ആമോസ് രാഷ്ട്രങ്ങൾക്കും ഇസ്രായേലിനും എതിരേ പ്രവചിക്കുന്നു (continued)
അയൽരാഷ്ട്രങ്ങൾക്കും ഇസ്രായേലിനും യെഹൂദയ്ക്കും എതിരേയുള്ള ന്യായവിധി ആമോസ് പ്രഖ്യാപിക്കുന്നു.
ക്രി.മു. 793
Biblica® Open Malayalam Contemporary Version™ (OMCV)
1 ഇസ്രായേൽഗൃഹമേ, ഈ വചനം കേൾക്കുക, ഞാൻ നിന്നെക്കുറിച്ച് ഈ വിലാപഗാനം പാടുന്നു:
2 “ഇസ്രായേൽ കന്യക വീണുപോയി,
ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല!
സ്വദേശത്ത് അവൾ കൈവിടപ്പെട്ടിരിക്കുന്നു,
അവളെ എഴുന്നേൽപ്പിക്കാൻ ആരുമില്ല.”
3 യഹോവയായ കർത്താവ് ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ആയിരംപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ
നൂറുപേർമാത്രം ശേഷിക്കും;
നൂറുപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ
പത്തുപേർമാത്രം ശേഷിക്കും.”
4 യഹോവ ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എന്നെ അന്വേഷിച്ചുകൊണ്ടു ജീവിക്കുക;
5 ബേഥേലിനെ അന്വേഷിക്കരുത്,
ഗിൽഗാലിൽ പോകരുത്,
ബേർ-ശേബയിലേക്കു യാത്ര ചെയ്യരുത്.
കാരണം ഗിൽഗാൽ നിശ്ചയമായും പ്രവാസത്തിലേക്കു പോകുകയും
ബേഥേൽ ശൂന്യമായിത്തീരുകയും ചെയ്യും.”
6 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിൻ,
അല്ലെങ്കിൽ, യഹോവ യോസേഫിന്റെ ഗോത്രങ്ങളിലൂടെ അഗ്നിപോലെ കടന്നുപോകും;
അതിനെ ദഹിപ്പിക്കും,
ബേഥേലിൽ അഗ്നികെടുത്താൻ ആരും ഉണ്ടായിരിക്കുകയില്ല.
7 ന്യായത്തെ കയ്പാക്കുകയും
നീതിയെ നിലത്തെറിഞ്ഞുകളകയും ചെയ്യുന്നവരുണ്ട്.
8 കാർത്തിക, മകയിരം എന്നീ നക്ഷത്രങ്ങളെ സൃഷ്ടിക്കുകയും
അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും
പകലിനെ ഇരുണ്ട രാത്രിയാക്കിത്തീർക്കുകയും
സമുദ്രത്തിന്റെ ജലത്തെ വിളിച്ചുകൂട്ടുകയും
അതിനെ ഭൂമുഖത്തിന്മേൽ വർഷിക്കുകയും ചെയ്യുന്നവനെ അന്വേഷിക്കുക—
യഹോവ എന്നാകുന്നു അവിടത്തെ നാമം!
9 അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു,
കോട്ടകൾ കെട്ടിയുറപ്പിച്ച നഗരത്തെ അവിടന്നു നശിപ്പിക്കുന്നു.
10 കോടതിയിൽ നീതിയോടെ വിധി കൽപ്പിക്കുന്നവരെ നിങ്ങൾ വെറുക്കുകയും
സത്യം പറയുന്നവരെ നിങ്ങൾ നിന്ദിക്കുകയും ചെയ്യുന്നു.
11 നിങ്ങൾ ദരിദ്രരെ ചവിട്ടിമെതിക്കുന്നു,
അവരുടെ ധാന്യത്തിനുപോലും നിങ്ങൾ നികുതി ഈടാക്കുന്നു.
നിങ്ങൾ കല്ലുകൊണ്ടു മാളികകൾ പണിതാലും
അതിൽ പാർക്കുകയില്ല;
നിങ്ങൾ മനോഹരമായ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും;
അവയിലെ വീഞ്ഞു കുടിക്കുകയില്ല.
