ദൈവാലയത്തിന്റെ അടിസ്ഥാനം ഇടുന്നു
ക്രി.മു. 536
Biblica® Open Malayalam Contemporary Version™ (OMCV)
8 ജെറുശലേമിലെ ദൈവത്തിന്റെ ഭവനത്തിലെത്തിയതിന്റെ രണ്ടാംവർഷം രണ്ടാംമാസം ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്ന് ജെറുശലേമിലേക്കു മടങ്ങിവന്നശേഷം സഹോദരന്മാർ എല്ലാവരും ചേർന്നു പണി ആരംഭിച്ചു; ഇരുപതിനും അതിനു മേലോട്ടും പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്കു മേൽനോട്ടം വഹിക്കാൻ അവർ നിയമിച്ചു. 9 യോശുവയും അദ്ദേഹത്തിന്റെ പുത്രന്മാരും സഹോദരന്മാരും ഹോദവ്യാവിന്റെ പിൻഗാമികളായ കദ്മീയേലും അദ്ദേഹത്തിന്റെ പുത്രന്മാരും ഹെനാദാദിന്റെ മക്കളും അവരുടെ മക്കളും സഹോദരന്മാരും—ഇവരെല്ലാം ലേവ്യരായിരുന്നു—ദൈവാലയം പണിയുന്നവർക്കു മേൽനോട്ടം വഹിക്കാൻ ഒരുമിച്ചുകൂടി.
10 പണിക്കാർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് ഏർപ്പെടുത്തിയിരുന്നപ്രകാരം വിശുദ്ധവസ്ത്രം ധരിച്ച്, കാഹളമേന്തിയ പുരോഹിതന്മാരും ഇലത്താളങ്ങളോടെ ആസാഫിന്റെ പുത്രന്മാരായ ലേവ്യരും യഹോവയെ സ്തുതിക്കാനായി അവർക്കുള്ള സ്ഥാനങ്ങളിൽ നിന്നു. 11 അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചുകൊണ്ട്:
“അവിടന്നു നല്ലവൻ;
ഇസ്രായേലിനോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,”
എന്ന ഗാനം അവർ ആലപിച്ചു. അങ്ങനെ ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുകൊണ്ട് യഹോവയെ സ്തുതിച്ചു, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതിനാണ് അവർ ഇപ്രകാരം ചെയ്തത്. 12 എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും, ആദ്യത്തെ മന്ദിരം കണ്ടിട്ടുള്ള അനേകം വൃദ്ധന്മാർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ ഉറക്കെ കരഞ്ഞു; മറ്റുപലരും സന്തോഷത്താൽ ആർത്തു. 13 അങ്ങനെ ജനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിൽ ആയിരുന്നതിനാൽ സന്തോഷഘോഷത്തിന്റെയും കരച്ചിലിന്റെയും ശബ്ദംതമ്മിൽ വേർതിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല. ഈ ശബ്ദം വളരെദൂരം കേൾക്കാമായിരുന്നു.
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1 സൈന്യങ്ങളുടെ യഹോവേ,
തിരുനിവാസം എത്ര മനോഹരം!
2 യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച്
എന്റെ പ്രാണൻ തളരുന്നു;
എന്റെ ഹൃദയവും എന്റെ ശരീരവും
ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു.
3 കുരികിൽ ഒരു വീടും
മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക്
ഒരു കൂടും കണ്ടെത്തിയിരിക്കുന്നു—
എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ
അങ്ങയുടെ യാഗപീഠത്തിനരികെതന്നെ.
4 അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ;
അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
5 ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ,
അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.
6 കണ്ണുനീർ താഴ്വരയിലൂടെ കടന്നുപോകുമ്പോൾ,
അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു;
മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു.
7 അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ,
ബലത്തിനുമേൽ ബലം ആർജിക്കുന്നു.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;
യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. സേലാ.
9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ;
അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ.
10 അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം
വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ;
ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ,
എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം.
11 കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;
യഹോവ കൃപയും മഹത്ത്വവും നൽകുന്നു;
നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക്
അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.
12 സൈന്യങ്ങളുടെ യഹോവേ,
അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ.
സംഗീതസംവിധായകന്.
ഒരു ഗീതം; ഒരു സങ്കീർത്തനം.
1 സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!
2 അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക;
അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക.
3 ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!
അവിടത്തെ ശക്തി അതിമഹത്തായതാണ്
അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.
4 സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു;
അവർ അവിടത്തേക്ക് സ്തുതിപാടുന്നു,
അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ.
5 ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക,
മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!
6 അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി,
അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി—
വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം.
7 അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു,
അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു—
മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ.
8 സകലജനതകളുമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക,
അവിടത്തേക്കുള്ള സ്തുതിനാദമെങ്ങും മുഴങ്ങട്ടെ;
9 അവിടന്ന് നമ്മുടെ ജീവനെ സംരക്ഷിച്ചു
നമ്മുടെ കാലടികൾ വഴുതാൻ സമ്മതിച്ചതുമില്ല.
10 ദൈവമേ, അവിടന്ന് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
വെള്ളി ഊതിക്കഴിക്കുന്നതുപോലെ അങ്ങു ഞങ്ങളെ സ്ഫുടംചെയ്തിരിക്കുന്നു.
11 അവിടന്ന് ഞങ്ങളെ തടവിലാക്കുകയും
ഞങ്ങളുടെ മുതുകിൽ വലിയ ഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു.
12 അവിടന്ന് മനുഷ്യരെ ഞങ്ങളുടെ തലയ്ക്കുമീതേ ഓടുമാറാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടന്നുപോയി,
എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
13 ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ മന്ദിരത്തിൽ പ്രവേശിച്ച്,
അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റും—
14 ഞാൻ ദുരിതത്തിലായിരുന്നപ്പോൾ
എന്റെ അധരങ്ങൾ ഉച്ചരിച്ചതും എന്റെ വായ് സംസാരിച്ചതുമായ നേർച്ചകൾതന്നെ.
15 ഞാൻ അങ്ങേക്ക് തടിച്ചുകൊഴുത്ത മൃഗങ്ങൾ ഹോമയാഗമായി അർപ്പിക്കും
ഹൃദ്യസുഗന്ധമായി ആട്ടുകൊറ്റനെയും;
ഞാൻ കാളകളെയും ആടുകളെയും അർപ്പിക്കും. സേലാ.
16 ദൈവത്തെ ഭയപ്പെടുന്ന സകലരുമേ, വന്നു കേൾക്കുക;
അവിടന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ നിങ്ങളെ അറിയിക്കാം.
17 ഞാൻ എന്റെ വാകൊണ്ട് അവിടത്തോട് നിലവിളിച്ചു;
അവിടത്തെ സ്തുതി എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
18 ഞാൻ എന്റെ ഹൃദയത്തിൽ പാപം പരിപോഷിപ്പിച്ചിരുന്നെങ്കിൽ,
കർത്താവ് ശ്രദ്ധിക്കുകയില്ലായിരുന്നു.
19 എന്നാൽ ദൈവം ശ്രദ്ധിച്ചിരിക്കുന്നു, നിശ്ചയം
എന്റെ പ്രാർഥന കേട്ടുമിരിക്കുന്നു.
20 എന്റെ പ്രാർഥന നിരസിക്കാതെയും
അവിടത്തെ സ്നേഹം തടഞ്ഞുവെക്കാതെയുമിരുന്ന
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.