ജെറുശലേമിന്റെ മതിലുകൾ പുനർനിർമിക്കപ്പെടുന്നു (continued)

ക്രി.മു. 445

Biblica® Open Malayalam Contemporary Version™ (OMCV)

നെഹെമ്യാവ് 4–5

1 ഞങ്ങൾ മതിൽ പുനർനിർമിക്കുന്നു എന്നു കേട്ടപ്പോൾ സൻബല്ലത്ത് കോപിച്ചു; അദ്ദേഹം വല്ലാതെ രോഷാകുലനായിട്ട്, യെഹൂദന്മാരെ നിന്ദിച്ചു. 2 “ഈ ദുർബലരായ യെഹൂദർ എന്തുചെയ്യാനാണു ഭാവം? മതിൽ പുനരുദ്ധരിക്കാൻ അവർക്കു കഴിയുമോ? യാഗങ്ങൾ അർപ്പിക്കാൻ അവർക്ക് ആകുമോ? ഒരു ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരത്തിൽനിന്ന് അവർ കല്ലുകൾ പുനർജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ കൂട്ടാളികളും ശമര്യാസൈന്യവും കേൾക്കെ അദ്ദേഹം ആക്ഷേപിച്ചു.

3 അദ്ദേഹത്തോടൊപ്പമുള്ള അമ്മോന്യനായ തോബിയാവ് ഇപ്രകാരം പറഞ്ഞു: “അവർ പണിയുന്ന ഈ കന്മതിലിന്മേൽ, ഒരു കുറുക്കൻ കയറിയാൽപോലും അതിലെ കല്ലുകൾ തകർന്നുവീഴും!”

4 ഞങ്ങളുടെ ദൈവമേ, കേൾക്കണമേ! ഞങ്ങൾ നിന്ദിതരായിരിക്കുന്നു. അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടക്കി നൽകണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏൽപ്പിക്കണമേ. 5 പണിയുന്നവരുടെനേർക്ക് അവർ നിന്ദ ചൊരിഞ്ഞതിനാൽ തിരുസന്നിധിയിൽ അവരുടെ അകൃത്യം മറയ്ക്കുകയും പാപം മായിക്കുകയും ചെയ്യരുതേ!

6 ജനം പൂർണമനസ്സോടെ വേല ചെയ്തതിനാൽ ഞങ്ങൾ മതിൽമുഴുവനും പകുതിപ്പൊക്കംവരെ പണിതുയർത്തി.

7 എന്നാൽ ജെറുശലേമിന്റെ മതിലുകൾ വേഗത്തിൽ നന്നാക്കപ്പെടുന്നെന്നും അതിലെ വിടവുകൾ അടയ്ക്കപ്പെടുന്നെന്നും സൻബല്ലത്ത്, തോബിയാവ്, അരാബ്യർ, അമ്മോന്യർ, അശ്ദോദ്യർ എന്നിവർ കേട്ടപ്പോൾ അവർ വളരെ പ്രകോപിതരായി. 8 ജെറുശലേമിനോടു വന്നു യുദ്ധംചെയ്ത് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ഒത്തുകൂടി ആലോചിച്ചു. 9 എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു; ഈ വെല്ലുവിളി നിമിത്തം രാവും പകലും ഇവർക്കെതിരേ കാവൽനിർത്തി.

10 അതിനുശേഷം യെഹൂദ്യർ: “പണിക്കാരുടെ ശക്തി ക്ഷയിക്കുന്നു; മതിൽ പണിയാൻ നമുക്കു കഴിയാത്തവിധം ധാരാളം കല്ലും മണ്ണും ഇനിയുമിവിടെ കൂടിക്കിടക്കുന്നു” എന്നു പറഞ്ഞു.

11 “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിനുമുമ്പേ നമുക്ക് അവരുടെയിടയിലേക്കു ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം,” എന്ന് ഞങ്ങളുടെ ശത്രുക്കൾ പറയുകയും ചെയ്തു.