12 നിങ്ങളുടെ അകൃത്യങ്ങൾ എത്രയധികം എന്നു ഞാൻ അറിയുന്നു
നിങ്ങളുടെ പാപങ്ങൾ എത്ര വലുതായിരിക്കുന്നു!
നിങ്ങൾ നീതിമാനെ പീഡിപ്പിക്കുന്നു, കൈക്കൂലി വാങ്ങുന്നു;
കോടതിയിൽ ദരിദ്രനു ന്യായം നിഷേധിക്കുന്നു.
13 ഇതു ദുഷ്കാലമാകുകയാൽ
വിവേകമുള്ളവർ മിണ്ടാതിരിക്കുന്നു.
14 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്,
തിന്മയല്ല, നന്മതന്നെ അന്വേഷിപ്പിൻ.
അപ്പോൾ നിങ്ങൾ അവകാശപ്പെടുന്നതുപോലെ
സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.
15 ദോഷത്തെ വെറുക്കുക, നന്മയെ സ്നേഹിക്കുക;
ന്യായസ്ഥാനങ്ങളിൽ നീതി പുലർത്തുക.
ഒരുപക്ഷേ, സൈന്യങ്ങളുടെ ദൈവമായ യഹോവ
യോസേഫിന്റെ ശേഷിപ്പിന്മേൽ കരുണ കാണിച്ചേക്കും.
16 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ ദൈവമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എല്ലാ തെരുവീഥികളിലും വിലാപവും
എല്ലാ ചത്വരങ്ങളിലും മുറവിളിയും ഉണ്ടാകും.
കൃഷിക്കാരെ കരയുന്നതിനും
വിലാപക്കാരെ വിലപിക്കുന്നതിനും ക്ഷണിക്കും.
17 എല്ലാ മുന്തിരിത്തോപ്പുകളിലും വിലാപം ഉണ്ടാകും,
ഞാൻ നിങ്ങളുടെ മധ്യേ കടന്നുപോകുന്നതുനിമിത്തംതന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
18 യഹോവയുടെ ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നവരേ,
നിങ്ങൾക്കു ഹാ കഷ്ടം!
നിങ്ങൾ യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുന്നത് എന്തിന്?
ആ ദിവസം ഇരുട്ടായിരിക്കും, വെളിച്ചമായിരിക്കുകയില്ല.
19 അത്, ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി
കരടിയുടെമുമ്പിൽ ചെന്നുപെടുന്നതുപോലെയും
ഒരുവൻ തന്റെ വീട്ടിൽ കടന്നു
ഭിത്തിയിൽ കൈവെച്ച ഉടനെ
അവനെ പാമ്പു കടിക്കുന്നതുപോലെയും ആയിരിക്കും.
20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾതന്നെ ആയിരിക്കും;
അത് അശേഷം പ്രകാശമില്ലാത്ത ഘോരാന്ധകാരംതന്നെ.
21 “ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു;
നിങ്ങളുടെ സഭായോഗങ്ങൾപോലും എനിക്കു സഹിക്കാവുന്നതല്ല.
22 നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും,
ഞാൻ അവയെ സ്വീകരിക്കുകയില്ല.
നിങ്ങൾ വിശേഷമായ സമാധാനയാഗങ്ങൾ അർപ്പിച്ചാലും
ഞാൻ അതിൽ പ്രസാദിക്കുകയില്ല.
23 നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട!
നിങ്ങളുടെ കിന്നരങ്ങളുടെ സംഗീതം ഞാൻ കേൾക്കുകയില്ല.
24 എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ,
നീതി ഒരിക്കലും വറ്റാത്ത തോടുപോലെ ഒഴുകട്ടെ!
25 “ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം
നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
26 നിങ്ങൾ നിങ്ങൾക്കായിത്തന്നെ മെനഞ്ഞുണ്ടാക്കിയ
സിക്കൂത്തുരാജാവിന്റെ മൂർത്തിയെയും
നക്ഷത്രദേവനായ കിയൂനെയും
നിങ്ങൾ ചുമന്നുകൊണ്ടുനടന്നില്ലയോ?
