കാലഘട്ടം 6: രെഹബെയാം മുതൽ ബാബേലിലെ പ്രവാസം വരെ

രെഹബെയാം സിംഹാസനത്തിലേറിയതുമുതൽ ബാബേലിലെ അടിമത്തം വരെ.

ഭാഗം 1: രെഹബെയാമിന്റെ ഭരണകാലം

യെഹൂദാരാജ്യം

പത്തു ഗോത്രങ്ങൾ കലാപം നടത്തുന്നു

ക്രി.മു. 975

Biblica® Open Malayalam Contemporary Version™ (OMCV)

1 രാജാക്കന്മാർ 14:21

21 ഈ സമയം ശലോമോന്റെ മകനായ രെഹബെയാം യെഹൂദ്യയിൽ രാജാവായിരുന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു.

1 രാജാക്കന്മാർ 12:1–24

1 രെഹബെയാമിനെ രാജാവായി വാഴിക്കുന്നതിന് ഇസ്രായേൽമുഴുവൻ ശേഖേമിൽ എത്തിച്ചേർന്നതിനാൽ അദ്ദേഹവും അവിടെയെത്തി. 2 ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു അപ്പോഴും—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി. 3 അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേലിന്റെ സർവസഭയുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു: 4 “അങ്ങയുടെ പിതാവ് ഭാരമുള്ള ഒരു നുകമാണ് ഞങ്ങളുടെമേൽ ചുമത്തിയിരുന്നത്; ആകയാൽ, ഇപ്പോൾ അങ്ങ് ഞങ്ങളുടെ കഠിനവേലയും അദ്ദേഹം ഞങ്ങളുടെമേൽ ചുമത്തിയിരുന്ന ഭാരമേറിയ നുകവും ലഘുവാക്കിത്തന്നാലും. അങ്ങനെയെങ്കിൽ, ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”

5 “മൂന്നുദിവസം കഴിഞ്ഞ് നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവരിക,” എന്ന് രെഹബെയാം മറുപടികൊടുത്തു. അങ്ങനെ ജനം മടങ്ങിപ്പോയി.

6 അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു.

7 അവർ അദ്ദേഹത്തോട്: “ഇന്ന് അങ്ങ് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.

8 എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു. 9 “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു.

10 അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ഈ ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും. 11 എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ”

12 “മൂന്നുദിവസത്തിനുശേഷം എന്റെ അടുക്കൽ മടങ്ങിവരിക,” എന്നു രാജാവു നിർദേശിച്ചിരുന്നതുപോലെ യൊരോബെയാമും സർവജനവും രെഹബെയാമിന്റെ അടുക്കൽ മടങ്ങിവന്നു. 13 വൃദ്ധജനം നൽകിയ ഉപദേശം അവഗണിച്ച രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു. 14 യുവാക്കന്മാർ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം അവരോട്: “എന്റെ പിതാവു നിങ്ങളുടെ നുകത്തെ ഭാരമുള്ളതാക്കി; ഞാനതിനെ കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാൻ നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു. 15 ഇങ്ങനെ, രാജാവ് ജനങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല. നെബാത്തിന്റെ മകനായ യൊരോബെയാമിനോട് ശീലോന്യനായ അഹീയാവിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഈ സംഭവവികാസം യഹോവയുടെ ഹിതപ്രകാരം ആയിരുന്നു.

16 രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്:

“ദാവീദിങ്കൽ നമുക്കെന്ത് ഓഹരി?

യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി?

ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ.

ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!”

അങ്ങനെ, ഇസ്രായേൽജനം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. 17 എന്നാൽ, യെഹൂദ്യനഗരങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേല്യർക്ക് രെഹബെയാം രാജാവായി തുടർന്നു.

18 നിർബന്ധിതമായി വേലചെയ്യുന്നവരുടെ ചുമതല വഹിച്ചിരുന്ന അദോനിരാമിനെ രെഹബെയാംരാജാവ് ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാൽ, അവരെല്ലാം അദ്ദേഹത്തെ കല്ലെറിഞ്ഞുകൊന്നു. രെഹബെയാംരാജാവാകട്ടെ, കഷ്ടിച്ച് രഥത്തിലേറി ജെറുശലേമിലേക്ക് ഓടിപ്പോന്നു. 19 ഇപ്രകാരം, ഇസ്രായേൽ ഇന്നുവരെ ദാവീദിന്റെ ഭവനത്തോടുള്ള മാത്സര്യത്തിൽ കഴിയുന്നു.