12 അവരുടെ സമീപം താമസിച്ചിരുന്ന യെഹൂദന്മാർ ഞങ്ങളുടെ അടുക്കൽവന്ന്, “എങ്ങോട്ടു തിരിഞ്ഞാലും അവർ നമുക്കെതിരേ വരും” എന്നു പത്തിലധികം പ്രാവശ്യം പറഞ്ഞു.

13 അതുകൊണ്ട് ഞാൻ മതിലിന്റെ പൊക്കം വളരെ കുറഞ്ഞു തുറന്നുകിടക്കുന്ന ചില സ്ഥലങ്ങളിൽ വാൾ, കുന്തം, അമ്പ്, എന്നിവയുമായി ആളുകളിൽ ചിലരെ അവരുടെ കുടുംബങ്ങളോടുകൂടെ നിർത്തി. 14 സകലതും നോക്കിയശേഷം ഞാൻ എഴുന്നേറ്റ് പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “അവരെ ഭയപ്പെടരുത്; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക; അങ്ങനെ നിങ്ങളുടെ സഹോദരങ്ങൾക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും ഭവനങ്ങൾക്കുംവേണ്ടി യുദ്ധംചെയ്യുക.”

15 അവരുടെ ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾ അറിഞ്ഞെന്നും ദൈവം തങ്ങളുടെ പദ്ധതി നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം, ഞങ്ങൾ മതിൽപണിയിലേക്കും ഓരോരുത്തരും അവരവരുടെ വേലയിലേക്കും മടങ്ങി.

16 അന്നുമുതൽ, എന്റെ ആൾക്കാരിൽ പകുതിപേർ ജോലിചെയ്തു; ബാക്കി പകുതിപേർ കുന്തം, പരിച, അമ്പ്, കവചം എന്നിവ വഹിച്ചു നിന്നു. ഉദ്യോഗസ്ഥർ മതിൽ പണിയുന്ന യെഹൂദ്യരുടെ മുഴുവന്റെയും പിന്നിൽ ഉണ്ടായിരുന്നു. 17 ചുമടെടുക്കുന്നവർ ഒരു കൈകൊണ്ടു ജോലി ചെയ്യുകയും മറ്റേ കൈയിൽ ആയുധം പിടിക്കുകയും ചെയ്തു. 18 പണിയുന്നവരെല്ലാം വാൾ അരയ്ക്കു കെട്ടിയിരുന്നു. കാഹളം മുഴക്കുന്നവൻ എന്നോടൊപ്പംതന്നെ നിന്നു.

19 എന്നിട്ട് ഞാൻ പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “പണി വലിയതും വിശാലവുമാണ്. നാമെല്ലാം മതിലിന്മേൽ വളരെ അകലെയുമാണ്. 20 കാഹളത്തിന്റെ മുഴക്കം നിങ്ങൾ എവിടെ കേട്ടാലും അവിടെ ഞങ്ങളോടു ചേരുക. നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധംചെയ്യും.”

21 അങ്ങനെ നേരംപുലരുമ്പോൾമുതൽ നക്ഷത്രങ്ങൾ പ്രകാശിച്ചുതുടങ്ങുന്നതുവരെ ഞങ്ങളിൽ പകുതിപ്പേർ കുന്തമേന്തിനിന്നു; ഇങ്ങനെ ഞങ്ങൾ വേല തുടർന്നു. 22 ആ സമയത്ത് ഞാൻ ജനങ്ങളോട് ഇതുകൂടി പറഞ്ഞു: “ഓരോ മനുഷ്യനും അവന്റെ സഹായിയും ജെറുശലേമിൽത്തന്നെ രാത്രി പാർക്കട്ടെ, ഇങ്ങനെ രാത്രിയിൽ കാവലിനും പകൽ വേല ചെയ്യുന്നതിനും അവർക്കു കഴിയുമല്ലോ.” 23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ സേവകരോ എന്നോടൊപ്പമുള്ള കാവൽക്കാരോ ആരും വസ്ത്രം മാറിയില്ല; അവർ വെള്ളംകൊണ്ടുവരാൻ പോകുമ്പോൾപോലും ആയുധം ധരിച്ചിരുന്നു.

