ഭാഗം 4: ശലോമോന്റെ മറ്റു കെട്ടിടങ്ങളും പ്രൗഢിയും
ദൈവം ശലോമോനു പ്രത്യക്ഷപ്പെടുന്നു
ലെബാനോൻ വനഗൃഹത്തിന്റെ നിർമാണം. ദൈവം ശലോമോനു പ്രത്യക്ഷപ്പെടുന്നു.
ക്രി.മു. 1004
Biblica® Open Malayalam Contemporary Version™ (OMCV)
1 എന്നാൽ, ശലോമോൻ തന്റെ അരമനയുടെ നിർമാണത്തിനായി പതിമ്മൂന്നുവർഷം ചെലവഴിച്ചു. 2 അദ്ദേഹം ലെബാനോൻ വനസൗധവും പണികഴിപ്പിച്ചു. അത് നൂറുമുഴം നീളവും അൻപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു. പണിതുമിനുക്കിയ ദേവദാരുകൊണ്ടുള്ള തുലാങ്ങളെ താങ്ങിനിർത്താൻ തക്കവിധത്തിൽ ദേവദാരുകൊണ്ടു നിർമിച്ച നാലുനിര തൂണുകളിന്മേലാണ് അതു പണിതുറപ്പിച്ചിരുന്നത്. 3 ആ സൗധത്തിന് ഓരോ നിരയിലും പതിനഞ്ചുവീതം ആകെ നാൽപ്പത്തിയഞ്ചു തൂണുകളിന്മേൽ ഉറപ്പിച്ചിരുന്ന തുലാങ്ങളിൽ ദേവദാരുകൊണ്ടുതന്നെയാണ് മച്ചിട്ടത്. 4 അതിനു മൂന്നുനിര ജനാലകൾ സ്ഥാപിച്ചിരുന്നു. മൂന്നു നിരയിലും അവ നേർക്കുനേരേ ആയിരുന്നു. 5 അതിന്റെ വാതിലുകളും കട്ടിളകളും സമചതുരാകൃതിയിലായിരുന്നു. ജനാലകൾ മൂന്നുനിലകളായും ഒന്നോടൊന്ന് അഭിമുഖമായും സ്ഥാപിച്ചിരുന്നു.
6 അദ്ദേഹം അൻപതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള ഒരു സ്തംഭനിര നിർമിച്ചു. അതിനുമുമ്പിൽ ഒരു പൂമുഖവും അതിന്റെ മുൻഭാഗത്ത് സ്തംഭങ്ങളും മീതേ വിതാനവും നിർമിച്ചു.
7 കൂടാതെ, ഇരുന്നു ന്യായംവിധിക്കുന്നതിനായി അദ്ദേഹം സിംഹാസനമണ്ഡപവും പണിയിച്ചു. അത് തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൊണ്ട് മറച്ചു. 8 കുറെക്കൂടെ പിന്നിലായി തനിക്കു വസിക്കുന്നതിനു പണിയിച്ച അരമനയും ഇതേ രൂപകൽപ്പനയോടുകൂടിയതായിരുന്നു. ഫറവോന്റെ പുത്രിയായ തന്റെ പത്നിക്കുവേണ്ടിയും ഇതേ ശില്പസംവിധാനങ്ങളോടുകൂടിയ മറ്റൊരു കൊട്ടാരവും ശലോമോൻ പണി കഴിപ്പിച്ചിരുന്നു.
9 ഒരേ ആകൃതിയിലും വലുപ്പത്തിലും വെട്ടിയെടുത്ത്, അകവും പുറവും വാൾകൊണ്ട് മിനുസപ്പെടുത്തിയ വിശേഷതരം കല്ലുകൾകൊണ്ടാണ്, ബാഹ്യഭാഗംമുതൽ മുഖ്യാങ്കണംവരെയുള്ള ഈ സൗധങ്ങളെല്ലാം—അവയുടെ അടിസ്ഥാനംമുതൽ മേൽക്കൂരവരെ—പണിതീർത്തത്. 10 അടിസ്ഥാനങ്ങൾ വിലപിടിപ്പുള്ള വലിയ കല്ലുകൾകൊണ്ടാണ് പണിയിച്ചത്; അവയിൽ ചിലതിന്റെ അളവു പത്തുമുഴവും മറ്റു ചിലതിന്റേത് എട്ടുമുഴവും ആയിരുന്നു. 11 അടിസ്ഥാനക്കല്ലുകൾക്കുമുകളിൽ കൃത്യമായ അളവിൽ വെട്ടിയെടുത്ത വിശേഷതരം കല്ലുകളും ദേവദാരുത്തുലാങ്ങളും ഉപയോഗിച്ചു. 12 അകത്തെ അങ്കണംപോലെതന്നെ മുഖ്യാങ്കണവും മൂന്നുവരി ചെത്തിമിനുക്കിയ കല്ലുകളും ഒരുവരി പണിതുമിനുക്കിയ ദേവദാരുത്തുലാനുംകൊണ്ട് പൂമുഖം ഉൾപ്പെടെ യഹോവയുടെ ആലയത്തിന്റെ ചുറ്റോടുചുറ്റും കെട്ടിയിരുന്നു.