20 യൊരോബെയാം ഈജിപ്റ്റിൽനിന്നും മടങ്ങിവന്നിട്ടുണ്ടെന്ന് എല്ലാ ഇസ്രായേല്യരും കേട്ടപ്പോൾ, ആളയച്ച് അദ്ദേഹത്തെ ഇസ്രായേൽ സഭയിലേക്കു ക്ഷണിച്ചുവരുത്തി സമസ്തഇസ്രായേലിനും രാജാവാക്കി. യെഹൂദാഗോത്രംമാത്രമല്ലാതെ മറ്റാരും ദാവീദിന്റെ ഭവനത്തോടു പക്ഷംചേർന്നില്ല.

21 രെഹബെയാം ജെറുശലേമിൽ എത്തിയപ്പോൾ അദ്ദേഹം സകല യെഹൂദാഗോത്രത്തെയും ബെന്യാമീൻഗോത്രത്തെയും വിളിച്ചുകൂട്ടി. അവർ ഒരുലക്ഷത്തി എൺപതിനായിരം യോദ്ധാക്കൾ ഉണ്ടായിരുന്നു. ഇസ്രായേലിനോടു യുദ്ധംചെയ്യുന്നതിനും ശലോമോന്റെ മകനായ രെഹബെയാമിന്റെ രാജ്യം പുനഃസ്ഥാപിക്കുന്നതിനും ആയിരുന്നു അവരെ വിളിച്ചുകൂട്ടിയത്.

22 എന്നാൽ, ദൈവപുരുഷനായ ശെമയ്യാവിന് ഇപ്രകാരം ദൈവത്തിന്റെ അരുളപ്പാടുണ്ടായി: 23 “യെഹൂദാരാജാവും ശലോമോന്റെ പുത്രനുമായ രെഹബെയാമിനോടും യെഹൂദാഗോത്രത്തിലെയും ബെന്യാമീൻഗോത്രത്തിലെയും സകലജനത്തോടും, ശേഷം ജനത്തോടും പറയുക: 24 ‘നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യരോടു യുദ്ധത്തിനു പോകരുത്. നിങ്ങൾ ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. ഈ കാര്യം എന്റെ ഇഷ്ടപ്രകാരം സംഭവിച്ചിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.’ ” അങ്ങനെ അവർ യഹോവയുടെ വചനമനുസരിച്ച് യഹോവയുടെ കൽപ്പനപ്രകാരം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി.

രെഹബെയാം യെഹൂദ്യ ഭരിക്കുന്നു ക്രി.മു. 973

2 ദിനവൃത്താന്തം 11:5–12:1

5 രെഹബെയാം ജെറുശലേമിൽ താമസിക്കുകയും യെഹൂദ്യയിൽ പ്രതിരോധത്തിനുവേണ്ട പട്ടണങ്ങൾ പണിയിക്കുകയും ചെയ്തു. 6 ബേത്ലഹേം, ഏതാം, തെക്കോവ, 7 ബേത്ത്-സൂർ, സോഖോ, അദുല്ലാം, 8 ഗത്ത്, മാരേശാ, സീഫ്, 9 അദോരയീം, ലാഖീശ്, അസേക്കാ, 10 സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയായിരുന്നു അദ്ദേഹം യെഹൂദ്യയിലും ബെന്യാമീനിലും കോട്ടകെട്ടി ഉറപ്പിച്ച നഗരങ്ങൾ. 11 അദ്ദേഹം പ്രതിരോധത്തിനുള്ള അവരുടെ കോട്ടകൾ ബലപ്പെടുത്തി അവയിൽ സൈന്യാധിപന്മാരെ നിയോഗിച്ചു; ഭക്ഷണസാധനങ്ങൾ, ഒലിവെണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചുവെച്ചു. 12 പരിചകളും കുന്തങ്ങളും എല്ലാ നഗരങ്ങളിലും അദ്ദേഹം ശേഖരിച്ചുവെച്ചു; തന്നെയുമല്ല, അതിന്റെ സുരക്ഷയ്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു. അങ്ങനെ യെഹൂദയും ബെന്യാമീനും അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ തുടർന്നു.

