അമസ്യാവിന്റെ മരണം
ക്രി.മു. 810
Biblica® Open Malayalam Contemporary Version™ (OMCV)
27 അമസ്യാവ് യഹോവയെ പിൻതുടരുന്നതിൽ നിന്നും വിട്ടുമാറിയ ദിവസംമുതൽ അദ്ദേഹത്തിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. 28 അദ്ദേഹത്തിന്റെ മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്ന് യെഹൂദാ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ സംസ്കരിച്ചു.
25 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷംകൂടി യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു ജീവിച്ചിരുന്നു. 26 അമസ്യാവിന്റെ ഭരണകാലത്തെ മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1 അമസ്യാവ് രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യഹോവദ്ദാൻ എന്നായിരുന്നു; അവർ ജെറുശലേംകാരിയായിരുന്നു. 2 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ അതു പൂർണഹൃദയത്തോടെ ആയിരുന്നില്ല. 3 രാജ്യം തന്റെ അധീനതയിൽ ഉറച്ചപ്പോൾ അദ്ദേഹം തന്റെ പിതാവായിരുന്ന രാജാവിനെ വധിച്ച ഉദ്യോഗസ്ഥന്മാർക്കു വധശിക്ഷതന്നെ നൽകി. 4 എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,” എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് അവരുടെ മക്കളെ കൊലചെയ്യിച്ചില്ല.
17 അതിനുശേഷം യെഹൂദാരാജാവായ അമസ്യാവ് തന്റെ ഉപദേഷ്ടാക്കളുമായി കൂടിയാലോചിച്ചശേഷം ഇസ്രായേൽരാജാവും യേഹുവിന്റെ പൗത്രനും യഹോവാഹാസിന്റെ പുത്രനുമായ യഹോവാശിന്റെ അടുക്കൽ വെല്ലുവിളി അയച്ചു: “വരൂ, നമുക്കൊന്നു നേരിൽ ഏറ്റുമുട്ടാം.”
18 എന്നാൽ ഇസ്രായേൽരാജാവായ യഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് ഇപ്രകാരം മറുപടികൊടുത്തു: “ലെബാനോനിലെ ഒരു മുൾച്ചെടി ലെബാനോനിലെതന്നെ ഒരു ദേവദാരുവിന്റെ അടുക്കൽ ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായിത്തരിക’ എന്നു സന്ദേശം പറഞ്ഞയച്ചു. എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം അതുവഴി വന്നു. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു. 19 ഏദോമിനെ തോൽപ്പിച്ചെന്നു താങ്കൾ പറയുന്നുണ്ടാകാം; അതിനാൽ നീയിപ്പോൾ ഉന്നതനും നിഗളിയുമായിത്തീർന്നിരിക്കുന്നു. എന്നാൽ അതുമായി വീട്ടിൽ അടങ്ങി താമസിച്ചുകൊള്ളുക. താങ്കളുടെയും യെഹൂദയുടെയും നാശത്തിനുവേണ്ടി എന്തിന് ഉപദ്രവം ക്ഷണിച്ചുവരുത്തുന്നു?”
20 എങ്കിലും അമസ്യാവ് അതു ചെവിക്കൊണ്ടില്ല. അദ്ദേഹം ഏദോമ്യദേവന്മാരെ ആശ്രയിക്കയാൽ അദ്ദേഹത്തെ യോവാശിന്റെകൈയിൽ ഏൽപ്പിക്കണമെന്നതു ദൈവഹിതമായിരുന്നു. 21 അതിനാൽ ഇസ്രായേൽരാജാവായ യഹോവാശ് ആക്രമണം നടത്തി. യെഹൂദ്യയിലെ ബേത്-ശേമെശിൽവെച്ച് അദ്ദേഹവും യെഹൂദാരാജാവായ അമസ്യാവുംതമ്മിൽ ഏറ്റുമുട്ടി. 22 ഇസ്രായേൽ യെഹൂദയെ തോൽപ്പിച്ചോടിച്ചു; ഓരോരുത്തരും താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി. 23 ഇസ്രായേൽരാജാവായ യഹോവാശ് ബേത്-ശേമെശിൽവെച്ച്, യെഹൂദാരാജാവും യോവാശിന്റെ പുത്രനും അഹസ്യാവിന്റെ പൗത്രനുമായ അമസ്യാവിനെ പിടിച്ചു ബന്ധിച്ചു. പിന്നെ യഹോവാശ് അദ്ദേഹത്തെ ജെറുശലേമിലേക്കു കൊണ്ടുവന്നു. തുടർന്ന് അദ്ദേഹം ജെറുശലേമിന്റെ മതിൽ എഫ്രയീംകവാടംമുതൽ കോൺകവാടംവരെ ഏകദേശം നാനൂറുമുഴം നീളത്തിൽ ഇടിച്ചുനിരത്തി. 24 ഓബേദ്-ഏദോമിന്റെ സൂക്ഷിപ്പിൽ ദൈവാലയത്തിൽ ഉണ്ടായിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം എടുത്തുകൊണ്ടുപോയി. അതോടൊപ്പം കൊട്ടാരഭണ്ഡാരവും ജാമ്യത്തടവുകാരെയും അദ്ദേഹം കൈയടക്കി. ഇവയെല്ലാമായി അദ്ദേഹം ശമര്യയിലേക്കു മടങ്ങി.