5:1 ഈ സമയം ജനവും അവരുടെ ഭാര്യമാരും തങ്ങളുടെ യെഹൂദാസഹോദരന്മാർക്കെതിരേ ഒരു വലിയ ആവലാതി ഉയർത്തി. 2 “ഞങ്ങളും ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും വളരെയേറെയുണ്ട്. ഞങ്ങൾക്കു ഭക്ഷണത്തിനും ജീവൻ നിലനിർത്തുന്നതിനും, ധാന്യം ആവശ്യമാണ്,” എന്നു ചിലർ പറഞ്ഞു.

3 മറ്റുചിലർ, “ക്ഷാമകാലത്ത് ധാന്യം കിട്ടാൻ ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും വീടുകളുംവരെ പണയപ്പെടുത്തുകയാണ്” എന്നു പറഞ്ഞുകൊണ്ടിരുന്നു.

4 “ഞങ്ങളുടെ വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയുംമേലുള്ള രാജനികുതി കൊടുക്കാൻ ഞങ്ങൾക്കു കടം വാങ്ങേണ്ടിവന്നു. 5 ഞങ്ങളുടെ മാംസവും രക്തവും ഞങ്ങളുടെ സഹോദരങ്ങളുടേതുപോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആണെങ്കിലും ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അടിമകളായി വിടാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ഞങ്ങളുടെ പുത്രിമാരിൽ ചിലർ ഇപ്പോൾത്തന്നെ അടിമകളായിരിക്കുന്നു. ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും അന്യരുടെ പക്കൽ ആയിക്കഴിഞ്ഞതിനാൽ ഞങ്ങൾക്കു യാതൊരു നിർവാഹവുമില്ല,” എന്നു വേറെ ചിലരും പറഞ്ഞു.

6 ഈ നിലവിളിയും പരാതിയും കേട്ട് എനിക്കു വളരെ കോപമുണ്ടായി. 7 ഇതെക്കുറിച്ചു ഞാൻ ശരിക്കും ആലോചിച്ചശേഷം ഇതിന് ഉത്തരവാദികളായ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ശാസിച്ചു: “നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ സഹോദരങ്ങളിൽനിന്നു പലിശ വാങ്ങുന്നല്ലോ,” എന്നു പറഞ്ഞു. ഇവർക്കെതിരേ ഞാൻ ഒരു വലിയ യോഗം വിളിച്ചുകൂട്ടി, 8 ഇപ്രകാരം പറഞ്ഞു: “യെഹൂദേതരർക്കു വിറ്റിരുന്ന നമ്മുടെ യെഹൂദാസഹോദരങ്ങളെ നാം കഴിവുള്ളിടത്തോളം തിരികെ വാങ്ങി. ഇപ്പോഴോ, നമ്മുടെ സഹോദരങ്ങൾ നമുക്കുതന്നെ വിൽക്കപ്പെടേണ്ടതിനു നാം അവരെ വിൽക്കുകയാണോ?” അതിനു മറുപടിയൊന്നും പറയാനില്ലാതെ അവർ നിശ്ശബ്ദരായി നിന്നു.

9 ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ഈ ചെയ്തതു ശരിയല്ല, യെഹൂദേതരരായ ശത്രുക്കളുടെ നിന്ദ ഏൽക്കാതിരിക്കാൻ നാം നമ്മുടെ ദൈവത്തെ ഭയപ്പെട്ടു ജീവിക്കേണ്ടതല്ലയോ? 10 ഞാനും എന്റെ സഹോദരന്മാരും ഭൃത്യന്മാരും അവർക്കു പണവും ധാന്യവും കൊടുക്കുന്നുണ്ട്. എന്നാൽ, പലിശ വാങ്ങുന്നത് അവസാനിപ്പിക്കുക. 11 ഉടൻതന്നെ അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിനൽകുക. പണം, ധാന്യം, പുതിയ വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് നൂറിൽ ഒന്നുവീതം അവരിൽനിന്നും വാങ്ങിയിരുന്ന പലിശയും മടക്കിക്കൊടുക്കുക.”

12 “ഞങ്ങൾ അതു മടക്കിക്കൊടുക്കാം,” അവർ പറഞ്ഞു, “അവരിൽനിന്ന് ഇനി യാതൊന്നും ഞങ്ങൾ ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.”

അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് അവർ വാഗ്ദാനംചെയ്തതുപോലെ പാലിക്കുമെന്നു പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയുംകൊണ്ടു ശപഥംചെയ്യിച്ചു. 13 എന്നിട്ട് ഞാൻ എന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട്, “ഈ വാഗ്ദാനം പാലിക്കാത്ത ഏതു മനുഷ്യനെയും അവന്റെ ഭവനത്തിൽനിന്നും സ്വത്തിൽനിന്നും ദൈവം ഇപ്രകാരം കുടഞ്ഞുകളയട്ടെ. ആ മനുഷ്യൻ ഇപ്രകാരം കുടഞ്ഞും ഒഴിഞ്ഞുംപോകട്ടെ” എന്നു പറഞ്ഞു.

ഇതു കേട്ട് ആ സമൂഹം മുഴുവനും “ആമേൻ,” എന്നു പറഞ്ഞു. അവർ യഹോവയെ സ്തുതിച്ചു. ജനം വാഗ്ദാനം ചെയ്തതുപോലെതന്നെ പ്രവർത്തിച്ചു.

14 അർഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാമാണ്ടിൽ ഞാൻ യെഹൂദാദേശത്തിനു ദേശാധിപതിയായി നിയമിക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാമാണ്ടുവരെയുള്ള പന്ത്രണ്ടുവർഷം ഞാനോ എന്റെ സഹോദരന്മാരോ ദേശാധിപതിക്ക് അനുവദനീയമായിരുന്ന ഭക്ഷണവിഹിതം വാങ്ങിയിരുന്നില്ല. 15 എന്നാൽ എനിക്കു മുമ്പുണ്ടായിരുന്ന പഴയ ദേശാധിപതിമാർ ജനത്തെ വളരെ ഭാരപ്പെടുത്തി. അവരിൽനിന്ന് ആഹാരവും വീഞ്ഞും അതിനുംപുറമേ നാൽപ്പതുശേക്കേൽ വെള്ളിയും വാങ്ങിയിരുന്നു. അവരുടെ സേവകരും ജനത്തിന്റെമേൽ അധികാരം ചെലുത്തിയിരുന്നു. എന്നാൽ ദൈവഭയംനിമിത്തം ഞാൻ അങ്ങനെ ചെയ്തില്ല. 16 അതിനുപകരം, ഞാൻ മതിൽപണിക്കുവേണ്ടി മുഴുവൻ ശ്രദ്ധയും നൽകി. എന്റെ സേവകരെല്ലാം പണിക്കു വന്നുകൂടി; ഞങ്ങൾ നിലങ്ങളൊന്നും കൈവശപ്പെടുത്തിയതുമില്ല.

17 യെഹൂദരും ഉദ്യോഗസ്ഥരുമായ നൂറ്റി അൻപതുപേരും ചുറ്റുപാടുമുള്ള രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളുടെയടുക്കൽ വരുന്നവരും എന്റെ മേശമേൽനിന്ന് ഭക്ഷിച്ചിരുന്നു. 18 ഒരു ദിവസത്തേക്ക് ഒരു കാളയെയും വിശേഷമായ ആറ് ആടിനെയും ഏതാനും പക്ഷികളെയും എനിക്കായി പാകംചെയ്യും; പത്തുദിവസത്തിൽ ഒരിക്കൽ എല്ലാത്തരം വീഞ്ഞും ധാരാളമായി കൊണ്ടുവരികയും ചെയ്യും. എങ്കിലും ഇതിനുവേണ്ടി ഞാൻ ദേശാധിപതിയുടെ അഹോവൃത്തിക്കുള്ള തുക വാങ്ങിയില്ല; കാരണം ജനത്തിന്മേലുള്ള ഭാരം വളരെയധികമായിരുന്നു.

19 എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ ചെയ്തതെല്ലാം എന്റെ നന്മയ്ക്കായി ഓർക്കേണമെ.