോലെ,

അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു,

അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു.

പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു;

അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു.

8 അവർ ഏതു ബലിപീഠത്തിനരികിലും

പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു.

അവരുടെ ദേവന്റെ ആലയത്തിൽവെച്ചു

പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു.

9 “ഞാൻ അവരുടെമുമ്പിൽവെച്ച് അമോര്യരെ നശിപ്പിച്ചു,

അവൻ ദേവദാരുപോലെ പൊക്കമുള്ളവരും

കരുവേലകംപോലെ ശക്തിയുള്ളവരും ആയിരുന്നു.

മുകളിലുള്ള അവരുടെ ഫലത്തെയും

താഴെയുള്ള വേരുകളെയും ഞാൻ നശിപ്പിച്ചു.

10 അമോര്യരുടെ ദേശം നിങ്ങൾക്കു തരേണ്ടതിനു,

ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്,

മരുഭൂമിയിൽ നാൽപ്പതുവർഷം നടത്തി.

11 “നിങ്ങളുടെ പുത്രന്മാരിൽനിന്ന് പ്രവാചകന്മാരെയും

യുവാക്കളിൽനിന്ന് വ്രതസ്ഥന്മാരെയും ഞാൻ എഴുന്നേൽപ്പിച്ചു.

ഇസ്രായേൽജനമേ, അതു വാസ്തവമല്ലേ?”

എന്ന് യഹോവ ചോദിക്കുന്നു.

12 “എന്നാൽ, നിങ്ങൾ വ്രതസ്ഥന്മാരെ വീഞ്ഞുകുടിപ്പിച്ചു;

പ്രവാചകന്മാരോട്, പ്രവചിക്കരുത് എന്നു കൽപ്പിച്ചു.

13 “ധാന്യം കയറ്റിയ വണ്ടി അമർത്തുന്നതുപോലെ

ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും.

14 ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല;

ശക്തർ ബലം സംഭരിക്കുകയില്ല;

വീരയോദ്ധാക്കൾ തങ്ങളുടെ പ്രാണനെ രക്ഷിക്കുകയുമില്ല.

15 വില്ലാളി ഉറച്ചുനിൽക്കുകയില്ല;

ശീഘ്രഗാമിയായ പടയാളി രക്ഷപ്പെടുകയുമില്ല,

കുതിരക്കാരൻ തന്റെ പ്രാണനെ രക്ഷിക്കുകയുമില്ല.

16 ഏറ്റവും ധീരന്മാരായ പടയാളികൾപോലും

ആ ദിവസം നഗ്നരായി ഓടിപ്പോകും,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

3:1 ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക:

2 “ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു

ഞാൻ നിന്നെമാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ;

അതുകൊണ്ടു നിന്റെ സകലപാപങ്ങൾക്കും

ഞാൻ നിന്നെ ശിക്ഷിക്കും.”

3 തമ്മിൽ യോജിച്ചിട്ടല്ലാതെ,

രണ്ടുപേർ ഒരുമിച്ചു നടക്കുമോ?

4 ഇരയില്ലാതിരിക്കുമ്പോൾ

സിംഹം കാട്ടിൽ അലറുമോ?

ഒന്നും പിടിക്കാതിരിക്കുമ്പോൾ

അതു ഗുഹയിൽ മുരളുമോ?

5 കുടുക്കില്ലാതിരുന്നാൽ

പക്ഷി നിലത്തെ കെണിയിൽ വീഴുമോ?

എന്തെങ്കിലും അകപ്പെടാതെ

കെണി നിലത്തുനിന്നു പൊങ്ങുമോ?

6 പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ

ജനം വിറയ്ക്കുകയില്ലയോ?

യഹോവ വരുത്തീട്ടല്ലാതെ

ഒരു പട്ടണത്തിൽ അനർഥം വരുമോ?

7 തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു

താൻ ചെയ്യാനിരിക്കുന്നതു വെളിപ്പെടുത്താതെ

കർത്താവായ യഹോവ ഒന്നും ചെയ്യുകയില്ല.

8 സിംഹം ഗർജിച്ചിരിക്കുന്നു,

ആരെങ്കിലും ഭയപ്പെടാതിരിക്കുമോ?

കർത്താവായ യഹോവ അരുളിച്ചെയ്തിരിക്കുന്നു,

ആര് പ്രവചിക്കാതിരിക്കും?

9 അശ്ദോദിലെയും ഈജിപ്റ്റിലെയും

കോട്ടകളിൽ വിളംബരംചെയ്യുക:

“ശമര്യാപർവതങ്ങളിൽ കൂടിവരിക;

അവളുടെ വലിയ അസ്വസ്ഥതയും

അവളുടെ ജനത്തിന്റെ പീഡയും നേരിൽ കാണുക.

10 “തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും

ശേഖരിച്ചുവെച്ചിരിക്കുന്ന അവർക്ക്

ന്യായം പ്രവർത്തിക്കാൻ അറിഞ്ഞുകൂടാ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

11 അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഒരു ശത്രു നിങ്ങളുടെ ദേശം കീഴടക്കും,

അവൻ നിങ്ങളുടെ സുരക്ഷിതസ്ഥാനങ്ങൾ തകർക്കും

നിങ്ങളുടെ കോട്ടകൾ കൊള്ളയടിക്കും.”

