ശലോമോന്റെ ഉത്തമഗീതം

ക്രി.മു. 1001

Biblica® Open Malayalam Contemporary Version™ (OMCV)

ഉത്തമഗീതം 1–2

1 ശലോമോന്റെ ഉത്തമഗീതം.

യുവതി

2 അധരങ്ങളാൽ എന്മേൽ ചുംബനവർഷം ചൊരിഞ്ഞാലും—

നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആനന്ദകരം.

3 നിന്റെ സുഗന്ധതൈലങ്ങളുടെ സൗരഭ്യം ഹൃദയഹാരി;

നിന്റെ നാമം സുഗന്ധതൈലം പകർന്നതുപോലെതന്നെ.

അതുകൊണ്ട് യുവതികൾ നിന്നെ പ്രേമിക്കുന്നതിൽ അത്ഭുതം ലവലേശമില്ല!

4 എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ!

രാജാവ് തന്റെ പള്ളിയറകളിലേക്കെന്നെ ആനയിക്കട്ടെ.

തോഴിമാർ

ഞങ്ങൾ അത്യാഹ്ലാദത്തോടെ നിന്നിൽ ആനന്ദിക്കും;

നിന്റെ പ്രേമത്തെ ഞങ്ങൾ വീഞ്ഞിനെക്കാൾ അധികം പ്രകീർത്തിക്കും.

യുവതി

അവർ നിന്നെ പ്രകീർത്തിക്കുന്നത് എത്രയോ ഉചിതം.

5 ജെറുശലേംപുത്രിമാരേ,

ഞാൻ കറുത്തിട്ടെങ്കിലും അഴകുള്ളവൾ,

കേദാർ കൂടാരങ്ങൾപോലെയും

ശലോമോന്റെ കൂടാരശീലകൾപോലെയുംതന്നെ.

6 ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്,

ഞാൻ ഇരുണ്ടുപോയത് സൂര്യതാപമേറ്റതിനാലാണ്.

എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിഷ്ഠരായി

അവരുടെ മുന്തിരിത്തോപ്പുകൾക്ക് എന്നെ കാവൽനിർത്തി;

എന്റെ സ്വന്തം മുന്തിരിത്തോപ്പ് എനിക്ക് അവഗണിക്കേണ്ടിവന്നു.

7 എന്റെ പ്രേമഭാജനമേ, എന്നോടു പറയൂ,

നിന്റെ ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറം എവിടെയാണ്?

അവയുടെ മധ്യാഹ്ന വിശ്രമസ്ഥാനം എവിടെയാണ്?

ഞാൻ എന്തിന് മുഖാവരണം അണിഞ്ഞവളെപ്പോലെ

നിന്റെ ചങ്ങാതിമാരുടെ ആട്ടിൻപറ്റങ്ങൾക്കരികെ അലഞ്ഞുതിരിയണം?

തോഴിമാർ

8 സ്ത്രീകളിൽ അതിസുന്ദരീ, നിനക്കത് അജ്ഞാതമെങ്കിൽ

ആട്ടിൻപറ്റങ്ങളുടെ കാലടികൾ പിൻതുടരുകയും

നിന്റെ കുഞ്ഞാടുകളെ

ഇടയകൂടാരങ്ങൾക്കരികെ മേയ്ക്കുകയുംചെയ്യുക.

യുവാവ്

9 എന്റെ പ്രിയേ, ഫറവോന്റെ രഥങ്ങളിലെ

മദിപ്പിക്കുന്ന പെൺകുതിരകളിലൊന്നിനെപ്പോലെയാകുന്നു നീ.

10 നിന്റെ കവിൾത്തടങ്ങൾ കർണാഭരണങ്ങളാലും

നിന്റെ കണ്ഠം രത്നാഭരണങ്ങളാലും അലംകൃതമായിരിക്കുന്നു.

11 വെള്ളിമണികൾകൊണ്ട് അലങ്കരിച്ച തങ്കക്കമ്മലുകൾ

ഞങ്ങൾ നിനക്കായി പണിയും.

