ജെറുശലേമിന്റെ മതിലുകൾ പുനർനിർമിക്കപ്പെടുന്നു (continued)

ക്രി.മു. 445

Biblica® Open Malayalam Contemporary Version™ (OMCV)

നെഹെമ്യാവ് 6

1 ഞാൻ മതിൽ പുനരുദ്ധരിച്ചെന്നും കവാടങ്ങൾക്കു കതകുകളൊന്നും വെച്ചിരുന്നില്ലെങ്കിൽപോലും, ഒരു ഭാഗത്തും വിടവുകൾ അവശേഷിക്കുന്നില്ല എന്നും സൻബല്ലത്തും തോബിയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടു; 2 “വരിക, ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ നമുക്ക് കണ്ടുമുട്ടാം,” എന്ന് സൻബല്ലത്തും ഗേശെമും എനിക്ക് ഒരു സന്ദേശം അയച്ചു.

എന്നാൽ അവർ എന്നെ ഉപദ്രവിക്കാൻ പദ്ധതിയിട്ടിരുന്നു; 3 അതുകൊണ്ട് ഞാൻ ദൂതന്മാർ മുഖേന ഇപ്രകാരം അറിയിച്ചു: “ഞാൻ ഒരു വലിയ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്, അത് ഉപേക്ഷിച്ചു വരാനാവില്ല. നിങ്ങളെ കാണുന്നതിനുവേണ്ടി എന്തിനാണു വേല മുടക്കി ഞാൻ വരുന്നത്?” 4 അവർ ഇതേ സന്ദേശം നാലുപ്രാവശ്യം അയച്ചു; ഓരോ പ്രാവശ്യവും ഞാൻ ഇതേ മറുപടിതന്നെ അവർക്കു നൽകി.

5 അഞ്ചാംപ്രാവശ്യവും ഇതേ സന്ദേശവുമായി സൻബല്ലത്തിന്റെ ഭൃത്യൻ വന്നു; അവന്റെ കൈയിൽ ഒരു തുറന്ന കത്തുമുണ്ടായിരുന്നു. 6 അതിൽ ഇപ്രകാരം എഴുതിയിരുന്നു:

“താങ്കളും യെഹൂദരും കലാപത്തിനായി ഒരുങ്ങുന്നെന്നും അതിനായി നിങ്ങൾ മതിൽ പുതുക്കിപ്പണിയുന്നെന്നും ചുറ്റുമുള്ള ദേശങ്ങളിൽ വാർത്ത എത്തിയിരിക്കുന്നു; ഈ കാര്യം സത്യമെന്ന് ഗശ്‌മൂവും പറയുന്നു. 7 ഈ വാർത്തകളനുസരിച്ച്, ‘യെഹൂദ്യയിൽ ഒരു രാജാവുണ്ട്’ എന്നു താങ്കളെക്കുറിച്ചു പ്രഖ്യാപിക്കാൻ പ്രവാചകരെ നിയമിച്ചെന്നും അറിയുന്നു. ഈ വസ്തുതകളെക്കുറിച്ചുള്ള വിവരം രാജാവിനു നൽകുന്നതാണ്. അതിനാൽ വരിക, നമുക്കു ഒരു കൂടിക്കാഴ്ച്ച നടത്താം.”

8 അദ്ദേഹത്തിനു ഞാൻ ഇപ്രകാരം മറുപടി നൽകി: “താങ്കൾ പറയുന്നതുപോലെ ഒന്നും സംഭവിക്കുന്നില്ല; ഇതെല്ലാം താങ്കളുടെ ബുദ്ധിയിൽനിന്നുതന്നെ ഉടലെടുത്തതാണ്.”

9 “ജോലി മുടങ്ങുംവിധം അവർ തീരെ ധൈര്യഹീനരാകും; അതു പൂർത്തിയാക്കാൻ അവർക്കു കഴിയുകയുമില്ല” എന്നു ചിന്തിച്ച്, ഞങ്ങളെ ഭയപ്പെടുത്താനാണ് അവരെല്ലാം ശ്രമിച്ചത്.

എന്നാൽ, “എന്റെ കൈകളെ ഇപ്പോൾ ബലപ്പെടുത്തണമേ” എന്നു ഞാൻ പ്രാർഥിച്ചു.