12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഒരു ഇടയൻ, സിംഹത്തിന്റെ വായിൽനിന്ന്

രണ്ടു കാലിന്റെ എല്ലുകളോ കാതിന്റെ ഒരു കഷണമോ വലിച്ചെടുക്കുന്നതുപോലെ,

ശമര്യയിൽ കിടക്കയുടെ അറ്റത്തും

ദമസ്കോസിൽ കട്ടിലുകളിലും

ഇരിക്കുന്ന ഇസ്രായേൽജനം മോചിക്കപ്പെടും.”

13 “നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു.

14 “ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ,

ഞാൻ ബേഥേലിലെ ബലിപീഠങ്ങളെ നശിപ്പിക്കും;

ബലിപീഠത്തിന്റെ കൊമ്പുകൾ ഛേദിക്കപ്പെട്ടു

നിലത്തു വീഴും.

15 ഞാൻ വേനൽക്കാല വസതികളെയും

ശൈത്യകാല വസതികളെയും പൊളിച്ചുകളയും;

ദന്താലംകൃത മന്ദിരങ്ങളെയും ഞാൻ നശിപ്പിക്കും

ഞാൻ കൊട്ടാരങ്ങളെയും പൊളിച്ചുകളയും,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

4:1 എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ ഞെരുക്കുകയും

തങ്ങളുടെ ഭർത്താക്കന്മാരോട്:

“ഞങ്ങൾ കുടിക്കട്ടെ, കൊണ്ടുവരിക” എന്നു പറയുകയും ചെയ്യുന്ന സ്ത്രീകളേ,

ശമര്യ പർവതത്തിലെ ബാശാന്യ പശുക്കളേ, ഈ വചനം കേൾക്കുക!

2 സർവശക്തനായ യഹോവ, അവിടത്തെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു:

“നിങ്ങളെ കൊളുത്തുകൾകൊണ്ടും

നിങ്ങളിൽ അവസാനം ശേഷിച്ചിട്ടുള്ളവരെ ചൂണ്ടൽകൊണ്ടും

പിടിച്ചുകൊണ്ടുപോകുന്ന കാലം വരും.

3 നിങ്ങൾ ഓരോരുത്തരും നേരേ

മതിലിന്റെ വിള്ളലുകളിലൂടെ പുറത്തു ചെല്ലും.

നിങ്ങളെ ഹെർമോനിലേക്ക് എറിഞ്ഞുകളയും,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

4 “ബേഥേലിലേക്കു പോകുക, പാപം ചെയ്യുക;

ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക.

പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും

മൂന്നാംദിവസംതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക.

5 പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക

സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക;

ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക,

ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?”

എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

6 “ഞാൻ നിങ്ങൾക്ക് എല്ലാ പട്ടണങ്ങളിലും ഒഴിഞ്ഞ വയറും

എല്ലാ നഗരങ്ങളിലും അപ്പമില്ലായ്മയും നൽകി;

എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

7 “കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ

ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു.

ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി,

മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല.

ഒരു വയലിൽ മഴ പെയ്തു,

മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി.

8 ജനം വെള്ളത്തിനായി പട്ടണംതോറും അലഞ്ഞുനടന്നു

എന്നാൽ കുടിക്കാൻ മതിയാവോളം വെള്ളം അവർക്കു കിട്ടിയില്ല.

എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

9 “ഞാൻ പലപ്പോഴും നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും

വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും നശിപ്പിച്ചു.

വെട്ടുക്കിളി നിങ്ങളുടെ അത്തിവൃക്ഷങ്ങളും ഒലിവുവൃക്ഷങ്ങളും തിന്നുകളഞ്ഞു,

എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

10 “ഞാൻ ഈജിപ്റ്റിൽ ചെയ്തതുപോലെ,

നിങ്ങളുടെ ഇടയിൽ ബാധകൾ അയച്ചു.

നിങ്ങളുടെ യുവാക്കളെ ഞാൻ വാൾകൊണ്ടു കൊന്നുകളഞ്ഞു,

നിങ്ങൾ പിടിച്ചുകൊണ്ടുപോയ കുതിരകളെയും കൊന്നു.

നിങ്ങളുടെ പാളയത്തിലെ ദുർഗന്ധം നിങ്ങളുടെ മൂക്കിൽ നിറച്ചു,

എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

11 “സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതുപോലെ

ഞാൻ നിങ്ങൾക്ക് ഉന്മൂലനാശംവരുത്തി.

നിങ്ങൾ കത്തുന്ന അഗ്നിയിൽനിന്ന് വലിച്ചെടുത്ത ഒരു കൊള്ളിപോലെ ആയിരുന്നു,

എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

12 “അതുകൊണ്ട്, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും,

ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യാൻ പോകുന്നതുകൊണ്ട്,

നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക.”

13 പർവതങ്ങളെ രൂപപ്പെടുത്തുന്നവനും

കാറ്റുകളെ സൃഷ്ടിക്കുന്നവനും

തന്റെ വിചാരങ്ങളെ മനുഷ്യനു വെളിപ്പെടുത്തുന്നവനും

പ്രഭാതത്തെ അന്ധകാരമാക്കുന്നവനും

ഭൂമിയുടെ ഉന്നതികളിന്മേൽ നടക്കുന്നവനുമായ ഒരുവനുണ്ട്—

സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന് ആകുന്നു അവിടത്തെ നാമം!