11 ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും പണിതീർത്തു. യഹോവയുടെ ആലയത്തിനും തന്റെ കൊട്ടാരത്തിനുംവേണ്ടി ചെയ്യണമെന്നു താൻ മനസ്സിൽ ആഗ്രഹിച്ചിരുന്നതെല്ലാം നിറവേറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. 12 അപ്പോൾ യഹോവ രാത്രിയിൽ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തു:
“ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. ഈ സ്ഥലം എനിക്കായിട്ടും, എനിക്കു യാഗത്തിനുള്ള ഒരാലയമായിട്ടും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു.
13 “മഴ ലഭിക്കാതവണ്ണം ഞാൻ ആകാശത്തെ അടച്ചുകളയുകയോ ദേശത്തെ തിന്നുമുടിക്കാൻ വെട്ടുക്കിളിയോടു കൽപ്പിക്കുകയോ എന്റെ ജനതയുടെ മധ്യേ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ, 14 ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും. 15 ഈ സ്ഥലത്ത് അർപ്പിക്കുന്ന പ്രാർഥനകൾക്ക് എന്റെ കണ്ണ് തുറന്നിരിക്കുകയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. 16 എന്റെ നാമം എന്നേക്കും ഇവിടെ നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയത്തെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.
17 “എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ, 18 ‘ഇസ്രായേലിനെ ഭരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടിക്ക് അനുസൃതമായി ഞാൻ നിന്റെ രാജകീയ സിംഹാസനം സ്ഥിരപ്പെടുത്തും.
19 “എന്നാൽ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്ന ഉത്തരവുകളും കൽപ്പനകളും ഉപേക്ഷിച്ചു പിന്മാറി അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം 20 ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത എന്റെ രാജ്യത്തുനിന്ന് ഉന്മൂലനംചെയ്യുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. ഞാൻ ഇതു സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീർക്കും. 21 ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട്, ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കും. 22 ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”
1 ശലോമോൻ, യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും താൻ നിർമിക്കാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പൂർത്തിയാക്കിത്തീർന്നപ്പോൾ, 2 യഹോവ അദ്ദേഹത്തിന് ഗിബെയോനിൽവെച്ചു പ്രത്യക്ഷനായതുപോലെ, രണ്ടാമതും പ്രത്യക്ഷനായി. 3 യഹോവ ശലോമോനോട് അരുളിച്ചെയ്തു:
“നീ എന്റെ സന്നിധിയിൽ അർപ്പിച്ച പ്രാർഥനകളും യാചനകളും ഞാൻ കേട്ടു. നീ നിർമിച്ച ഈ ആലയത്തിൽ ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിച്ച് ഇതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.
4 “എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയനൈർമല്യത്തോടും പരമാർഥതയോടുംകൂടി നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ, 5 ‘ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ഞാൻ ചെയ്ത വാഗ്ദാനത്തിന് അനുസൃതമായി ഇസ്രായേലിന്മേൽ നിന്റെ രാജകീയ സിംഹാസനം ഞാൻ എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും.