10 ഞാൻ ഒരു ദിവസം മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽച്ചെന്നു; അദ്ദേഹം തന്റെ വീടിനുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട്, “നമുക്കു ദൈവാലയത്തിനുള്ളിൽവെച്ച് കാണാം, അങ്ങയെ കൊല്ലേണ്ടതിന് അവർ വരുന്നതിനാൽ മന്ദിരത്തിനുള്ളിൽ കടന്ന് നമുക്കു കതകടച്ചിരിക്കാം. ഈ രാത്രിതന്നെ അവർ അങ്ങയെ വധിക്കുന്നതിനായി വരുന്നതാണ്,” എന്നു പറഞ്ഞു.

11 എന്നാൽ ഞാൻ പറഞ്ഞു, “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകണമോ? തന്റെ ജീവരക്ഷയ്ക്കായി ആലയത്തിലേക്കു പോകാൻ എന്നെപ്പോലെ ഒരുത്തനു കഴിയുമോ? ഞാൻ പോകുകയില്ല” എന്നു പറഞ്ഞു. 12 അദ്ദേഹത്തെ ദൈവം അയച്ചതല്ലെന്നും തോബിയാവും സൻബല്ലത്തും അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതിനാലാണ് അദ്ദേഹം എനിക്കെതിരേ പ്രവചിച്ചതെന്നും എനിക്കു മനസ്സിലായി. 13 ഞാൻ ഭയപ്പെട്ട് ഇങ്ങനെ പ്രവർത്തിച്ച് ഒരു പാപം ചെയ്യേണ്ടതിനും എന്റെനേരേ അപവാദംപരത്തി എനിക്കു മാനഹാനി വരുത്തേണ്ടതിനും അവർ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതായിരുന്നു.

14 എന്റെ ദൈവമേ, അവർ ചെയ്തതുനിമിത്തം തോബിയാവിനെയും സൻബല്ലത്തിനെയും കൂടാതെ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച നോവദ്യാ എന്ന പ്രവാചികയെയും മറ്റു പ്രവാചകരെയും ഓർക്കണമേ! 15 അങ്ങനെ മതിൽ നിർമാണം അൻപത്തിരണ്ടു ദിവസംകൊണ്ട്, എലൂൽമാസം ഇരുപത്തഞ്ചാംതീയതി പൂർത്തിയാക്കി.

16 ഞങ്ങളുടെ സകലശത്രുക്കളും ചുറ്റുപാടുള്ള ജനതകളും ഇതു കേട്ടു ഭയപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണ് ഈ പണി പൂർത്തീകരിച്ചതെന്നു മനസ്സിലാക്കിയ അവരുടെ ആത്മവിശ്വാസം ചോർന്നുപോയി.

17 ആ കാലത്ത് യെഹൂദാപ്രഭുക്കന്മാരിൽനിന്നു തോബിയാവിനും അദ്ദേഹത്തിൽനിന്ന് അവർക്കും ധാരാളം കത്തുകൾ ലഭിച്ചുകൊണ്ടിരുന്നു. 18 അദ്ദേഹം ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അദ്ദേഹത്തിന്റെ മകൻ യെഹോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹംചെയ്തിരുന്നതിനാലും യെഹൂദ്യയിൽ അനേകർ അദ്ദേഹവുമായി കരാറിൽ ഏർപ്പെട്ടിരുന്നു. 19 അത്രയുമല്ല, അദ്ദേഹത്തിന്റെ സൽപ്രവൃത്തികളെക്കുറിച്ച് അവർ എന്നോടു പറയുകയും ഞാൻ പറയുന്നത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവന്നു. എന്നെ ഭയപ്പെടുത്താനായി തോബിയാവ് എഴുത്ത് അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

ജെറുശലേമിന്റെ മതിൽ പ്രതിഷ്ഠിക്കപ്പെടുന്നു

നെഹെമ്യാവ് 12:27–43

27 ജെറുശലേമിന്റെ മതിൽ പ്രതിഷ്ഠിക്കുന്ന സമയത്ത്, സ്തോത്രത്തോടും സംഗീതത്തോടും ഇലത്താളങ്ങളും കിന്നരങ്ങളും വീണകളുംകൊണ്ട് ആഹ്ലാദപൂർവം ആഘോഷിക്കുന്നതിനായി ലേവ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നു ജെറുശലേമിലേക്ക് വിളിച്ചുവരുത്തി. 28 സംഗീതജ്ഞരെയെല്ലാം ജെറുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും 29 ബേത്-ഗിൽഗാലിൽനിന്നും ഗേബായുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളിൽനിന്നും കൂട്ടിവരുത്തി; സംഗീതജ്ഞരെല്ലാം ജെറുശലേമിനുചുറ്റും തങ്ങൾക്കായി ഗ്രാമങ്ങൾ നിർമിച്ചിരുന്നു. 30 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ആചാരപരമായി ശുദ്ധീകരിച്ചശേഷം ജനത്തെയും കവാടങ്ങളെയും മതിലിനെയും ശുദ്ധീകരിച്ചു.

