ശലോമോന്റെ ഉത്തമഗീതം (continued)

ക്രി.മു. 1001

Biblica® Open Malayalam Contemporary Version™ (OMCV)

ഉത്തമഗീതം 6–8

തോഴിമാർ

1 സ്ത്രീകളിൽ അതിസുന്ദരീ,

നിന്റെ പ്രിയൻ എവിടെപ്പോയിരിക്കുന്നു?

നിന്റെ പ്രിയൻ ഏതുവഴിയേ തിരിഞ്ഞു,

അവനെ തെരയാൻ നിന്നോടൊപ്പം ഞങ്ങളും ചേരട്ടെയോ?

യുവതി

2 എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്,

സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കുതന്നെ പോയിരിക്കുന്നു,

തോട്ടത്തിൽ മേയിക്കുന്നതിനും

ശോശന്നപ്പുഷ്പം ശേഖരിക്കുന്നതിനും പോയിരിക്കുന്നു.

3 ഞാൻ എന്റെ പ്രിയന്റേതും എന്റെ പ്രിയൻ എന്റേതുമാകുന്നു;

അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.

യുവാവ്

4 എന്റെ പ്രിയേ, നീ തിർസ്സാനഗരംപോലെതന്നെ സൗന്ദര്യമുള്ളവൾ,

ജെറുശലേംപോലെ സൗന്ദര്യവതി,

കൊടികളേന്തിയ സൈന്യംപോലെ രാജപ്രൗഢിയാർന്നവൾ.

5 നിന്റെ കണ്ണ് എന്നിൽനിന്ന് പിൻവലിക്കുക;

അവയെന്നെ കീഴടക്കുന്നു.

ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന

കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.

6 രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന

ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ.

അവയെല്ലാം ഇണക്കുട്ടികൾ;

ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.

7 മൂടുപടത്തിനുള്ളിലുള്ള നിന്റെ കപോലങ്ങൾ

മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.

8 അറുപതു രാജ്ഞിമാരും

എൺപതു വെപ്പാട്ടികളും

അസംഖ്യം കന്യകമാരും അവിടെയുണ്ടല്ലോ;

9 എന്നാൽ എന്റെ പ്രാവേ, എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം,

അവളുടെ അമ്മയ്ക്ക് ഏകപുത്രിയായവൾ,

അവളെ ചുമന്നവൾക്കേറ്റം പ്രിയങ്കരിതന്നെ.

യുവതികൾ അവളെ കണ്ട് അനുഗൃഹീത എന്നഭിസംബോധനചെയ്തു;

രാജ്ഞിമാരും വെപ്പാട്ടികളും അവളെ പുകഴ്ത്തി.

തോഴിമാർ

10 അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്?

ചന്ദ്രികപോലെ സുമുഖി, സൂര്യനെപ്പോലെ പ്രഭാവതി,

താരഗണങ്ങൾപോലെ പ്രസന്നവതി.

യുവാവ്

11 ഞാൻ എന്റെ ബദാംവൃക്ഷത്തോപ്പിലേക്ക് ഇറങ്ങിച്ചെന്നു,

താഴ്വരയിലെ പുതുമുകുളങ്ങൾ കാണാൻ,

മുന്തിരിലതകൾ പുഷ്പിണികളായോ എന്നും

മാതളനാരകം പൂത്തുലഞ്ഞോ എന്നും നോക്കുന്നതിനായിത്തന്നെ.

12 ഈവക അനുഭൂതി ഞാൻ ആസ്വദിക്കുന്നതിനുമുമ്പേതന്നെ,

എന്റെ അഭിലാഷം എന്നെ എന്റെ ജനത്തിന്റെ രാജകീയ രഥവ്യൂഹത്തിലേക്കെത്തിച്ചു.

തോഴിമാർ

13 അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക;

മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ!

യുവാവ്

മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ

ശൂലേംകാരിയെ നിങ്ങൾ എന്തിനു മിഴിച്ചുനോക്കുന്നു?

7:1 അല്ലയോ പ്രഭുകുമാരീ,

പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം!

നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ

കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ്

2 വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന

വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി.

ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട

ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്

3 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,

ഇരട്ടപിറന്ന കലമാനുകൾക്കു സമം.

4 ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം.

ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള

ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ.

ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന

ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.

5 നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്.

നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്;

രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.

6 എന്റെ പ്രിയേ, നീ എത്ര സുന്ദരി,

നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു!

7 നിന്റെ ആകാരം പനയുടേതുപോലെ,

നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും.

8 “ഞാൻ പനയിൽ കയറും;

അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു.

നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും

നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും

9 നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ.

യുവതി

ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ,

അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.

10 ഞാൻ എന്റെ പ്രിയനുള്ളവൾ,

അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു.

11 എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം,

നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന് രാപാർക്കാം.

12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം—

മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും

അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും

മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം—

അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം.

13 ദൂദായിപ്പഴം സുഗന്ധം വീശുന്നു,

നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്;

എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം

ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.

8:1 എന്റെ അമ്മ മുലയൂട്ടിവളർത്തിയ

ഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ!

ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ,

എനിക്കു നിന്നെ ചുംബിക്കാമായിരുന്നു,

ആരും എന്നെ നിന്ദിക്കുമായിരുന്നില്ല.

2 ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക്

കൂട്ടിക്കൊണ്ടുപോകുമായിരുന്നു—

എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ.

സുഗന്ധരസംചേർത്ത വീഞ്ഞും

മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു.

3 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,

അവന്റെ വലതുകരം എന്നെ പുണരുന്നു.

4 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക:

അനുയോജ്യസമയം വരുംവരെ

പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.

തോഴിമാർ

5 തന്റെ പ്രിയന്റെമേൽ ചാരി,

മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്?

യുവതി

നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച,

അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി;

അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്.

6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ,

നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ;

കാരണം പ്രേമം മരണംപോലെതന്നെ ശക്തവും

അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു.

ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു,

ഉഗ്രമായ അഗ്നിനാളംപോലെതന്നെ.

7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല;

നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല.

ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും

പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും

ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.

തോഴിമാർ

8 ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്,

അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ല

നമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾ

അവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും?

9 അവൾ ഒരു മതിലാകുന്നെങ്കിൽ,

നാം അവൾക്കുമേൽ വെള്ളികൊണ്ടൊരു ഗോപുരം പണിതുയർത്തും

അവൾ ഒരു വാതിലാകുന്നെങ്കിൽ,

ദേവദാരു പലകകൾകൊണ്ട് അവൾക്കുചുറ്റും സംരക്ഷണംതീർക്കും.

യുവതി

10 ഞാൻ ഒരു മതിലാകുന്നു,

എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും.

അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക്

ഒരുത്സവമായി.

11 ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു;

അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു.

അതിന്റെ ആദായവിഹിതമായി ഓരോരുത്തരും

ആയിരം വെള്ളിനാണയങ്ങൾ വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്.

12 എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്;

ശലോമോനേ, ആയിരം നിന്റേത്,

തോട്ടം കാക്കുന്നവർക്ക് ഇരുനൂറും.

യുവാവ്

13 പരിചാരികമാരായ തോഴിമാരോടൊപ്പം

ഉദ്യാനങ്ങളിൽ വസിക്കുന്നവളേ,

ഞാൻ നിന്റെ സ്വരം കേൾക്കട്ടെ!

യുവതി

14 എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും,

ഒരു ചെറു കലമാനിനെപ്പോലെ

പരിമളപർവതമേടുകളിലെ

മാൻകിടാവിനെപ്പോലെതന്നെ.