27 അതുകൊണ്ടു ഞാൻ നിങ്ങളെ, ദമസ്കോസിനും അപ്പുറത്തേക്കു നാടുകടത്തും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു, സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടത്തെ നാമം.
6:1 സീയോനിൽ നിർവിചാരികളായിരിക്കുന്നവർക്കും
ശമര്യാപർവതത്തിൽ നിർഭയരായിരിക്കുന്നവർക്കും
യെഹൂദേതരരിൽ പ്രധാനികളായി
ഇസ്രായേൽജനം അന്വേഷിക്കുന്ന ശ്രേഷ്ഠന്മാർക്കും ഹാ കഷ്ടം!
2 കൽനെയിൽച്ചെന്ന് അതിനെ നോക്കുക;
അവിടെനിന്നു മഹാനഗരമായ ഹമാത്തിലേക്കു പോകുക;
അവിടെനിന്നു ഫെലിസ്ത്യരുടെ ഗത്തിലേക്കും പോകുക.
ഇവർ നിങ്ങളുടെ രണ്ടു രാജ്യങ്ങളെക്കാൾ നന്നായിരിക്കുന്നോ?
അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വിശാലമോ?
3 നിങ്ങൾ ദുർദിനം നീട്ടിവെക്കുന്നു,
ഭീകരവാഴ്ചയെ സമീപസ്ഥമാക്കുന്നു.
4 ദന്താലംകൃതമായ കട്ടിലുകളിൽ നിങ്ങൾ കിടക്കുന്നു
ചാരുകട്ടിലുകളിൽ ചാരിക്കിടക്കുകയും ചെയ്യുന്നു.
കുഞ്ഞാടുകളെയും തടിപ്പിച്ച കാളക്കിടാങ്ങളെയും
നിങ്ങൾ ഭക്ഷിക്കുന്നു.
5 നിങ്ങൾ ദാവീദിനെപ്പോലെ കിന്നരങ്ങൾ ഉപയോഗിക്കുന്നു;
സംഗീതോപകരണങ്ങൾ യാതൊരു മുന്നൊരുക്കവുമില്ലാതെ മീട്ടുന്നു.
6 നിങ്ങൾ ചഷകങ്ങൾ നിറയെ വീഞ്ഞു കുടിക്കുന്നു
വിശേഷതൈലങ്ങൾ തേക്കുകയും ചെയ്യുന്നു.
എന്നാൽ, യോസേഫിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിങ്ങൾ ദുഃഖിക്കുന്നില്ല.
7 അതുകൊണ്ടു, നിങ്ങൾ ആദ്യം പ്രവാസത്തിലേക്കു പോകേണ്ടിവരും;
നിങ്ങളുടെ വിരുന്നും സുഖശയനവും അവസാനിക്കും.
8 യഹോവയായ കർത്താവു തന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു:
“ഞാൻ യാക്കോബിന്റെ നിഗളത്തെ വെറുക്കുന്നു;
അവന്റെ കോട്ടകളിൽ എനിക്കു പ്രിയമില്ല,
ഞാൻ പട്ടണത്തെയും
അതിലുള്ള സകലത്തെയും ഏൽപ്പിച്ചുകൊടുക്കും.”
9 ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാൽ അവരും മരിച്ചുപോകും. 10 മൃതശരീരങ്ങളെ ദഹിപ്പിക്കേണ്ടതിനു വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകാൻ അവരുടെ ഒരു ബന്ധു വന്നു, ആ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരുവനോടു “നിന്റെ അടുക്കൽ ആരെങ്കിലും ഉണ്ടോ?” എന്നു ചോദിക്കും. അപ്പോൾ: “ഇല്ല, ശബ്ദിക്കരുത്; നാം യഹോവയുടെ നാമം ഉച്ചരിക്കരുത്.” എന്ന് അവൻ പറയും.
11 യഹോവ കൽപ്പന അയച്ചുകഴിഞ്ഞു,
യഹോവ വലിയ വീട് തകർത്തുകളയും
ചെറിയ വീട് ഛിന്നഭിന്നമാകും.
12 കുതിര പാറപ്പുറത്ത് ഓടുമോ?
അവിടെ ആരെങ്കിലും കാളയെ പൂട്ടി ഉഴുമോ?
എന്നാൽ, നിങ്ങൾ ന്യായത്തെ വിഷമാക്കി;
നീതിയിൻ ഫലത്തെ കയ്പാക്കിയുമിരിക്കുന്നു.
13 ലോ-ദേബാരിനെ കീഴടക്കിയതിൽ ആനന്ദിച്ചുകൊണ്ട്,
“നമ്മുടെ സ്വന്തശക്തികൊണ്ടു കർണയിമിനെ നാം പിടിച്ചടക്കിയില്ലയോ” എന്നു പറയുന്നവരേ,
14 സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു:
“ഇസ്രായേൽഗൃഹമേ, ഞാൻ നിനക്കെതിരേ ഒരു രാജ്യത്തെ ഉണർത്തും;
അവർ നിങ്ങളെ ലെബോ-ഹമാത്തുമുതൽ അരാബാ താഴ്വരവരെ
എല്ലാ നിലകളിലും പീഡിപ്പിക്കും.”
7:1 യഹോവയായ കർത്താവ് ഇതാണ് എന്നെ കാണിച്ചത്: രാജാവിന്റെ ഓഹരിയായ ആദ്യവിളവ് എടുത്തശേഷം, രണ്ടാമത്തെ വിളവ് വളർന്നുവരുന്ന സമയം, അവിടന്നു വെട്ടുക്കിളിക്കൂട്ടങ്ങളെ ഒരുക്കുകയായിരുന്നു. 2 അവ ദേശം തിന്നുവെളുപ്പിച്ചപ്പോൾ, ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”
3 യഹോവ അതുകൊണ്ടു വിധിമാറ്റി.
“ഇതു സംഭവിക്കുകയില്ല,” യഹോവ കൽപ്പിച്ചു.
4 യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: “യഹോവയായ കർത്താവ് അഗ്നിയാലുള്ള ന്യായവിധി കൽപ്പിക്കുകയായിരുന്നു; അതു വലിയ ആഴിയെ ഉണക്കിക്കളയുകയും ദേശത്തെ വിഴുങ്ങിക്കളയുകയും ചെയ്തു.” 5 അപ്പോൾ ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ഇതു നിർത്തണമേ എന്നു ഞാൻ യാചിക്കുന്നു! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”
6 യഹോവ അതുകൊണ്ടു വിധിമാറ്റി.
“ഇതു സംഭവിക്കുകയില്ല,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു.
7 അവിടന്ന് എന്നെ കാണിച്ചത് ഇതാണ്: തൂക്കുകട്ട ഉപയോഗിച്ചു കെട്ടിപ്പൊക്കിയ ഒരു ഭിത്തിക്കു സമീപം, ഒരു തൂക്കുകട്ട കൈയിൽ പിടിച്ചുകൊണ്ട് കർത്താവ് നിൽക്കുകയായിരുന്നു. 8 യഹോവ എന്നോടു ചോദിച്ചു: “ആമോസേ, നീ എന്തു കാണുന്നു?”
“ഒരു തൂക്കുകട്ട,” എന്നു ഞാൻ മറുപടി പറഞ്ഞു.
അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “നോക്കുക, എന്റെ ജനമായ ഇസ്രായേലിന്മേൽ ഞാൻ ഒരു തൂക്കുകട്ട പിടിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.
9 “യിസ്ഹാക്കിന്റെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും,
ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യമായിത്തീരും;
യൊരോബെയാമിന്റെ ഗൃഹത്തിനു വിരോധമായി ഞാൻ എന്റെ വാളുമായി എഴുന്നേൽക്കും.”