ശീശക്ക് യെഹൂദ്യയിൽ അധിനിവേശം നടത്തുന്നു
ക്രി.മു. 970
Biblica® Open Malayalam Contemporary Version™ (OMCV)
2 അവർ യഹോവയോട് അവിശ്വസ്തരായിത്തീർന്നതിനാൽ രെഹബെയാമിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. 3 ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയോടും ഈജിപ്റ്റിൽനിന്ന് അദ്ദേഹത്തോടുകൂടിവന്ന ലൂബ്യരും സൂക്യരും കൂശ്യരുമായ സംഖ്യയറ്റ കാലാൾപ്പടയോടുംകൂടി ശീശക്ക് ജെറുശലേമിന്റെനേരേവന്നു. 4 അദ്ദേഹം യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിരുന്ന നഗരങ്ങൾ പിടിച്ചടക്കി ജെറുശലേംവരെ തന്റെ സൈന്യം എത്തി.
5 അപ്പോൾ ശെമയ്യാപ്രവാചകൻ ശീശക്കിനെ പേടിച്ച് ജെറുശലേമിലേക്കു വന്നുചേർന്ന രെഹബെയാമിന്റെയും യെഹൂദ്യയിലെ പ്രഭുക്കന്മാരുടെയും അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ എന്നെ ഉപേക്ഷിച്ചു; അതിനാൽ ഞാൻ ഇപ്പോൾ നിങ്ങളെ ഉപേക്ഷിച്ച് ശീശക്കിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.’ ”
6 അപ്പോൾ ഇസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി, “യഹോവ നീതിമാൻ” എന്നു മറുപടി പറഞ്ഞു.
7 അവരുടെ ഹൃദയനിലയ്ക്കു വ്യത്യാസം വന്നു എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ ഈ അരുളപ്പാടു ശെമയ്യാവിനുണ്ടായി: “അവർ തന്നെത്താൻ വിനയപ്പെട്ടതിനാൽ ഞാനവരെ നശിപ്പിച്ചുകളയുകയില്ല; ഞാനവർക്കു വേഗംതന്നെ മോചനം നൽകും. ശീശക്കിലൂടെ ഞാൻ എന്റെ ഉഗ്രകോപം ജെറുശലേമിന്മേൽ ചൊരിയുകയില്ല. 8 എന്നിരുന്നാലും എന്നെ സേവിക്കുന്നതും അന്യദേശങ്ങളിലെ രാജാക്കന്മാരെ സേവിക്കുന്നതുംതമ്മിലുള്ള അന്തരം മനസ്സിലാക്കത്തക്കവണ്ണം അവർ ശീശക്കിന്റെ ആശ്രിതരായിരിക്കും.”
9 ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചപ്പോൾ യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു. 10 അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടുള്ള പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു. 11 രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ പരിചകളും ഏന്തിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചിരുന്നു; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.
12 രെഹബെയാം തന്നെത്താൻ വിനയപ്പെട്ടതുമൂലം, അദ്ദേഹത്തെ മുഴുവനായി നശിപ്പിച്ചുകളയാതെ യഹോവയുടെ കോപം അദ്ദേഹത്തെ വിട്ടുമാറി. യെഹൂദ്യയിൽ അൽപ്പം നന്മ തീർച്ചയായും അവശേഷിച്ചിരുന്നു.
13 രെഹബെയാംരാജാവ് സ്വയം ജെറുശലേമിൽ നിലയുറപ്പിച്ച് രാജാവായി തുടർന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. 14 രെഹബെയാം യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ചില്ല; അതിനാൽ അദ്ദേഹം ദുഷ്ടത പ്രവർത്തിച്ചു.
15 രെഹബെയാമിന്റെ ഭരണകാലത്തെ സംഭവങ്ങളെല്ലാം ആദ്യവസാനം ശെമയ്യാപ്രവാചകന്റെ രേഖകളിലും ദർശകനായ ഇദ്ദോയുടെ വംശാവലി സംബന്ധമായ രേഖകളിലും രേഖപ്പെടുത്തിയിട്ടില്ലേ? രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. 16 രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.
1 രെഹബെയാമിനെ രാജാവായി വാഴിക്കുന്നതിന് ഇസ്രായേൽമുഴുവൻ ശേഖേമിൽ എത്തിച്ചേർന്നതിനാൽ അദ്ദേഹവും അവിടെയെത്തി. 2 ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി. 3 അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേല്യർ എല്ലാവരുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു: 4 “അങ്ങയുടെ പിതാവ് ഭാരമുള്ള ഒരു നുകമാണ് ഞങ്ങളുടെമേൽ ചുമത്തിയിരുന്നത്; ആകയാൽ, ഇപ്പോൾ അങ്ങ് ഞങ്ങളുടെ കഠിനവേലയും അദ്ദേഹം ഞങ്ങളുടെമേൽ ചുമത്തിയിരുന്ന ഭാരമേറിയ നുകവും ലഘുവാക്കിത്തന്നാലും. അങ്ങനെയെങ്കിൽ, ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
5 “മൂന്നുദിവസത്തിനകം നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവരിക,” എന്ന് രെഹബെയാം മറുപടികൊടുത്തു. അങ്ങനെ ജനം മടങ്ങിപ്പോയി.