യുവതി

12 രാജാവ് ഭക്ഷണത്തിനിരുന്നപ്പോൾ,

എന്റെ സുഗന്ധതൈലം സൗരഭ്യം പരത്തി.

13 എന്റെ പ്രിയൻ എനിക്ക്

എന്റെ സ്തനങ്ങൾക്കിടയിൽ വിശ്രമിക്കുന്ന മീറക്കെട്ടുപോലെ ആകുന്നു.

14 എന്റെ പ്രിയൻ എനിക്ക് എൻ-ഗെദി മുന്തിരിത്തോപ്പുകളിലെ

മൈലാഞ്ചിപ്പൂക്കുലപോലെ ആകുന്നു.

യുവാവ്

15 എന്റെ പ്രിയേ! നീ എത്ര സുന്ദരി!

നീ സുന്ദരിതന്നെ!

നിന്റെ നയനങ്ങൾ പ്രാവുകൾപോലെതന്നെ.

യുവതി

16 എന്റെ പ്രിയാ, നീ എത്ര സുന്ദരൻ!

നീ അതിസുന്ദരൻതന്നെ!

നമ്മുടെ കിടക്കയും ശ്യാമളംതന്നെ.

യുവാവ്

17 നമ്മുടെ ഭവനത്തിന്റെ ഉത്തരങ്ങൾ ദേവദാരുക്കളാകുന്നു;

അതിന്റെ കഴുക്കോൽ സരളവൃക്ഷവുമാകുന്നു.

യുവതി

2:1 ഞാൻ ശാരോനിലെ പനിനീർകുസുമം

താഴ്വരകളിലെ ശോശന്നപ്പുഷ്പം.

യുവാവ്

2 മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ്

യുവതികൾക്കിടയിലെ എന്റെ പ്രിയ.

യുവതി

3 വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ്

യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ.

അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു

അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു.

4 അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു,

എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ.

5 മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ,

ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ,

കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു.

6 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,

അവന്റെ വലതുകരം എന്നെ പുണരുന്നു.

7 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും

മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക:

അനുയോജ്യസമയം വരുംവരെ

പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.

8 കേൾക്കൂ! എന്റെ പ്രിയരേ,

പർവതങ്ങളിലൂടെ തുള്ളിച്ചാടിയും

കുന്നുകളിലൂടെ കുതിച്ചുചാടിയും

എന്റെ പ്രിയൻ ഇതാ വരുന്നു.

9 എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു.

ജനാലകളിലൂടെ നോക്കിക്കൊണ്ട്,

അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്,

ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു.

10 എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു,

“എന്റെ പ്രിയേ, എഴുന്നേൽക്കൂ,

എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.

11 നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു

മഴക്കാലവും മാറിപ്പോയിരിക്കുന്നു.

12 മണ്ണിൽ മലരുകൾ വിരിയുന്നു;

ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു,

പ്രാവുകളുടെ കുറുകലും

നമ്മുടെ നാട്ടിൽ കേൾക്കുന്നു.

13 അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു;

പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു.

എന്റെ പ്രിയേ, എഴുന്നേറ്റുവരിക

എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.”

യുവാവ്

14 പാറപ്പിളർപ്പുകളിൽ,

അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ,

നിന്റെ മുഖം ഞാനൊന്നു കാണട്ടെ,

നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ;

കാരണം നിന്റെ സ്വരം മധുരതരവും

നിന്റെ മുഖം രമണീയവും ആകുന്നു.

15 നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ

കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ

മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന

ചെറുകുറുനരികളെത്തന്നെ.

യുവതി

16 എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു;

അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.

17 ഉഷസ്സു പൊട്ടിവിടർന്ന്

ഇരുളിന്റെ നിഴലുകൾ മായുംവരെ,

എന്റെ പ്രിയനേ, എന്നിലേക്കണയുക;

ഒരു ചെറു കലമാനിനെപ്പോലെയോ

പർവതമേടുകളിലെ

മാൻകിടാവിനെപ്പോലെയോതന്നെ.