13 ഇസ്രായേലിൽ എല്ലായിടത്തുനിന്നുമുള്ള പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്റെ പക്ഷംചേർന്നു. 14 യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പുരോഹിതന്മാർ എന്നു കരുതാതെ അവഗണിച്ചിരുന്നു. അതിനാൽ പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ പുൽമേടുകളും സമ്പത്തും ഉപേക്ഷിച്ചിട്ട് യെഹൂദ്യയിലും ജെറുശലേമിലും വന്നുചേർന്നു. 15 യൊരോബെയാം താനുണ്ടാക്കിയ ക്ഷേത്രങ്ങളിൽ തന്റെ സ്വന്തം പുരോഹിതന്മാരെ നിയമിച്ചു. അവിടെ അവർ ആടുകളുടെയും കാളക്കിടാങ്ങളുടെയും വിഗ്രഹങ്ങളെ ഭജിച്ചുവന്നു. 16 ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ച എല്ലാവരും ലേവ്യരെ പിൻതുടർന്ന് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കാൻ ജെറുശലേമിലേക്കു വന്നു. 17 മൂന്നുവർഷക്കാലം അവർ യെഹൂദാരാജ്യത്തെ പ്രബലമാക്കുകയും ശലോമോന്റെ മകനായ രെഹബെയാമിനു പിന്തുണ കൊടുക്കുകയും ചെയ്തു. ഈ കാലമത്രയും അവർ ദാവീദിന്റെയും ശലോമോന്റെയും കാൽച്ചുവടുകൾ പിൻതുടരുന്നതിൽ വിശ്വസ്തരായി നിലകൊണ്ടു.

18 ദാവീദിന്റെ മകനായ യെരീമോത്തിന്റെയും യിശ്ശായിയുടെ മകൻ എലീയാബിന്റെ മകളായ അബീഹയിലിന്റെയും മകളായ മഹലാത്തിനെ രെഹബെയാം വിവാഹംകഴിച്ചു. 19 അവൾ അദ്ദേഹത്തിന് യെയൂശ്, ശെമര്യാവ്, സാഹാം എന്നീ പുത്രന്മാരെ പ്രസവിച്ചു. 20 അവൾക്കുശേഷം അബ്ശാലോമിന്റെ മകളായ മയഖായെ രെഹബെയാം ഭാര്യയായി സ്വീകരിച്ചു. അവൾ അദ്ദേഹത്തിന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു. 21 രെഹബെയാം അബ്ശാലോമിന്റെ മകളായ മയഖായെ തന്റെ മറ്റു ഭാര്യമാരെക്കാളും വെപ്പാട്ടിമാരെക്കാളും കൂടുതലായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന് ആകെ പതിനെട്ടു ഭാര്യമാരും അറുപത് വെപ്പാട്ടികളും ഇരുപത്തിയെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു.

22 മയഖായുടെ മകനായ അബീയാവിനെ രാജാവാക്കാൻ രെഹബെയാം താത്പര്യപ്പെട്ടിരുന്നു. അതിനാൽ അബീയാവിനെ അവന്റെ സകലസഹോദരന്മാരിൽവെച്ചും മുഖ്യരാജകുമാരനായി രെഹബെയാം അവരോധിച്ചു. 23 രെഹബെയാം തന്റെ പുത്രന്മാരിൽ ചിലരെ യെഹൂദ്യയിലും ബെന്യാമീനിലും ഉടനീളമുള്ള ദേശങ്ങളിലും കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള നഗരങ്ങളിലും ചില ദൗത്യങ്ങൾ നൽകി അയച്ചിരുന്നു; അങ്ങനെ അദ്ദേഹം ബുദ്ധിപൂർവം പെരുമാറി. രെഹബെയാം അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ നൽകുകയും അവർക്കുവേണ്ട ഭാര്യമാരെ സമ്പാദിച്ചുകൊടുക്കുകയും ചെയ്തു.

12:1 രെഹബെയാമിന്റെ രാജപദവി ഭദ്രമാകുകയും അദ്ദേഹം പ്രബലനാകുകയുംചെയ്തപ്പോൾ, അദ്ദേഹവും അദ്ദേഹത്തോടൊപ്പം എല്ലാ ഇസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.

1 രാജാക്കന്മാർ 14:22–24

22 യെഹൂദാജനവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. അവർ ചെയ്ത പാപങ്ങൾമൂലം തങ്ങളുടെ പൂർവികരെക്കാൾ അധികമായി അവർ യഹോവയെ കോപിപ്പിച്ചു. 23 അവർ, ഉയർന്ന ഓരോ മലയിലും പന്തലിച്ച ഓരോ ഇലതൂർന്ന മരത്തിന്റെ ചുവട്ടിലും തങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ, ആചാരസ്തൂപങ്ങൾ, അശേരാപ്രതിഷ്ഠകൾ എന്നിവ സ്ഥാപിച്ചു. 24 ക്ഷേത്രങ്ങൾ ആസ്ഥാനമാക്കി പുരുഷവേശ്യകളും ദേശത്തുണ്ടായിരുന്നു; യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങളുടെ സകലവിധ മ്ലേച്ഛതകളും അവർ അനുവർത്തിച്ചു.