ഇസ്രായേൽരാജ്യം

യൊരോബെയാം രണ്ടാമന്റെ ഭരണം (സമാപനം)

ക്രി.മു. 809

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 14:25–27

25 ഗത്ത്-ഹേഫെർകാരനായ അമിത്ഥായുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖേന ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം ലെബോ-ഹമാത്തുമുതൽ ഉപ്പുകടൽ വരെയുള്ള ഇസ്രായേലിന്റെ അതിർത്തി പുനഃസ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.

26 അടിമയോ സ്വതന്ത്രനോ എന്ന വ്യത്യാസംകൂടാതെ ഇസ്രായേൽമുഴുവൻ കഷ്ടത സഹിക്കുന്നെന്നും അവരെ സഹായിക്കാൻ ആരുമില്ലെന്നും യഹോവ കണ്ടിട്ട് 27 ഇസ്രായേലിന്റെ നാമം ആകാശത്തിൻകീഴേ നിന്ന് തുടച്ചുമാറ്റുമെന്നു കൽപ്പിക്കാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖേന യഹോവ അവരെ രക്ഷിച്ചു.

ഹോശേയ ഇസ്രായേലിനോടു പ്രവചിക്കുന്നു ക്രി.മു. 801

പത്തു ഗോത്രങ്ങളോടുള്ള ഹോശേയയുടെ ആദ്യ അഭ്യർഥന.

ഹോശേയ 1–3

1 യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്തും ഇസ്രായേൽരാജാവായിരുന്ന യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബേരിയുടെ മകൻ ഹോശേയയ്ക്കു ലഭിച്ച യഹോവയുടെ അരുളപ്പാട്:

2 യഹോവ ഹോശേയയിൽക്കൂടി സംസാരിച്ചുതുടങ്ങി, അപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം കൽപ്പിച്ചു: “വ്യഭിചാരിണിയായ ഒരു ഭാര്യയെപ്പോലെ ഈ ദേശം യഹോവയോട് അവിശ്വസ്തതപുലർത്തി കുറ്റക്കാരായിത്തീർന്നിരിക്കുന്നതിനാൽ, നീ പോയി വ്യഭിചാരിണിയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ മക്കളെ ജനിപ്പിക്കുകയും ചെയ്യുക.” 3 അങ്ങനെ അദ്ദേഹം പോയി ദിബ്ലയീമിന്റെ മകൾ ഗോമെരിനെ വിവാഹംകഴിച്ചു; അവൾ ഗർഭംധരിച്ച് അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു.

4 അപ്പോൾ യഹോവ ഹോശേയയോട് ഇപ്രകാരം അരുളിച്ചെയ്തു: “അവന് യെസ്രീൽ എന്നു പേരിടുക; യെസ്രീലിലെ കൂട്ടക്കൊലനിമിത്തം ഞാൻ വേഗത്തിൽ യേഹുഗൃഹത്തെ ശിക്ഷിക്കും; ഇസ്രായേൽ രാജ്യത്തിനു ഞാൻ അവസാനം വരുത്തും. 5 ആ ദിവസം യെസ്രീൽതാഴ്വരയിൽ ഞാൻ ഇസ്രായേലിന്റെ വില്ല് ഒടിച്ചുകളയും.”

6 ഗോമർ വീണ്ടും ഗർഭംധരിച്ച്, ഒരു മകളെ പ്രസവിച്ചു. അപ്പോൾ യഹോവ ഹോശേയയോട് അരുളിച്ചെയ്തു: “അവളെ ലോ-രൂഹമാ എന്നു പേരു വിളിക്കുക, കാരണം ഞാൻ ഇസ്രായേൽരാഷ്ട്രത്തോടു ക്ഷമിക്കാൻ തക്കവണ്ണം അവരോട് അശേഷം സ്നേഹം കാണിക്കുകയില്ല. 7 എങ്കിലും ഞാൻ യെഹൂദാഗൃഹത്തോടു സ്നേഹം കാണിക്കും; വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ അല്ല, കുതിരകളെയോ കുതിരച്ചേവകരെയോകൊണ്ടല്ല, അവരുടെ ദൈവമായ യഹോവയായ ഞാൻതന്നെ അവരെ രക്ഷിക്കും.”

8 ലോ-രൂഹമയുടെ മുലകുടി മാറിയശേഷം, ഗോമർ മറ്റൊരുമകനെ പ്രസവിച്ചു. 9 അപ്പോൾ യഹോവ കൽപ്പിച്ചു: “അവനു ലോ-അമ്മീ എന്നു പേരിടുക; കാരണം, ഇസ്രായേൽ എന്റെ ജനമോ ഞാൻ നിങ്ങളുടെ ദൈവമോ അല്ല.

10 “ഇങ്ങനെയൊക്കെ ആണെങ്കിലും അളക്കുന്നതിനോ എണ്ണുന്നതിനോ കഴിയാത്ത കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽജനം ആയിത്തീരും. ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്തേടത്തുതന്നെ അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ,’ എന്നു വിളിക്കപ്പെടും. 11 യെഹൂദാജനവും ഇസ്രായേൽജനവും ഒരുമിച്ചുചേർക്കപ്പെടും. അവർ ഒരേ നായകനെ നിയമിച്ച്, ദേശത്തുനിന്നു പുറപ്പെട്ടുപോകും. മഹത്തായ ഒരു ദിവസമായിരിക്കും യെസ്രീലിന് ലഭിക്കുന്നത്.”

2:1 “അന്നു നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ, ‘അമ്മീ’ എന്നും സഹോദരിമാരെ ‘രൂഹമാ’ എന്നും വിളിക്കുക.

2 “നിങ്ങളുടെ അമ്മയുമായി വാദിക്കുക, അവളുമായി വാദിക്കുക;

കാരണം അവൾ എന്റെ ഭാര്യയല്ല,

ഞാൻ അവളുടെ ഭർത്താവുമല്ല;

അവൾ തന്റെ മുഖത്തുനിന്നു വ്യഭിചാരിണിയുടെ നോട്ടവും

തന്റെ സ്തനങ്ങൾക്കിടയിൽനിന്ന് അവിശ്വസ്തതയും മാറ്റട്ടെ.

3 അതല്ലെങ്കിൽ ഞാൻ അവളെ വിവസ്ത്രയാക്കും

അവൾ ജനിച്ച ദിവസത്തെപ്പോലെ അവളെ നഗ്നയാക്കും;

ഞാൻ അവളെ മരുഭൂമിപോലെയും

വരണ്ട നിലംപോലെയും ആക്കും

അങ്ങനെ ദാഹംകൊണ്ടു ഞാൻ അവളെ വധിക്കും.

4 ഞാൻ അവളുടെ മക്കളോടു സ്നേഹം കാണിക്കുകയില്ല,

അവർ വ്യഭിചാരത്തിൽ പിറന്ന മക്കളല്ലോ.

5 അവരുടെ അമ്മ അവിശ്വസ്തയായിരുന്നു

അവൾ അപമാനത്തിൽ അവരെ ഗർഭംധരിച്ചു.

അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ കാമുകന്മാരുടെ പിന്നാലെ പോകും;

അവരാണ് എനിക്ക് അപ്പവും വെള്ളവും തരുന്നത്,

കമ്പിളിയും ചണവസ്ത്രവും ഒലിവെണ്ണയും പാനീയവും എനിക്കു തരുന്നതും അവർതന്നെ.’

6 അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും;

അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിയാതവണ്ണം ഞാൻ മതിൽകെട്ടി അടയ്ക്കും.

7 അവൾ തന്റെ കാമുകന്മാരുടെ പിന്നാലെ ഓടും, എന്നാൽ അവരോടൊപ്പം എത്തുകയില്ല;

അവൾ അവരെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല.

അപ്പോൾ അവൾ പറയും:

‘ഞാൻ എന്റെ ആദ്യഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും,

എന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കാൾ അതായിരുന്നു കൂടുതൽ നല്ലത്.’

8 അവൾക്കുവേണ്ട ധാന്യവും പുതുവീഞ്ഞും എണ്ണയും

ബാലിനുവേണ്ടി അവർ യഥേഷ്ടം ഉപയോഗിച്ച

വെള്ളിയും സ്വർണവും അവൾക്കു നൽകിയത്

ഞാൻ ആണെന്ന് അവൾ സമ്മതിച്ചിട്ടില്ല.

9 “അതുകൊണ്ട്, ധാന്യം വിളയുമ്പോൾ എന്റെ ധാന്യത്തെയും

പുതുവീഞ്ഞു തയ്യാറാകുമ്പോൾ എന്റെ പുതുവീഞ്ഞിനെയും ഞാൻ എടുത്തുകളയും.

അവളുടെ നഗ്നത മറയ്ക്കുന്നതിനുള്ള

എന്റെ കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും

10 ഇപ്പോൾത്തന്നെ അവളുടെ കാമുകന്മാരുടെമുമ്പിൽ

അവളുടെ ഗുഹ്യഭാഗം ഞാൻ അനാവൃതമാക്കും;

എന്റെ കൈയിൽനിന്ന് ആരും അവളെ വിടുവിക്കുകയില്ല.

11 ഞാൻ അവളുടെ എല്ലാ ഉത്സവങ്ങളും നിർത്തലാക്കും:

അവളുടെ വാർഷികോത്സവങ്ങളും അമാവാസികളും

ശബ്ബത്ത് നാളുകളും—നിശ്ചയിക്കപ്പെട്ട എല്ലാ ആഘോഷങ്ങളുംതന്നെ.

12 അവളുടെ കാമുകന്മാർ അവൾക്കു കൂലിയായി നൽകിയിരിക്കുന്ന

മുന്തിരിയും അത്തിവൃക്ഷവും ഞാൻ നശിപ്പിക്കും;

ഞാൻ അതിനെ കുറ്റിച്ചെടിയാക്കും,

വന്യമൃഗങ്ങൾ അതിനെ നശിപ്പിച്ചുകളയും.

