യെഹൂദർ പ്രവാസത്തിൽനിന്ന് മടങ്ങിവരുന്നു (continued)

ക്രി.മു. 536

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 116–117

1 അവിടന്ന് എന്നെ കേട്ടിരിക്കയാൽ, ഞാൻ യഹോവയെ സ്നേഹിക്കുന്നു;

കരുണയ്ക്കായുള്ള എന്റെ യാചനയും അവിടന്ന് കേട്ടല്ലോ.

2 അവിടത്തെ ചെവി എന്നിലേക്കു ചായ്ച്ചതുകൊണ്ട്,

എന്റെ ജീവിതകാലമൊക്കെയും ഞാൻ അവിടത്തെ വിളിച്ചപേക്ഷിക്കും.

3 മരണപാശങ്ങൾ എന്നെ ചുറ്റി,

പാതാളവേദനകൾ എന്നെ പിടികൂടി;

കഷ്ടവും സങ്കടവും എനിക്കു നേരിട്ടു.

4 അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!”

എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

5 യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു;

നമ്മുടെ ദൈവം ദയാപൂർണൻതന്നെ.

6 യഹോവ ലളിതമാനസരെ സംരക്ഷിക്കുന്നു;

ഞാൻ ഞെരുക്കത്തിൽ ആയിരുന്നപ്പോൾ അവിടന്ന് എന്നെ രക്ഷിച്ചു.

7 എൻ മനമേ, നിന്റെ സ്വസ്ഥതയിലേക്കു മടങ്ങിവരിക;

യഹോവ നിനക്ക് നല്ലവനായിരിക്കുന്നല്ലോ.

8 യഹോവേ, അവിടന്ന് എന്റെ ജീവനെ മരണത്തിൽനിന്നും

എന്റെ കണ്ണുകളെ കണ്ണുനീരിൽനിന്നും

എന്റെ കാലുകളെ വീഴ്ചയിൽനിന്നും വിടുവിച്ചിരിക്കുന്നു.

9 ഞാൻ ജീവനുള്ളവരുടെ ദേശത്ത്

യഹോവയുടെമുമ്പാകെ നടക്കേണ്ടതിനുതന്നെ.

10 ഞാൻ അങ്ങയിൽ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ പറഞ്ഞു,

“ഞാൻ ഏറ്റവും പീഡിതൻ ആയിരിക്കുന്നു;”

11 എന്റെ പരിഭ്രാന്തിയിൽ ഞാൻ പറഞ്ഞു,

“എല്ലാ മനുഷ്യരും വ്യാജംപറയുന്നു.”

12 യഹോവ എനിക്കു ചെയ്ത സകലനന്മകൾക്കും

ഞാൻ അങ്ങേക്ക് എന്തു പകരംനൽകും?

13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത്

യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

14 അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ

ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും.

15 തന്റെ വിശ്വസ്തസേവകരുടെ മരണം

യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയതാകുന്നു.

16 യഹോവേ, ഞാൻ അങ്ങയുടെ സേവകൻ ആകുന്നു.

ഞാൻ അങ്ങയുടെ സേവകൻതന്നെ;

അങ്ങയുടെ ദാസിയുടെ പുത്രൻതന്നെ;

അങ്ങ് എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.

17 ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച്

യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

18 അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ

ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും,

19 യഹോവയുടെ ആലയത്തിന്റെ അങ്കണത്തിലും—

ജെറുശലേമേ, നിന്റെ മധ്യത്തിലുംതന്നെ.

യഹോവയെ വാഴ്ത്തുക.

117:1 സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക;

ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക.

2 നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്,

യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു.

യഹോവയെ വാഴ്ത്തുക.

സങ്കീർത്തനങ്ങൾ 125

ആരോഹണഗീതം.

1 യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്,

അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.

2 പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ,

യഹോവ ഇന്നും എന്നെന്നേക്കും

തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.

3 നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ

അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്,

നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ,

ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല.

4 യഹോവേ, നല്ലയാളുകൾക്കും

ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ.

5 എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ

അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും.

ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 127–128

ശലോമോന്റെ ആരോഹണഗീതം.

1 യഹോവ വീട് പണിയുന്നില്ലെങ്കിൽ,

നിർമാതാക്കളുടെ അധ്വാനം വ്യർഥം.

യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ,

കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.

2 നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും

വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം,

ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം.

കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.

3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം.

ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.

4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ

ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.

5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള

പുരുഷൻ അനുഗൃഹീതൻ.

നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ

അവർ ലജ്ജിതരാകുകയില്ല.

ആരോഹണഗീതം.

128:1 യഹോവയെ ഭയപ്പെടുകയും

അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയുംചെയ്യുന്നവർ അനുഗൃഹീതർ.

2 നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ഭക്ഷിക്കും;

അനുഗ്രഹവും സമൃദ്ധിയും നിങ്ങൾക്ക് അവകാശമായിരിക്കും.

3 നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ

ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും;

നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും

ഒലിവുതൈകൾപോലെയായിരിക്കും.

4 യഹോവയെ ഭയപ്പെടുന്ന മനുഷ്യർ

ഇപ്രകാരം അനുഗൃഹീതരാകും.

5 യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും;

നിന്റെ ജീവിതകാലത്തുടനീളം

നിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ.

6 മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ—

ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 134

ആരോഹണഗീതം.

1 രാത്രിയാമങ്ങളിൽ യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന,

യഹോവയുടെ സകലശുശ്രൂഷകരുമേ, യഹോവയെ വാഴ്ത്തുക.

2 വിശുദ്ധമന്ദിരത്തിലേക്കു നിങ്ങളുടെ കൈകളെ ഉയർത്തി

യഹോവയെ വാഴ്ത്തുക.

3 ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ,

യഹോവ സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.