6 അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു.
7 അവർ അദ്ദേഹത്തോട്: “അങ്ങ് ഈ ജനത്തോടു ദയ കാണിക്കുകയും അവരെ സന്തോഷിപ്പിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും,” എന്ന് ഉത്തരം പറഞ്ഞു.
8 എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു. 9 “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു.
10 അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും. 11 എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ”
12 “മൂന്നുദിവസത്തിനുശേഷം എന്റെ അടുക്കൽ മടങ്ങിവരിക,” എന്നു രാജാവു നിർദേശിച്ചിരുന്നതുപോലെ യൊരോബെയാമും സർവജനവും രെഹബെയാമിന്റെ അടുക്കൽ മടങ്ങിവന്നു. 13 വൃദ്ധജനങ്ങളുടെ ആലോചന നിരസിച്ച് രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു. 14 യുവാക്കന്മാർ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം അവരോട്: “എന്റെ പിതാവു നിങ്ങളുടെ നുകത്തെ ഭാരമുള്ളതാക്കി; ഞാനതിനെ കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാൻ നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു. 15 ഇങ്ങനെ, രാജാവ് ജനങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല. നെബാത്തിന്റെ മകനായ യൊരോബെയാമിനോട് ശീലോന്യനായ അഹീയാവിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഈ സംഭവവികാസം ദൈവഹിതപ്രകാരം ആയിരുന്നു.
16 രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്:
“ദാവീദിങ്കൽ നമുക്കെന്ത് ഓഹരി?
യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി?
ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ.
ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!”
അങ്ങനെ, ഇസ്രായേൽജനമെല്ലാം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. 17 എന്നാൽ, യെഹൂദ്യനഗരങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേല്യർക്ക് രെഹബെയാം രാജാവായി തുടർന്നു.
18 നിർബന്ധിതമായി വേലചെയ്യുന്നവരുടെ ചുമതല വഹിച്ചിരുന്ന അദോനിരാമിനെ രെഹബെയാംരാജാവ് ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാൽ, അവർ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊന്നു. രെഹബെയാംരാജാവാകട്ടെ, കഷ്ടിച്ച് രഥത്തിലേറി ജെറുശലേമിലേക്ക് ഓടിപ്പോന്നു. 19 ഇപ്രകാരം, ഇസ്രായേൽ ഇന്നുവരെ ദാവീദിന്റെ ഭവനത്തോടുള്ള മാത്സര്യത്തിൽ കഴിയുന്നു.
11:1 രെഹബെയാം ജെറുശലേമിൽ എത്തിയപ്പോൾ അദ്ദേഹം യെഹൂദാഗോത്രത്തെയും ബെന്യാമീൻഗോത്രത്തെയും വിളിച്ചുകൂട്ടി. അവർ ഒരുലക്ഷത്തി എൺപതിനായിരം യോദ്ധാക്കൾ ഉണ്ടായിരുന്നു. ഇസ്രായേലിനോടു യുദ്ധംചെയ്യുന്നതിനും രെഹബെയാമിന്റെ രാജ്യം പുനഃസ്ഥാപിക്കുന്നതിനും ആയിരുന്നു അവരെ വിളിച്ചുകൂട്ടിയത്.
2 എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: 3 “യെഹൂദാരാജാവും ശലോമോന്റെ പുത്രനുമായ രെഹബെയാമിനോടും ഇസ്രായേലിലുള്ള യെഹൂദാഗോത്രത്തിലെയും ബെന്യാമീൻഗോത്രത്തിലെയും സകലജനത്തോടും പറയുക: 4 ‘നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരോടു യുദ്ധത്തിനു പോകരുത്. നിങ്ങൾ ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. ഈ കാര്യം എന്റെ ഇഷ്ടപ്രകാരം സംഭവിച്ചിരിക്കുന്നു,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” അങ്ങനെ അവർ യഹോവയുടെ വചനമനുസരിച്ച്; യൊരോബെയാമിനെതിരേ നീങ്ങുന്നതിൽനിന്ന് പിന്തിരിയുകയും ചെയ്തു.
25 രെഹബെയാം രാജാവിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. 26 യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു. 27 അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടു പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു. 28 രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ ആ പരിചകൾ ധരിക്കും; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.
29 രെഹബെയാമിന്റെ ഭരണകാലത്തെ മറ്റുസംഭവങ്ങളും തന്റെ സകലപ്രവർത്തനങ്ങളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 30 രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. 31 രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.