6 “എന്നാൽ, നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെവിട്ടു പിന്മാറുകയും ഞാൻ നിങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും അനുസരിക്കാതിരുന്ന് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം 7 ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത രാജ്യത്തുനിന്ന് ഛേദിച്ചുകളയുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. അപ്പോൾ, ഇസ്രായേൽ സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിത്തീരും. 8 ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട് ഇതിനെ പരിഹസിക്കുകയും ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കുകയും ചെയ്യും. 9 ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”
ശലോമോന്റെ കീഴടക്കലുകളും മറ്റു പ്രവൃത്തികളും ക്രി.മു. 1001
10 യഹോവയുടെ ആലയവും രാജകൊട്ടാരവും—ഈ രണ്ടു സൗധങ്ങളും—പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു. 11 നിർമാണ ആവശ്യങ്ങൾക്കുള്ള ദേവദാരുവും സരളമരവും സ്വർണവും ശലോമോന് നൽകിയിരുന്നത് സോർരാജാവായ ഹീരാം ആയിരുന്നതിനാൽ, ശലോമോൻ അദ്ദേഹത്തിന് ഗലീലാദേശത്ത് ഇരുപതു നഗരങ്ങൾ നൽകി. 12 ശലോമോൻ തനിക്കു സമ്മാനിച്ച നഗരങ്ങൾ കാണുന്നതിനായി സോരിൽനിന്ന് വന്ന ഹീരാമിന് അവ ഇഷ്ടമായില്ല. 13 “എന്റെ സഹോദരാ! എങ്ങനെയുള്ള നഗരങ്ങളാണ് താങ്കൾ എനിക്കു സമ്മാനിച്ചത്?” എന്ന് അദ്ദേഹം ചോദിച്ചു. അതുകൊണ്ട്, ഹീരാം അതിനെ കാബൂൽദേശം എന്നു പേരിട്ടു. ആ നഗരങ്ങൾ ഇന്നും ആ പേരിൽ അറിയപ്പെടുന്നു. 14 ഹീരാമോ, ശലോമോന് നൂറ്റിയിരുപതു താലന്തു സ്വർണം കൊടുത്തയച്ചിരുന്നു.
1 യഹോവയുടെ ആലയവും തന്റെ അരമനയും പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു. 2 അതിനുശേഷം ഹൂരാം ശലോമോനു നൽകിയ പട്ടണങ്ങൾ അദ്ദേഹം പുതുക്കിപ്പണിത് ഇസ്രായേല്യരെ അവിടെ പാർപ്പിച്ചു. 3 തുടർന്നു ശലോമോൻചെന്ന് ഹമാത്ത്-സോബാ പിടിച്ചടക്കി. 4 അദ്ദേഹം മരുഭൂമിയിൽ തദ്മോർ പട്ടണവും സംഭരണനഗരങ്ങളെല്ലാം ഹമാത്തിലും പണികഴിപ്പിച്ചു. 5 അദ്ദേഹം മുകളിലത്തെ ബേത്-ഹോരോനും താഴ്വരയിലുള്ള ബേത്-ഹോരോനും കോട്ടകെട്ടി ബലപ്പെടുത്തി മതിലും കവാടങ്ങളും ഓടാമ്പലുകളും ഉള്ള ബലമുള്ള നഗരങ്ങളാക്കി പുനർനിർമിച്ചു. 6 അതുപോലെതന്നെ ബാലാത്തും, അദ്ദേഹത്തിന്റെ എല്ലാ സംഭരണനഗരങ്ങളും അദ്ദേഹത്തിന്റെ രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
7 ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ 8 ഇസ്രായേൽമക്കൾ നശിപ്പിക്കാൻ കഴിയാതെയിരുന്ന ഈ ജനതയുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു. 9 എന്നാൽ, ഇസ്രായേല്യരിൽനിന്ന് ആരെയും ശലോമോൻ തന്റെ വേലകൾക്കുവേണ്ടി അടിമകളാക്കിയില്ല; അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും സൈന്യാധിപന്മാരുടെ അധിപതികളും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു. 10 അവരും ശലോമോൻരാജാവിന്റെ മുഖ്യ ഉദ്യോഗസ്ഥന്മാരായിരുന്നു. ജനങ്ങളുടെ കാര്യവിചാരകന്മാരായി 250 ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു.
11 ഫറവോന്റെ പുത്രിയെ ശലോമോൻ ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവന്ന് താൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച കൊട്ടാരത്തിൽ പാർപ്പിച്ചു. “യഹോവയുടെ പേടകം എത്തുന്ന ഇടങ്ങൾ വിശുദ്ധമാണ്, അതിനാൽ ഇസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ ഫറവോന്റെ മകളായ എന്റെ ഭാര്യ വസിച്ചുകൂടാ,” എന്ന് അദ്ദേഹം പറഞ്ഞു.
24 ദാവീദിന്റെ നഗരത്തിൽനിന്ന്, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച അരമനയിലേക്കു ഫറവോന്റെ പുത്രി താമസം മാറ്റിയതിനുശേഷം ശലോമോൻ മുകൾത്തട്ടുകൾ പണിതു.