31 തുടർന്ന് ഞാൻ യെഹൂദനേതാക്കന്മാരെ മതിലിന്റെ മുകളിലേക്കു വരുത്തി. സ്തോത്രഗാനം പാടിക്കൊണ്ട് പ്രദക്ഷിണംചെയ്യുന്ന രണ്ടു വലിയ സംഘങ്ങളെ നിയോഗിച്ചു. അവയിൽ ഒന്നു മതിലിനു മുകളിലൂടെ വലതു ഭാഗത്തേക്കു നീങ്ങി കുപ്പക്കവാടംവരെ ചെന്നു. 32 അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദനേതാക്കന്മാരിൽ പകുതിപ്പേരും നടന്നു. 33 അവരോടൊപ്പം അസര്യാവ്, എസ്രാ, മെശുല്ലാം, 34 യെഹൂദാ, ബെന്യാമീൻ, ശെമയ്യാവ്, യിരെമ്യാവ് എന്നിവരും 35 കാഹളമേന്തിയ ചില പുരോഹിതന്മാരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും 36 അദ്ദേഹത്തിന്റെ കൂട്ടാളികളായ ശെമയ്യാവ്, അസരെയേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യെഹൂദ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദ് നിയമിച്ചപ്രകാരമുള്ള വാദ്യങ്ങളോടുകൂടെ നടന്നു. ന്യായപ്രമാണോപദേഷ്ടാവായ എസ്രാ അവരെ നയിച്ചുകൊണ്ടു നടന്നു. 37 ഉറവുകവാടം കടന്ന് അവർ ദാവീദിന്റെ നഗരത്തിന്റെ പടവുകയറി മതിലിന്റെ കയറ്റത്തിൽ എത്തി; ദാവീദിന്റെ അരമനയ്ക്കപ്പുറം കിഴക്കുള്ള ജലകവാടംവരെ ചെന്നു.

38 സ്തോത്രഗാനം ആലപിക്കുന്ന രണ്ടാമത്തെ സംഘം എതിർഭാഗത്തുനിന്നും പുറപ്പെട്ടു. ജനത്തിൽ പകുതിയുമായി ഞാനും മതിലിന്മേൽക്കൂടി ചൂളഗോപുരത്തിനപ്പുറം വിശാലമതിൽവരെ അവരെ പിൻചെന്നു, 39 എഫ്രയീം കവാടത്തിനപ്പുറം പഴയ നഗരകവാടം, മീൻകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം എന്നിവ കടന്ന് ആട്ടിൻകവാടംവരെ എത്തി. അതിനുശേഷം കാവൽക്കവാടത്തിൽ വന്ന് അവർ നിന്നു.

40 സ്തോത്രഗാനം ആലപിക്കുന്ന രണ്ടു സംഘങ്ങളും ദൈവാലയത്തിൽ അവരുടെ സ്ഥാനത്ത് നിന്നു; ഞാനും പ്രമാണികളിൽ പകുതിപ്പേരും അവരോടൊപ്പം നിന്നു. 41 പുരോഹിതന്മാരിൽ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്നിവർ കാഹളങ്ങളുമായും, 42 അവരോടൊപ്പം മയസേയാവ്, ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ, മൽക്കീയാവ്, ഏലാം, ഏസെർ എന്നിവരും ഉണ്ടായിരുന്നു. സംഗീതജ്ഞർ ഉറക്കെ പാടി; യിസ്രഹ്യാവ് സംഗീതജ്ഞർക്കു നേതൃത്വം നൽകി. 43 ആ ദിവസം അവർ വലിയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്, ദൈവം അവർക്കു മഹാസന്തോഷം നൽകിയതിൽ ആഹ്ലാദിച്ചു. സ്ത്രീകളും കുട്ടികളും ആനന്ദിച്ചു. ജെറുശലേമിലെ ആനന്ദഘോഷം ബഹുദൂരം കേൾക്കാമായിരുന്നു.

നെഹെമ്യാവ് പാർസിയിലേക്ക് മടങ്ങുന്നു

നെഹെമ്യാവ് 7:1–4

1 മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം 2 എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. 3 ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”

4 നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല.