ഭാഗം 10: ഉസ്സീയാവിന്റെ ഭരണം

യെഹൂദാരാജ്യം

ഉസ്സീയാവിന്റെ ആദ്യകാല ഭരണവും സമൃദ്ധിയും

ക്രി.മു. 810

Biblica® Open Malayalam Contemporary Version™ (OMCV)

2 ദിനവൃത്താന്തം 26:1–4

1 അതിനുശേഷം യെഹൂദാജനമെല്ലാം ചേർന്ന് പതിനാറുവയസ്സുള്ള ഉസ്സീയാവിനെ അദ്ദേഹത്തിന്റെ പിതാവിന്റെ പിതാവായ അമസ്യാവിന്റെ സ്ഥാനത്തു രാജാവായി അവരോധിച്ചു. 2 അമസ്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നശേഷം ഏലാത്ത് പുതുക്കിപ്പണിതതും അതിനെ യെഹൂദയ്ക്കായി വീണ്ടെടുത്തതും ഇദ്ദേഹമാണ്.

3 ഉസ്സീയാവ് രാജാവാകുമ്പോൾ അദ്ദേഹത്തിനു പതിനാറുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിരണ്ടു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് യെഖൊല്യാ എന്നു പേരായിരുന്നു; അവൾ ജെറുശലേംകാരിയായിരുന്നു. 4 തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു.

2 രാജാക്കന്മാർ 15:1

1 ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തിയേഴാമാണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി.

2 ദിനവൃത്താന്തം 26:5–15

5 തന്നെ ദൈവഭയത്തിൽ അഭ്യസിപ്പിച്ച സെഖര്യാവിന്റെ ആയുഷ്കാലമെല്ലാം അദ്ദേഹം യഹോവയെ അന്വേഷിച്ചിരുന്നു; അക്കാലമത്രയും യഹോവ അദ്ദേഹത്തിനു വിജയം കൊടുക്കുകയും ചെയ്തു.

6 ഉസ്സീയാവ് ഫെലിസ്ത്യർക്കെതിരേ യുദ്ധത്തിനു പുറപ്പെട്ടു; ഗത്ത്, യബ്നേഹ്, അശ്ദോദ് എന്നീ പട്ടണങ്ങൾ പിടിച്ച് അവയുടെ മതിലുകൾ തകർത്തുകളഞ്ഞു. അദ്ദേഹം അശ്ദോദിനു ചുറ്റുപാടും, ഫെലിസ്ത്യരുടെ ഇടയിൽ മറ്റിടങ്ങളിലും പട്ടണങ്ങൾ പണിതു. 7 ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ താമസിച്ചിരുന്ന അറബികൾക്കും മെയൂന്യർക്കും എതിരായുള്ള യുദ്ധത്തിൽ ഉസ്സീയാവിനെ സഹായിച്ചു. 8 അമ്മോന്യർ അദ്ദേഹത്തിനു കപ്പം കൊടുത്തിരുന്നു. ഉസ്സീയാവ് ഏറ്റവും ശക്തനായിത്തീർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി ഈജിപ്റ്റിന്റെ അതിർത്തിവരെയും പരന്നു.

9 ഉസ്സീയാവ് ജെറുശലേമിൽ കോൺകവാടത്തിലും താഴ്വരവാതിൽക്കലും മതിലിന്റെ തിരിവിലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി. 10 കുന്നിൻപ്രദേശങ്ങളിലും സമഭൂമിയിലും അദ്ദേഹത്തിനു വളരെയേറെ കാലിക്കൂട്ടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയിക്കുകയും അനേകം ജലസംഭരണികൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹം കൃഷിയിൽ അതീവ തത്പരനായിരുന്നതിനാൽ മലകളിലും താഴ്വരകളിലുമായി കർഷകരും മുന്തിരിത്തോപ്പുകളിൽ പണിചെയ്യുന്ന ജോലിക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു.