13 ബാലിനു ധൂപം കാട്ടിയ ആ കാലങ്ങളിലെല്ലാം

ഞാൻ അവളെ ശിക്ഷിക്കും;

അവൾ മോതിരങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്വയം അലങ്കരിച്ചുകൊണ്ട്

തന്റെ കാമുകന്മാരെ പിൻതുടർന്നു,

എന്നെയോ, അവൾ മറന്നുകളഞ്ഞു,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

14 “അതുകൊണ്ട്, ഞാൻ അവളെ വശീകരിക്കാൻ പോകുന്നു;

ഞാൻ അവളെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും

അവളോടു ഹൃദ്യമായി സംസാരിക്കുകയും ചെയ്യും.

15 അവിടെ, അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു മടക്കിക്കൊടുക്കും,

ആഖോർ താഴ്വരയെ പ്രത്യാശയുടെ കവാടമാക്കും.

അവിടെ, അവളുടെ യൗവനനാളുകളിലെപ്പോലെ,

ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന ദിവസങ്ങളിലെപ്പോലെ അവൾ പാട്ടുപാടും.

16 “ആ ദിവസത്തിൽ,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“നിങ്ങൾ എന്നെ ‘എന്റെ ഭർത്താവേ’ എന്നു വിളിക്കും;

‘എന്റെ യജമാനനേ’ എന്ന് ഇനിയൊരിക്കലും വിളിക്കുകയില്ല.

17 ഞാൻ ബാലിന്റെ നാമങ്ങളെ അവളുടെ നാവിൽനിന്ന് മാറ്റിക്കളയും;

അവരുടെ നാമങ്ങൾ ഇനിയൊരിക്കലും അവൾ ഉച്ചരിക്കയുമില്ല.

18 ആ ദിവസം, ഞാൻ അവർക്കുവേണ്ടി

വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും

നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.

വില്ലും വാളും യുദ്ധവും

ദേശത്തുനിന്നു ഞാൻ നീക്കിക്കളയും,

അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും.

19 ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും;

ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും

ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും.

20 ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും,

അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും.

21 “അന്നു ഞാൻ ഉത്തരം നൽകും,”

യഹോവ അരുളിച്ചെയ്യുന്നു—

“ഞാൻ ആകാശത്തിന് ഉത്തരം നൽകും,

ആകാശം ഭൂമിക്ക് ഉത്തരം നൽകും;

22 ഭൂമി ധാന്യത്തിനും

പുതുവീഞ്ഞ് ഒലിവെണ്ണയ്ക്കും ഉത്തരം നൽകും,

അവ യെസ്രീലിന് ഉത്തരം നൽകും.

23 എനിക്കുവേണ്ടി ഞാൻ അവളെ ദേശത്തു നടും;

‘എന്റെ പ്രിയപ്പെട്ടവളല്ല,’ എന്നു പറഞ്ഞവളോടു ഞാൻ എന്റെ സ്നേഹം കാണിക്കും.

‘എന്റെ ജനമല്ല,’ എന്നു പറഞ്ഞിരുന്നവരോട് ‘നിങ്ങൾ എന്റെ ജനം’ എന്നു ഞാൻ പറയും;

‘അവിടന്ന് ആകുന്നു എന്റെ ദൈവം,’ ” എന്ന് അവർ പറയും.

3:1 യഹോവ എന്നോടു കൽപ്പിച്ചു: “നിന്റെ ഭാര്യ മറ്റൊരുവനാൽ സ്നേഹിക്കപ്പെട്ടവളും വ്യഭിചാരിണിയും ആയിരിക്കുന്നെങ്കിലും, നീ പോയി അവളോടു നിന്റെ സ്നേഹം കാണിക്കുക. ഇസ്രായേൽജനം അന്യദേവന്മാരിലേക്കു തിരിഞ്ഞു മുന്തിരിയടകളെ സ്നേഹിക്കുന്നെങ്കിലും, യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ അവളെ സ്നേഹിക്കുക.”

2 അങ്ങനെ ഞാൻ അവളെ പതിനഞ്ചുശേക്കേൽ വെള്ളിക്കും ഒന്നര ഹോമർ യവത്തിനും വിലയ്ക്കുവാങ്ങി. 3 ഞാൻ അവളോടു പറഞ്ഞു: “നീ എന്നോടുകൂടെ ദീർഘകാലം പാർക്കണം; നീ ഒരു വേശ്യയായിരിക്കുകയോ ഒരു പുരുഷനോടും അടുപ്പം കാണിക്കുകയോ അരുത്; ഞാൻ നിന്നോടും അപ്രകാരംതന്നെ ആയിരിക്കും.”

4 രാജാവോ പ്രഭുവോ ഇല്ലാതെ ഇസ്രായേൽജനം ദീർഘകാലം ജീവിക്കേണ്ടിവരും. യാഗമില്ലാതെയും ആചാരസ്തൂപങ്ങൾ ഇല്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ദീർഘകാലം ജീവിക്കും. 5 പിന്നീട് ഇസ്രായേൽജനം മടങ്ങിവന്ന്, തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയന്നുവിറച്ചുകൊണ്ട് യഹോവയുടെ അടുക്കലേക്കും അവിടത്തെ നന്മയിലേക്കും മടങ്ങിവരും.