19 അമസ്യാവിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു; അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. 20 അദ്ദേഹത്തിന്റെ മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്ന് ജെറുശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ സംസ്കരിച്ചു.
17 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷംകൂടി യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു ജീവിച്ചിരുന്നു. 18 അമസ്യാവിന്റെ ഭരണകാലത്തെ മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
ഇസ്രായേൽരാജ്യം
യഹോവാശിന്റെ ഭരണം തുടരുന്നു
22 യഹോവാഹാസിന്റെ ഭരണകാലത്തെല്ലാം അരാംരാജാവായ ഹസായേൽ ഇസ്രായേലിനെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. 23 എന്നാൽ താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിമൂലം യഹോവയ്ക്ക് അവരുടെനേരേ കരുണയും മനസ്സലിവും തോന്നി അവരെ കടാക്ഷിച്ചു. ഇന്നുവരെയും അവരെ നശിപ്പിക്കുന്നതിനോ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളയുന്നതിനോ യഹോവയ്ക്കു മനസ്സായില്ല.
24 അരാംരാജാവായ ഹസായേൽ മരിച്ചു. അദ്ദേഹത്തിന്റെ മകനായ ബെൻ-ഹദദ് അദ്ദേഹത്തിനുപകരം രാജാവായി. 25 അപ്പോൾ യഹോവാഹാസിന്റെ മകനായ യഹോവാശ്, ഹസായേലിന്റെ മകനായ ബെൻ-ഹദദ് തന്റെ പിതാവിനോടു യുദ്ധംചെയ്തു പിടിച്ചെടുത്ത ചെറുപട്ടണങ്ങൾ തിരികെ പിടിച്ചെടുത്തു. യഹോവാശ് മൂന്നുപ്രാവശ്യം അദ്ദേഹത്തെ തോൽപ്പിച്ചു; അങ്ങനെ ഇസ്രായേലിന്റെ പട്ടണങ്ങൾ വീണ്ടെടുത്തു.
11 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നൊന്നും അദ്ദേഹം വിട്ടുമാറാതെ അവയിൽത്തന്നെ തുടർന്നു.
12 യഹോവാശിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും യെഹൂദാരാജാവായ അമസ്യാവിനോടു യുദ്ധം ചെയ്തതുൾപ്പെടെ അദ്ദേഹത്തിന്റെ നേട്ടങ്ങളും എല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 13 യഹോവാശ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; യൊരോബെയാം അനന്തരാവകാശിയായി സിംഹാസനാരൂഢനായി. യഹോവാശ് ഇസ്രായേൽരാജാക്കന്മാരോടൊപ്പം ശമര്യയിൽ സംസ്കരിക്കപ്പെട്ടു.
15 യഹോവാശിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അയാൾ ചെയ്ത പ്രവൃത്തികൾ, യെഹൂദാരാജാവായ അമസ്യാവിനോട് അയാൾ ചെയ്ത യുദ്ധം ഉൾപ്പെടെയുള്ള അയാളുടെ നേട്ടങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 16 യഹോവാശ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ശമര്യയിൽ ഇസ്രായേൽരാജാക്കന്മാരുടെ ശ്മശാനത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ യൊരോബെയാം അദ്ദേഹത്തിനുപകരം രാജാവായി.
യൊരോബെയാം രണ്ടാമന്റെ ഭരണം
23 യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാംവർഷം ഇസ്രായേൽരാജാവായ യഹോവാശിന്റെ മകൻ യൊരോബെയാം ശമര്യയിൽ രാജാവായി. അദ്ദേഹം നാൽപ്പത്തിയൊന്നുവർഷം ഭരണംനടത്തി. 24 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു; നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.