11 ഏതു നിമിഷവും യുദ്ധത്തിനു പുറപ്പെടാൻ ഒരുക്കമുള്ള നല്ല തഴക്കം സിദ്ധിച്ച സൈന്യം ഉസ്സീയാവിന് ഉണ്ടായിരുന്നു. രാജാവിന്റെ സേനാപതികളിൽ ഒരാളായ ഹനന്യായുടെ നിർദേശമനുസരിച്ച് ലേഖകനായ യെയീയേലും ഉദ്യോഗസ്ഥനായ മയസേയാവുംകൂടി സൈനികരുടെ എണ്ണം തിട്ടപ്പെടുത്തി, ഗണംതിരിച്ച് രേഖപ്പെടുത്തി. 12 പരാക്രമശാലികളായ പിതൃഭവനത്തലവന്മാരുടെ ആകെ എണ്ണം 2,600 ആയിരുന്നു. 13 ശത്രുക്കൾക്കെതിരേ രാജാവിനെ സഹായിക്കാൻ, ഈ കുടുംബത്തലവന്മാരുടെ ആധിപത്യത്തിൽ ശിക്ഷണം നേടിയ 3,07,500 പേരുള്ള ശക്തമായ ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. 14 മുഴുവൻ സൈന്യത്തിനും ആവശ്യമായ പരിച, കുന്തം, ശിരോകവചം, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവയെല്ലാം ഉസ്സീയാവ് ഒരുക്കിക്കൊടുത്തു. 15 ഗോപുരങ്ങളിലും മതിലിന്റെ മൂലക്കൊത്തളങ്ങളിലും സ്ഥാപിച്ച് ശത്രുക്കളുടെനേരേ അസ്ത്രങ്ങൾ എയ്യുന്നതിനും വലിയ കല്ലുകൾ ചുഴറ്റിയെറിയുന്നതിനും കൗശലവേലയിലെ വിദഗ്ദ്ധന്മാർ രൂപകൽപ്പനചെയ്ത യന്ത്രങ്ങൾ അദ്ദേഹം ജെറുശലേമിൽ ഉണ്ടാക്കിച്ചു. ഏറ്റവും പ്രബലനായിത്തീരുന്നതുവരെ അദ്ദേഹത്തിന് യഹോവയിൽനിന്ന് അത്ഭുതകരമായി സഹായം ലഭിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി നാലുപാടും പരന്നു.

യോവേൽ യെഹൂദയുടെ പതനം പ്രവചിക്കുന്നു ഏകദേശം ക്രി.മു. 787

ഉസ്സീയാവ് തന്റെ സൈന്യത്തെ വിപുലീകരിക്കുമ്പോൾ, ഒരു വിദേശസൈന്യം ഒരുനാൾ യെഹൂദാരാജ്യത്തെ തകർക്കുമെന്ന് യോവേൽ പ്രവചിക്കുന്നു.

യോവേൽ 1

1 പെഥൂവേലിന്റെ മകനായ യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്:

2 ഇസ്രായേൽ ഗോത്രത്തലവന്മാരേ, ഇതു കേൾപ്പിൻ;

സകലദേശവാസികളുമേ, ശ്രദ്ധിക്കുക.

നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ

ഇതുപോലൊരു കാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ?

3 ഇതു നിങ്ങളുടെ മക്കളോടു പറയുക,

നിങ്ങളുടെ മക്കൾ അത് അവരുടെ മക്കളോടും

അവരുടെ മക്കൾ അടുത്ത തലമുറയോടും പറയണം.

4 തുള്ളൻ തിന്നു ശേഷിപ്പിച്ചതു

വെട്ടുക്കിളി തിന്നു;

വെട്ടുക്കിളി ശേഷിപ്പിച്ചതു

വിട്ടിൽ തിന്നു;

വിട്ടിൽ ശേഷിപ്പിച്ചതു

പച്ചപ്പുഴു തിന്നു.

5 മദ്യപിക്കുന്നവരേ, ഉണർന്നു കരയുവിൻ!

വീഞ്ഞു കുടിക്കുന്നവരേ, വിലപിക്കുക;

പുതുവീഞ്ഞു നിങ്ങളുടെ ചുണ്ടുകളിൽനിന്ന്

മാറ്റപ്പെട്ടിരിക്കുന്നതിനാൽ വിലപിക്കുക.

6 ശക്തിയേറിയതും അസംഖ്യവുമായ ഒരു ജനത

എന്റെ ദേശത്തെ ആക്രമിച്ചിരിക്കുന്നു;

അതിനു സിംഹത്തിന്റെ പല്ലും

സിംഹിയുടെ അണപ്പല്ലുകളും ഉണ്ട്.

7 അത് എന്റെ മുന്തിരിവള്ളിയെ നശിപ്പിച്ചു

എന്റെ അത്തിവൃക്ഷങ്ങളെ തകർത്തു;

അതിന്റെ കൊമ്പുകളെ തോലുരിച്ച്

എറിഞ്ഞുകളഞ്ഞു,

ശാഖകളെ വെളുപ്പിച്ചിരിക്കുന്നു.

8 തന്റെ യൗവനത്തിലെ ഭർത്താവിനെക്കുറിച്ചു വ്യസനിക്കുന്ന

കന്യകയെപ്പോലെ ചാക്കുശീലയുടുത്തു വിലപിക്കുക.

9 ഭോജനയാഗങ്ങളും പാനീയയാഗങ്ങളും

യഹോവയുടെ ആലയത്തിൽ തീർന്നുപോയിരിക്കുന്നു.

യഹോവയുടെമുമ്പിൽ ശുശ്രൂഷിക്കുന്ന

പുരോഹിതന്മാർ വിലപിക്കുന്നു.

10 വയലുകൾ നശിച്ചിരിക്കുന്നു,

നിലങ്ങൾ ഉണങ്ങിയിരിക്കുന്നു;

ധാന്യം നശിച്ചുപോയി,

പുതുവീഞ്ഞു വറ്റിപ്പോയി,

ഒലിവെണ്ണ ഇല്ലാതായി.

11 കൃഷിക്കാരേ, ലജ്ജിക്കുക,

മുന്തിരിക്കർഷകരേ, വിലപിക്കുക;

ഗോതമ്പിനെയും യവത്തെയും ഓർത്ത് ദുഃഖിക്കുക,

നിലത്തിലെ വിളവു നശിച്ചുപോയല്ലോ.

12 മുന്തിരിവള്ളി വാടി,

അത്തിവൃക്ഷം ഉണങ്ങിപ്പോയി;

മാതളവും ഈന്തപ്പനയും ആപ്പിൾമരവും—

നിലത്തിലെ സകലവൃക്ഷങ്ങളും—ഉണങ്ങിപ്പോയിരിക്കുന്നു.

മനുഷ്യന്റെ സന്തോഷം

ഉണങ്ങിപ്പോയിരിക്കുന്നു.

13 പുരോഹിതന്മാരേ, ചാക്കുശീലയുടുത്തു വിലപിക്കുക;

യാഗപീഠത്തിനുമുമ്പിൽ ശുശ്രൂഷിക്കുന്നവരേ, കരയുവിൻ.

എന്റെ ദൈവത്തിന്റെ മുമ്പിൽ ശുശ്രൂഷിക്കുന്നവരേ,

വരിക, ചാക്കുശീലയുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ;

കാരണം നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ

ഭോജനയാഗവും പാനീയയാഗവും ഇല്ലാതായിരിക്കുന്നു.

14 ഒരു വിശുദ്ധ ഉപവാസം വിളംബരംചെയ്യുക;

വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക.

ഗോത്രത്തലവന്മാരെയും സകലദേശവാസികളെയും

നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ

കൂട്ടിവരുത്തുക,

യഹോവയോടു നിലവിളിക്കുക.

15 ആ ദിവസം ഹാ കഷ്ടം!

യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു;

സർവശക്തനിൽനിന്ന് നാശംപോലെ ആ ദിവസം വരും.

16 നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും

നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന്

ആനന്ദവും ആഹ്ലാദവും

അറ്റുപോയല്ലോ?

17 വിത്തുകൾ വരണ്ടനിലത്ത്

ഉണങ്ങിച്ചുക്കിച്ചുളിയുന്നു.

കളപ്പുരകൾ ശൂന്യമായിരിക്കുന്നു.

ധാന്യം ഉണങ്ങിപ്പോയതുകൊണ്ടു

ധാന്യപ്പുരകൾ തകർക്കപ്പെട്ടിരിക്കുന്നു.

18 കന്നുകാലികൾ നിലവിളിക്കുന്നു!

ആട്ടിൻപറ്റം തളർന്നുപോകുന്നു.

മേച്ചിൽപ്പുറങ്ങൾ ഇല്ലായ്കയാൽ

ചെമ്മരിയാട്ടിൻകൂട്ടങ്ങൾ വലയുന്നു.

19 യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു,

കാരണം തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു,

നിലത്തെ സകലവൃക്ഷങ്ങളെയും ജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു.

20 കാട്ടുമൃഗങ്ങളും അങ്ങേക്കായി കിതയ്ക്കുന്നു;

നീരരുവികൾ വറ്റിപ്പോയി

തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു.